സഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല ഡെസ്റ്റിനേഷനായ ലോസ് ഏഞ്ചൽസ് തുറക്കുന്നു. പ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോയുടെയും ഡിസ്നിലാൻഡ് പാർക്കിന്റെയും ആസ്ഥാനമായ ലോകത്തിലെ ഏറ്റവും ഏറ്റവും ശ്രദ്ധേയമായ നഗരങ്ങളിലൊന്നായ ലോസ് ഏഞ്ചൽസ് കൊറോണ വൈറസ് ഭീതിയെ തുടർന്ന്  മാസങ്ങളോളം പൂട്ടിയിട്ടിരിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് നഗരം വീണ്ടും  തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇവിടുത്തെ ശ്രദ്ധേയമായ ഹോട്ടലുകൾക്കും ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്കും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി പതിയെ വാതിലുകൾ തുറക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. നഗരം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി  ചില പുതിയ ആരോഗ്യ നടപടികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

സന്ദർശകരെ സ്വാഗതം ചെയ്യാൻ എൽ എ ഹോട്ടലുകൾക്കും ഇപ്പോൾ അനുമതിയുണ്ട്. ഇതോടൊപ്പം, വിനോദസഞ്ചാര താൽപ്പര്യമുള്ള പ്രമുഖ സ്ഥലങ്ങളായ മ്യൂസിയങ്ങൾ, മൃഗശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയും വീണ്ടും തുറക്കാൻ അനുമതിയുണ്ടെങ്കിലും സന്ദർശകർക്ക് പുതിയ ആരോഗ്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.

എല്ലാവർക്കും മാസ്ക് നിർബന്ധമാണ്.  ബീച്ച് , ഗോൾഫ് കോഴ്സ്, ട്രാൻസിറ്റ് ബസുകൾ, മെട്രോ ബസുകൾ അല്ലെങ്കിൽ ട്രെയിനുകൾ എവിടെയാണെങ്കിലും മാസ്ക് ധരിച്ചു മാത്രമേ പോകാൻ പാടുള്ളൂ. ഫാഷൻ സ്റ്റോറുകൾ മറ്റ് റസ്റ്റോറന്റുകൾ എന്നിവയും പരിമിതമായ അളവിൽ പ്രവർത്തിക്കാനും അനുമതി ആയിട്ടുണ്ട്. നിലവിൽ ആഭ്യന്തര വിനോദ സഞ്ചാരികളെ മാത്രമായിരിക്കും ലോസ് ഏഞ്ചൽസിലേക്ക് പ്രവേശിപ്പിക്കുക. ജൂലൈ മാസത്തിന് ശേഷം പുറം നാടുകളിൽ നിന്നുള്ള സന്ദർശകർക്കും അനുമതി നൽകാനുള്ള ഒരുക്കത്തിലാണ് നഗരം.

English Summary : Los Angeles starts welcoming tourists with new safety measures