സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ് ബാലി. മധുവിധു ആഘോഷത്തിനും കൂട്ടുകാർക്കൊപ്പവും തനിച്ചും നിരവധി പേരാണ് വർഷാവർഷം ബാലി സന്ദർശിക്കുന്നതിനായി ഇന്ത്യയിൽ നിന്നും യാത്ര തിരിക്കുന്നത്. കാഴ്ച്ചയിൽ നമ്മുടെ നാടിനോടും ഇവിടുത്തെ പ്രകൃതിയോടും സാമ്യമുള്ള ബാലി, കൗതുകം പകരുന്നതും അപൂർവവുമായ നിരവധി ഉൽപന്നങ്ങൾ നൽകി സഞ്ചാരികളെ ആകർഷിക്കാറുണ്ട്. ആ നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായ ഈ അപൂർവ ഉൽപന്നങ്ങൾ എന്തൊക്കെയെന്നറിയേണ്ടേ?

കോപ്പി ലുവാക്കും ചോക്ലേറ്റുകളും

ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയുടെ പേരാണ് കോപ്പി ലുവാക്ക്. വെരുക് എന്ന ജീവിയുടെ വിസർജ്യത്തിൽ നിന്നും സംസ്കരിച്ചെടുത്താണ് ഈ കാപ്പി തയാർ ചെയ്യുന്നത്. കാപ്പിക്കുരു വെരുകിനു ഭക്ഷണമായി നൽകുകയും ദഹിക്കാതെ പുറംതള്ളുന്നവ സംഭരിച്ച്, പൊടിച്ചുമാണ് രുചിയിലും ഗുണത്തിലും ലോകത്തിലെ ഒന്നാം നമ്പറായ കാപ്പിയുടെ കൂട്ട് തയാറാക്കുന്നത്.

ഇന്തോന‌ീഷ്യൻ ദ്വീപുകളാണ് ഈ കാപ്പിയുടെ ഉറവിടം. അവിടുത്തെ പല ദ്വീപുകളിലും കോപ്പി ലുവാക്ക് ലഭിക്കും.  ബാലിയും കോപ്പി ലുവാക്ക് ലഭിക്കുന്ന സുപ്രധാന സ്ഥലങ്ങളിലൊന്നാണ്. ഗുണമേന്മയിലും രുചിയിലും മുന്നിട്ടു നിൽക്കുന്ന ചോക്ലേറ്റുകളും ഈ നാട്ടിലെ സവിശേഷതയാണ്. കോപ്പി ലുവാക്കു കൊണ്ടുണ്ടാക്കുന്ന ചോക്ലേറ്റുകളാണെന്നതാണ് ഇവയുടെ പ്രത്യേകത. രുചിയിൽ ഏറെ മുമ്പിലുള്ള ഇവ ബാലി യാത്രയിൽ മറക്കാതെ വാങ്ങിക്കേണ്ടതാണ്. കോപ്പി ലുവാക്കിന്റെ രുചിയറിയണമെന്നുള്ളവർ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ് ഉബുദിലെ കോപ്പി ബാലി ഹൗസ്. 

വെള്ളിയിൽ തീർത്ത ആഭരണങ്ങൾ 

നമ്മുടെ നാട്ടിൽ സ്വർണത്തിനാണു ആരാധകരേറെയെങ്കിൽ ബാലിയിൽ വെള്ളിയിൽ തീർത്ത ആഭരണങ്ങളോടാണ് പ്രിയം. മനോഹരമായ കല്ലുകൾ പതിപ്പിച്ച ഇത്തരം ആഭരണങ്ങൾ നിർമിക്കുന്ന നിരവധി പേരെ അവിടെ കാണുവാൻ കഴിയും. വലിയ വില കൊടുക്കാതെ സ്വന്തമാക്കാൻ കഴിയുന്നവയാണ് ഈ ആഭരണങ്ങൾ. വെള്ളിയിൽ തീർത്ത പെൻഡന്റുകൾ, ബ്രേസ്‌ലെറ്റുകൾ, റിങ്ങുകൾ, ആം ബാൻഡുകൾ എന്നിവയെല്ലാം വാങ്ങിക്കാം. ബാലി യാത്രയുടെ ഓർമയ്ക്കായി മാത്രമല്ല, അണിയുന്ന ആഭരണങ്ങളിൽ വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഉപയോഗിക്കത്തക്കതാണ് വെള്ളി ആഭരണങ്ങൾ. 

ബാട്ടിക് ഫാബ്രിക്കും വസ്ത്രങ്ങളും 

ഇന്തോന‌ീഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണ് ബാട്ടിക് ഫാബ്രിക് കൊണ്ടുള്ള തുണിത്തരങ്ങൾ. ഇവിടുത്തെ ജനങ്ങൾ സാധാരണ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും മതപരമായി അണിയുന്ന വസ്ത്രങ്ങളിലുമൊക്കെ ബാട്ടിക് ഫാബ്രിക് കാണുവാൻ സാധിക്കുന്നതാണ്. കൂടാതെ, വീടിനു മോടിപിടിപ്പിക്കുന്ന കർട്ടനുകളിലും ഇവയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

പ്രകൃതിദത്ത ഡൈയും പരുത്തിയും ഉപയോഗിച്ചുള്ള രൂപകല്പനയാണ്  ഓരോ വസ്ത്രങ്ങൾക്കും. സഞ്ചാരികൾക്കു ബാട്ടിക് ഫാബ്രിക് ഉപയോഗിച്ച് സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുകയോ അത്തരം ഡിസൈനിലുള്ള വസ്ത്രങ്ങൾ ബാലിയിൽ നിന്നും വാങ്ങി ഉപയോഗിക്കുകയോ ചെയ്യാം. 

ചന്ദനത്തിരികൾ 

ചന്ദനത്തിരികൾ നമ്മുടെ നാട്ടിൽ വളരെ സുലഭമാണെങ്കിലും കൈകൾ കൊണ്ട് നിർമിച്ചവ അപൂർവമാണ്. ആരെയും ആകർഷിക്കുന്ന വിവിധ സുഗന്ധങ്ങൾ നിറച്ച, കൈകൾകൊണ്ട് നിർമിച്ച ചന്ദനത്തിരികൾ ബാലിയിൽ നിന്നും വാങ്ങാം. വില വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത. 

മൺപാത്രങ്ങൾ 

കാഴ്ചയിൽ വളരെ ആകർഷകമാണ് സെറാമിക് പാത്രങ്ങൾ. അടുക്കളയെ അലങ്കരിക്കുന്നതിൽ ഇവയ്ക്കുള്ള പങ്കു ചെറുതല്ല. മനോഹരമായ മൺപാത്രങ്ങൾ ലഭിയ്ക്കുന്ന രാജ്യമാണ് ബാലി. അവയിൽ വിവിധ നിറത്തിലും രൂപത്തിലും ഡൈനിങ്ങ് ടേബിളിനെ അലങ്കരിക്കുന്ന മുതൽ സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുന്നതിനു ഉപയോഗിക്കുന്നവ, മണ്ണിൽ തീർത്ത പ്രതിമകൾ എന്നിവ വരെയുണ്ട്. പാത്രങ്ങൾ വാങ്ങുന്നതിനു പുറമെ  മൺപാത്ര നിർമാണത്തിൽ താല്പര്യമുള്ളവർക്ക് പ്രാഥമിക ക്ലാസ്സുകളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

പ്രകൃതിദത്ത സൗന്ദര്യവർധക വസ്തുക്കൾ 

തിളക്കമുള്ള, തേജസാർന്ന ചർമത്തിനുടമകളാണ് ബാലിയിലെ സ്ത്രീകൾ. പ്രകൃതിദത്ത വസ്തുക്കളാണ് അവരുടെ സുന്ദരമായ ചർമത്തിനു പുറകിലെ രഹസ്യം. ഔഷധഗുണമേറിയ സസ്യങ്ങളിൽ നിന്നും പൂക്കളിൽ നിന്നുമാണ് സൗന്ദര്യവർധകവസ്തുക്കളുടെയെല്ലാം നിർമാണം. മസാജ് ഓയിലുകൾ, ഫേസ് സ്‌ക്രബ്ബുകൾ, സോപ്പുകൾ തുടങ്ങി മുഖം മിനുക്കാൻ  മികച്ചതും ഗുണമേന്മയേറിയതുമായ വസ്തുക്കൾ അവിടെ നിന്നും വാങ്ങുവാൻ കഴിയുന്നതാണ്.

ബാലിയെന്ന രാജ്യത്തിൻറെ തനിമയും സംസ്കാരവും വിളിച്ചു പറയുന്നവയാണ് അവിടെ നിന്നുള്ള ഓരോ ഉല്‍പന്നങ്ങളും. സുന്ദരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ഏറെ ഉപകാരപ്രദമായ വസ്തുക്കൾ വാങ്ങാം എന്നതും ബാലി സന്ദർശനത്തിന്റെ മേന്മയാണ്.