ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നിൽ 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ഒരു കൊച്ചു ദ്വീപുണ്ട്- ബാലി.
ഇന്തൊനീഷ്യയിലെ ഒറ്റത്തുരുത്തുകളാണ് ബാലി. കടൽത്തീരങ്ങളും മലകളും വയലുകളും കാടുകളും കുളിർമ പകരുന്ന കാഴ്ചകളോടൊപ്പം പുകയുന്ന അഗ്നി പർവതങ്ങളുടെ കൂടി നാടാണിത്. 

കടലോര വിനോദകേന്ദ്രമായ കുട്ട ബീച്ച്, കടലിൽ പാറപ്പുറത്ത് നിൽക്കുന്ന ക്ഷേത്രമായ തനാ ലോട്ട്, ഉലുവത്ത് ക്ഷേത്രം, കൽഗുഹകൾ, സെമിൻയാക് ടൗൺഷിപ്പ്, കിന്താമണി അഗ്നി പർവതം, ബാലിയിലെ പരമ്പരാഗത കൈവേലകളുടെ ഗ്രാമമായ ഉബുദ് വില്ലേജ്, ജിംബാരൻ ബേ, കാടിനു നടുവിലെ സെകുംപൂൾ വെള്ളച്ചാട്ടം, അഗുംഗായ് റായ് മ്യൂസിയം, മങ്കി ഫോറസ്റ്റ്, തീർഥഗംഗ വാട്ടർ പാലസ് എന്നിവ കാണാം. ഉബുദ് വില്ലേജിലെ വസ്തുക്കൾ ബാലിയിലെ ലഗിയാൻ മാർക്കറ്റിൽ നിന്നും വാങ്ങാം. ബാലിയിലെ പരമ്പരാഗത സ്പാ ലഭ്യമാകുന്നത് ലഗിയാൻ മാർക്കറ്റ് പ്രദേശത്താണ്. ഇരുചക്ര വാഹനങ്ങളോ കാറോ വാടകയ്ക്ക് എടുത്ത് സ്വയം ഡ്രൈവ് ചെയ്യാം. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതിയാകും. ടാക്സി വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും. 

വീസ നടപടികൾ അറിയാം

ഇന്ത്യയടക്കം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലുള്ളവർക്ക് ബാലി സന്ദർശിക്കാൻ വീസ ആവശ്യമില്ല. ഓൺ അറൈവൽ ഫ്രീ വീസ ലഭിക്കുക. ഇമിഗ്രേഷനിൽ െചന്ന് പാസ്പോർട്ട് സ്റ്റാംപ് ചെയ്ത് ബാലിയിലേക്ക് പോകാം. 30 ദിവസം ഈ വീസയിൽ തുടരാം. ഫ്രീ വീസ ലഭിക്കുന്നതിന് ഉറപ്പായ റിട്ടേൺ ടിക്കറ്റ്, ആറുമാസ കാലാവധി ഉള്ള പാസ്പോർട്ട്, താമസ സ്ഥല വിവരങ്ങൾ, ആവശ്യത്തിന് പണം കൈവശം ഉള്ളതിനു െതളിവ് എന്നിവ വേണം.

എങ്ങനെ എത്താം

എയർ ഏഷ്യ, മലിൻഡോ എന്നിവയുടെ വിമാനങ്ങൾ കോലാലംപൂർ വഴി ലഭിക്കും. സിംഗപ്പൂർ വഴി സിംഗപ്പൂർ എയർലൈൻസിന്റെ വിമാനങ്ങളും. ഔദ്യോഗിക നാണയം  ഇന്തൊനീഷ്യൻ റുപ്പയ ആണ്. ഒരു രൂപ 198 ഇന്തൊനീഷ്യൻ റുപ്പയ ആണ്.  മൂന്നു രാത്രി നാല് പകൽ യാത്രയ്ക്ക് ഒരാൾക്ക്  33,000 രൂപ ചെലവ് വരും.