ഫൂ ക്വോക്- ഈ സ്ഥലപ്പേര് കേട്ടിട്ടുണ്ടോ? ഇല്ല എന്നു പറഞ്ഞാൽ ഒരു മറുചോദ്യം ചോദിക്കാം: ‘നിങ്ങൾ സ്വർഗം കണ്ടിട്ടുണ്ടോ?’. ഇല്ലെങ്കിൽ നേരെ ഫൂ ക്വോക്കിലേക്കു വിട്ടോളൂ. സഞ്ചാരികളുടെ സ്വർഗമാണിവിടം. സംഭവം അങ്ങ് വിയറ്റ്നാമിലാണ്. അധികമൊന്നും നഗരവത്കരിക്കപ്പെട്ടു പോകാതെ, ഇപ്പോഴും പുതുമയുടെ ഗന്ധമുള്ള ഇടം.

574 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള, വിയറ്റ്നാമിലെ ദ്വീപാണ് ഫൂ ക്വോക്. മത്സ്യബന്ധനം, കൃഷി, വിനോദസഞ്ചാരം എന്നിവയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇവിടെയുള്ളത് എന്നതിനാൽ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെടില്ല. 2014 മുതലാണ് വിയറ്റ്നാം സർക്കാർ ഇവിടെ വിനോദ സഞ്ചാരം അനുവദിച്ചതും. ഇവിടെ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ദ്വീപിനോട് ചേർന്നുകിടക്കുന്ന കടലിന്റെ മനോഹാരിതയാണ്.

ഇരുപത്തിയെട്ടു ദ്വീപുകൾ ചേർന്നതാണ് ഫൂ ക്വോക് ഡിസ്ട്രിക്ട്. അവയിൽ മിക്കതും ചെറിയ തുരുത്തുകളാണ്. പ്രധാന ദ്വീപായ  ഫൂ ക്വോക് തന്നെയാണ് സഞ്ചാരികൾക്കു പ്രിയം. തായ്‌ലൻഡ് ഉൾക്കടൽ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണിത്. ഈ ദ്വീപസമൂഹത്തിലെ മനോഹരമായ ഒരു ദ്വീപാണ് ഹോൻ സ്വോങ്.  റോബിൻസൺ ക്രൂസോ എന്ന നോവലിൽ ഈ ദ്വീപിനെപ്പറ്റി പരാമർശമുണ്ട്. അതുകൊണ്ട് നാട്ടുകാർ ഇതിനെ റോബിൻസൺ ക്രൂസോ എന്നാണു വിളിക്കാറുള്ളത്. ഇവിടുത്തെ രാത്രിതാമസം അത്ര എളുപ്പമാവില്ല. പകൽ പോയി കറങ്ങി വരികയാണ് നല്ലത്. കടലാൽ ചുറ്റപ്പെട്ട, മനോഹരമായ ഒരു ചിത്രം പോലെ പച്ചപ്പു നിറഞ്ഞ ബീച്ച് സുന്ദരമായ കാഴ്ചയാണല്ലോ.

ലോകത്തിലെ ഏറ്റവും വലിയ കേബിൾ കാർ ഇവിടുത്തെ ഹോൺ തോം ദ്വീപിലാണ്. പൈനാപ്പിൾ ദ്വീപ് എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. 70  കാബിനുകളിലായി ഒരു മണിക്കൂറിൽ മൂവായിരത്തി അഞ്ഞൂറ് പേർക്ക് ഈ കേബിൾ കാറിൽ ദ്വീപ് ചുറ്റിക്കാണാം. ധാരാളം സഞ്ചാരികൾ വന്ന് പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത ബീച്ചുകളാണ് ഇവിടെയുള്ളത്. വൃത്തിയുള്ള, പഞ്ചാരപോലെയുള്ള മണലുള്ള, അധികമാരും തൊടാത്ത വൃത്തിയുള്ള കടൽക്കരകൾ. ഖേം ബീച്ചാണ് ഇതിൽ ഏറ്റവും ആകർഷകം. വെളുത്ത പഞ്ചാര മണലുള്ള ബീച്ചാണ് സാവോ. ദ്വീപിലെ ഏറ്റവും നീളമുള്ള ബീച്ചാണിത്. ഇവിടെ ഉദയവും അസ്തമയവും കാണാൻ സഞ്ചാരികളുടെ തിരക്കുണ്ടാവും. ചുവന്ന നക്ഷത്രമത്സ്യമാണ് ഈ ബീച്ചിലെ മറ്റൊരു ആകർഷണം. ഏറ്റവുംചൂടുള്ള ദിവസം പോലും ഇരുപത്തിയൊന്‍പത് ഡിഗ്രി വരെയാണ് ഈ ദ്വീപിലെ ചൂടിന്റെ അളവ്.

കടൽ സമ്പത്തിന്റെ അപാരമായ ഇടമാണ് ഫൂ ക്വോക്. നക്ഷത്ര മത്സ്യം, പവിഴം, വ്യത്യസ്ത തരത്തിലുള്ള കടൽ ജീവികൾ എന്നിവ ഇവിടുത്തെ ജൈവസമ്പത്താണ്. പച്ച നിറമുള്ള ആമയാണ് മറ്റൊരു താരം. ദ്വീപിന്റെ പകുതിയും ദേശീയ ഉദ്യാനമാണ്. പച്ചപ്പും കടലുമൊക്കെക്കൊണ്ട് പ്രശാന്ത സുന്ദരമായ ഇടമാണ് ഫൂ ക്വോക്. സീ ഫുഡ് കിട്ടുന്ന ധാരാളം ഹോട്ടലുകളും റസ്റ്ററന്റുകളും ഇവിടെ സഞ്ചാരികളെ ‌കാത്തിരിക്കുന്നുണ്ട്. പല നിലവാരത്തിലുള്ള ഹോട്ടലുകളും മറ്റു താമസസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വിയറ്റ്നാമിൽനിന്നു ഫൂ ക്വോക്കിലേക്ക് മുപ്പതു ദിവസത്തേക്കുള്ള ടൂറിസ്റ്റ് വീസ ലഭിക്കും.