കാലിഫോർണിയയിലേക്കു പോകുന്ന ഉരു പണ്ട് ദുബായ് കടപ്പുറം വഴി തിരിച്ചു വിട്ട ഗഫൂറിക്കയെ ഓർമയില്ലേ? വിജയനും ദാസനും സ്വപ്നം കണ്ട അറബിനാട് കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാളികളുടെ സെക്കൻഡ് ഹോം ആയി മാറി.

ബസ് സ്റ്റോപ്പ് മുതൽ ബുർജ് ഖലീഫ വരെയുള്ള ഓരോ കെട്ടിടങ്ങളിലും ലക്ഷ്വറി തെളിഞ്ഞു നിൽക്കുന്നു. ബുർജിനു മുകളിൽ നിന്നു പകർത്തിയ ദുബായ് നഗരത്തിന്റെ ഫോട്ടോ, ആഡംബരത്തിന്റെ അവസാന വാക്കായ ലാസ് വെഗാസിനോടു കിടപിടിക്കുന്നു. സകല നിയന്ത്രണങ്ങളും പൊട്ടിച്ച് ഒരു സഞ്ചാരിയെ ആകർഷിക്കാൻ ഇതു മതിയല്ലോ. മൂന്നു ദിവസത്തെ യാത്രയ്ക്ക് മുപ്പതിനായിരം രൂപയോളമാണു ചെലവ്.

സിറ്റി ടൂർ, ഡെസേർട്ട് സഫാരി, ഷോപ്പിങ്, ഭക്ഷണം – ഇത്രയുമാണ് ദുബായ് യാത്രയിൽ സഞ്ചാരികളുടെ പ്രധാന ലക്ഷ്യം. വൈകിട്ട് അഞ്ചരയ്ക്ക് കേരളത്തിൽ നിന്നു വിമാനം കയറിയാൽ രാത്രി 8.40 ആകുമ്പോഴേക്കും ദുബായിൽ ഇറങ്ങാം. അന്നു രാത്രി വിഭവ സമൃദ്ധമായ അറേബ്യൻ അത്താഴം. ആദ്യ ദിനം രാവിലെ ബുർജ് ഖലീഫ കാണാനുള്ള യാത്ര. ലോകത്തിന്റെ നെറുകയോളം ഉയരത്തിൽ നിൽക്കുന്ന ബുർജിന്റെ കമനീയ സൗന്ദര്യം നേരിൽ കാണാൻ കഴിയുന്നതൊരു മഹാഭാഗ്യം തന്നെ. ഒരാഴ്ച നടന്നാലും കണ്ടു തീരാത്തത്ര കൗതുകങ്ങൾ ബുർജിലുണ്ട്.

സമയം കുറവായതിനാൽ ഉച്ചവരെ ആ മഹാസൗധത്തിനായി നീക്കി വയ്ക്കാം. ഉച്ച കഴിഞ്ഞ് ഗ്ലോബൽ വില്ലേജിലേക്കു നീങ്ങാം. പായ്കപ്പലിൽ കയറിയൊരു നഗരപ്രദക്ഷിണമാണ് അടുത്ത പരിപാടി. തടിയിൽ നിർമിച്ച പരമ്പരാഗത പായ്കപ്പലിൽ നഗരത്തിന്റെ ഭംഗി ആസ്വദിക്കാം. നിലാവിൽ കുളിച്ച് സ്വർണ നിറമണിയുന്ന ദുബായ് നഗരത്തിനു പകരം വയ്ക്കാനൊരു കാഴ്ച ഭൂമിയിൽ വേറെയില്ല. ദുബായിലെ വാസ്തു വിദ്യയുടെ അവസാന വാക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന കെട്ടിടമാണ് ഈ യാത്രയിലെ ബോണസ്. ഷെയ്ഖ് റാഷിദിന്റെ ജന്മഗൃഹം ദുബായിയുടെ സംസ്കാരത്തിന്റെ ഭാഗമാണ് ആ ബംഗ്ലാവ്.

സിറ്റി ടൂർ, ഡെസേർട്ട് സഫാരി, ബെല്ലി ഡാൻസ് – അടുത്ത പകലിന്റെ ഉന്മാദക്കാഴ്ചകൾ. അറേബ്യയുടെ പരമ്പരാഗത വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുള്ള സൂക്ക്, പായ്കപ്പൽ നിർമിക്കുന്ന യാഡുകൾ, ഷെയ്ഖ് സയിദിന്റെ വീട്, ഡൈവിങ് വില്ലേജ്, വിൻഡ് ടവർ ഹൗസ്, ദുബായ് മ്യൂസിയം, ജുമെയ്റ മോസ്ക്, ഗോൾഫ് കളിക്കളങ്ങൾ... കണ്ണുകൾ കാഴ്ചയുടെ പൂരപ്പറമ്പായി മാറാൻ ഇതൊക്കെ പോരേ?

മരുഭൂമികളുടെ ഉൾപ്രദേശങ്ങൾ കാണാതെ ദുബായ് യാത്ര സമ്പൂർണമാകുന്നില്ല. മണൽക്കൂനകൾക്കു മുകളിലൂടെ പാഞ്ഞു കയറി കുതിച്ചിറങ്ങുന്ന സഫാരി കാറുകളുടെ സാഹസികത ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും അനുഭവിച്ചറിയണം. ഇതുവരെ കണ്ടിട്ടുള്ളതിനെക്കാൾ നൂറിരട്ടി ഭംഗിയിലാണ് സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമിക്കുന്നതെന്നു നേരിൽ കണ്ടു ബോധ്യപ്പെടാനുള്ള യാത്രകൂടിയാണ് ദുബായ് ഡെസേർട്ട് സഫാരി. മരുഭൂമികളിലെ ക്യാംപുകളിൽ സുന്ദരികളായ അറേബ്യൻ നർത്തകിമാർ അവതരിപ്പിക്കുന്ന ബെല്ലി ഡാൻസുണ്ട്. വട്ടം കൂടിയിരിക്കുന്ന സന്ദർശകർക്കു നടുവിലാണ് അറേബ്യയുടെ തനതു നൃത്തമായ ബെല്ലി ഡാൻസ് അവതരിപ്പിക്കുക.

ബാക്കി നിൽക്കുന്നത് അബുദാബി സിറ്റി ടൂറാണ്. ഷോപ്പിങ്ങിലും നഗരത്തിന്റെ ആഡംബരങ്ങളിലും ചുറ്റിക്കറങ്ങാം. ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ കയറി പുതു പുത്തൻ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ സ്വന്തമാക്കാം. മനസ്സു നിറയെ ഓർമകളും ബാഗ് നിറയെ ദുബായിയുടെ സുഗന്ധമുള്ള കൗതുകങ്ങളുമായി നാട്ടിലേക്കു മടക്കം.

* ദുബായ് സന്ദർശനത്തിന് പറ്റിയ സമയം നവംബർ മുതൽ മാർച്ച് വരെയാണ്.

* ഏപ്രിൽ മുതൽ ഒക്ടോബർ വരെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ. ഇതിലൂടെ ഓഫ് സീസൺ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഓഫ് സീസൺ ആയതിനാൽ തന്നെ ഹോട്ടലുകളിൽ താമസത്തിന്റെ നിരക്ക് താരതമ്യേന കുറവായിരിക്കും.

*പൊതുസ്ഥലത്ത് വച്ച് അനുവാദമില്ലാത്ത ഫോട്ടോ പകർത്തുക, (പ്രത്യേകിച്ച് സ്ത്രീകളുടെ) കുട്ടികളുടെ തലയിൽ തൊട്ടു തലോടുക തുടങ്ങിയവ ശിക്ഷാർഹമായ കുറ്റമാണ്. യാത്രയ്ക്ക് മുൻപ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കി വയ്ക്കുക.