കുമരകം ∙ ബ്രൂണോയ്ക്കൊപ്പം ലോകം മുഴുവൻ പറന്നു നടക്കണമെന്നായിരുന്നു ജൊഹാനയുടെയും മത്തിയാസിന്റെയും മോഹം. അതിനു വിലങ്ങിട്ട വിമാനക്കമ്പനികളെ അതിന്റെ വഴിക്കു വിട്ട് സ്വയം പൊളിച്ചു പണിത ട്രക്കിൽ ലോകം മുഴുവൻ ചുറ്റുകയാണ് ഈ മൂവർസംഘം.

ഇലക്ട്രോണിക് എൻജിനീയറായ ജൊഹാനയും ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ കമ്പനി നടത്തുകയായിരുന്ന മത്തിയാസും ഉള്ളതെല്ലാം വിറ്റുപെറുക്കി കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയപ്പെട്ട നായക്കുട്ടിക്കൊപ്പം ലോകം ചുറ്റാനിറങ്ങിയത്. യൂറോപ്പ് കടന്ന് തുർക്കി– ഇറാൻ – ഉസ്ബക്കിസ്ഥാൻ – താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസഖ്സ്ഥാൻ, സൈബീരിയ, മംഗോളിയ, ചൈന, ടിബറ്റ്, നേപ്പാൾ വഴി ഇന്ത്യയിലെത്തിയ ഇവരുടെ യാത്ര കുമരകത്തെ പാരഡൈസ് റിസോർട്ടിൽ എത്തി നിൽക്കുകയാണ്. 

അൽപനാൾ ഇവിടെ ചെലവഴിച്ച ശേഷം ഗോവ, രാജസ്ഥാൻ വഴി പാക്കിസ്ഥാൻ – ഇറാൻ വഴി യൂറോപ്പ് കടന്ന് ജർമനിയിൽ തിരികെയെത്താനാണു പദ്ധതി.  പാലാക്കാരനായ സുഹൃത്ത് മൈക്കിൾ കൂട്ടുങ്കലാണു കേരളത്തെ രുചിയിലൂടെ ഇവരെ പരിചയപ്പെടുത്തിയത്. ഇതോടെ സ്പൈസി ഭക്ഷണത്തിന്റെ ഇഷ്ടക്കാരായി. സഞ്ചരിച്ച നാടുകളിൽ ബുദ്ധിമുട്ടേറിയത് ചൈനയായിരുന്നെന്ന് ഇവർ പറയുന്നു. സുഹൃത്തുക്കളും ഫെയ്സ്ബുക്ക് കൂട്ടായ്മകളും വഴിയാണ് ഇവരുടെ യാത്ര. യാത്രാനുഭവങ്ങൾ ബ്ലോഗിലും എഴുതുന്നുണ്ട് .

‌ട്രക്ക് വിമാനമായപ്പോൾ ‌

‌2017 മോഡൽ ഇറ്റാലിയൻ നിർമിത ഇവ്ക്കോ ആസ്ട്ര എച്ച്ഡി 8 ട്രക്ക് വാങ്ങി കാരവനാക്കി. കുളിമുറി, അടുക്കള, കിടപ്പുമുറി അങ്ങനെ സർവതും അതിലുണ്ട്. ലോക്കൽ ഓട്ടമോടാൻ ചെറിയ ബാറ്ററി കാറും. ശബ്ദം വെളിച്ചം എന്നിവയ്ക്കു സോളർ പാനൽ ട്രക്കിനു മുകളിൽ ഘടിപ്പിച്ചു. ഓഗസ്റ്റിൽ വാരണസി, ഡൽഹി ഉൾപ്പെടെ കറങ്ങി. ട്രക്ക് ഡൽഹിയിൽ സുരക്ഷിതമാക്കി കാർ വാടകയ്ക്കെടുത്ത് കേരളത്തിലേക്ക്. യാത്രയ്ക്കായി മാത്രം 30,000 യൂറോ (ഏകദേശം 25 ലക്ഷ രൂപ) വേണം.