വളരെ അപരിചിതമായ ഇടങ്ങളിലേക്ക്  യാത്രകൾക്കൊരുങ്ങുന്നതിനു മുൻപ് ചെറിയ മുന്നൊരുക്കങ്ങൾ നടത്തുന്നത് യാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കും. ഓരോ യാത്രകളും പകർന്നു നൽകുന്നത് പുത്തനനുഭവങ്ങളും പുതുകാഴ്ചകളുമാണ്. ഏറെയൊന്നും പരിചിതമല്ലാത്ത നാട്ടിലേക്കു യാത്രകൾ പുറപ്പെടുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മനോഹരമായ ദ്വീപുകളാൽ സമ്പന്നമാണ് ഫിലിപ്പൈൻസ്. അങ്ങോട്ടുള്ള യാത്രക്കൊരുങ്ങുന്നതിനു മുൻപ് ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ യാത്ര ഏറെ ആസ്വാദ്യകരമാകുമെന്നത് തീർച്ചയാണ്.

ചൂട് കൂടുതലുള്ള നാടാണ് ഫിലിപ്പൈൻസ്. എന്നാൽ ആ നാട്ടില്‍  തണുപ്പുള്ള കാലാവസ്ഥയുള്ള ഇടങ്ങളുമുണ്ട്. യാത്രക്കൊരുങ്ങുമ്പോൾ കാലാവസ്ഥ എപ്രകാരമുള്ളതാണെന്നു മനസിലാക്കി അതിനനുസരിച്ചുള്ള തയാറെടുപ്പ് നടത്തേണ്ടതാണ്. ചൂട് കൂടുതലുള്ള പ്രദേശങ്ങൾ ഫിലിപ്പൈൻസിൽ  കൂടുതലായതുകൊണ്ടു തന്നെ സൂര്യാഘാതത്തിൽ നിന്നുള്ള പ്രതിരോധമാർഗങ്ങളും മുഖം മറക്കുന്നതിനു ടൗവലുകളും കൈയിൽ കരുതുന്നത് ഏറെ നല്ലതാണ്.

യാത്ര ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലേക്കാണെങ്കിൽ ഏതെങ്കിലും ട്രാൻസ്‌പോർട്ട്  ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത് സഞ്ചാരികൾക്ക് ഏറെ ഗുണകരമായിരിക്കും. മനില ഒരു മെട്രോപൊളിറ്റൻ സിറ്റി ആണ്. അതുകൊണ്ടു തന്നെ അതിന്റെതായ തിരക്കുകൾ നിറഞ്ഞ ഒരു നഗരവും കൂടിയാണിത്. ഫിലിപ്പൈൻസ് സന്ദർശനം ആദ്യമായാണെങ്കിൽ, നഗരത്തിരക്കുകളിൽ ടാക്സികൾ ലഭിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഊബർ, ഗ്രാബ് കാർ, വേസ് എന്നീ  ആപ്പുകൾ ഫോണിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ യാത്രകൾ എളുപ്പമുള്ളതാക്കും.

ഭാഷ ഫിലിപ്പൈൻസിൽ ഒട്ടും പ്രശ്നക്കാരനല്ല. ഫിലിപ്പീനോയ്ക്ക് ഒപ്പം തന്നെ ഇംഗ്ലീഷും ഇവിടെ ഔദ്യോഗിക ഭാഷയാണ്. ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് അറിയാമെന്നതുകൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾക്കു ആശയവിനിമയത്തിൽ പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതു വളരെ വിരളമായി മാത്രമായിരിക്കും.

സെപ്തംബര്‍ മുതൽ ജനുവരി മാസം അവസാനിക്കുന്നതുവരെ ഫിലിപ്പൈൻസിലെ ജനങ്ങൾക്ക് ആഘോഷമാണ്. അവിടുത്തെ ഉത്സവ സീസൺ തുടങ്ങുന്നത് ഈ കാലത്താണ്. മറ്റെവിടെയുമില്ലാത്ത പോലെയുള്ള ആഘോഷങ്ങളാണ് ഫിലിപ്പൈൻസിൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടക്കുന്നത്. ഉത്സവ സീസണിൽ ഇവിടം സന്ദർശിക്കുന്നത് യാത്രികർക്ക് ഏറെ കൗതുകരമായ അനുഭവങ്ങൾ സമ്മാനിക്കും. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിക്കുന്നത് സെപ്റ്റംബറിലാണ്, ജനുവരി അവസാനത്തോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾ അവസാനിക്കുന്നത്.

ഏഴായിരം ദ്വീപുകൾ കൊണ്ട് സമ്പന്നമാണ് ഫിലിപ്പൈൻസ്. അതിലേറ്റവും സുന്ദരമായ ദ്വീപാണ് ബോറക്കേയ്. രാത്രി ജീവിതം ആസ്വദിക്കാനും രസകരമായ പാർട്ടികൾ നടത്താനും ഏറ്റവും പറ്റിയ ദ്വീപാണ് ബോറക്കേയ്. സ്രാവുകൾക്കൊപ്പം നീന്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ ബൊഹോൾ അതിനേറ്റവും ഉചിതമായൊരിടമാണ്. ലുസോൺ എന്ന ഏറ്റവും വലിയ ദ്വീപിലാണ് ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനില സ്ഥിതി ചെയ്യുന്നത്. 

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാം എന്ന ചിന്ത ഫിലിപ്പൈൻസിൽ വേണ്ട എന്ന് തന്നെ പറയേണ്ടി വരും. കാരണം ക്രെഡിറ്റ് കാർഡുപയോഗിച്ച്  പണമടക്കുന്ന രീതിയെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത ഒരു ജനതയാണ് അവിടെയുള്ളത്. അതുകൊണ്ടു തന്നെ കയ്യിൽ പണം കരുതുന്നത് സഞ്ചാരികളെ ഏറെ സഹായിക്കും. ചില പട്ടണങ്ങളിൽ എ ടി എം കൗണ്ടറുകൾ പോലുമില്ല എന്ന സംഗതി കൂടി മനസിൽ വെയ്ക്കുന്നത് നല്ലതായിരിക്കും.

സലൂണുകളിൽ ആയാലും സ്പാകളിൽ ആയാലും ടാക്സിക്കാർക്കായാലും ടിപ്പ് കൊടുക്കുക എന്നൊരു ശീലം ഫിലിപ്പൈൻസിലുണ്ട്. സർവീസ് ചാർജ് ഈടാക്കാതെയുള്ള ബില്ലാണ് ഉപഭോക്താവിന് നല്കപ്പെടുക. അതുകൊണ്ടു തന്നെ ടിപ്പ് നൽകുക എന്നത് ഇവിടുത്തെ ഒരു രീതിയാണ്. സേവനത്തിൽ സന്തുഷ്ടരാണെങ്കിൽ ടിപ്പ് നൽകുന്നത് അവർക്കും സന്തോഷം പകരുന്ന കാര്യമായിരിക്കും.

പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന, അല്പം ഭയമധികമുള്ള ജനതയാണ് ഫിലിപ്പിനോകൾ. പുറത്തുനിന്നുള്ളവരോട് സൗഹൃദത്തോടെ ഇടപഴകുന്നതിനൊപ്പം  സഹായങ്ങൾ നൽകുന്നതിന് ഒട്ടും മടിച്ചു നിൽക്കുന്നവരുമല്ല ഈ ജനത.

ഇവിടെയെത്തുന്ന സഞ്ചാരികൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പണത്തിന്റെ വിനിമയം. തദ്ദേശീയരായവരുടെ കയ്യിൽ നിന്നും പണം മാറ്റി വാങ്ങുമ്പോൾ ചിലപ്പോൾ തട്ടിപ്പിനിരയാകേണ്ടി വന്നേക്കാം. അതുകൊണ്ടു തന്നെ വളരെയധികം സൂക്ഷിക്കേണ്ടതാണ്. ഔദ്യോഗികമായ സ്ഥാപനങ്ങളിൽ നിന്നോ, താമസിക്കുന്ന ഹോട്ടലിൽ അതിനുള്ള സൗകര്യങ്ങളുണ്ടെങ്കിൽ അവിടെ നിന്നോ മാത്രം പണം മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഫിലിപ്പിനോകൾ. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലും പൊലീസുകാരെ കാണാൻ കഴിയുന്നതാണ്. ഒരു തരത്തിലും ഭയക്കേണ്ടവരല്ല അവിടുത്തെ  പൊലീസുകാർ. സഹായമനസ്കരും കരുണയോടെ പ്രവർത്തിക്കുന്നവരുമാണ്.  അതുകൊണ്ടു തന്നെ എന്ത് സഹായത്തിനും അവരെ സമീപിക്കുന്നതിന് മടിക്കേണ്ടതില്ല.

ഫിലിപ്പൈൻസിലേക്കു യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുൻപ് ഈ കാര്യങ്ങളൊക്ക ശ്രദ്ധിക്കുന്നത് യാത്രയിലുടനീളം നിങ്ങളെ സഹായിക്കുമെന്നതിനു  സംശയമില്ല.