സ്വിറ്റ്സർലൻഡിലെ അതിസുന്ദരമായ നഗരമാണ് ലൊസെയ്ൻ. പൗരാണികതയും പുതിയ കാലത്തിന്റെ പ്രൗഢിയും ലൊസെയ്ൻ നഗരത്തിലേക്ക് ആളുകളെ ആകർഷിക്കുന്നു. തുറമുഖം, തടാകം, മഞ്ഞുമലകൾ, ബംഗ്ലാവുകൾ, പുരാതനമായ ആരാധനാലയങ്ങൾ തുടങ്ങിയ കാഴ്ചകളുള്ള ലൊസെയ്ൻ വിനോദ സഞ്ചാരികളുടെ പറുദീസയാണ്.

ലൊസെയ്നിൽ എത്തിയ ശേഷം ആദ്യ യാത്രയ്ക്കായി ഞാൻ മെട്രൊയിൽ കയറി. ലൊസെയ്നിലെ മെട്രൊ യാത്ര പരിചയപ്പെടലായിരുന്നു ലക്ഷ്യം. എനിക്കു പോകേണ്ട സ്ഥലത്തേക്ക് കുറച്ചു ദൂരമേയുള്ളൂ. ചെങ്കുത്തായ ഒരു കുന്നിനു മുകളിൽ നിന്നാണ് മെട്രൊ പുറപ്പെടുന്നത്. ചക്രങ്ങളുള്ള സ്യൂട് കെയ്സ് നിലത്തു വച്ചാൽ അത് ഉരുണ്ട് താഴേക്കു പോകും; അത്രയ്ക്ക് ചെരിഞ്ഞതാണ് പ്ലാറ്റ്ഫോം.

സ്വിറ്റ്സർലൻഡിലെ ആദ്യത്തെ മെട്രൊ എന്ന പദവി നേടിയിട്ടുള്ള ട്രെയിനിൽ അങ്ങനെ ഞാൻ ലൊസെയ്ൻ യാത്ര ആരംഭിച്ചു. ലൊസെയ്നിലെത്താൻ മൂന്നു മാർഗങ്ങളുണ്ട് – ട്രെയിൻ, ബസ്, മെട്രൊ. യാത്രികരെല്ലാം മെട്രൊയാണ് തിരഞ്ഞെടുക്കുന്നത്. വെവി, മോൺട്രൊ, മോർജസ് എന്നീ പട്ടണങ്ങളാണ് ലൊസെയ്ന്റെ സമീപ പ്രദേശത്തു കാണാനുള്ളത്. യാത്രയ്ക്കു മുടക്കിയ പണം മുതലാകും വിധമുള്ള പ്രകൃതി ദൃശ്യങ്ങളാണ് ലൊസെയ്ൻ നഗരത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മുടക്കുന്ന പണം വസൂലാകണമെന്നു ക രുതുന്നവർക്ക് സ്വിറ്റ്സർലൻഡ് തിരഞ്ഞെടുക്കാം. ഞാൻ അക്കൂട്ടത്തിലൊരാളാണ് എന്ന് ആവർത്തിച്ചു പറയട്ടെ.

മഞ്ഞിൽ പുതഞ്ഞ ആൽപ്സ് പർവത നിരയുടെ താഴെയാണു ജനീവ തടാകം. ഫ്രഞ്ച് ജനീവ തടാകം എന്നാണ് ആ സ്ഥലത്തിന്റെ ഔദ്യോഗികമായ പേര്. കാരണം, അത് ഫ്രഞ്ച് അതിർത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. എങ്കിലും, മഞ്ഞുമലയുടെ ഭംഗിയുള്ള ദൃശ്യം ക ണ്ടാസ്വദിക്കാൻ പറ്റിയ സ്ഥലം തടാകത്തിന്റെ എതിർഭാഗത്തുള്ള ലൊസെയ്ൻ ആണ്. എത്ര സുന്ദരമായ വാക്കുകളിൽ വർണിച്ചാലും ആൽപ്സിന്റെ ദൃശ്യചാരുത വിവരിക്കാനാവില്ല. ലോകത്തെ ഏറ്റവും നല്ല കുടിവെള്ളം കിട്ടുന്ന സ്ഥലം ആൽപ്സിന്റെ ഏതോ ഒരു ഭാഗത്തുള്ള ഇവിയാൻ ഗ്രാമത്തിലാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ, ആ പ്രദേശം ഫ്രാൻസിലായതുകൊണ്ട് ലൊസെയ്ൻ ഷെഡ്യൂളിൽ ഉൾപ്പെടുത്താനാവില്ല.

പഴയ നഗരം

ഹോട്ടൽ മുറിയിൽ കയറിയ ഉടനെ യാത്രയ്ക്കുള്ള പ്ലാൻ തയാറാക്കി. തുറന്നിട്ട ജനാലകളിലൂടെ ജനീവ തടാകത്തിന്റെ സ്വപ്ന തുല്യമായ വിശാലത ഞാൻ കണ്ടാസ്വദിച്ചു. സമയം കളയാതെ പെട്ടെന്നു തന്നെ മുറി വിട്ടിറങ്ങി. കുന്നിനു താഴേക്കുള്ള വഴിയിൽ നിന്ന് ഇടത്തോട്ടുള്ള പാത പള്ളിയിലേക്കാണ്. ലൊസെയ്നിലെ ഏറ്റവും പഴക്കമേറ്റിയ ഷോപ്പിങ് കേന്ദ്രം അതിനടുത്താണെന്ന് ഞാൻ മനസ്സിലാക്കി വച്ചിരുന്നു. കുത്തനെയുള്ള സ്ഥലം. കല്ലുകൾ പതിച്ച വഴി. ഹൈഹീൽ ചെരിപ്പുകൾ ധരിച്ചാൽ നടക്കാനാവില്ല. ഫ്ളാറ്റ് ഷൂവാണ് അനുയോജ്യം. അവിടെയുള്ള കെട്ടിടങ്ങളെല്ലാം നവോത്ഥാന കാലഘട്ടത്തിൽ നിർമിച്ചതാണ്. നൂറ്റാണ്ടുകൾ പിന്നിട്ടാലും കോട്ടം തട്ടാത്തത്രയും ബലമുള്ള മന്ദിരങ്ങളാണ് അവ. മുക്കും മൂലയും വളരെ സൂക്ഷ്മമായി സംരക്ഷിച്ചിട്ടുണ്ട്. ആ സ്ഥലത്ത്  എത്തുന്നവരെല്ലാം ഒരു രാഷ്ട്രത്തിന്റെ ഹൃദയം തൊട്ടറിയുന്നു. ഐതിഹാസികമായ ആ കാഴ്ച ആസ്വദിക്കാൻ സാധിച്ചതിൽ എനിക്ക് അഭിമാനം തോന്നി.

മല കയറാൻ താത്പര്യമുള്ളവർക്ക് അവിടെ സൗകര്യമുണ്ട്. ലൊസെയ്ന്റെ ലാൻഡ് മാർക്കായി അറിയപ്പെടുന്ന പള്ളി സ്ഥിതി ചെയ്യുന്നത് കുന്നിനു മുകളിലാണ്. മധ്യകാലഘട്ടത്തിൽ നിർമിച്ച പടികൾ ചവിട്ടിയാണ് സന്ദർശകർ പള്ളിമുറ്റത്ത് എത്തിച്ചേരുക. ‘റ്യൂ ഡ്യു സെന്റർ’ കാണാമെന്നായിരുന്നു എന്റെ തീരുമാനം. ലൊസെയ്നിലെ പ്രധാനപ്പെട്ട ഷോപ്പിങ് കേന്ദ്രമാണിത്. അതിവിശാലമായ ഷോപ്പിങ് കേന്ദ്രത്തിൽ തൊട്ടതിനെല്ലാം പൊള്ളുന്ന വില! വളവും തിരിവും കടന്ന് ‘പ്ലേസ് ഡെ ലാ പ്ലൗഡ്’ എന്ന സ്ഥലത്തെത്തി. മനോഹരമായ ഒരു കെട്ടിടമാണ് പ്ലേസ് ഡെ ലാ പ്ലൗഡ്. ഇതിനടുത്താണ് ടൗൺ ഹാൾ. സന്ദർശകരുടെ ശ്രദ്ധയാകർഷിക്കും വിധം സ്ഥാപിച്ചിട്ടുള്ള ക്ലോക്കാണ് എന്നെ ആകർഷിച്ചത്. ഫ്രഞ്ച് – സ്വിസ് അതിർത്തിയിൽ താമസിക്കുന്ന ‘വോഡോയിസ്’ വിഭാഗത്തിൽപ്പെടുന്ന ആളുകൾ എല്ലാ സായാഹ്നങ്ങളിലും ഇവിടെ മാർച്ച് നടത്താറുണ്ടത്രെ. (മൂന്നര നൂറ്റാണ്ടു മുൻപ് ലൂയിസ് പതിനാലാമന്റെ ആക്രമണങ്ങൾക്ക് വിധേയരായ ജനവിഭാഗമാണ് വോഡോയിസ്. അവർ സംസാരിക്കുന്നത് ഫ്രഞ്ച് ഭാഷയാണ്).

ലൊസെയ്ന്റെ പൈതൃകമാണ് ‘എസ്കലിയേഴ്സ് ഡ്യൂ മാർക്കെ’ എന്ന സ്ഥലത്തുള്ള മരപ്പടികൾ. പ്ലേസ് ഡെ ലാ പ്ലൗഡിൽ നിന്ന് പള്ളിയിലേക്കു പോകാനുള്ള പടികളാണിത്.  മരപ്പടികൾക്ക് 400 വർഷം പഴക്കമുണ്ട്. ബലക്ഷയമൊന്നും സംഭവിച്ചിട്ടില്ല. കുറച്ചു മരപ്പടികൾ ലോകത്തിന്റെ ആളുകളെ ആകർഷിക്കുന്നു എന്നു കേൾക്കുമ്പോൾ അതിശയം തോന്നാം. പക്ഷേ, അതാണു സത്യം. മരപ്പടികൾ കയറിച്ചെല്ലുന്നത് ‘റ്യൂ പിയറെ വിറെറ്റ് ’ എന്ന വ്യൂ പോയിന്റിലേക്കാണ്. ഇവിടെ നിന്നാൽ ലൊസെയ്ൻ നഗരം മുഴുവനും കാണാം. പത്തു പന്ത്രണ്ടു പടി കയറിയപ്പോഴും ഞാൻ കിതച്ചു. വിശ്രമിച്ച ശേഷമാണ് മുകളിലേക്കു കയറിയത്. ശ്വാസം വിടാൻ പോലും നിൽക്കാതെ ഓടിക്കയറുന്ന ചെറുപ്പക്കാരെ കണ്ടു ഞാൻ അമ്പരന്നു.

ഗൂഗിൾ നൽകുന്ന വിവരങ്ങൾ: പതിനാലാം നൂറ്റാണ്ടിൽ ലൊസെയ്നിലെ ഏറ്റവും വലിയ കമ്പോളം പ്രവർത്തിച്ചിരുന്നത് മരപ്പടികളുടെ സമീപത്തുള്ള ചത്വരത്തിലായിരുന്നു. റ്യൂ പിയറെ വിറെറ്റിലെ നിർമാണ പ്രവർത്തന സമയത്ത് (1911) മുകൾഭാഗത്തെ ചില പടികൾ തടസ്സപ്പെട്ടു. പോണ്ട് ബെസിയേഴ്സ് പാലത്തിന്റെ അടിഭാഗത്ത് നടപ്പാത ഉണ്ടാക്കിയതോടെ(1975) ആ പ്രശ്നം പരിഹരിച്ചു. പേരിനൊപ്പം ‘മാർക്കെ’ (റ്റ്) എന്നു ചേർന്നത് അങ്ങനെയാണ്. മരപ്പടികളുടെ സമീപത്തുള്ള കെട്ടിടങ്ങളുടെ മനോഹാരിത സഞ്ചാരികളുടെ ഹൃദയം കവരുന്നു. ഇവിടെ ചോക്‌ലേറ്റ് വിൽക്കുന്ന ഒരു കടയുണ്ട്.  ARMES എന്നെഴുതിയ ബോർഡ് നെറുകയിൽ ചൂടിയ വലിയൊരു കെട്ടിടം ഒഴിവാക്കിക്കൊണ്ട് അവിടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാനാവില്ല. ബിസിനസ് തന്ത്രങ്ങൾ.

ലൊസെയ്നിലെ കത്തീഡ്രൽ നോട്ടർഡാം

നടന്നു നടന്ന് പള്ളിയിലെത്തിയപ്പോൾ ഞാൻ കാഴ്ചയിൽ മയങ്ങി. 17, 18 നൂറ്റാണ്ടുകളിലെ കെട്ടിടങ്ങളുടെ നിര.  പതിനഞ്ചാം നൂറ്റാണ്ടിന്റെ ശേഷിപ്പായ ചത്യൂ സെന്റ് – മെയറിനു സമീപത്താണ് വോഡോയിസ് ഗവൺമെന്റിന്റെ അധികാര കേന്ദ്രം നിലനിന്നിരുന്നത്. വാസ്തവത്തിൽ ആ സ്ഥലം ലൊസെയ്ൻസിലെ ബിഷുപ്പുമാരുടെ പാർപ്പിടമായിരുന്നു. കാന്റൺ ഡി വൗഡ് എന്ന സ്ഥലം ബേണിന്റെ ഭാഗമായിരുന്ന കാലത്ത് ഈ കെട്ടിടം ജയിലായി ഉപയോഗിച്ചിരുന്നു.

ഗോഥിക് സംസ്കാരത്തിന്റെ ശേഷിപ്പാണ് ചത്യൂ സെന്റ് – മെയർ. ഗോഥിക് സംസ്കാരം സ്വിറ്റ്സർലാൻഡിന്റെ ഭാഗമായിരുന്നു എന്നതിനു തെളിവാണ് ഈ കെട്ടിടം. കോട്ടയുടെ രൂപമുള്ള കെട്ടിടത്തിന്റെ മുൻഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ഗോപുരത്തിൽ കയറിയാൽ ലൊസെയ്ൻ നഗരത്തിന്റെയും തടാകത്തിന്റെയും ആൽപ്സ് പർവത നിരയുടെയും മനോഹരമായ ചിത്രങ്ങൾ പകർത്താം.

പള്ളിയുടെ മുൻവശത്തു നിന്നാലും അതേ ദൃശ്യങ്ങൾ കാണാമെന്നു ഞാൻ മനസ്സിലാക്കി. രാത്രി പത്തു മണിക്കും രണ്ടു മണിക്കുമിടയിൽ പള്ളി മുറ്റത്തു നിന്ന് കാവൽക്കാരന്റെ നിലവിളി കേൾക്കാമെന്നൊരു കഥ ഞാൻ അവിടെ കേട്ടു. കാവൽക്കാരന്റെ കരച്ചിൽ കേൾക്കുന്ന യൂറോപ്പിലെ ഒരേയൊരു പള്ളി എന്നാണത്രെ ഈ കത്തീഡ്രൽ അറിയപ്പെടുന്നത്. അർധരാത്രിയാണ് ഞാൻ അവിടെ നിന്നു മടങ്ങിയത്. നിർഭാഗ്യകരമെന്നു പറയട്ടെ, ആരുടെയും കരച്ചിൽ ഞാൻ കേട്ടില്ല!

ഒളിംപിക് മ്യൂസിയം

ഔഷിയിൽ നിന്നു മെട്രൊയിൽ കയറിയാൽ ഒളിംപിക് മ്യൂസിയത്തിന്റെ സമീപത്തു ചെന്നിറങ്ങാം. ജനീവ തടാകത്തിന്റെ തീരത്താണ് ഒളിംപിക് മ്യൂസിയം. ഒളിംപിക്സുമായി ബന്ധപ്പെട്ടതെല്ലാം അവിടെ കാണാം. സുപ്രസിദ്ധ കായിക താരങ്ങൾക്കുമുള്ള സ്മാരകമാണ് ഒളിംപിക്സ് മ്യൂസിയം. എന്നും നിലനിൽക്കുന്ന ഒരു പ്രദർശനം – അതാണ് ഒളിംപിക്സ് മ്യൂസിയം. മൂന്നു നിരകളിലായാണ് ഒളിംപിക്സിന്റെ ഓർമകൾ പ്രദർശിപ്പിച്ചിട്ടുള്ളത്. ജീൻ ക്ലൗഡിന്റെ സ്കീ ബൂട്ട്, കാൾ ലൂയിസിന്റെ ട്രാക്ക് ഷൂ തുടങ്ങി ഒരു കാലത്ത് കളിക്കളത്തിൽ നിറഞ്ഞു നിന്ന താരങ്ങളുടെ സ്മരണകൾക്ക് ഒളിംപിക്സ് മ്യൂസിയത്തിൽ ജീവൻ തുടിക്കുന്നു.

ആയിരം വസ്തുക്കളാണ് പ്രദർശന വിഭാഗത്തിലുള്ളത്. ഒളിംപിക്സിന്റെ കഥ പറയുന്ന 150 സ്ക്രീനുകളും ഇവിടെയുണ്ട്. പുതിയ അധ്യയനത്തിന്റെ സ്രോൊതസ്സുകൾ പ്രചരിപ്പിക്കാനായി രണ്ടു മുറികൾ മാറ്റിവച്ചിട്ടുണ്ട്. ഒളിംപിക്സിന്റെ പിറവി മുതൽ മത്സരക്കളങ്ങളിൽ വന്നു ചേർന്ന മാറ്റങ്ങളുടെ വഴി ഇവിടെ കണ്ടറിയാം. ഒളിംപിക്സിന്റെ ചരിത്രം, സംഘാടകത്വം, വിപണനം, കായിക താരങ്ങൾ, മത്സരങ്ങൾ, ഉപകരണങ്ങൾ, തയാറെടുപ്പ് തുടങ്ങി ഒളിംപിക്സിന്റെ അവസാന വാക്കാണ് ഈ പ്രദർശന മന്ദിരം.  ‘കണ്ടുപിടിത്തങ്ങളുടെയും ഓർമകളുടെയും വൈകാരികതയുടെയും കേന്ദ്രം’ – പരസ്പര പൂരകമായ കാര്യങ്ങൾ അവിടെ ഇഴചേർന്നു നിൽക്കുന്നു.

ഒളിംപിക്സ് കണ്ടു മടങ്ങിയ ശേഷം TOM ക ഫെയിൽ കയറി. ഒളിംപിക്സ് മ്യൂസിയത്തിന്റെ മുകളിലെ നിലയിലാണ് ടോം കഫെ പ്രവർത്തിക്കുന്നത്. ‘കാപ്പി പ്രേമി’കളാണ് സ്വിറ്റ്സർലൻഡുകാർ. തടാകവും പൂന്തോട്ടവും കണ്ടാസ്വദിച്ച് കഫെയിലിരുന്നപ്പോൾ സ്വിറ്റ്സർലാൻഡുകാരുടെ കാപ്പി എനിക്കും ഇഷ്ടമായി. ജീവിതത്തിൽ ആദ്യമായാണ് കാപ്പി കുടിച്ച് മറ്റൊരു ലോകത്ത് എത്തിപ്പെടുന്ന അനുഭവം...മ്യൂസിയത്തിന്റെ എല്ലാ ഭാഗങ്ങളും കണ്ടതിന്റെ സന്തോഷവുമായിട്ടാണ് ഒളിംപിക് പാർക്കിലേക്കു പോയത്. പ്രകൃതിയും ഇൻസ്റ്റലേഷനുകളും വലിയ ട്രാക്കുമാണ് പാർക്കിൽ കാണാനുള്ളത്.

ഭാവനയിൽ കാണാൻ കഴിയുന്നതിനപ്പുറം വലുപ്പമുള്ള ട്രാക്കിന്റെ പശ്ചാത്തലത്തിൽ ആൽപ്സ് പർവതവും ജനീവ തകാടവും ക്യാമറയിൽ പകർത്തി.  നിറയെ ശിൽപ്പങ്ങളുള്ള ഉദ്യാനം എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കും. നിർമാണ വൈദഗ്ധ്യത്തിൽ കമനീയത പുലർത്തുന്നതാണ് ഓരോ ശിൽപ്പങ്ങളും. 1993 ജൂൺ 23ന് സന്ദർശകർക്കായി തുറന്നു കൊടുത്ത പാർക്ക് ലൊസെയ്ൻ സന്ദർശകർക്ക് മുതൽക്കൂട്ടാണ്.

ഹോട്ടൽ മുറിയിൽ എത്തിയപ്പോഴേക്കും അത്താഴത്തിനു സമയമായിരുന്നു. ‘ഫോണ്ട്യൂ’ തയാറാക്കുന്ന സ്പെഷൽ റസ്റ്ററന്റിനെക്കുറിച്ച് ഞാൻ നേരത്തേ കേട്ടിരുന്നു. മരപ്പടികളുടെ സമീപത്തു വച്ച് അങ്ങനെയൊരെണ്ണം നേരിൽ കാണുകയും ചെയ്തിരുന്നു. ലൊസെയ്ൻ നഗരം തണുപ്പിലേക്ക് ചുരുണ്ടു കൂടി. അതൊന്നും വകവയ്ക്കാതെ നല്ല ഫോണ്ട്യൂ കിട്ടുന്ന കട നോക്കി ഞാൻ മുറിയിൽ നിന്നിറങ്ങി. തിളച്ചു മറിഞ്ഞ  പാൽക്കട്ടിയിൽ ബ്രഡ്ഡ് മുക്കിയുണ്ടാക്കിയ ഫോണ്ട്യു കിട്ടുന്നതു വരെ ഞാൻ നടന്നു. അൽപ്പം സ്വിസ് വൈനും അകത്താക്കി. അങ്ങനെ ഇരുന്നപ്പോഴാണ് ഷോപ്പിങ്ങിനുള്ള മൂഡ് വന്നത്. ആവേശത്തോടെ റസ്റ്ററന്റിൽ നിന്നിറങ്ങി. പക്ഷേ, അപ്പോഴേക്കും കടകളെല്ലാം അടച്ചിരുന്നു.

എങ്ങനെ എത്താം

സ്വിറ്റ്സർലൻഡ് വീസയ്ക്ക് മൂന്നു മാസം മുൻകൂറായി അപേക്ഷ നൽകണം. ഇതു സംബന്ധിച്ച വിശദവിവരങ്ങൾ www.lausanne.ch എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 90 ദിവസത്തെ ടൂറിസ്റ്റ് വീസയാണ് ലഭിക്കുക. ജനീവയിലേക്ക് സ്വിസ് ഇന്റർനാഷനൽ എയർ ലൈൻസ് സർവീസ് നടത്തുന്നുണ്ട്. ഏജൻസികൾ മുഖേന ലൊസെയ്ൻ ടൂറിന് അപേക്ഷ സമർപ്പിക്കുമ്പോൾ അവരുടെ ഓഫിസ് വിലാസം പതിച്ച ഔദ്യോഗിക കടലാസിൽ ചെലവു വിവരങ്ങൾ എഴുതി വാങ്ങുക. ലൊസെയ്ൻ യാത്രയ്ക്ക് ട്രെയിൻ‌, ബസ്, മെട്രൊ സർവീസുകളുണ്ട്. മെട്രൊ യാത്ര വ്യത്യസ്തമായ അനുഭവം പകരുന്നു. ഒട്ടുമിക്ക ഷോപ്പിങ് കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ്.

യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലമാണ് ലവായിലെ  വൈൻയാഡുകൾ. ഈ വഴിക്ക് ട്രെയിൻ സർവീസുണ്ട്.  ഏജൻസി മുഖേനയുള്ള ടൂറുകളിൽ ഈ സ്ഥലങ്ങളും ഉൾപ്പെടുന്നു. ലൊസെയ്ൻ ഓൾഡ് ടൗൺ വിത്ത് കത്തീഡ്രൽ, ഒളിംപിക് മ്യൂസിയം, ലേക് ജനീവ ക്രുയിസ്, ആർട് മ്യൂസിയങ്ങൾ, ലവായിലൂടെ ട്രെയിൻ യാത്ര – ഇത്രയുമാണ് ലൊസെയ്ൻ യാത്രയുടെ ഹൈലൈറ്റ്.

 ഫോണ്ട്യൂ എന്ന വിഭവമാണ് ലൊസെയ്നിന്റെ പ്രാദേശിക വിഭവം. ചൂട് ചോക്‌ലേറ്റ് വിൽക്കുന്ന  കഫെറ്റീരിയകൾ സന്ദർശകരെ ആകർഷിക്കുന്നു. നല്ല വൈൻ കിട്ടുന്ന സ്ഥലമെന്ന പ്രശസ്തിയുള്ള നാടാണ് ലൊസെയ്ൻ. കാപ്പി, ജ്യൂസ്, തേൻ, സ്ക്വാഷ്, സാലഡ്, കൂൺ വിഭവങ്ങൾ തുടങ്ങിയവയാണ് മറ്റു സ്പെഷലുകൾ.