ഏത് അതിസാഹസികരും ഒന്നു പേടിക്കും സിംഹങ്ങളുടെ കൂടെ താമസിക്കണമെന്നു കേട്ടാൽ. അൽപം ഭയത്തോടെയാണെങ്കിലും അതിനു തയാറാകുന്നവർക്ക് അവസരമൊരുക്കുന്ന ഒരിടമുണ്ട് ദക്ഷിണാഫ്രിക്കയിൽ. കാട്ടിലെ രാജാവിനൊപ്പം രാജാവിനെപ്പോലെ കഴിയാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് ജി ജി കൺസർവേഷൻ ആൻഡ് ലയൺ സാങ്ച്വറി. 

ഔദ്യോഗിക കണക്കുകൾ പ്രകാരം എഴുപതിലധികം സിംഹങ്ങളാണ് ജി ജി കൺസർവേഷൻ ആൻഡ് ലയൺ സാങ്ച്വറിയിലുള്ളത്. ഇവിടം സന്ദർശിക്കുന്ന അതിഥികൾക്കു താമസിക്കുന്നതിനായി മനോഹരമായ കോട്ടേജുകളുണ്ട്. ആഫ്രിക്കയിൽ ധാരാളം കാണുന്ന ഫാം ഹൗസുകളുടെ മാതൃകയിലാണ് ഈ കോട്ടേജുകളുടെ നിർമിതി.

Image Courtesy Official site(gg-conservation)

നാല് വലിയ കിടപ്പുമുറികളും അടുക്കളയുമൊക്കെ അടങ്ങിയതാണ് കോട്ടേജുകൾ.  12 പേർക്കുവരെ ഒരു കോട്ടേജിൽ സുഖമായി രാത്രി ചെലവിടാം. പുൽത്തകിടിയും പൂളുമൊക്കെ കോട്ടേജുകളെ ഹൃദ്യവും മനോഹരവുമാക്കുന്നു. വലിയ ഡൈനിങ്ങ് ഏരിയയും ബാർബിക്യു ഉണ്ടാക്കുന്നതിനുള്ള സൗകര്യങ്ങളുമൊക്കെ ഇവിടെയുണ്ട്. സ്വയം പാചകം ചെയ്തു കഴിക്കുന്നതിനും അവസരമുണ്ട്.

സിംഹങ്ങളുടെ മുരൾച്ചയും ചര്യകളുമൊക്കെ കണ്ടും കേട്ടും ഒരു ദിവസം ചെലവഴിക്കുക എന്നത് ഹരം പിടിപ്പിക്കുന്ന അനുഭവമാണ്. കോട്ടേജുകളുടെ അഞ്ചു മീറ്ററിനപ്പുറം സിംഹങ്ങളുണ്ടെന്ന ചിന്ത, ധൈര്യശാലികളുടെ വരെ ഉറക്കം കെടുത്തുന്നുമെന്ന കാര്യത്തിൽ സംശയമേയില്ല. കൂടാതെ, പക്ഷികളുടെയും മറ്റു മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങളും രാത്രിയിൽ കൂട്ടുവരും.

കോട്ടേജിലെത്തുന്ന അതിഥികൾക്കായി പലതരം വിനോദങ്ങൾക്കും ഹൈക്കിങ്ങിനുമൊക്കെ അവസരങ്ങളുമുണ്ട്. ഒരു രാത്രി താമസിക്കുന്നതിനു 7388 രൂപയാണ് ചെലവ്. സിംഹങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ജി ജി ലയൺസ്‌ എൻ പി സി. കോട്ടേജുകളിൽ താമസിക്കുന്നതിനായി സന്ദർശകർ നൽകുന്ന തുക സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ഈ സംഘടന വിനിയോഗിക്കുന്നത്.