ഉക്രെയ്ൻ ഡയറി അദ്ധ്യായം 8

കുട്ടികളുടെ കളിക്കളത്തിലെ യന്ത്ര ഊഞ്ഞാൽ 

പ്രിപ്യാറ്റ് - ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ അഭിമാനമായിരുന്നു, ഈ നഗരം. ചെർണോബിൽ ആണവനിലയത്തിൽ നിന്നും വിളിപ്പാടകലെ, കൃത്യമായ ആസുത്രണത്തോടെ നിർമ്മിച്ച നഗരമാണിത്. സോവിയറ്റ് യൂണിയൻ സന്ദർശിക്കുന്ന വിദേശ പ്രതിനിധികളെ ഈ നഗരം കാട്ടിക്കൊടുക്കാൻ ഗവർമെന്റ് ശ്രദ്ധിച്ചിരുന്നു. 1970ൽ പണി തീർക്കപ്പെട്ട പ്രിപ്യാറ്റ് നഗരം ഒരു കൊച്ചു ദുബായ് ആയിരുന്നു എന്നു പറയാം.

ഇതൊരു നക്ഷത്ര ഹോട്ടലായിരുന്നു 

13,144 അപ്പാർട്ടുമെന്റുകൾ ഉൾപ്പെടുന്ന 160 കെട്ടിടങ്ങൾ, 7700 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററികൾ, 75 പ്രൈമറി സ്‌കൂളുകൾ, 19 സെക്കണ്ടറി സ്‌കൂളുകൾ, 7 കോളേജുകൾ, ഒരു വലിയ ആശുപത്രി, 3 ക്ലിനിക്കുകൾ, 25 ഇടത്തരം ഷോപ്പുകൾ, ഒരു ഷോപ്പിങ്മാൾ, 27 ഹോട്ടലുകൾ, ഒരു പഞ്ചനക്ഷത്ര ഹോട്ടൽ, 10 വെയർഹൗസുകൾ, സിനിമാ തിയേറ്റർ, കൾച്ചറൽ സെന്റർ, 10 ജിം - ഫിറ്റ്‌നെസ് സെന്ററുകൾ, 3 ഇൻഡോർ നീന്തൽകുളങ്ങൾ, 2 സ്റ്റേഡിയങ്ങൾ, നിരവധി പാർക്കുകൾ, 35 കളിസ്ഥലങ്ങൾ,  4 ഫാക്ടറികൾ, റെയിൽവ സ്റ്റേഷൻ, 167 ബസുകൾ സർവീസ് നടത്തിയിരുന്ന ബസ് സ്റ്റാന്റ്, 1.81 ലക്ഷം മരങ്ങൾ തണലേകുന്ന വീഥികൾ: '70 കളിലെ ആ നഗരത്തിന്റെ പ്രൗഢി ഒന്നോർത്തു നോക്കുക!

പ്രിപ്യാറ്റിലെ ഡോർമെറ്ററി കെട്ടിടം 

പൊട്ടിത്തെറി നടന്ന ആണവ നിലയത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളു, പ്രിപ്യാറ്റ് നഗരത്തിലേക്ക്. പ്രിപ്യാറ്റിൽ നിന്നുള്ള റോഡ് പ്രിപ്യാറ്റ് നദിക്കു മേലെ നിർമ്മിച്ച പാലം കടക്കുമ്പോൾ ആണവനിലയം ദൃശ്യമാകും. പൊട്ടിത്തെറി നടന്ന രാത്രിയിൽ തന്നെ പ്രിപ്യാറ്റ് നഗരത്തിലെ 50,000ലധികം വരുന്ന താമസക്കാരിൽ പലരും ദുരന്തഭൂമി സന്ദർശിക്കാനെത്തിയിരുന്നത്രെ.ആണവ സ്‌ഫോടനമാണ് നടന്നതെന്ന് ആ പാവങ്ങൾ അറിഞ്ഞില്ല. റിയാക്ടറിന്റെ തൊട്ടടുത്തു നിന്ന് വീക്ഷിച്ചവർ മാത്രമല്ല, അര കിലോമീറ്റർ ദൂരെ പാലത്തിൽ നിന്നവർ പോലും പിന്നീട് മാരക രോഗങ്ങൾക്കിരയായി.

പഴയ ആശുപത്രി കെട്ടിടം 

ഏതായാലും, ചെർണോബിൽ നഗരത്തിലേതു പോലെ തന്നെ, കർശന നിർദ്ദേശങ്ങളോടെ, പട്ടാളക്കാർ പ്രിപ്യാറ്റ് നിവാസികളെയും നിന്ന നില്പിൽ പിടിച്ച് പട്ടാള വാഹനങ്ങളിൽ കയറ്റുകയാണുണ്ടായത്. ഉടുതുണിയല്ലാതെ മറ്റൊന്നും കൊണ്ടുപോകാനായില്ല എന്നു ചുരുക്കം. ഈ കഥകളൊക്കെ പ്രിപ്യാറ്റിലേക്കുള്ള യാത്രയിൽ ഗൈഡ് വിവരിച്ചെങ്കിലും അത്ര വലിയൊരു പട്ടണമൊന്നും ആ കാടിനു നടുവിൽ ഞങ്ങളാരും പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം.എന്നാൽ വാൻ നിർത്തി, മുൾച്ചെടികൾ തഴച്ചു വളർന്നു നിൽക്കുന്ന കുറ്റിക്കാട്ടിലൂടെ പ്രിപ്യാറ്റിലേക്ക് പ്രവേശിച്ചപ്പോൾ എല്ലാവരും വിസ്മയഭരിതരായിപ്പോയി. ഒരു വമ്പൻ പട്ടണം! കാലത്തിന്റെ പുഴുക്കുത്തേറ്റ് നാശോന്മുഖമായെങ്കിലും, ആ പ്രതാപകാലത്തിന്റെ പ്രൗഡി ഓരോ ചുവരിൽ നിന്നും വായിച്ചെടുക്കാം. എന്നു തന്നെയുമല്ല, 70കളിൽ നിർമ്മിക്കപ്പെട്ട നഗരത്തിന്റെ രീതികളല്ല, പ്രിപ്യാറ്റിനുള്ളത് എന്നും തോന്നി. ഉദാഹരണമായി,ഈ 2019 ൽ നമ്മൾ കൊച്ചിയിൽ കാണുന്ന കോഫിഷോപ്പുകളുടെ ഏതാണ്ട് അതേ ശൈലിയാണ് പ്രിപ്യാറ്റിൽ 48 വർഷം മുമ്പ് പണിതീർത്ത കോഫിഷോപ്പിനുള്ളത്.

കുട്ടികൾക്ക് വേണ്ടി നിർമിച്ച ഇലക്ട്രിക്ക് കാറുകൾ 

പ്രിപ്യാറ്റിലെ ആദ്യ കാഴ്ച ഒരു കോഫിഷോപ്പ് തന്നെയായിരുന്നു. നിറയെ നീണ്ട കണ്ണാടി ജനലുകളുള്ള ഒരു മനോഹര മന്ദിരം. കോഫി വെൻഡിങ് മെഷീനുകൾ പോലും അതിനുള്ളിലുണ്ട്. എല്ലാം തുരുമ്പു പിടിച്ചെന്നു മാത്രം.കോഫിഷോപ്പിനോടു ചേർന്ന് ബസ് സ്റ്റേഷനാണ്. കോൺക്രീറ്റ് തൂണുകൾക്കിടയിൽ ബസ്സുകൾക്ക് കയറിക്കിടക്കാൻ സ്ഥലമുണ്ട്. ബസ് സ്റ്റേഷനു താഴെ പ്രിപ്യാറ്റ് നദിയിലെ ബോട്ട് ജെട്ടിയാണ്. ഈ ബോട്ട് ജെട്ടിയും അക്കാലത്ത് വളരെ സജീവമായിരുന്നത്രേ. ബസ് സ്റ്റേഷനും ബോട്ടുജെട്ടിയും ചേർന്ന 'മൊബിലിറ്റി ഹബ്ബാ'യിരുന്നു ഇതെന്നർത്ഥം. വളരെ വർഷങ്ങൾക്കു മുമ്പ് എറണാകുളത്ത് വൈറ്റിലയിൽ വിഭാവനം ചെയ്യപ്പെടുകയും ഭരണാധിപന്മാരുടെ പിടിപ്പുകേടുകൊണ്ട് ഇന്നുവരെ നടപ്പാകാതിരിക്കുകയും ചെയ്ത മൊബിലിറ്റി ഹബ്ബ് എന്ന ആശയം 48 വർഷം മുമ്പ് ഈ പ്രിപ്യാറ്റിൽ നടപ്പിലായതു കണ്ട് ഞാനിതാ അത്ഭുത പരതന്ത്രനായി നിൽക്കുന്നു!

സൂപ്പർ മാർക്കറ്റിന്റെ ഉൾവശം 

അതിനു ശേഷം ഒരു കോളേജും, കോളേജ് ഹോസ്റ്റലുമാണ് കണ്ടത്. പൊടിപിടിച്ച മേശകളും ബ്ലാക്ക്‌ബോർഡുകളും കട്ടിലുകളുമൊക്കെ, ഒരു കാലത്ത് കുമാരികൂമാരന്മാരുടെ ആഹ്ളാദാരവങ്ങളാൽ മുഖരിതമായിരുന്ന ക്യാമ്പസിൽ നിർജീവമായി കിടക്കുന്നു. പ്രിപ്യാറ്റ് നഗരം വളരെ സജീവമായിരുന്ന കാലത്തെ ചിത്രങ്ങളും ഗൈഡിന്റെ കൈയിലുണ്ട്. കരിയില മൂടിയ വഴികളിലൂടെ നടന്ന്, കാട്ടിനുള്ളിലെ നിറം മങ്ങിയ ചുവരുകളോടുകൂടിയ കെട്ടിടം ചൂണ്ടിക്കാണിക്കുന്നതിനിടെ ഗൈഡ് ആ പഴയ ചിത്രം കൂടി കാട്ടിത്തരും. ഒരു ഞെട്ടലോടെ നമ്മൾ അറിയുന്നു, കരിയില മൂടിയ ആ വഴിത്താര ടാറിട്ട റോഡായിരുന്നെന്നും കാട് ഉദ്യാനമായിരുന്നെന്നും റോഡരികിലെ പൊടിമൂടിയ കുറ്റിച്ചെടികൾ ഭംഗിയായി വെട്ടിയൊതുക്കി നിർത്തിയ അലങ്കാരച്ചെടികളായിരുന്നെന്നും  നിറം മങ്ങിയ കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലായിരുന്നെന്നും....

വമ്പനൊരു ഓഫീസ് മന്ദിരം :അന്നും ഇന്നും 

അടുത്തതൊരു സിനിമാ തിയേറ്ററാണ്. പുറം ചുവരിൽ വലിയ ശിൽപം കൊത്തിവെച്ച, ധാരാളം പാർക്കിംഗ് സൗകര്യമുള്ള ഒരു തിയേറ്റർ. ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ പിഞ്ചിക്കീറിയ തിരശീലയും കാലൊടിഞ്ഞ ആഢംബര കസേരകളും കണ്ട് മനസ്സു വേദനിച്ചു.ഇനിയാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാഴ്ച. കേരളത്തിൽ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള ചില നക്ഷത്ര ഹോട്ടലുകളെ ഓർമ്മിപ്പിക്കുന്ന നിർമ്മിതിയാണ് അഞ്ചുദശകം മുമ്പ് സോവിയറ്റ് യൂണിയനിലെ തച്ചന്മാർ പണിതു വെച്ചിരിക്കുന്നത്! വലിയ കണ്ണാടി ജനലുകളും നീളൻ വരാന്തകളും ബാങ്ക്വറ്റ് ഹാളുകളുമൊക്കെയുണ്ട് ഹോട്ടലിൽ. അതിനോട് ചേർന്ന് ചെർണോബിൽ ആണവനിലയത്തിലെ അവിവാഹിതരായ തൊഴിലാളികൾക്കു താമസിക്കാനായി വമ്പൻ ഡോർമറ്ററിയും പണി തീർത്തിട്ടുണ്ട്. തുടർന്നുള്ള നടത്തം ഒരു കാട്ടിലൂടെ തുടരുമ്പോൾ ഗൈഡ് ഓർമ്മിപ്പിച്ചു: 'നിങ്ങൾ നടക്കുന്നത് ഒരു ഫുട്‌ബോൾ ഗ്രൗണ്ടിലൂടെയാണ്. പിന്നിൽ കാണുന്നത് സ്റ്റേഡിയത്തിലെ ഗ്യാലറിയാണ്.'

സിനിമ തീയേറ്റർ :അന്നും ഇന്നും 

സൂക്ഷിച്ചു നോക്കിയപ്പോൾ തടിപ്പലകകൾ പാകിയ ഗ്യാലറി കാട്ടിൽ ഒളിഞ്ഞു നിൽക്കുന്നതു കണ്ടു. ആർപ്പും ആരവവും വിസിലടികളും നിറഞ്ഞ വൈകുന്നേരങ്ങൾ മനസ്സിലേക്കോടിയെത്തി. ഒരർദ്ധരാത്രിയിൽ വൻ ശബ്ദത്തോടെ റിയാക്ടർ നമ്പർ 4 പൊട്ടിത്തെറിച്ചപ്പോൾ എല്ലാ ആരവങ്ങളും ആർപ്പുവിളികളും ആണവ വികിരണത്തിന്റെ അദൃശ്യ ധൂളികളിൽ എരിഞ്ഞടങ്ങി. വിധി!

ഫോട്ടോയിൽ കാണും വിധമായിരുന്നു ,പണ്ട് ഈ കാടു പിടിച്ച നിരത്ത് 

അടുത്ത കെട്ടിടവും അത്ഭുതക്കാഴ്ചകളാണ് സമ്മാനിച്ചത്. നമ്മുടെ ലുലു ഹൈപ്പർമാർക്കറ്റിനെ ഓർമ്മിപ്പിക്കുന്ന ഒരു വമ്പൻ സൂപ്പർമാർക്കറ്റ്. വലിയ ഷെൽഫുകളും ഓരോ സെക്ഷനുകളുടെയും ദിശാസൂചികളും ക്യാഷ് കൗണ്ടറുമെല്ലാം അത്യാധുനികം! 1970 കളിൽ, നമ്മൾ കണാരന്റെ പ്രാകൃതാവസ്ഥയിലുള്ള പലചരക്കു കടയിൽ സാധനങ്ങൾ പൊതിഞ്ഞ് ചാക്കുനൂലിട്ടു കെട്ടി കായസഞ്ചിയിൽ തിരുകി വീട്ടിലേക്കു നടക്കുമ്പോൾ പ്രിപ്യാറ്റ് നഗരവാസി അത്യാധുനിക ഷോപ്പിംഗ് സെന്ററിൽ 'ഷോപ്പ്' ചെയ്യുകയായിരുന്നു എന്നറിയുക!

പ്രിപ്യാറ്റ് നഗരത്തിലെ ബസ് സ്റ്റാൻഡ് :ഇപ്പോഴത്തെ അവസ്ഥയും പഴയ ചിത്രവും

റോഡിൽ വളർന്നു പൊങ്ങി നിൽക്കുന്ന കുറ്റിക്കാട് വകഞ്ഞു മാറ്റി ഇഴജന്തുക്കളെ ഭയന്ന് നടക്കവേ പ്രിപ്യാറ്റ് നഗരത്തെക്കുറിച്ചുള്ള വാർത്തകളിലെല്ലാം കാണപ്പെടുന്ന ആ കാഴ്ചയിലേക്കെത്തി - തുരുമ്പു പിടിച്ച ജയന്റ്‌വീൽ. കുട്ടികളുടെ കളിക്കളമാണത്. ജയന്റ്‌വീൽ, വൈദ്യുതി കാറുകൾ, യന്ത്ര ഊഞ്ഞാൽ എന്നിവയെല്ലാം ഒരുക്കി വെച്ചെങ്കിലും കുഞ്ഞിക്കാലുകളുടെ സ്പർശമേൽക്കാൻ അവയ്ക്ക് ഭാഗ്യമുണ്ടായില്ല. പണി തീർത്ത്, കമ്മീഷൻ ചെയ്യുന്നതിനു മുമ്പേ ആണവസ്‌ഫോടനം നടന്നു. അതുകൊണ്ട് , ഒരു കുട്ടിക്കു പോലും ഇവയൊന്നും  ഉപയോഗിക്കാനായില്ല.ആണവസ്‌ഫോടനം പോലെയുള്ള ദുരന്തങ്ങൾ വരും തലമുറയിലേൽപ്പിക്കുന്ന പ്രത്യാഘാതങ്ങളുടെ 'സിംപോളിക് റപ്രസന്റേഷൻ' എന്ന പോലെ തുരുമ്പുപിടിച്ച്, മണ്ണോടു ചേരാൻ കാത്തുകിടക്കുകയാണ് ഈ കളിക്കോപ്പുകൾ.

ചെർണോബലിലെ ദുരന്തക്കാഴ്ചകൾ ഇവിടെ അവസാനിക്കുകയാണ്. തിരിച്ച് കീവിലേക്ക് പോകാൻ നേരമായി. എല്ലാവരും വാനിൽ കയറി. ഇവിടേക്ക് പുറപ്പെടുമ്പോൾ കണ്ട ഉത്സാഹമൊന്നും ആരുടെയും മുഖത്തില്ല. ഒരു വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചതുപോലെ കനംതൂങ്ങിയ മനസ്സുമായാണ് ഞങ്ങൾ ചെർണോബിൽ വിടുന്നത്. ലോകത്തെ വിറപ്പിച്ച, തലമുറകൾക്കു മേൽ ദുരന്തത്തിന്റെ വിഷവിത്തുകൾ വാരി വിതറിയ, റിയാക്ടർ നമ്പർ 4 ന്റെ ചിത്രം മനസ്സിൽ നിന്നു മായുന്നില്ല.    

(തുടരും)