സ്വപ്ന സുന്ദര മനോഹര പ്രകൃതിയാൽ സമ്പന്നമാണ് സ്വിറ്റ്സർലൻഡ്. അതുപോലെ തന്നെ ലോകത്തിലെ തന്നെ വളരെ ചിലവേറിയ  രാജ്യവുമാണിത്.  വ്യക്തമായ പ്ലാനിങ്ങോടുകൂടി കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ചെലവ് ചുരുക്കി ഇവിടം സന്ദർശിക്കാം. 

താമസം തിരഞ്ഞെടുക്കുമ്പോൾ

സ്വിറ്റ്സർലൻഡിലെ ഒരുവിധം പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ ഉൾപ്പെടുത്തി യാത്ര ചെയ്യുവാനായി, കുറഞ്ഞത് രണ്ടു സ്ഥലത്തെങ്കിലും താമസിക്കേണ്ടിവരും.  അതിനു പറ്റിയ രണ്ടു സ്ഥലങ്ങളാണ് ലൂസേൺ പരിസരവും ഇന്റർലേക്കൻ പരിസരവും. യാത്രസൗകര്യത്തിന് അനുയോജ്യമായ താമസയിടങ്ങൾ തെരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. സീസൺ സമയങ്ങളിൽ, താമസ സ്ഥലത്തിന് ചിലവ് കൂടും എന്നുമാത്രമല്ല സൗകര്യത്തിന് ഒത്തുള്ളവ കിട്ടാനും പ്രയാസമാകും.

പൊതു ഗതാഗത സംവിധാനം

ലോകത്തിലെതന്നെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള  രാജ്യമാണ് സ്വിറ്റ്സർലൻഡ്. അതുകൊണ്ടുതന്നെ ഒരു വിധത്തിലുള്ള ടൂർ ബുക്കിങ്ങുകളുടെയോ, ടാക്സികളോ കൂടാതെതന്നെ ഒരു വിധം എല്ലാ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലും എത്തിപ്പെടാൻ സാധിക്കും. യാത്ര ചെയ്യുന്ന ദിവസങ്ങള്‍ അനുസരിച്ച് “സ്വിസ്-പാസ്” എടുക്കുന്നതിലൂടെ, എല്ലാ പൊതു ഗതാഗതങ്ങളും സുഗമമായി ഉപയോഗിക്കാം.

സ്വിസ്-പാസ് യാത്രക്ക് മുന്നേ ഓൺലൈൻ ആയോ അല്ലെങ്കിൽ എയർപോർട്ടിലെ കൗണ്ടറിൽ നിന്നോ, റെയിൽവേ സ്റ്റേഷന്‍ കൗണ്ടറിൽ നിന്നോ തരപ്പെടുത്താവുന്നതാണ്. ഒരു കാര്യം പ്രേത്യേകം ഓർക്കണം. ചില സ്ഥലങ്ങളിലേക്കുള്ള െട്രയിനുകൾക്കും, കേബിൾ കാറുകൾക്കും, സ്വിസ് പാസ് ഉണ്ടെങ്കിലും പൂർണമായും സൗജന്യമായിരിക്കില്ല. എന്നിരുന്നാലും സ്വിസ് പാസ് ഉണ്ടെങ്കിൽ 25%-50% വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കും. സ്വിസ്-പാസി ന്റെ കൂടെ കിട്ടുന്ന റൂട്ട് മാപ്പിൽ എല്ലാം വ്യക്തമായി അടയാളെപ്പടുത്തിയിട്ടുണ്ടാവും. മാപ്പ് നോക്കി പോകുന്ന റൂട്ട് ഫ്രീ ആണോ, അതോ ഡിസ്‌കൗണ്ട് കിട്ടുന്നതാണോ എന്ന് ഉറപ്പു വരുത്തി യാത്ര ചെയ്യാം.സ്വിസ് പാസിന്റെ വിലയും വിശദ വിവരങ്ങൾ സ്വിസ് റെയിൽവേ വെബ്‌സൈറ്റിൽ ഉണ്ട്.

കാണേണ്ട കാര്യങ്ങൾ

സ്വിറ്റ്സർലാൻഡിലേക്കുള്ള യാത്രയിൽ  വളരെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മാത്രം സന്ദർശിക്കാനായി കുറഞ്ഞത്  5 ദിവസമെങ്കിലും വേണം. സ്വിറ്റ്സർലൻഡിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കണമെങ്കിൽ, ഗ്രാമപ്രദേശങ്ങളിലേക്കു പോകണം. ഒരു ദിവസം ഒരു കാർ വാടകക്ക് എടുത്ത്, ഒരു ഉൾനാടൻ ഗ്രാമത്തിലേക്കുള്ള ഡ്രൈവിങ്  ഒരിക്കലും  നഷ്ടമാവില്ല. സുന്ദരകാഴ്ചകൾ നിറഞ്ഞ ഗ്രാമങ്ങളിലൂടെയുള്ള നടത്തവും യാത്രയും ഇല്ലാതെ സ്വിസ് യാത്ര പൂർണതയിൽ എത്തിക്കാനാകില്ല. ഡ്രൈവ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ട്രാഫിക് നിയമങ്ങൾ പാലിക്കുക.

ലോകത്തിലെ തന്നെ കൂടിയ ട്രാഫിക് ഫൈൻ നിരക്കുകൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണിവിടം. നിയമലംഘനത്തിന് പിഴ ഇൗടാക്കിയാൽ അത് നമ്മുടെ ട്രിപ്പ് ബഡ്ജറ്റിന്റെ താളം തെറ്റിക്കും. സീസൺ സമയങ്ങളിൽ യാത്ര ചെയ്യുമ്പോൾ, എല്ലാ പ്രധാന സ്ഥലങ്ങളിലേക്കുമുള്ള സന്ദർശനത്തിനായി കുറച്ചു നേരത്തെ തന്നെ ഇറങ്ങാൻ നോക്കണം. തിരക്ക് ഒഴിവാക്കാൻ അത് മാത്രമേ മാർഗമുള്ളൂ. എല്ലാ സ്ഥലങ്ങളിലും വ്യക്തമായ ദിശാ ബോർഡുകളും, ഡീറ്റൈൽ മാപ്പുകളും ഉള്ളതിനാൽ യാതൊരു സംശയവും കൂടാതെ എല്ലാ സ്ഥലങ്ങളിലേക്കും സ്വസ്ഥമായി പോകാനും ആസ്വദിക്കാനും സാധിക്കും.

ഷോപ്പിങ്

യാത്രപോയാൽ ഷോപ്പിങ് നിർബന്ധമാണ്.  ഭൂരിഭാഗം സഞ്ചാരികളും യാത്രപോയയിടത്തെ ഒാർമക്കായി സാധനങ്ങൾ വാങ്ങികൂട്ടുക പതിവാണ്. യാത്രചെയ്യുന്നവർ മിക്കവരും ഷോപ്പിങ്പ്രേമികൾ കൂടിയാണ്. വ്യത്യസ്ത രുചിനിറച്ച വിഭവങ്ങള്‍ ഉൾപ്പടെ ആകര്‍ഷണമുള്ള സാധനങ്ങളോടും നോ പറയാറില്ല.സ്വിറ്റ്സർലൻഡ് യാത്രയിൽ ഭക്ഷണ സാധനങ്ങൾ വാങ്ങുവാൻ ഏറ്റവും പറ്റിയ സ്ഥലം “കൂപ്പ് (coop)” സൂപ്പർ മാർക്കറ്റുകളാണ്. ഇവരുടെ തന്നെ വലിയ സൂപ്പർ മാർക്കെറ്റുകളിൽ പോയാൽ കുറെ സുവനീറുകളും, ചോക്കലേറ്റുകളുമൊക്കെപുറത്തെ വിലയേക്കാളും കുറവിൽ വാങ്ങുവാൻ സാധിക്കും. നല്ല റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുക എന്നത് വളരെ ചെലവ് കൂടിയ ഒന്നാണ്. എന്ന് ഓർക്കുക. ആവശ്യമായവ ഇവിടെ നിന്നും വാങ്ങാം.

മൊത്തം എന്ത് ചെലവ് വരും‌.?

ചുരുക്കം പറഞ്ഞാൽ, യാത്ര ചെയ്യുന്ന സീസൺ, എത്ര ദിവസം, എങ്ങനത്തെ താമസം ഭക്ഷണം, എതൊക്കെ സ്ഥലങ്ങൾ കാണുന്നു, എന്തൊക്കെ വിനോദങ്ങൾ ചെയ്യുന്നു തുടങ്ങിയവ അനുസരിച്ച് ചെലവുകളിൽ മാറ്റം വരും.

4 ദിവസത്തെ യാത്രക്ക്, സ്വിസ പാസ് - 270CHF,(19500) ഹോസ്റ്റൽ 4 രാത്രിയിലേക്ക് - 150CHF(11000) മുതലും, ഭക്ഷണത്തിനും ബാക്കി ചിലവുകൾക്കും ഒരു 300CHF(22000) വേറെയും ചേർത്ത് ആകെ ഏകദേശം 720 CHF(52000) വരും ( ദിർഹത്തിൽ ഏകദേശം 2800 ദിർഹം. ഇന്ത്യൻ രൂപയിൽ ഒരു സ്ഥിരത ഇല്ലാത്തതുകൊണ്ട് പറയുന്നില്ല.). ഇതിനു പുറമെ വിമാന ടിക്കറ്റ് ചാർജും വരും.

വളരെ വൃത്തിയുള്ള, അന്തരീക്ഷവും മനോഹരമായ ഭൂപ്രകൃതിയും നിറഞ്ഞ ഇവിടം സ്വർഗമാണെന്നു തന്നെ പറയാം.