ഇത്രയധികം ആഘോഷങ്ങൾ നിറച്ചുകൊണ്ട് അതിഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾ കുറവാണെന്നു ബാങ്കോക്ക് കണ്ടാൽ ഏതൊരു സഞ്ചാരിക്കും തോന്നിപോകും. പകലെന്നോ രാത്രിയെന്നോ  വ്യത്യാസമില്ലാതെ, തങ്ങളുടെ രാജ്യത്തെത്തുന്ന എല്ലാ അതിഥികളെയും ആനന്ദിപ്പിക്കുന്ന ബാങ്കോക്ക് സഞ്ചാരികളുടെ പ്രിയപ്പെട്ടയിടങ്ങളിലൊന്നാണ്.

Representative Image

മനസ്സറിഞ്ഞൊന്നു ഉല്ലസിക്കാൻ താല്പര്യമുള്ളവർക്ക് ആശങ്കയേതുമില്ലാതെ ഈ രാജ്യം തെരഞ്ഞെടുക്കാം. അവിടുത്തെ പകൽ കാഴ്ചകളും നൈറ്റ് ക്ലബ്ബുകളും നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. നിരവധി നിശാക്ലബ്ബുകൾ ബാങ്കോക്കിലുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായവ ഏതൊക്കെയെന്നറിയാം. ബാങ്കോക്ക് സന്ദർശനത്തിൽ രാത്രികളെ ആഘോഷത്തിമർപ്പിലാക്കാൻ ഈ ക്ലബ്ബുകളെക്കുറിച്ചു അറിഞ്ഞുവെയ്ക്കുന്നത് ഏറെ സഹായകമാകും.

ഒനെക്സ് 

ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ നിശാക്ലബ്ബുകളിൽ ഒന്നാണ് ഒനെക്സ്. രണ്ടായിരം അതിഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ക്ലബ്, ബാങ്കോക്കിലെ ബാസ് ഹെഡുകളുടെ മെക്ക എന്നാണ് അറിയപ്പെടുന്നത്. ഒരു നൈറ്റ് ക്ലബ്ബിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഇവിടം ബാങ്കോക്കിലെ ഏറ്റവും വലിയ സിംഗിൾ പാർട്ടി സ്പേസ് ആണ്.

മാത്രമല്ല, 'ഡി ജെ മാഗി'ന്റെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളുടെ റാങ്ക് പട്ടികയിൽ സ്ഥാനമുള്ള ബാങ്കോക്കിലെ ഒരേയൊരു ക്ലബ് കൂടിയാണ് ഒനെക്സ്. ബാങ്കോക്ക് സന്ദർശനത്തിൽ രാത്രികൾ അടിച്ചുപൊളിക്കണമെന്നു ആഗ്രഹിക്കുന്നവർക്കു മടിക്കാതെ കടന്നുചെല്ലാവുന്ന ഒരിടമാണിത്. വിസ്മയിപ്പിക്കുന്ന വാദ്യമേളങ്ങളും കണ്ണെഞ്ചിപ്പിക്കുന്ന പ്രകാശവും നിങ്ങളുടെ രാത്രികളെ ആഘോഷപൂർണമാക്കുക തന്നെ ചെയ്യും. 

ഇൻസാനിറ്റി 

ഹരം കൊള്ളിക്കുന്ന സംഗീതവും ഇ ഡി എമ്മും നിറഞ്ഞ, ആഴ്ചയിലെ ഏഴുദിവസങ്ങളെയും സജീവമാക്കി നിർത്തുന്ന നൈറ്റ് ക്ലബ്ബുകളിൽ ഒന്നാണ് ഇൻസാനിറ്റി. രാജ്യാന്തരതലത്തിലും തദ്ദേശീയമായും പേരുകേട്ട ഡി ജെ കളുടെ നേതൃത്വത്തിലുള്ള നിശകൾ ഈ ക്ലബ്ബിന്റെ പ്രത്യേകതയാണ്.

ആഴ്ചാവസാനങ്ങളിൽ 1500 പേരെ ഉൾക്കൊള്ളുന്ന പാർട്ടികൾക്കു ക്ലബ് ആതിഥേയത്വം വഹിക്കുമ്പോൾ, മറ്റുള്ള ദിവസങ്ങളിൽ 1000 പേർക്ക് ഇവിടുത്തെ പാർട്ടികളിൽ പങ്കെടുക്കാം. നഗരത്തിലെ ഏറ്റവും വലുപ്പമുള്ള ക്ലബ്ബുകളിൽ ഒന്നാണ് ഇൻസാനിറ്റി. കൂടാതെ, വലിയ കവാടവും പ്രത്യേക തരത്തിലുള്ള ഉൾവശവും 14 മീറ്ററോളം ഉയരമുള്ള സീലിങ്ങുമൊക്കെ ഈ ക്ലബ്ബിന്റെ സവിശേഷതയാണ്. സംഗീതവും നൃത്തവും നിറഞ്ഞ ഇവിടുത്തെ നിശകൾ അതിഥികൾക്കു മികച്ചൊരു വിരുന്നായിരിക്കും. 

സിങ് സിങ് തീയേറ്റർ 

ആരെയും ആകർഷിക്കുന്ന തരത്തിലുള്ള അകത്തളമൊരുക്കി അതിഥികളെ കാത്തിരിക്കുന്ന ഒരു ബാർ - കം - ക്ലബ് ആണ് സിങ് സിങ് തീയേറ്റർ. വളരെ വ്യത്യസ്തവും ആകർഷകവുമായ ക്ലബ്ബിന്റെ ഉൾവശങ്ങൾ സഞ്ചാരികളിൽ കൗതുകമുണർത്തും. തൂങ്ങി കിടക്കുന്ന നിരവധി വിളക്കുകളും വ്യാളികളുടെ മുഖങ്ങളാൽ അലംകൃതമായ ചുവരുകളുമൊക്കെ ഈ ക്ലബ്ബിന്റെ പ്രത്യേകതയാണ്. സംഗീതവും നൃത്തവും മാത്രമല്ലാതെ, അതിഥികളെ അത്ഭുതലോകത്തേയ്ക്കു എത്തിക്കുന്ന സിങ് സിങ് തീയേറ്ററിന്റെ അകകാഴ്ചകൾ സഞ്ചാരികൾക്കു ഒരു വിസ്മയം തന്നെയായിരിക്കും.

ലെവെൽസ് ക്ലബ് & ലോഞ്ച്

ബാങ്കോക്കിലെ രാത്രി ക്ലബ്ബുകളിൽ ഒരു പുതുമുഖമാണ് ലെവെൽസ് ക്ലബ് & ലോഞ്ച്. രണ്ടു ക്ലബ് റൂമുകളും മുകൾ നിലയിൽ ഒരു ലോഞ്ചുമുള്ള ഇവിടം സഞ്ചാരികൾക്കു മുമ്പിൽ ഒരു പുതുലോകം തന്നെയാണ് തുറന്നിടുന്നത്. വളരെ വ്യത്യസ്തമായ സംഗീതം, ആഡംബരം നിറഞ്ഞ അകത്തളങ്ങൾ, ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും സ്പെഷ്യൽ തീമുകളുടെ അടിസ്ഥാനത്തിലുള്ള ഇവെന്റുകൾ, പാശ്ചാത്യ രീതിയിലുള്ള ഭക്ഷണം, തുടങ്ങിയവ ഈ ക്ലബ്ബിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. കൂടാതെ, അതിഥികൾക്കു പ്രവേശനം സൗജന്യമാണെന്നതും ഈ ക്ലബ്ബിന്റെ പ്രത്യേകതയാണ്.

ബീം 

ബാങ്കോക്കിലെ ഏറ്റവും മികച്ച ശബ്ദ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്ന നൈറ്റ് ക്ലബാണ് ബീം. കാല്പാദങ്ങളിലേയ്ക്ക് ഇരമ്പിയെത്തുന്ന സംഗീതത്തിന്റെ മാസ്മരികത ഈ ക്ലബ്ബിന്റെ അകത്തളങ്ങളിലെത്തുമ്പോൾ തന്നെ കാണികൾക്കു അനുഭവിച്ചറിയാൻ സാധിക്കും. നൃത്തത്തിനാണു ഇവിടെ പ്രാമുഖ്യം കൂടുതൽ. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള സംഗീതമാണ് ഇവിടെ മുഴങ്ങികേൾക്കുക. വളരെ സൗഹാർദ്ദപരമായ അന്തരീക്ഷവും അതിഥികളെ ആനന്ദിപ്പിക്കുന്ന സംഗീതവുമാണ് ഈ ക്ലബ്ബിനെ സന്ദർശകരുടെ പ്രിയപ്പെട്ടയിടമാക്കുന്നത്.