രാജ്യാന്തര യാത്രകളിലെ പുതിയ ആകർഷണമാണ് വിയറ്റ്നാം. യുദ്ധാനന്തര വേദനകളെപ്പോലും ആനന്ദക്കാഴ്ചയാക്കി മാറ്റിയിരിക്കുന്നു ഇപ്പോഴത്തെ വിയറ്റ്നാം. ഹോചി മിൻ സിറ്റിയാണ് വിയറ്റ്നാമിലെ പ്രധാന കേന്ദ്രം. അവിടെയെത്തിയാൽ ആദ്യം കാണേണ്ടത് ഹോചി മിൻ സിറ്റി യുദ്ധസ്മാരകവും ഹോചി മിന്റെ പ്രതിമ നിൽക്കുന്ന ചത്വരവും തന്നെ. അതിനു മുന്നിൽ സൈഗോൺ നദി, ബെൻ താൻ മാർക്കറ്റ്, വിയറ്റ്നാം ജീവിത കാഴ്ചകൾ നൽകും. നീയൻ സ്ട്രീറ്റ്, കൊളോണിയൽ ശൈലിയിലെ പോസ്റ്റ് ഓഫിസ്, പഴയകാല കോളനികൾ, യുദ്ധസ്മാരകങ്ങൾ എന്നിവ കാണാം.

ദ്വീപുകളുടെ സൗന്ദര്യമാണ് വിയറ്റ്നാമിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. വിയറ്റ്നാമിൽ മനോഹരമായ പതിനാറ് ദ്വീപുകളുണ്ട്. കാടും ഗ്രാമങ്ങളും മണൽപ്പരപ്പും പുൽമേടുകളുമായി ഓരോ ദ്വീപുകളും വ്യത്യസ്തമാണ്. കൊൻ സോൺ‌ എന്ന ദ്വീപാണ് ഏറ്റവും വലുത്. പണ്ടു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്നു ഈ ദ്വീപ്. പിന്നീട് അമേരിക്കൻ അധിനിവേശ കാലത്ത് ഈ സ്ഥലം ജയിലായി മാറി. അധികാര വാഴ്ചകളെല്ലാം അവസാനിച്ചപ്പോൾ ദ്വീപ് വിജനമായി. അതോടെ കൊൻ സോൺ ദ്വീപ് കടലാമകളുടെ പറുദീസയായി. ആർത്തലയ്ക്കുന്ന തിരമാലകളും കര നിറയുന്ന ആമകളുമാണ് ഇപ്പോൾ ഈ ദ്വീപിന്റെ ഐശ്വര്യം. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ കോൻ സോൺ, ഫു ക്വോക്, ഫിംഗർനെയിൽ ബീച്ച്, ഹോൺ വോങ് ബീച്ച് തുടങ്ങിയവയാണ് മറ്റു പ്രധാന കാഴ്ചകൾ. കടല്‍ വിഭവങ്ങളുടെ നാടു കൂടിയാണ് വിയറ്റ്നാം.

 ഗൾഫ് ഓഫ് തായ്‌ലൻഡ് തീരത്താണ് ഫു ക്വോക് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിലേക്ക് കംബോഡിയൻ തീരത്തു നിന്ന് 10 മൈൽ അകലമേയുള്ളൂ. പഞ്ചാര മണൽ നിറഞ്ഞ ദ്വീപിന്റെ തീരം നിറയെ എണ്ണപ്പനകളുണ്ട്. ഇവിടെ നേരം ചെലവഴിക്കാനെത്തുന്നവരിലേറെയും പാശ്ചാത്യരാണ്. ഫിംഗർനെയിൽ ബീച്ച്, ഹോൺ വോങ് ബീച്ച് എന്നിവയാണ് പ്രശസ്തി നേടിയ കടൽത്തീരങ്ങൾ. ദ്വീപിൽ എത്തുന്നവർക്കു യാത്രാ സഹായത്തിനായി ബോട്ടുകളുണ്ട്. അൻ തോയ് പോർട്ടിൽ നിന്നാണ് ബോട്ടുകൾ പുറപ്പെടുക. നം ഡ്യൂവിൽ ചുരുങ്ങിയ ചെലവിൽ താമസിക്കാവുന്ന ഹോട്ടലുകൾ നിരവധി. പാസ്പോർട്ട്, വീസ തുടങ്ങിയ രേഖകൾ ഫെറി കമ്പനി ഉദ്യോഗസ്ഥർ പരിശോധിച്ചതിനു ശേഷം മാത്രമേ വിദേശികളെ ബോട്ടിൽ കയറ്റുകയുള്ളൂ. അയൽരാജ്യങ്ങളായ ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലേക്ക് മെക്കോങ് നദിയിലൂടെയുള്ള ലോങ് ടെയിൽ ബോട്ടിലുള്ള യാത്ര വ്യത്യസ്ത അനുഭവമാണ്. 

വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമെന്ന സവിശേഷത വിയറ്റ്നാമിനു സ്വന്തമാണ്.

എങ്ങനെ എത്താം

എയർ ഏഷ്യ, സിംഗപ്പൂർ എയർലൈൻസ് എന്നിവയുടെ വിമാനങ്ങൾ എല്ലാ ദിവസവും സർവീസ് നടത്തുന്നു. സ്കൂട്ട് വിമാനങ്ങൾ നിശ്ചിത ദിവസങ്ങളിൽ ലഭിക്കും. വിയറ്റ്നാമീസ് ഡോങ് ആണ് അവിടത്തെ പ്രാദേശിക നാണയമെങ്കിലും അവയ്ക്ക് മൂല്യം കുറവായതിനാൽ യുഎസ് ഡോളറാണ് എല്ലായിടത്തും സ്വീകരിക്കുക. മൂന്നു രാത്രി, നാലു പകൽ യാത്രയ്ക്ക് ഒരാൾക്ക് 44,000 രൂപ ചെലവു വരും.

വീസ നടപടികൾ

ഏജന്റ് മുഖേന മാത്രമേ വിയറ്റ്നാമിലേക്ക് പോകാനാകൂ. 10 ‍ഡോളർ മുടക്കി ഏജന്റ് വഴി വീസ ലെറ്റർ വാങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. വീസ ലെറ്ററും പാസ്പോർട്ടും ഫോട്ടോയും അടക്കം ഓൺലൈനിൽ വീസയ്ക്ക് അപ്ലൈ ചെയ്യാം. വീസ ഫീസ് നൽകേണ്ടി വരും. അതുവഴി ലഭിക്കുന്ന സ്വീകാര്യതാ പത്രം അടിസ്ഥാനപ്പെടുത്തി ഓൺ അറൈവൽ വീസയാണ് ലഭിക്കുക.