ആധുനികതയുടെ സ്പർശം തീരെയില്ലാത്ത പ്രകൃതിയുടെ നാടൻ  കാഴ്ചകളാണ് കംബോഡിയ ലോകത്തിനു മുന്നിൽ തുറന്നിടുന്നത്. കംബോഡിയയിലെ ക്രാതി ടൗൺ, കിഴക്കിന്റെ വന്യ സൗന്ദര്യമെന്നു സഞ്ചാരികൾ വിളിക്കുന്ന സ്ഥലം. കാംപോങ് ഷാമിന് അപ്പുറമുള്ള വഴി കുണ്ടും കുഴികളും നിറഞ്ഞതാണ്.

എങ്കിലും ആ റോഡിലൂടെയുള്ള യാത്ര ടൂറിസ്റ്റുകളുടെ മനസ്സ് മടുപ്പിക്കില്ല. കാരണം, പുറംലോകത്തിന്റെ സ്പർശമില്ലാത്ത, ആധുനികതയുടെ കടന്നു കയറ്റമില്ലാത്ത നാടൻ കാഴ്ചകളാണ് കംബോഡിയയെ വ്യത്യസ്തമാക്കുന്നത്. അതിൽത്തന്നെ കോങ് ട്രോങ് നദിയുടെ പവിത്ര ചൈതന്യമാണ് വിശിഷ്ടം.  വലിയ ആമകളുടെ സാന്നിധ്യമാണ് കോങ് ട്രോങ് നദിയെ ടൂറിസം ഭൂപടത്തിൽ എത്തിച്ചത്. ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. ഇന്ത്യൻ പൗരന്മാർക്ക് മുപ്പതു ദിവസത്തേക്ക് വീസ നൽകുന്ന രാജ്യമാണിത്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിലിടമുള്ള അങ്കോർവാത് ക്ഷേത്രത്തിലാണ് കംബോഡിയയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. 

ക്രാതിയിലെ സൂര്യാസ്തമയം

നോം പെനിന്റെ കിഴക്കു – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പട്ടണമാണ് ക്രാതി. മെകോങ് നദിയെ അഭിമുഖീകരിച്ച് നിൽക്കുന്ന പട്ടണത്തിൽ നല്ല ഭക്ഷണം കിട്ടുന്ന റസ്റ്ററന്റുകളും ഹോട്ടലുകളുമുണ്ട്. ഇലപൊഴിഞ്ഞ മരത്തിന്റെ ചില്ലയിൽ നിന്നു ചുവന്നു തുടുത്ത പഴം ഭൂമിയിലേക്ക് അലിഞ്ഞിറങ്ങുന്ന പോലെയാണ് ക്രാതിയിലെ സൂര്യാസ്തമയം. അതു കാണാനായി ആയിരക്കണക്കിനാളുകൾ ക്രാതിയിൽ എത്തുന്നു. എല്ലായ്പ്പോഴും ആകാശം നിറഞ്ഞു നിൽക്കുന്ന നീലിമയാർന്ന മേഘങ്ങൾ കംബോഡിയയുടെ പ്രത്യേകതയാണ്. ആകാശത്തിന്റെ മേഘവർണങ്ങൾക്കു കീഴെ ഫ്രഞ്ച് കൊളോണിയൽ കാലഘട്ടത്തിന്റെ സ്മരണകളുമായി നൂറു കണക്കിനു വീടുകളുണ്ട്. മരത്തടികളിൽ നിർമിച്ച ചുമരുകളോടെ കേടുപാടുകളില്ലാതെ ഉയർന്നു നിൽക്കുന്ന മന്ദിരങ്ങൾ വലിയൊരു ചരിത്രത്തിന്റെ കഥ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമിച്ച ‘വാട് റോക് കൻഡാൽ’ എന്ന ക്ഷേത്രം ഇക്കൂട്ടത്തിൽ മികച്ച നിർമിതിയാണ്.

കംബോ‍ഡിയയുടെ പൈതൃക സ്വത്തായ വലിയ ആമകളെ കണ്ടാസ്വദിക്കാൻ പറ്റിയ സ്ഥലം കോങ് ട്രോങ് എന്ന ദ്വീപാണ്. പുറം തോടുകൾക്ക് ബലമില്ലാത്ത വലിയ ആമകൾ തീരം നിറഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന ദൃശ്യം ലോകത്തു മറ്റെവിടെയും കാണാനാവില്ല. ആകാശച്ചെരിവോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും പഴത്തോട്ടങ്ങളും ക്യാമറകൾക്ക് വിരുന്നൂട്ടുന്നു.  കംബോഡിയയിൽ എത്തുന്നവർക്കു താമസിക്കാൻ ക്രാതിയിൽ നിരവധി ഹോം േസ്റ്റകളുണ്ട്. എൻജിഒ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഹോം സ്റ്റേകളിൽ താമസിക്കുന്നവർക്ക് നഗര പ്രദക്ഷിണം നടത്താനായി സൈക്കിൾ വാടകയ്ക്കു ലഭിക്കും. കാളവണ്ടികളാണ് നാട്ടിൻപുറങ്ങളിലൂടെ യാത്ര ചെയ്യാനുള്ള മറ്റൊരു വാഹനം. ദ്വീപിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് വിയറ്റ്നാമീസ് വാസ്തുശൈലിയിലുള്ള ഒരു ക്ഷേത്രമുണ്ട്.

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര ശരീര വേദന ഉണ്ടാക്കുമെങ്കിലും ക്രാതിയുടെ പ്രകൃതിഭംഗിയിൽ മറ്റെല്ലാ കഷ്ടപ്പാടുകളും മറക്കും. ഡോൾഫിനുകളെ കാണാനുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. മീൻപിടിത്ത ഗ്രാമമായ ക്രാംപിയിൽ നിന്നാണ് ബോട്ട് പുറപ്പെടുക. കിറിറോം ദേശീയോദ്യാനത്തിൽ പൈൻ മരങ്ങൾ നിറഞ്ഞ ഒരു മലയുണ്ട്. തണുത്ത കാറ്റു വീശുന്ന മലയും താഴ്‌വരയും ഏതൊരു സ‍ഞ്ചാരിയുടെയും മനസ്സിൽ പ്രണയമുണർത്തും.

അറിയാം

തലസ്ഥാനം: നോം പെൻ

കറൻസി: കംബോഡിയൻ റീൽ

സീസൺ: മേയ്– ഒക്ടോബർ

വീസ:  കംബോഡിയയിലേക്ക് ഇന്ത്യക്കാർക്ക് മുൻകൂർ വീസ ആവശ്യമില്ല. വീസ ഓൺ അറൈവൽ വഴി 30 ദിവസം വരെ താമസിക്കാം. പാസ്പോർട്ടിന് മിനിമം ആറുമാസം വാലിഡിറ്റി ഉണ്ടായിരിക്കണം.