ഇന്ത്യന്‍ സഞ്ചാരികളുടെ ഏറ്റവും പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നായ ദുബായില്‍ ജൂലൈ ഏഴു മുതല്‍ വിദേശ സഞ്ചാരികളെ അനുവദിക്കും. ദുബായ് റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് ജൂണ്‍ 22 മുതല്‍ മടങ്ങി വരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സഞ്ചാരികളില്‍ എയര്‍പോര്‍ട്ടുകളില്‍ കോവിഡ് പരിശോധന നടത്തുകയോ 96 മണിക്കൂറിനുള്ളില്‍ തയ്യാറാക്കിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണമെന്ന് ദുബായ് ഗവണ്മെന്‍റ് മീഡിയ ഓഫീസ് ഞായറാഴ്ച പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. 

ദുബായ് പൗരന്മാര്‍ക്ക് ജൂണ്‍ 23 മുതല്‍ യാത്രയ്ക്ക് അനുവാദമുള്ള മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം എന്നും അറിയിപ്പില്‍ പറയുന്നു. ഇങ്ങനെയുള്ള യാത്രക്കാര്‍ അതാതു രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. യു‌എഇ നിവാസികളുടെ മടങ്ങിവരവിനെക്കുറിച്ച് അറിയിപ്പില്‍ പറയുന്നതിങ്ങനെ; 'ദുബായ് വീസ കൈവശമുള്ള താമസക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ്‌ ഫോറിനേഴ്സ് അഫയേഴ്സും എയര്‍ലൈന്‍ കമ്പനിയുടെയും അനുമതിയോടെ പ്രീ-ബുക്കിംഗ് ഫ്ലൈറ്റുകൾ വഴി എമിറേറ്റിലേക്ക് മടങ്ങാൻ അനുവാദമുണ്ട്. കോവിഡ് -19 ലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. കോവിഡ് 19ന്‍റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാരുടെ ബോർഡിംഗ് നിരസിക്കാൻ എയർലൈൻസിന് അവകാശമുണ്ട്.'

ദുബായ് വിമാനത്താവളങ്ങളിൽ എത്തുമ്പോള്‍ പിസിആർ പരിശോധന നടത്തണം. പരിശോധനാഫലം ലഭിക്കുന്നതുവരെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകാന്‍ പാടില്ല. ഫലം പോസിറ്റീവായാല്‍ 14 ദിവസം ക്വാറന്റീൻ പാലിക്കണം. കൂടുതല്‍ അംഗങ്ങള്‍ ഉള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന്‍ തെരഞ്ഞെടുക്കാം. ഇതിനായുള്ള ചെലവ് സ്വയം വഹിക്കണം. കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അംഗീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി തൊഴിലുടമയാണ് ഇതിനുള്ള സൗകര്യം നല്‍കേണ്ടത്, അല്ലെങ്കിൽ സർക്കാർ നൽകുന്ന പണമടച്ചുള്ള ഐസോലേഷന്‍ കേന്ദ്രങ്ങളുടെ ചെലവ് വഹിക്കണം.

ടെർമിനലിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പായി ഓൺലൈനിൽ ലഭ്യമായ കോവിഡ് -19 ഡിഎക്സ്ബി സ്മാർട്ട് അപ്ലിക്കേഷനിൽ അവരുടെ പൂർണ്ണ വിവരങ്ങൾ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കോവിഡ് പരിശോധനാഫലവും ഇതില്‍ ചേര്‍ക്കണം. രാജ്യത്ത് പ്രവേശിക്കുന്നതിന് മുന്‍പേ സാധുവായ ആരോഗ്യ ഇൻഷുറൻസ് ഉണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം.