എയര്‍പോര്‍ട്ടില്‍ ഏറ്റവും ബോറടിപ്പിക്കുന്ന പരിപാടികളില്‍ ഒന്നാണ് സുരക്ഷാപരിശോധനകള്‍ക്കായുള്ള ക്യൂ നില്‍ക്കല്‍. തിരക്കുള്ള സമയമാണെങ്കില്‍ പറയുകയും വേണ്ട! ഇങ്ങനെ വരിയില്‍ നില്‍ക്കാതെ നമുക്കു മാത്രമായി സമയം ബുക്ക് ചെയ്ത് സുരക്ഷാപരിശോധന പൂര്‍ത്തിയാക്കാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടോ? കോവിഡ് 19 മൂലം പുതിയ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന ഈ സാഹചര്യത്തില്‍ തികച്ചും അനിവാര്യമായ ഇത്തരമൊരു മാറ്റം നടപ്പിലാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട്. 

വിമാനയാത്രക്കാര്‍ക്ക് മുൻകൂട്ടി ബുക്ക് ചെയ്ത സമയ സ്ലോട്ടുകള്‍ക്കനുസരിച്ച് സുരക്ഷാപരിശോധന പൂര്‍ത്തിയാക്കുന്നത്തിനുള്ള സംവിധാനമാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളം ഒരുക്കുന്നത്. യാത്രികര്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുക മാത്രമല്ല, COVID-19 പകർച്ചവ്യാധി മൂലം വിമാനത്താവളത്തിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് നികത്താനും ഇതുവഴി സാധിക്കും. 

വിമാനയാത്രകളില്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളും എയര്‍ലൈന്‍ കമ്പനികളും. കോൺടാക്ട്‌ലെസ് ചെക്ക് ഇന്‍ സൗകര്യം നിരവധി എയര്‍പോര്‍ട്ടുകളില്‍ ഇതിനോടകം തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. സുരക്ഷാപരിശോധനയ്ക്കായി ഇതാദ്യമായാണ് ഒരു വിമാനത്താവളം ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നത്. 

ഓണ്‍ലൈനില്‍ തികച്ചും സൗജന്യമായി യാത്രികര്‍ക്ക് ഈ സേവനം ലഭ്യമാക്കാം. ഫസ്റ്റ് കം- ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലാണ് സ്ലോട്ടുകള്‍ നല്‍കുന്നത്. ഓരോ ആളിനും 15 മിനിറ്റ് നല്‍കും. അതാതു സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരും. സാമൂഹിക അകലം പാലിക്കുന്ന രീതിയിലാണ് ക്യൂ ക്രമീകരിക്കുന്നത്. പുതിയ നടപടി യാത്രികര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വ ബോധം പകരുമെന്നാണ് കണക്കുകൂട്ടല്‍.

പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് യാത്രക്കാർ ഈ സ്ലോട്ടുകൾ ബുക്ക് ചെയ്യണമെന്ന് മാഞ്ചസ്റ്റർ വിമാനത്താവളം പറയുന്നു. വൈകുന്തോറും പരിശോധനയ്ക്കായി പ്രത്യേക സമയം ലഭിക്കാനുള്ള സാധ്യത കുറഞ്ഞു വരും.