വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത വർധിപ്പിച്ചു പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞ 2 പ്രദേശങ്ങൾ. 3,4 വാർഡുകളുടെ അതിർത്തി പ്രദേശമായ അരീക്കര നെല്ലാമറ്റം ഭാഗത്തെ അരീക്കുഴി വെള്ളച്ചാട്ടം, അഞ്ചാം വാർഡിലെ നെടുമ്പാറ ആനക്കല്ല് മല എന്നിവയാണു സഞ്ചാരികളെ ആകർഷിക്കുന്നത്.

അരീക്കുഴി വെള്ളച്ചാട്ടം

അരീക്കുഴി തോട്ടിൽ അരീക്കര നെല്ലാമറ്റം ഭാഗത്ത്. വർഷത്തിൽ 10 മാസവും ജലസമൃദ്ധി. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കു റോഡ് സൗകര്യം ലഭ്യമാക്കി. പകുതി ഭാഗം ടാറിങ് നടത്തി. ബാക്കി ഭാഗത്തെ ടാറിങ്ങിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. തടയണകൾ, കുട്ടികളുടെ പാർക്ക്, ജോഗിങ് ട്രാക്ക് തുടങ്ങിയവ നടപ്പാക്കൽ ലക്ഷ്യമിട്ട് 50 ലക്ഷം രൂപയുടെ പദ്ധതികൾ തയാറാക്കി നൽകിയതായി പഞ്ചായത്തംഗം ഡോ.സിന്ധുമോൾ ജേക്കബ് അറിയിച്ചു.

നെടുമ്പാറ ആനക്കല്ല് മല

2ഏക്കറിലധികം സ്ഥലം. ആനയുടെ രൂപത്തിലുള്ള കല്ല് ഉള്ളതിനാൽ ആനക്കല്ല് മല എന്നു പേര് ലഭിച്ചു. മലയുടെ മുകളിൽ നിന്നു നോക്കിയാൽ ഉഴവൂർ, രാമപുരം, കുറിഞ്ഞി പ്രദേശങ്ങൾ കാണാം. ഇവിടെ എത്തുക എളുപ്പമല്ല. നടപ്പാത കാടു പിടിച്ച അവസ്ഥയാണ്. പാറകളിൽ തെന്നലിനു സാധ്യതയുണ്ട്. ടൂറിസം വികസനത്തിന് ആദ്യഘട്ടമായി ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം ബിബില ജോസ് പറഞ്ഞു.