ഉക്രെയ്ൻ ഡയറി  അദ്ധ്യായം: 7

ചെർണോബിലിലെ വീടുകൾ-ഇപ്പോഴത്തെ അവസ്ഥ

ആണവ ദുരന്തം നടന്ന് മൂന്നാം ദിവസം ചെർണോബിൽ, പ്രിപ്യാറ്റ് നഗരങ്ങളിലെയും തൊട്ടടുത്ത ഗ്രാമങ്ങളിലെയും ജനങ്ങളെ മുഴുവൻ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. എന്നെന്നേക്കുമായി തങ്ങളുടെ വാസസ്ഥലത്തു നിന്നു കുടിയിറക്കപ്പെടുകയാണെന്ന് ആരും മനസ്സിലാക്കിയില്ല അതുകൊണ്ടു തന്നെ, ധരിച്ചിരിക്കുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും അവർ എടുത്തതുമില്ല. സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാനും ആരെയും അനുവദിച്ചില്ല. അവയും ആണവവികിരണമേറ്റവയാണല്ലോ. പട്ടാള ട്രക്കുകളിലാണ് ജനങ്ങളെ കയറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ചത്.

ചെർണോബിൽ അന്ന് സാമാന്യം വലിയൊരു ജനപദമായിരുന്നു. 1923 മുതൽ ചെർണോബിൽ ജില്ലയുടെ തലസ്ഥാനവുമായിരുന്നു ഈ ചെറു നഗരം. ദുരന്തം നടക്കുമ്പോൾ 14,000 പേർ ഇവിടെ വസിക്കുന്നുണ്ടായിരുന്നു.

ദുഗ എന്ന റഡാറിനുശേഷം ഞങ്ങളുടെ അടുത്ത യാത്ര ചെർണോബിൽ നഗരത്തിലേക്കായിരുന്നു. ചെർണോബിലിൽ വാൻ നിർത്തുകയാണ് എന്ന് ഗൈഡ് അറിയിച്ചപ്പോഴും ഒരു നഗരത്തിന്റെ ലക്ഷണമൊന്നും പരിസരത്തെങ്ങും കാണാനുണ്ടായിരുന്നില്ല. റോഡരുകിലെ കാടിനു സമീപം വാൻനിർത്തി. ഒരു ഒറ്റയടിപ്പാത കാട്ടിനുള്ളിലേക്ക് നീളുന്നുണ്ട്. അല്പം മുന്നിലേക്കു നടന്നപ്പോൾ അമ്പരന്നു പോയി. കാട്ടിനുള്ളിൽ പലയിടങ്ങളിലായി ഒരു വലിയ ജനപദത്തിന്റെ ശേഷിപ്പുകൾ!, വീടുകൾ, ഷോപ്പുകൾ, ബാങ്ക്, ഓഡിറ്റോറിയം, ഹോട്ടലുകൾ, സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ- എല്ലാം കാടുപിടിച്ച്, പൊടിമൂടിക്കിടക്കുന്നു.

ക്യാന്റീനിൽ കയറും മുൻപ് ആണവവികിരണം ഏറ്റിട്ടുണ്ടോ എന്ന് യന്ത്ര പരിശോധന നടത്തുന്നു

'എല്ലാം കയറി കണ്ടോളൂ... ഒന്നിലും തൊടരുത്' -ഗൈഡ് മുന്നറിയിപ്പു നൽകി. ഒരു വലിയ കെട്ടിടത്തിലേക്കാണ് ആദ്യം കയറി ചെന്നത്. വെനീഷ്യൻ ജനലുകളുള്ള, തനത് റഷ്യൻ ശൈലിയിലുള്ള കെട്ടിടം. ഇടിഞ്ഞു തുടങ്ങിയ പടികൾ കയറി, ചിലന്തിവല തൂങ്ങിയാടുന്ന വാതിൽ കടക്കുമ്പോൾ മനസ്സിലാകും, അതൊരു ഓഡിറ്റോറിയമായിരുന്നെന്ന്. മരപ്പലക പാകി ഭംഗിയാക്കിയ വലിയ ഹാളിലെ പലകകളെല്ലാം കാലപ്പഴക്കത്തിൽ പൊളിഞ്ഞു. ചെറിയ രണ്ട് ഹാളുകളും മേയ്ക്കപ്പ് റൂമുമൊക്കെ നാശോന്മുഖമായിരിക്കുന്നു. ഒരു കാലത്ത് ഈ ചെറുനഗരത്തിന്റെ ഹൃദയമായിരുന്നിരിക്കണം, നിരന്തരമായി കലാപരിപാടികൾ നടന്നിരുന്ന ഈ ഓഡിറ്റോറിയം.

ചെർണോബിൽ ക്യാന്റീനിനുള്ളിൽ

അവിടെ നിന്നിറങ്ങുമ്പോൾ കാണുന്നത് ജനവാസകേന്ദ്രമാണ്. നിരവധി വീടുകൾ. മിക്ക വീടുകളുടെയും മുന്നിൽ അസ്ഥികൂട സമാനമായ കാറുകൾ. തുരുമ്പ് പിടിച്ച സൈക്കിളുകളും മോട്ടോർ സൈക്കിളുകളും ദ്രവിച്ച് മണ്ണോടു ചേരാൻ കാത്തു കിടക്കുന്നു. വീടുകൾക്കുള്ളിലേക്ക് കടക്കുമ്പോൾ, പൊടിയും, മാറാലയും കാടും ഒഴിച്ചു നിർത്തിയാൽ, അഞ്ചുമിനുട്ടു മുൻപു വരെ അവിടെ ജനവാസമുണ്ടായിരുന്നെന്നു തോന്നും. തുറന്നുവെച്ച പുസ്തകം, കാപ്പി കുടിച്ച കപ്പ്, അലക്കി വിരിച്ച തുണികൾ, കഴുകാനായി വാഷ്‌ബേസിനിലിട്ട പാത്രങ്ങൾ, കളിയ്ക്കിടയിൽ ഏതോ കൂട്ടുകാരി ഉപേക്ഷിച്ചിട്ടു പോയ പാവക്കുട്ടി- എല്ലാം ആണവ വികിരണത്തിന്റെ പൊടിമൂടി, അതേപടി അവിടെയുണ്ട്. ഒരു യഥാർത്ഥ പ്രേതനഗരമാണ് ചെർണോബിൽ എന്ന് ഓരോ കാഴ്ചയും നമ്മെ ഭീതിയോടെ ഓർമിപ്പിക്കുന്നു.

പോളണ്ടിന്റെ ഭാഗമായിരുന്ന ചെർണോബിൽ 1923ലാണ് ഉക്രെയ്‌നിൽ കൂട്ടിച്ചേർക്കപ്പെട്ടത്. പോളണ്ടിന്റെ കീഴിലായിരുന്നപ്പോൾ ഇവിടെ നിരവധി ജൂതന്മാർ താമസിച്ചിരുന്നു. രണ്ടാംലോകമഹായുദ്ധ കാലത്ത് ജർമ്മൻ പട്ടാളം ചെർണോബിൽ കീഴടക്കി. ജൂതന്മാരെ കണ്ടുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു ജർമൻ പട്ടാളത്തിന്റെ പ്രധാന ജോലി. അതിനുമുമ്പ് 1925 മുതൽ 1933വരെ സ്റ്റാലിന്റെ ഭരണകാലത്താകട്ടെ, പോളണ്ടുകാരാണ് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. സ്റ്റാലിന്റെ നിർദ്ദേശപ്രകാരമായിരുന്നു ആ കൊലപാതകങ്ങൾ.

ചെർണോബിലിലെ വീടുകൾ-ഇപ്പോഴത്തെ അവസ്ഥ

അങ്ങനെ നൂറ്റാണ്ടുകളായി, അശാന്തമായിരുന്നു ചെർണോബിൽ. എന്നാൽ അതിലുമൊക്കെ എത്രയോ വലിയ ദുരന്തമാണ് കാലം ചെർണോബിലിനു വേണ്ടി കരുതി വെച്ചിരുന്നത് എന്ന് ലോകം മനസ്സിലാക്കിയത് ആ കാളരാത്രിയിലാണ്- 1986 ഏപ്രിൽ 26ന്.ചെർണോബിൽ നഗരത്തിൽ നിന്ന് പത്തുമിനുട്ട് യാത്ര ചെയ്യുമ്പോൾ ആണവ നിലയത്തിന്റെ ദൃശ്യം പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഒരു കിലോമീറ്ററിലധികം ദൂരത്തിലായി നിരവധി കെട്ടിടങ്ങൾ. അവയിൽ നാലെണ്ണം ആണവ റിയാക്ടറുകളാണ്. (സ്‌ഫോടനം നടക്കുന്നതുവരെ ഉക്രെയിനിലെ വൈദ്യുതിയുടെ 10 ശതമാനവും ഈ റിയാക്ടറുകളുടെ സംഭാവനയായിരുന്നു) ആണവ പ്ലാന്റിനു സമീപത്തു കൂടി ഒരു മനുഷ്യനിർമ്മിത കനാൽ ഒഴുകുന്നുണ്ട്. കൂളിങ് ടവറുകളിൽ നിന്ന് വെള്ളമൊഴുക്കാനായി നിർമിച്ച കനാലാണിത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള കനാലായിരുന്നു, ചെർണോബിലിലേത്.

റിയാക്ടർ നമ്പർ 4 നു മുന്നിലെ ശില്പത്തിനു താഴെയുള്ള ഫലകം

ആണവ നിലയത്തിന്റെ കെട്ടിടങ്ങൾക്ക് വലംവെച്ച് വാൻ കനാലിനു സമീപം നിർത്തി. അല്പമകലെ 'റ' ആകൃതിയിൽ നിർമിച്ച വമ്പനൊരു ഇരുമ്പ് ചട്ടക്കൂട് ചൂണ്ടിക്കാണിച്ച് ഗൈഡ് പറഞ്ഞു:'അതിനുള്ളിലാണ് ദുരന്തത്തിൽ പൊട്ടിത്തെറിച്ച റിയാക്ടറുള്ളത്'. അതിനുള്ളിലുണ്ട്, ലോകത്തെ വിറപ്പിച്ച ദുരന്തത്തിലെ നായകൻ! വർഷങ്ങൾ കഴിഞ്ഞിട്ടും നാലാം നമ്പർ റിയാക്ടറിൽ നിന്ന് വികിരണം വമിച്ചുകൊണ്ടിരിക്കുകയാണ്. വികിരണം നിർത്താൻ സാധിക്കാതെ വന്നപ്പോൾ പ്രശസ്തരായ പല ആണവ ശാസ്ത്രജ്ഞന്മാരും റിയാക്ടറിന് മേലെ ഇരുമ്പുചട്ടക്കൂട് നിർമിക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നു നിർദേശിക്കുകയായിരുന്നു. ന്യൂയോർക്കിലെ സ്വാതന്ത്ര്യ പ്രതിമയെക്കാൾ ഉയരമുണ്ട് ആ നിർമിതിക്ക്. റിയാക്ടർ നമ്പർ നാലിനെ പൂർണമായും മൂടി, റെയിലുകളിലാണ് ചട്ടക്കൂട്  നിർമിച്ചിക്കുന്നത്. നിരക്കിനീക്കാവുന്ന, ലോകത്തിലെ ഏറ്റവും വലിയ നിർമിതി എന്ന ബഹുമതിയും ഇതിനാണുള്ളത്.

ദുരന്തം നടന്ന് നാളുകൾ കഴിഞ്ഞിട്ടും ആണവ വികിരണം ശമിക്കാതെ വന്നപ്പോൾ ഉക്രെയ്ൻ സർക്കാർ റിയാക്ടർ നമ്പർ 4ന് ഒരു ചട്ടക്കൂട് നിർമിച്ചിരുന്നു. എന്നാൽ 30 വർഷം മാത്രമായിരുന്നു അതിന് ആയുസുണ്ടായിരുന്നത്.

റിയാക്ടർ നമ്പർ 4 നു മേലെ നിർമിച്ചിരിക്കുന്ന ഇരുമ്പു കവചവും മുന്നിലെ ശിൽപ്പവും

ആണവ വികിരണത്തിൽ നിന്ന് ദീർഘകാലം സംരക്ഷണം നൽകുന്ന ഒരു മേൽമൂടി റിയാക്ടറിന് നിർമിക്കണമെങ്കിൽ കുറഞ്ഞത് 1.5 കോടി പൗണ്ടെങ്കിലും ചെലവു വരുമെന്ന് ഉക്രെയ്ൻ ഭരണകൂടം പഠനങ്ങളിലൂടെ മനസ്സിലാക്കി. ആ ചെലവ് ഉക്രെയ്‌ന് താങ്ങാനാവുമായിരുന്നില്ല. തുടർന്ന് അവർ യൂറോപ്യൻ ബാങ്ക് ഫോർ റീ കൺസ്ട്രക്ഷൻ ആന്റ് ഡെവലപ്‌മെന്റിനെ (ഇബിആർഡി) സമീപിച്ചു. ഇബിആർഡിയാണ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഗ്രാന്റ് ഉപയോഗിച്ച് ഈ വമ്പൻ നിർമിതിക്ക് പണം കണ്ടെത്തിയതും പദ്ധതി ഏകോപിപ്പിച്ചതും. ഇനി 100 വർഷത്തേക്ക് റിയാക്ടർ നമ്പർ 4ലെ ആണവ വികിരണം പുറത്തേക്ക് വരാത്ത രീതിയിലാണ് ഇരുമ്പ് ചട്ടക്കൂടിന്റെ നിർമാണം.

162 മീറ്റർ നീളവും 108 മീറ്റർ ഉയരവുമുള്ള ഇരുമ്പ് ചട്ടക്കൂടിന്റെ ഉദ്ഘാടന ദിവസം ഇബിആർഡിയുടെ ന്യൂക്ലിയർ സേഫ്റ്റ് ഡയറക്ടർ പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു: 'ഇത്തരത്തിലൊരു പദ്ധതി ലോകത്തിൽ ഇതാദ്യമാണ്. ഇങ്ങനെയൊരു പദ്ധതി ഇനി ഉണ്ടാകരുതേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു'.

ഈഫൽ ടവർ നിർമ്മാണത്തിനുപയോഗിച്ചതിന്റെ മൂന്നിരട്ടി ഇരുമ്പ് വേണ്ടി വന്നു, ഈ ചട്ടക്കൂടിന്റെ നിർമാണത്തിന്. ഇപ്പോഴും 200 ടണ്ണിലധികം വരുന്ന വസ്തുക്കൾ റിയാക്ടർ 4നുള്ളിലുണ്ട്. അവയിൽ നിന്ന് ആണവ വികിരണം വമിക്കുന്നുണ്ടത്രേ. എന്തായാലും, ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് ചെർണോബിൽ പ്രദേശത്തെ ആണവാവശിഷ്ടങ്ങൾ നീക്കം ചെയ്തു തീരാൻ ഇനിയും 50 വർഷങ്ങൾ വേണ്ടി വരും! കനാലിനരികിൽ നിന്ന് ഇരുമ്പ് ചട്ടക്കൂടിന്റെ ഫോട്ടോകളെടുത്തു. ഇനി വാൻ പോകുന്നത് അതിനരികത്തേക്കു തന്നെയാണ്. ഈ കനത്ത ഇരുമ്പു മറ നിർമ്മിക്കുന്നതിനു മുമ്പ് റിയാക്ടർ 4 ന്റെ പരിസരത്തേക്കു പോലും സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇനി നൂറുവർഷത്തേക്ക് റിയാക്ടറിൽ നിന്ന് വികിരണം ഉണ്ടാവില്ല എന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.

ചെർണോബിലിലെ വീടുകൾ-ഇപ്പോഴത്തെ അവസ്ഥ

വാൻ റിയാക്ടർ 4നടുത്തെത്തി. ഇരുമ്പ് മതിലിനുള്ളിലാണ് ഈ അദ്ഭുത നിർമ്മിതി. അവിടേക്ക് പ്രവേശിക്കാനാവില്ല. എന്നാൽ തൊട്ടുമുകളിലെ ശിൽപത്തിനു മുന്നിൽ നിന്ന് റിയാക്ടറിന്റെ ഇരുമ്പു ചട്ടക്കൂട് ദർശിക്കാം. ആണവദുരന്തത്തിൽ ജീവൻ നഷ്ടമായ ജീവനക്കാർക്കും പ്രൊഫഷണലുകൾക്കുമായി സമർപ്പിച്ചിരിക്കുകയാണ് ഈ ശില്പം. അതിനുതാഴെ കറുത്ത മാർബിൾ ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

കനാൽ തീരത്തു നിന്നു നോക്കുമ്പോൾ കാണുന്ന റിയാക്ടർ നമ്പർ 4 നു മേലെയുള്ള കവചം

'ലോകത്തെ ആണവ ദുരന്തത്തിൽ നിന്നു രക്ഷിക്കാൻ പ്രയത്‌നിച്ച പ്രൊഫഷണലുകൾക്ക്, ഹീറോകൾക്ക് '2006 നിർമിച്ച ഈ ശില്പം റിയാക്ടറിനു മേലെയുണ്ടായിരുന്ന ആദ്യ കാലത്തെ കവചം നിർമിച്ചവർക്കാണ് സമർപ്പിച്ചിരിക്കുന്നതെന്നു വ്യക്തം. ശില്പത്തിനു മുന്നിൽ നിന്നു ഫോട്ടോയെടുക്കുമ്പോൾ പിന്നിൽ ഇരുമ്പുകവചം വെയിലേറ്റ് തിളങ്ങി നിൽക്കുന്നു. 32 വർഷം മുമ്പ് ലോകത്തെ മുൾമുനയിൽ നിർത്തിയ ആണവ അസുരനാണ് ഇപ്പോൾ ബന്ധിക്കപ്പെട്ട നിലയിൽ കവചത്തിനുള്ളിൽ കിടക്കുന്നത്!

കുറച്ചു നേരം അവിടെ ചെലവഴിച്ചപ്പോൾ ഉച്ചഭക്ഷണത്തിനു സമയമായെന്ന് ഗൈഡ് അറിയിച്ചു. ടൂർപ്രോഗ്രാമിൽ ഉച്ചക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആണവ നിലയത്തിലെ കാന്റീനിൽ തന്നെയാണ് ആഹാരം ഒരുക്കിയിരിക്കുന്നത്. കാന്റീനിൽ പ്രവേശിക്കും മുമ്പ് ഒരു യന്ത്രത്തിൽ കയറി നിന്ന് ആണവവികിരണ ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. അനുവദനീയമായ അളവിലേ ശരീരത്തിൽ വികിരണം ഏറ്റിട്ടുള്ളു എന്ന് ബോധ്യപ്പെട്ടാലേ ഉള്ളിലേക്ക് കയറ്റി വിടൂ. ഗൈഡ് പറയുന്നതു കേൾക്കാതെ അവിടയുമിവിടെയുമൊക്കെ തൊട്ടാൽ വികിരണത്തിന്റെ തോത് കൂടും. ഏതായാലും ഞങ്ങളുടെ കൂടെയുള്ളവരെല്ലാം ടെസ്റ്റ് പാസ്സായി. ഞങ്ങൾ ക്യാന്റീനിൽ പ്രവേശിച്ചു. 'സെറ്റ് മെനു'വാണ്. അതായത്, ഓർഡർ ചെയ്യുന്ന പരിപാടിയില്ല. ഒരുതരം ബുഫെ ഏർപ്പാട്. ചോറും റൊട്ടിയും ചിക്കനുമൊക്കെയുള്ള ഭക്ഷണം. എല്ലാത്തിനും ഒരു റഷ്യൻ സ്വാദ്. എങ്കിലും ആണവവികിരണ ഭീതിയൊന്നും തോന്നിയില്ല. അല്ലെങ്കിലും ആഹാരം കഴിക്കുമ്പോൾ അശുഭചിന്തകളൊന്നും പാടില്ലല്ലോ..!

(തുടരും)