ന്യൂഡൽഹി∙ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിന്റെ 50–ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ദേശവ്യാപക സമ്പർക്ക പരിപാടി സംഘടിപ്പിക്കും. 

‘ഏക ഭാരതം, വിജയീ ഭാരതം’ എന്ന പേരിലാണു പരിപാടി. സെപ്റ്റംബർ 2 ന് രാഷ്ട്രപതി റാം നാഥ് കോവിന്ദിനു വിവേകാനന്ദ സ്മാരകം സംബന്ധിച്ച ലഘുലേഖകളും ചിത്രവും നൽകിയാണു സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയെന്ന് കേന്ദ്രം വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡി. ഭാനുദാസ് എന്നിവർ പറഞ്ഞു. രാഷ്ട്രപതി ഭവനിലാണു സമ്പർക്ക പരിപാടി.

തുടർന്നു രാജ്യമൊട്ടാകെ കേന്ദ്രത്തിന്റെ വൊളന്റിയർമാർ സ്വാമി വിവേകാനന്ദ സന്ദേശപ്രചാരണം നടത്തും. 1892 സെപ്റ്റംബർ 25 മുതൽ 27 വരെ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന പാറയിൽ 1970ലാണു സ്മാരകം പണിതത്. സമ്പർക്ക പരിപാടി അടുത്ത വർഷം സെപ്റ്റംബർ രണ്ടിനു വിപുലമായ ചടങ്ങോടെ സമാപിക്കുമെന്നു കേന്ദ്രം വൈസ് പ്രസിഡന്റ് നിവേദിത ബിഡെ പറഞ്ഞു.