കുന്നുകളുടെ രാജ്ഞിയായ ഡാർജിലിങ് ജൂലൈ 1 മുതൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയായിരുന്നു. മുന്നുമാസമായി ലോക്ഡൗണിലായിരുന്നു ഡാർജിലിങ്ങും. ടൂറിസത്തെ തിരികെ കൊണ്ടുവരുന്നതിനായി മിക്ക രാജ്യങ്ങളും സഞ്ചാരികൾക്കായി യാത്രാ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്താ റിപ്പോർട്ടുകൾ പ്രകാരം ഡാർജിലിംഗ് കുന്നുകളുടെ സ്വയംഭരണാധികാരമുള്ള ഗോർഖ ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ)അടുത്തിടെ രാഷ്ട്രീയ പാർട്ടികൾ, ഹോട്ടൽ ഉടമകൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവയുൾപ്പെടെ വിവിധ സംഘടനകളുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. അവരുടെ അവസാന യോഗത്തിൽ, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ടൂറിസം ആവശ്യങ്ങൾക്കായി ഹോട്ടലുകൾ വീണ്ടും തുറക്കനും തീരുമാനിച്ചിട്ടുണ്ട്.കൂടാതെ കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

സ‍ഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ഡാർജിലിങ്.ബ്രിട്ടിഷുകാർ വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ എത്തിയിരുന്ന സ്ഥലമാണു ഡാർജിലിങ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്നാണ് ഇംഗ്ലിഷുകാർ അന്നും ഇന്നും ഡാർജലിങ്ങിനു നൽകുന്ന വിേശഷണം. വെള്ളച്ചാട്ടം, തടാകങ്ങൾ, അകാശച്ചെരിവിനോളം നീണ്ടു കിടക്കുന്ന പച്ചയണിഞ്ഞ കുന്നുകൾ തുടങ്ങി കണ്ണിനു കുളിരു പകരുന്ന ദൃശ്യങ്ങളാണ് ഡാർജലിങ്ങിന്റെ സവിശേഷത. ടിബറ്റിൽ നിന്നു കുടിയേറിയവരുടെ സെറ്റിൽമെന്റുകളും വീടുകളും മാത്രമെ ഈ പ്രദേശത്ത് കെട്ടിടങ്ങളായുള്ളൂ. സമ്മിശ്ര സംസ്കാരമാണ് ഡാർജിലിങ്ങിലേത്. ഏതു കുന്നിന്റെ മുകളിൽ നിന്നാലും കാഞ്ചൻജംഗ – എവറസ്റ്റ് കൊടുമുടികൾ തെളിഞ്ഞു കാണാം. ട്രെക്കിങ്ങിൽ താൽപര്യമുള്ളവർ നാലും അഞ്ചും തവണ ഡാർജലിങ്ങിലേക്കു പോകുന്നത് ഈ കൗതുകത്തിന്റെ ഉള്ളറ തേടിയാണ്. ഡാർജലിങ്ങിൽ മൂന്നാറിലേതു പോലെ തേയിലത്തോട്ടങ്ങളുണ്ട്. പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാടങ്ങളാണ് മറ്റൊരു സൗന്ദര്യം.