രാജ്യത്തിനു പുറത്തേക്കു പോകണമെങ്കിൽ ഒരു ഇന്ത്യൻ പൗരന്റെ കയ്യിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകളിലൊന്നാണ് പാസ്പോര്‍ട്ട്. എങ്ങനെയാണിതു ലഭിക്കുകയെന്ന് 

ധാരണയില്ലാത്തവരുണ്ട്. അതിനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ വളരെ ലളിതമാണ്. അതെന്തൊക്കെയെന്ന് അറിയാം.

പാസ്പോർട്ടിനുള്ള ആദ്യത്തെ പടി ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യുക എന്നതാണ്. അതിനായി www.passport.gov.in എന്ന വെബ്‌സൈറ്റിൽ കയറി 'ന്യൂ യൂസർ? റജിസ്റ്റർ നൗ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് അതിലുള്ള ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകുക.

റജിസ്റ്റർ ചെയ്ത ശേഷം 'അപ്ലൈ ഫോർ ഫ്രഷ് പാസ്പോര്‍ട്ട് റീ-ഇഷ്യൂ ഓഫ് പാസ്പോര്‍ട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു തുടർപ്രക്രിയകളിലേക്കു പോകാം. അപേക്ഷാഫോം പൂരിപ്പിച്ചതിനുശേഷം അവശ്യംവേണ്ട രേഖകൾ അപ്‌ലോഡ് ചെയ്യുക എന്നതാണ് മൂന്നാമതായി ചെയ്യേണ്ടത്. മേൽവിലാസം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇത്രയുമാണ് പ്രാഥമിക കാര്യങ്ങൾ. (അപ്പോൾ അപ്‌ലോഡ് ചെയ്യാൻ അസൗകര്യമുണ്ടെങ്കിൽ അതിൽ ചോദിച്ചിരിക്കുന്ന മതിയായ രേഖകൾ തയാറാക്കിയതിനുശേഷം പിന്നീട് അപ്‌ലോഡ് ചെയ്താലും മതി). അതിനുശേഷമാണ് പാസ്പോര്‍ട്ട് ഓഫിസിൽ പോകേണ്ടതും തുടർനടപടികൾ പൂർത്തീകരിക്കേണ്ടതും. 

അപേക്ഷകൾ സമർപ്പിച്ച ശേഷം പാസ്പോര്‍ട്ട് ചാർജ് ഓൺലൈനായി അടയ്ക്കണം. സാധാരണ രീതിയിൽ പാസ്പോര്‍ട്ട് ലഭിക്കാൻ 1500 രൂപയാണ് ഫീസ്. തത്കാൽ മുഖാന്തരം വേഗം പാസ്പോര്‍ട്ട് ലഭിക്കണമെങ്കിൽ 3500 രൂപയാകും. പണമടച്ചതിനുശേഷം ഓൺലൈനിൽ നിങ്ങളുടെ അപ്പോയ്ൻമെന്റ് ഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. തുടർപ്രക്രിയകൾക്കായി പാസ്പോർട്ട് സേവാകേന്ദ്രത്തിൽ എത്തേണ്ട സമയവും തീയതിയും തിരഞ്ഞെടുക്കാം. ഇത്രയും പൂർത്തിയാക്കുമ്പോൾ, അപ്പോയ്ൻമെന്റ് ഉറപ്പാക്കുന്ന ഒരു എസ്എംഎസ് നിങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ലഭിക്കും. കൂടാതെ, പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിൽ എത്തേണ്ട സമയവും തീയതിയും ഓര്‍മിപ്പിച്ചുകൊണ്ട് ഒരു ഇ- മെയിൽ നിങ്ങൾ നൽകിയിട്ടുള്ള മെയിൽ ഐ ഡിയിൽ ലഭിക്കും.

മേൽവിലാസം, വയസ്സ് തുടങ്ങിയവ തെളിയിക്കാൻ അപ്‌ലോഡ് ചെയ്ത രേഖകളുടെ യഥാർഥ പകർപ്പുമായി വേണം പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിൽ പോകേണ്ടത്. ഈ രേഖകളുടെ കോപ്പികളും അപ്പോയ്ൻമെന്റ്  സ്ലിപ്പിന്റെ ഒരു കോപ്പിയും കരുതണം. അപ്പോയ്ന്റ്മെന്റ് സ്ലിപ് ഇല്ലാതെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കുകയില്ല. രേഖകൾ സമർപ്പിച്ച ശേഷം നിങ്ങളുടെ വിരലടയാളങ്ങളും ഫോട്ടോയും പകർത്തും. അതിനുശേഷം അവസാനഘട്ട പാസ്പോര്‍ട്ട് വെരിഫിക്കേഷൻ നടപടികളാണ്. രണ്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്. ഇതുകൂടി വിജയകരമായി പൂർത്തിയായാൽ പാസ്പോര്‍ട്ട് ലഭിക്കാൻ നിങ്ങൾ യോഗ്യനാണോ എന്നറിയാം.

സാധാരണ രീതിയിലാണ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു ശേഷം പാസ്പോര്‍ട്ട് നിശ്ചിതദിവസത്തിനുള്ളിൽ ലഭിക്കും. വേഗം പാസ്പോര്‍ട്ട് ലഭിക്കണമെങ്കിൽ 'തത്കാൽ' പ്രയോജനപ്പെടുത്താം. അതിനായി 'അനെക്സ്ചർ എഫ്' എന്ന ഫോം കൂടി അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റിൽനിന്ന് ഈ ഫോം കൂടി ഡൗൺലോഡ് ചെയ്യാം. കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ എവിടെ താമസിക്കുന്നുവെന്ന മേൽവിലാസം തെളിയിക്കുന്ന രേഖകളും ഈ ഫോമിനൊപ്പം സമർപ്പിക്കണം. കൂടാതെ, ഈ വിവരം ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുകയും വേണം. ആ ഉദ്യോഗസ്ഥന്റെ ഒപ്പും സീലും നിർബന്ധമായും ഫോമിൽ ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തമായ രേഖകളോടെ അപേക്ഷ സമർപ്പിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ പാസ്പോര്‍ട്ട് ലഭിക്കും.