പസഫിക് സമുദ്രത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ന്യൂസീലൻഡ്. പ്രധാനമായും രണ്ടു വലിയ ദ്വീപുകളും (നോർത്ത് ഐലന്‍ഡും സൗത്ത് ഐലൻഡും) അറുന്നൂറോളം ചെറുദ്വീപുകളും ചേരുന്നതാണ് ഈ രാജ്യം.

∙രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ മിതമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ്. തെക്കോട്ട് നീങ്ങുന്തോറും തണുപ്പ് കൂടുന്നു. 

∙ഇന്ത്യയിൽ നിന്നും ന്യൂസീലൻഡ് സന്ദര്‍ശനത്തിനു പോകാൻ വിസിറ്റിങ് വിസ ആവശ്യമാണ്, ഓൺലൈനിൽ അപേക്ഷിച്ച് നേടാം. 

∙പര്‍വതങ്ങളും പുൽമേടുകളും മത്സ്യങ്ങൾ സുലഭമായിട്ടുള്ള തടാകങ്ങളും പുഴകളും പ്രകൃതിരമണീയമായ കടൽ തീരങ്ങളും അഗ്നിപർവങ്ങളുമൊക്കെ ഇവിടെ കാണാനുണ്ട്. ഒപ്പം വൈവിധ്യമാർന്ന ജീവജാലങ്ങളും. 

∙രാത്രിയിൽ ഇരതേടിയിറങ്ങുന്ന കൊകാപോ എന്ന ഇനം തത്തയും ന്യൂസീലാൻഡ് ദേശീയമൃഗമായ കിവിയും അടക്കം ലോകത്തു മറ്റെങ്ങും ഇല്ലാത്ത, പറക്കാനാകാത്ത പക്ഷികൾ ഇവിടെ ധാരാളമായിട്ടുണ്ട്. 

∙ന്യൂസിലൻഡിൽ സന്ദർശകർക്ക് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് സൗത്ത് ഐലൻഡിലെ ഫിയോർഡ് ലാൻഡ് ദേശീയപാർക്ക്. ഗ്ലേസിയറുകളും പുൽമേടുകളും നിബിഡ വനങ്ങളും പർവതങ്ങളും ഉൾക്കൊള്ളുന്ന ഇവിടം ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ്. 

∙ഓക് ലൻഡിൽ നിന്നും വെറും മൂന്നു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ബേ ഓഫ് ഐലൻഡ്സ് എന്ന ദ്വീപസമൂഹവും തീരദേശസൗന്ദര്യത്തിനു പ്രശസ്തമാണ്. പെൻഗ്വിൻ, ഡോൾഫിൻ, തിമിംഗലം തുടങ്ങിയവയെക്കാണാനും ജലവിനോദങ്ങൾക്കും ഇവിടമാണ് ഉത്തമം. അസാധാരണ സൗന്ദര്യമാണ് ഇവിടെ തീരപ്രദേശത്തിനുള്ളത്.

∙നോർത്ത് ഐലൻഡ് ദ്വീപിലെ ടൗപോ തടാകവും ടോങ്ഗരിരോ ദേശീയപാർക്കും പ്രധാന ആകർഷണങ്ങളാണ്. ആബേൽ ടാസ്മാൻ പാർക്ക്, ഫോക്സ് ആൻഡ് ഫ്രാൻസ് ജോസഫ് ഗ്ലേസിയറുകൾ, മൗണ്ട് കുക്ക് നാഷണൽ പാർക്ക്, ക്വീന്‍‍സ്‍ലൻഡിലെ വകടിപു തടാകം തുടങ്ങിയവയും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. 

∙വളരെ ശക്തമായ ജൈവസംരക്ഷണനിയമങ്ങളുള്ള ന്യൂസീലൻഡിലേക്ക് ഭക്ഷണപദാർത്ഥങ്ങളോ ജൈവ– സസ്യപദാർത്ഥങ്ങളോ കൊണ്ടു വരുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്.