ഉക്രെയ്ൻ ഡയറി 

അധ്യായം  16 

കീവിലെ ഒരു പള്ളി 

ഒഡേസയോട്  വിടപറയാൻ നേരമായി ഇനി മൂന്നു ദിവസം കൂടി ബാക്കിയുണ്ട് നാട്ടിലേക്ക് മടങ്ങാൻ. ഒഡേസയിൽ നിന്ന് കീവ് നഗരത്തിലേക്കുള്ള മടക്കയാത്ര ബസിലാകാമെന്നുവെച്ചു. രാവിലെ പുറപ്പെട്ടാൽ വൈകിട്ട് കീവിലെത്തും. ബസിലാകുമ്പോൾ വഴിയിലെ കാഴ്ചകളൊക്കെ കണ്ട് പോകാമല്ലോ.

ബസ് ഓൺലൈനിൽ ബുക്കു ചെയ്തു. പത്തുമണിക്ക് ഒഡേസ ബസ് സ്റ്റോപ്പിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകീട്ട് 5 മണിക്ക് കീവിലെത്തും. കീവിൽ ഇ കെ എന്നു പേരുള്ള, രണ്ട് ബെഡ്‌റൂമുള്ള അപ്പാർട്ടുമെന്റും ബുക്കു ചെയ്തു.

ഓപ്പെറ ഹൗസ്

ഒമ്പതരയ്ക്കു തന്നെ ബസ് സ്റ്റേഷനിലെത്തി ഏതു പ്ലാറ്റ്‌ഫോമിലാണ് ഞങ്ങളുടെ ബസ് വരുന്നതെന്നറിയാൻ കുറേ പണിപ്പെടേണ്ടി വന്നു. ഇംഗ്ലീഷ് അറിയാവുന്നവർ ആരുമില്ല പരിസരത്തെങ്ങും. ഒടുവിൽ അംഗ്യഭാഷയിൽ കാര്യം മനസ്സിലാക്കി: പ്ലാറ്റ്‌ഫോം നമ്പർ 4.

ഞങ്ങൾ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ കാത്തു നിൽപ്പായി. പല ബസ്സുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. 10.15 ആയിട്ടും ഞങ്ങളുടെ ബസ് മാത്രം വരുന്നില്ല. വീണ്ടും എൻക്വയറി കൗണ്ടറിലെത്തി. അവിടുത്തെ യുവതിക്ക് ഇപ്പോഴും ഞങ്ങൾ പറയുന്നതൊന്നും പിടികിട്ടുന്നില്ല. എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥ.

ഗോൾഡൻ ഗേറ്റ് 

ഞങ്ങളുടെ നിൽപും വെപ്രാളവും കണ്ടപ്പോൾ, ബസ് കാത്തു നിന്നിരുന്ന ഒരു യുവതി സഹായത്തിനെത്തി. അവൾ ഒഡേസക്കാരിയാണ്. പക്ഷേ, ഇംഗ്ലീഷും അറിയാം. അവൾ ടിക്കറ്റ് വാങ്ങി നോക്കിയിട്ട് കൗണ്ടറിലെ യുവതിയോട് സംസാരിച്ചു. എന്നിട്ട് ഞങ്ങളോടു പറഞ്ഞു: 'നിങ്ങളുടെ ബസ് പൊയ്ക്കഴിഞ്ഞു. അത് ഇന്ന് ഒമ്പതാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് വന്നത്. പ്ലാറ്റ്‌ഫോം ചെയ്ഞ്ച് ഉണ്ടെന്ന് അനൗൺസ് ചെയ്തിരുന്നു. അനൗൺസ്‌മെന്റ് ഉക്രെയ്ൻ ഭാഷയിലായിരുന്നെന്നു മാത്രം.'ചുരുക്കിപ്പറഞ്ഞാൽ, നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ കാത്തു നിന്ന ഞാൻ ബൈജുവായി, നിയാസ് ശശിയുമായി! ടിക്കറ്റ് റീഫണ്ട് ചെയ്ത് കാശു തരുമോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഉത്തരം. അടുത്ത ബസ് 12.35നാണ്. അത് പക്ഷേ ഈ ബസ് സ്റ്റേഷനിൽ നിന്നല്ല. പ്രിവോക്‌സാന എന്നോ മറ്റോ പേരുള്ള മറ്റൊരു ബസ് സ്റ്റേഷനിൽ നിന്നാണ്.

മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട് ആ ബസ് ബുക്ക് ചെയ്ത്, ടാക്‌സിപിടിച്ച് പ്രിവോക്‌സാനയിലെത്തി. അവിടുത്തെ ബസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അവർ പുറത്തേക്ക് കൈ ചൂണ്ടിക്കാണിക്കുന്നതല്ലാതെ മറ്റൊന്നും പറയുന്നില്ല. പിന്നെ, ടിക്കറ്റുമായി കുറെ അലഞ്ഞു. അപ്പോൾ ഒരു കാര്യം മനസ്സിലായി: ഈ ബസ്, ഈ ബസ് സ്റ്റേഷനിലല്ല വരുന്നത്, പിന്നെ എവിടെയാണ് എന്ന് മനസ്സിലാകുന്നുമില്ല.

ഒരു കീവ് നഗര ദൃശ്യം 

ഒടുവിൽ ഒരു ടാക്‌സിക്കാരനെ സമീപിച്ചു. അയാൾ ടിക്കറ്റ് നോക്കിയിട്ട് പറഞ്ഞു: 'ഇത് ബസ് സ്റ്റേഷനിൽ കയറാത്ത, പ്രൈവറ്റ് കമ്പനിയുടെ ബസ്സാണ്.' അയാൾ അത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ റോഡിനപ്പുറത്ത് ബസ് വന്നു നിന്നു. ഞങ്ങൾ ഓടിച്ചെന്ന് കയറി. അഞ്ചുമിനുട്ട് വൈകിയിരുന്നെങ്കിൽ ആ ബസ്സും പോയേനെ!

ഒരു നഗര ചത്വരം 

അതൊരു നരക യാത്രയായിരുന്നു. നട്ടുച്ച സമയത്താണല്ലോ യാത്ര. ചൂട് 30 ഡിഗ്രിയോളമുണ്ട്. തുറക്കാനാവാത്ത ജനൽച്ചില്ലുകളുള്ള വോൾവോ ബസ്സാണ്. പക്ഷെ എയർകണ്ടീഷണർ പ്രവർത്തിപ്പിക്കില്ല! വർഷത്തിൽ അധികവും കൊടും തണുപ്പുള്ള സ്ഥലമാണല്ലോ ഉക്രെയ്ൻ. അതുകൊണ്ട് ചൂടുകാലം അവർ ആസ്വദിക്കുകയാണ്. സദാ സമയവും ചൂടിൽ കഴിയുന്ന മലയാളികൾക്ക് ഇതു വെന്തുരുകുന്ന അനുഭവമാണ് സമ്മാനിക്കുക. എന്നാൽ സഹയാത്രികരായ ഉക്രെയ്ൻകാരാകട്ടെ, ചൂട് ആസ്വദിച്ച് കളിച്ച് ചിരിച്ച് സഞ്ചരിക്കുകയാണ്. ചിലർ ഈ കൊടുംചൂടിൽ കൂർക്കം വലിച്ച് ഉറങ്ങുന്നുമുണ്ട്.

ഏഴു മണിക്കൂർ ഫർണസിൽ ഇരുന്നെന്ന പോലെ യാത്ര ചെയ്തു. സന്ധ്യയ്ക്ക് ഏഴു മണിയോടെ കീവിലെത്തി. അന്ന് രാത്രി താമസത്തിനായി ബുക്ക് ചെയ്തിരുന്ന ഇ കെ അപ്പാർട്ടുമെന്റിന്റെ ഉടമ കാറുമായി കാത്തുനിൽപുണ്ടായിരുന്നു. നഗരമധ്യത്തിൽ തന്നെയുള്ള സുന്ദരമായ അപ്പാർട്ടുമെന്റിൽ പത്തുമിനിട്ടുകൊണ്ട് എത്തി.

സെന്റ് ആൻഡ്രൂസ് പള്ളി 

ഇനി രണ്ടുദിവസം കൂടിയുണ്ട് കീവിൽ. ആദ്യ ദിവസം കീവിൽ ഒരു ഓട്ടപ്രദക്ഷിണം നടത്തിയതല്ലാതെ വിശദമായി കാണാൻ കഴിഞ്ഞില്ല. അന്ന് കീവിൽ വെച്ച് പരിചയപ്പെട്ട അനസ്‌തേസ്യ എന്ന യുവതി നമ്പർ തന്നിട്ടുണ്ട്. ഇംഗ്ലീഷ് അദ്ധ്യാപികയായ അവൾ ഒഴിവു സമയങ്ങളിൽ ഗൈഡായി ജോലി ചെയ്യുകയാണ്.

അനസ്‌തേസ്യയെ വിളിച്ചു. രണ്ടു ദിവസം സ്ഥലങ്ങൾ ചുറ്റിക്കാണിക്കാൻ വരാമെന്ന് അവൾ പറഞ്ഞു. 11 മണിക്ക് മിഖായ്‌ലോവ് സ്‌ക്വയറിൽ ഞങ്ങൾ ആദ്യം താമസിച്ച കൊസാത്‌സ്‌കി ഹോട്ടലിനു മുന്നിൽ കാണാമെന്നു പറഞ്ഞു. അനസ്‌തേസ്യ വന്നു. നഗരം എങ്ങനെ ചുറ്റണം എന്നവൾ ചോദിച്ചു. ബസ്, കാർ, ഊബർ എന്നിങ്ങനെ പല മാർഗ്ഗങ്ങളുണ്ടല്ലോ. ഊബറാകാം എന്നു ഞാൻ പറഞ്ഞു. അതായിരിക്കുമല്ലോ ലാഭകരം. മിഖായ്‌ലോവ് സ്‌ക്വയറിലെ ഒരു കഫേയിലിരുന്ന് അനസ്‌തേസ്യ രണ്ടു ദിവസത്തെ യാത്രാ പദ്ധതി തയാറാക്കി. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി, ഒന്നും വിട്ടുപോയിട്ടില്ലെന്ന്.

അങ്ങനെ  ഊബർ ടാക്‌സിയിൽ ഞങ്ങൾ ആദ്യ കാഴ്ചയിലേക്ക് യാത്രയായി. ഉക്രെയ്നിന്റെ  അഭിമാനമായ ഒരു പ്രതിമയാണ് ആ വിസ്മയകാഴ്ച. കീവ് നഗരത്തിന്റെ ഏതു ഭാഗത്ത് നിന്നാലും മദർലാൻഡ് എന്ന ആ പ്രതിമ കാണാം. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ഒരു മ്യൂസിയത്തിന്റെ ഭാഗമാണ് ഈ പ്രതിമയും. 102 മീറ്റർ ഉയരമുള്ള പ്രതിമയുടെ രൂപം ഒരു കൈയിൽ ഒരു ഷീൽഡും മറു കൈയിൽ ഒരു വാളും ഉയർത്തിപ്പിടിച്ച സ്ത്രീയുടേതാണ്.

ഒരു നഗര ദൃശ്യം 

ഒരു മലയുടെ മേലെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച പ്രതിമയ്ക്ക് 560 ടൺ ഭാരമുണ്ട്.

1950ൽ ഇവിടെ ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമ സ്ഥാപിക്കാനാണ് സോവിയറ്റ് ഭരണകൂടം പരിപാടിയിട്ടത്. എന്നാൽ ആ സ്ഥാനത്ത്  രണ്ടാംലോകമഹായുദ്ധ സ്മാരകമാണ് വേണ്ടതെന്ന് അഭിപ്രായം ഉയർന്നപ്പോൾ ഭരണകൂടം അത് ശരിവയ്ക്കുകയായിരുന്നു. അങ്ങനെ 1978ൽ പണി തുടങ്ങി. 1981ൽ പൂർത്തിയാവുകയും ചെയ്തു. പ്രതിമയുടെ കൈയിലെ ഷീൽഡിൽ ഇപ്പോഴും സോവിയറ്റ് യൂണിയന്റെ മുദ്രയാണുള്ളത്. ആ മുദ്ര മാറ്റണമെന്ന് ഇപ്പോൾ പലരും ആവശ്യപ്പെടുന്നുമുണ്ട്. സോവിയറ്റ് ഭരണകാലത്തെ പ്രതിമകളും മറ്റും നശിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിമയും നശിപ്പിക്കണമെന്നും അഭിപ്രായമുണ്ട്.

ഗൈഡ് അനസ്തേസ്യ 

പ്രതിമയുടെ താഴെ ഞങ്ങളെത്തുമ്പോൾ വെയിൽ കനത്തു നിൽക്കുകയാണ്. സ്റ്റീലിൽ നിർമിച്ച പ്രതിമ വെയിലേറ്റ് വെട്ടിത്തിളങ്ങുന്നു. ഒരു ഗംഭീരമായ നിർമിതി തന്നെയാണിത്. പ്രതിമയുടെ കാൽച്ചുവട്ടിൽ ഭൂഗർഭ അറകളിൽ യുദ്ധമ്യൂസിയമുണ്ട്. ഞങ്ങൾ എത്തുമ്പോൾ അത് തുറന്നിരുന്നില്ല.

മദർ ലാൻഡ് പ്രതിമ 

പ്രതിമ സ്ഥിതി ചെയ്യുന്ന കുന്നിൽ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് പെഷാർസ്‌ക് ലവ്‌റ എന്നറിയപ്പെടുന്ന കീവ് മൊണാസ്ട്രി. ഇതൊരു ഓർത്തഡോക്‌സ് ക്രിസ്ത്യൻ മതപഠനകേന്ദ്രമാണ്. എഡി 1051ൽ നിർമിക്കപ്പെട്ട ഈ ചരിത്രസ്മാരകം യുനെസ്‌കോയുടെ പൈതൃക കേന്ദ്ര പട്ടികയുണ്ട്. ഇപ്പോഴും ഈ മതപഠനകേന്ദ്രം സജീവമാണ്. 100 വിദ്യാർത്ഥികളുമുണ്ട്.

നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടുത്തെ ഒരു ഗുഹയിൽ ധ്യാനത്തിനെത്തിയ ഒരു ക്രൈസ്തവ സന്ന്യാസിവര്യനാണ് ഈ മൊണാസ്ട്രി സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മണിഗോപുരം മുതൽ നിരവധി പള്ളികളും ഗുഹകളും സെമിനാരികളുമെല്ലാം ഉൾപ്പെടുന്ന വലിയൊരു കോംപ്ലക്‌സാണിത്. 97 മീറ്റർ ഉയരമുള്ള മണിഗോപുരം കീവ് നഗരത്തിന്റെ മുഖമുദ്രയാണ്. കോംപ്ലക്‌സിലെ ഏറ്റവും വലിയ പള്ളിയായ ഡോർമിഷ്യൻ കത്തീഡ്രലിന് രണ്ടാം ലോകമഹായുദ്ധകാലത്ത് കേടുപാടുകൾ പറ്റിയെങ്കിലും ഇപ്പോൾ അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കിയിട്ടുണ്ട്.

പൊഷാർസ്‌ക് ലവ്‌റ മൊണാസ്‌ട്രി

തുടർന്ന് നഗരമദ്ധ്യത്തിലുള്ള ഗോൾഡൻ ഗേറ്റിലേക്ക് ഊബർ ടാക്‌സി പിടിച്ചു. അനസ്‌തേസ്യയ്ക്ക് വഴികളും സ്ഥലങ്ങളുമെല്ലാം നന്നായി അറിയാം. ചരിത്രബോധവുമുണ്ട്. ഏത്രനേരം വേണമെങ്കിലും ഒപ്പം നടന്ന് സ്ഥലം കാണിച്ചുതരാനും മടിയില്ല.

11-ാം നൂറ്റാണ്ടിലെ ഒരു കോട്ടയുടെ അവശിഷ്ടങ്ങളാണ് ഗോൾഡൻ ഗേറ്റ് എന്നറിയപ്പെടുന്നത്. മദ്ധ്യകാലഘട്ടത്തിൽ എപ്പോഴോ കോട്ട നശിപ്പിക്കപ്പെട്ടു. അടിത്തറയിൽ നിന്ന് വീണ്ടും കെട്ടിപ്പൊക്കിയത് 1982 ലാണ്. പുനർനിർമ്മാണത്തിനുപയോഗിച്ച ചുടുകട്ടകളിൽ മിക്കവയും 11-ാം നൂറ്റാണ്ടിലേതാണ്.

പൊഷാർസ്‌ക് ലവ്‌റ മൊണാസ്‌ട്രി

നഗരത്തിനുചുറ്റുമുള്ള കോട്ടയിലെ മൂന്നു കവാടങ്ങളിൽ ഒന്നായിരുന്നു, ഈ ഗെയ്റ്റ് .കോട്ടയുടെ വടക്കൻ ഭാഗത്തായിരുന്നു 11-ാം നൂറ്റാണ്ടിൽ ഈ ഗെയ്റ്റ് സ്ഥിതി ചെയ്തിരുന്നത്. ഈ ഗെയിറ്റിന്റെ തൊട്ടടുത്ത് ബ്ലഹോവിസ്റ്റ് എന്ന പള്ളിയുണ്ട്. ആ പള്ളിയുടെ സ്വർണം പൊതിഞ്ഞ താഴികക്കുടം കാരണമാണ് ഈ കവാടത്തിൽ ഗോൾഡൻ ഗേറ്റ് എന്ന് പേരുവന്നത്. 20 അടി വീതിയുണ്ടായിരുന്നു, കവാടത്തിന്.

1240 മുതൽ പല പടയോട്ടങ്ങളിലായി ഗോൾഡൻ ഗേറ്റ് തകർന്നു. അവശിഷ്ടങ്ങൾ മാത്രം ബാക്കിയായി. ഇപ്പോൾ ഭംഗിയായി പുനർനിർമ്മിച്ച് സംരക്ഷിക്കുന്ന ഗോൾഡൻ ഗേറ്റിന്റെ ഇടുങ്ങിയ പടികൾ കയറി മേലെ എത്തിയാൽ നഗരത്തിന്റെ വിഹഗവീക്ഷണം ലഭിക്കും.

ഒരു നഗര ദൃശ്യം 

ഗോൾഡൻ ഗേറ്റിനു സമീപമുള്ള ഓപ്പറെ ഹൗസ് താണ്ടി 'അനസ്‌തേസ്യ എക്‌സ്പ്രസ്' എത്തി നിന്നത്.  മറ്റൊരു മലമുകളിലെ സെന്റ് ആൻഡ്രൂസ് പള്ളിയിലാണ്. ശില്പസുന്ദരമായ ഈ പള്ളിയുടെ അങ്കണവും നഗരക്കാഴ്ചകൾ കാണാൻ ഉത്തമമാണ്. സെന്റ് വെളോഡോമിർസ് ചർച്ച്, മനോഹരമായ തെരുവുകൾ, പാർക്കുകൾ എന്നിവയും കടന്ന്, 'പീപ്പിൾ  ഫ്രണ്ട്ഷിപ്പ് ആർച്ചി'ന്റെ മുന്നിലെത്തി. 

പീപ്പിൾ ഫ്രണ്ട്ഷിപ് ആർച്ച് 

മഴവില്ലുപോലെ നിർമിച്ചിരിക്കുന്ന ഒരു ആർച്ചാണിത്. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ സ്മരണക്കായി സോവിയറ്റ് യൂണിയന്റെ കാലത്ത് നിർമിക്കപ്പെട്ടതാണിത്. ഉക്രെയ്ൻ സ്വതന്ത്രരാജ്യമായതിനു ശേഷവും ആർച്ച് നോക്കുകുത്തിപോലെ നിലനിൽക്കുന്നു. പക്ഷേ, കാഴ്ചയിൽ കൗതുകമുണർത്തുന്ന നിർമിതി തന്നെയാണിത്. രണ്ടു ദിവസങ്ങളിലായി അനസ്‌തേസ്യയോടൊപ്പം കീവ് നഗരം മുഴുവൻ കണ്ടുതീർത്തു.

കണക്കു ചോദിക്കാതെ, പ്രതിഫലവും വാങ്ങി അവൾ യാത്ര പറഞ്ഞു പിരിഞ്ഞു. തിരികെ ഷാർജ വഴിയാണ് കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റ്. അപ്പോഴേക്കും കേരളത്തിൽ പ്രളയജലം ഒഴുകി എത്തിയിരുന്നു. കൊച്ചി വിമാനത്താവളം അടച്ചെന്ന് വീട്ടിൽ നിന്ന് അറിയിപ്പു വന്നു. ഷാർജ വരെ പരിക്കില്ലാതെ എത്തി. പക്ഷേ ഷാർജ എയർപോർട്ടിൽ ഒരു ദിവസം തടവുകാരനെപ്പോലെ കഴിയേണ്ടി വന്നു. പിറ്റേന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. വെള്ളത്തിൽ മുങ്ങിയ കേരളത്തിലേക്കായിരുന്നു മടങ്ങി വരവ്...!

(അവസാനിച്ചു)