വലിയ ജീവിതച്ചെലവുകൾക്കിടയിൽനിന്നു മിച്ചം പിടിച്ച പണം കൊണ്ട് ആഗ്രഹിക്കുന്നയിടത്തേക്കു യാത്ര പോകുന്നവരാണ്  ഭൂരിപക്ഷവും. യാത്ര കഴിഞ്ഞു തിരികെയെത്തുമ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ തുക മിക്കവാറും ചെലവായിക്കാണും. അങ്ങനെ വന്നാൽ പലരുടെയും വാർഷിക ബജറ്റിൽ  താളംതെറ്റലുകളുമുണ്ടാകും. മനോഹരമായ കാഴ്ചകൾ കണ്ട്‌, പണവും മിച്ചംപിടിച്ചു തിരികെ വരാൻ കഴിയുന്ന കുറച്ചു രാജ്യങ്ങളുണ്ട്. വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന ആറു രാജ്യങ്ങളിതാ.

ഇന്ത്യ

നിറയെ കാഴ്ചകൾ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന അതിസുന്ദരമായ നാടാണ് നമ്മുടേത്. കടലുകളും തടാകങ്ങളും കായലുകളും പുഴകളും പർവതങ്ങളും മരുഭൂമികളും തുടങ്ങി വർണവൈവിധ്യമാർന്ന നിരവധിയിടങ്ങളുണ്ട്  ഇവിടെ.

ഒന്നു ചുറ്റിനടന്നു കാണാനിറങ്ങിയാൽ സഞ്ചാരികളെ വിസ്‍മയിപ്പിക്കാൻ തക്കശേഷിയുണ്ട് നമ്മുടെ നാടിന്. ചെലവ് വളരെ തുച്ഛമാണ്. കുറഞ്ഞ നിരക്കിൽ  താമസവും ഭക്ഷണവും  കിട്ടുമെന്നതുകൊണ്ടു തന്നെ യാത്ര കഴിഞ്ഞെത്തുമ്പോൾ പോക്കറ്റ് കാലിയാകില്ല.

സ്പെയിൻ

ചെലവിന്റെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്പെയിൻ. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് വളരെ കുറവുള്ള ഒരു  രാജ്യമാണിത്‌. കൂടാതെ മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു.

വയറു നിറയെ ഭക്ഷണം കഴിക്കാൻ 10 - 15 ഡോളർ മാത്രമാണ് സ്പെയിനിലെ ചെലവ്. ബീയറിന് സൂപ്പർമാർക്കറ്റിൽ ഒരു ഡോളറും വൈനിനു ബാറുകളിൽ അഞ്ചു ഡോളറും മാത്രമാണ് നിരക്ക്. നല്ലതുപോലെ ഭക്ഷണം കഴിച്ചും കുടിച്ചും സ്പെയിനിന്റെ മനോഹാരിത കണ്ടു മടങ്ങുമ്പോഴും പോക്കറ്റ് കാലിയാകില്ല എന്നത് ഉറപ്പ്.

മെക്സിക്കോ

വൈവിധ്യമാർന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്സിക്കോയിലെ പ്രധാനാകർഷണങ്ങൾ. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവിൽ സന്ദർശിക്കാൻ കഴിയുന്നൊരു നാട്. ഒരു യു എസ് ഡോളറിന് പകരമായി 19 'പെസോ' ലഭിക്കും.

മെക്സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുൻപ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്തു ഇവിടം സന്ദർശിച്ചാൽ ചിലപ്പോൾ പോക്കറ്റ് കാലിയാകാൻ സാധ്യതയുണ്ട്. അന്നേരങ്ങളിൽ ധാരാളം വിദേശികൾ മെക്സിക്കോ സന്ദർശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസൺ ആരംഭിക്കുന്നതും. അന്നേരങ്ങളിൽ മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറിൽ. ഹോട്ടൽ മുറികെളല്ലാം നേരത്തെ തന്നെ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ളതുകൊണ്ടു തന്നെ സീസണിൽ മെക്സിക്കോ സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതം.

കൊളംബിയ

വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ജനങ്ങളും പച്ചപ്പിന്റെ സൗന്ദര്യം വാരിപ്പൂശി നിൽക്കുന്ന വനങ്ങളും ശ്വസിക്കുന്ന വായുവിനെ പോലും തന്റെ അഭൗമായ സൗന്ദര്യത്താൽ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഢിയുമെല്ലാം സംഗമിക്കുന്ന ഭൂമിയാണ് കൊളംബിയ. മിക്ക സഞ്ചാരികളുടെയും സ്വപ്നമായിരിക്കും കൊളംബിയ സന്ദർശിക്കുകയെന്നത്.

താമസത്തിനും ഭക്ഷണത്തിനും ചെറുഷോപ്പിങ്ങുകൾക്കുമൊക്കെ ചെലവ് വളരെ കുറവായതു കൊണ്ട് തന്നെ ആ നാട്ടിലേക്കുള്ള സന്ദർശനം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. പെസോ തന്നെയാണ് ഇന്നാട്ടിലെയും നാണയം. ഒരു യു എസ് ഡോളറിന് പകരമായി ഏകദേശം 3000 പെസോ ലഭിക്കും.

കടൽ മൽസ്യങ്ങൾ നിറഞ്ഞ മീൻവിഭവങ്ങൾ ബീച്ചിനടുത്തുള്ള റെസ്റ്റോറന്റുകളിൽ നിന്നും ലഭിക്കും. വിലയേറെ കുറവും രുചിയിലേറെ മുമ്പിലുമാണ് ഇത്തരം വിഭവങ്ങൾ. സ്പാനിഷ് രീതിയിൽ നിർമിച്ചിട്ടുള്ള മനോഹരമായ ഗസ്റ്റ് ഹൗസുകളിലെ താമസത്തിനു 30 ഡോളറിനടുത്തു ചെലവ് വരും. സ്കൂബ ഡൈവ് ചെയ്യുന്നതിന് താൽപര്യമുള്ളവർക്ക് ഇതിനുള്ള സൗകര്യങ്ങളുണ്ട്. സിയുഡാഡ് പെരിഡിഡ ട്രെക്കും സലേൻറ്റൊയിലേക്കുള്ള കോഫി ടൂറും കൊളംബിയയിലെത്തുന്ന സഞ്ചാരികൾക്ക് പുത്തനനുഭവങ്ങൾ സമ്മാനിക്കും. 

ഇറാൻ

മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പൊതുവെ ചെലവു കുറഞ്ഞതാണ്. നിസ്സാരമായ തുക മതിയാകും  ഇറാൻ പോലൊരു രാജ്യം സന്ദർശിക്കാൻ. മികച്ച ഭക്ഷണവും നല്ല താമസ സൗകര്യവുമെല്ലാം കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നത്  ഇറാന്റെ ഏറ്റവും വലിയ സവിശേഷതയാണ്. 

അത്യാഡംബരം നിറഞ്ഞ  ഹോട്ടലിൽ താമസിച്ചാലും വില കൂടിയ ഭക്ഷണം കഴിച്ചാലുമൊക്കെ പ്രതീക്ഷിക്കുന്നത്രയും ചെലവ് വരില്ലെന്നതാണ് ഇറാൻ സന്ദർശനത്തിലെ പ്രധാന നേട്ടം.

ജപ്പാൻ

കൈയിലുള്ള പണത്തിനനുസരിച്ചു സൗകര്യങ്ങൾ തെരഞ്ഞെടുത്തു യാത്ര ചെയ്യാൻ പറ്റിയയിടമാണ് ജപ്പാൻ. ആഡംബരപൂർവം താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താൽ തീർത്തും പാപ്പരായി തിരികെയെത്തിക്കാനും ചെലവു കുറച്ച് യാത്ര ചെയ്താൽ പോക്കറ്റ് കാലിയാകാതെ സന്തോഷത്തോടെ യാത്ര പൂർത്തിയാക്കാനും സഹായിക്കുന്ന ഒരു രാജ്യമാണിത്.

നമ്മുടെ കൈയിലുള്ള പണത്തിനനുസരിച്ചു യാത്ര ചെയ്യുന്നതാണ് യാത്രകളെ മധുരതരമാക്കാൻ ഏറ്റവും ഉചിതമായ മാർഗം. അതുകൊണ്ടു തന്നെ അങ്ങനെയുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നതാണ് മനഃസുഖത്തിനും നല്ലത്.