വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ അടുത്ത മാസം മുതല്‍ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് ഫറവോയുടെ നാട്. ഈജിപ്തില്‍ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുള്ള വീസ ഫീസ് ഒക്ടോബര്‍ 31 വരെ താൽക്കാലികമായി നിർത്തിവച്ചു.

കൊറോണ വൈറസ് മൂലം നഷ്ടത്തിലായ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് സമ്പദ്‍‍‍വ്യവസ്ഥയുടെ പ്രധാന മേഖലയായി വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന ഈജിപ്ത് അടക്കമുള്ള രാജ്യങ്ങള്‍. ദക്ഷിണ സീനായിയുടെ വിസ ഫീസ് ഒക്ടോബർ 30 വരെ ഒഴിവാക്കി. പ്രശസ്ത ഈജിപ്ഷ്യൻ നഗരമായ ശരം എൽ-ഷെയ്ക്ക്, മാർസ മാട്രൂ തുറമുഖം, ചെങ്കടൽ, ഹുർഗദ, ചെങ്കടൽ തീരത്തുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം എന്നിവയെല്ലാം ഉള്‍പ്പെടുന്ന, ഈജിപ്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് സീനായ്.

രാജ്യാന്തര വിമാനങ്ങള്‍ അടുത്തമാസം മുതല്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈജിപ്ത്. ഇതിന്‍റെ ഭാഗമായി വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കര്‍ശനമായ ശുചിത്വ സുരക്ഷാ പ്രോട്ടോക്കോളുകളും സർട്ടിഫിക്കേഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 250 ലധികം ഹോട്ടലുകളില്‍ അവയുടെ ആകെ ശേഷിയുടെ 50 ശതമാനം മാത്രം ആളുകളെയേ താമസിപ്പിക്കൂ. സഞ്ചാരികള്‍ മുൻ‌കൂട്ടി ഓൺ‌ലൈനായി റജിസ്റ്റർ ചെയ്യണം. ഹോട്ടല്‍ പരിസരത്ത് പ്രവേശിക്കുന്ന ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും.

വിവാഹങ്ങളും വിനോദ പരിപാടികളും പോലെ നിരവധി ആളുകള്‍ ഒരുമിച്ചു കൂടുന്ന തരത്തിലുള്ള പരിപാടികള്‍ നടത്താൻ ഹോട്ടലുകള്‍ക്ക് അനുവാദമില്ല. കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ പാലിക്കുന്നതിനായി പ്രത്യേക ഇടം സജ്ജീകരിക്കേണ്ടതുണ്ടെന്നും ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ടൂറിസം. ഈജിപ്തിലെ 12 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത് വിനോദസഞ്ചാര മേഖലയിലാണ്.

ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗിസാ നെക്രോപോളിസ്. 'ഏഴു പുരാതന ലോകാത്ഭുതങ്ങളി'ല്‍ ഒന്നായ ഇവിടം സന്ദര്‍ശിക്കാന്‍ മാത്രമായി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. 3,000 കിലോമീറ്ററിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മെഡിറ്ററേനിയൻ കടല്‍ , ചെങ്കടൽ എന്നിവയുടെ ബീച്ചുകള്‍ ആണ്  മറ്റൊരു പ്രധാന ആകര്‍ഷണം. ഗൾഫ് ഓഫ് അകാബ ബീച്ചുകൾ, സഫാഗ, ശരം എൽ-ഷെയ്ക്ക്, ഹുർഗഡ, ലക്സോർ, ദഹാബ്, റാസ് സിദർ, മാർസ ആലം എന്നിവ ഏറെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.