ന്യൂയോർക്ക് നഗരത്തിലെ വാഷിങ്ടൻ സ്ക്വയർ പാർക്കിൽ നിലയ്ക്കാത്ത ദോശ മണം. വഴിയോരത്തെ തട്ടുകടയിൽ പളനി സ്വാമി തിരുകുമാർ തട്ടുദോശ മുതൽ മസാലദോശ വരെ ചുട്ടെടുക്കുന്നു. ചൂടു ദോശ ചട്നി കൂട്ടി ദോശക്കൊതിയൻമാർ തട്ടുന്നു. ബർഗറും ഹോട്ട് ഡോഗും ചിലപ്പോഴൊക്കെ കബാബും അടക്കിവാഴുന്ന ന്യൂയോർക്കിൽ അപൂർവ കാഴ്ച. അമേരിക്കനും യൂറോപ്യനും മെക്സിക്കനും അഫ്ഗാനിയുെമാക്കെ രുചികളായി വാഴുന്ന ന്യൂയോർക്കിലെ തട്ടുകടകളിൽ ദോശയെങ്ങനെയെത്തി? പളനി സ്വാമി ആ കഥ പറയും.

‘മുത്തശ്ശിയാണ് ഗുരു. മുത്തശ്ശിയുടെ പാചകക്കുറിപ്പുകളാണ് പലതരം ദോശകളായി മാറിയത്. അമേരിക്കയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ചെറിയ ഭേദഗതികൾ വരുത്തിയെന്നു മാത്രം. എല്ലാ ദോശകളും പ്രിയങ്കരമെങ്കിലും മസാലദോശയ്ക്കാണ് ഏറെ ഡിമാൻഡ്’ – പളനി സ്വാമി പറയുന്നു.

ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണത്തിന് നോൺ വെജിറ്റേറിയൻ നഗരമായ ന്യൂയോർക്കിലും പ്രീതി കുറവില്ല. ഉരുളക്കിഴങ്ങും പച്ചക്കറികളും ഇലക്കറികളും ചേരുന്ന ദോശ ഹെൽത്തി ഫുഡ് എന്ന രീതിയിലാണ് പൊതുവേ സ്വീകരിക്കപ്പെടുന്നത്. ക്രിസ്പിയായ മസാലദോശ മധ്യത്തിൽ രണ്ടായി മുറിച്ച് നാലു തരം ചട്നികളുമൊഴിച്ച് നീട്ടിയാൽ നാവിൽ വെള്ളമൂറും. ഈ സാധ്യതയാണ് തട്ടുദോശക്കടയായി ജനിച്ചത്. 

അമേരിക്കയിൽ ദോശക്കട തുടങ്ങിയതിെന്റ പതിനെട്ടാം കൊല്ലത്തിലാണ് ഈ ശ്രീലങ്കൻ തമിഴ് വംശജൻ. 25 കൊല്ലമായി അമേരിക്കയിൽ കുടിയേറിയിട്ട്. ആദ്യ കാലത്ത് ചെയ്യാത്ത ജോലികളില്ല. വാർക്കപ്പണിക്കാരനായും പെട്രോൾ പമ്പ് ജീവനക്കാരനായുമൊക്കെ ജോലി ചെയ്ത ശേഷമാണ് തട്ടുകടയ്ക്ക് െെലസൻസ് കിട്ടുന്നത്. 13000 ഡോളർ മുടക്കി. അത്രനാളത്തെ സമ്പാദ്യവും ബാങ്ക് ലോണും കൊണ്ടാണ് തുടക്കം. കഠിനാധ്വാനം വിജയ രഹസ്യം. വെയിലത്തും മഞ്ഞത്തും പളനി സ്വാമിക്കു മുടക്കമില്ല.

തിരക്കിെൻറ നഗരമാണ് ന്യൂയോർക്ക്. ഇവരൊക്കെ എങ്ങോട്ടാണു പായുന്നതെന്നു സംശയം തോന്നിപ്പിക്കുന്ന തരത്തിൽ ഒഴുകി നീങ്ങുന്ന പുരുഷാരം. പെൻ സ്റ്റേഷനെന്ന മുഖ്യ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെറുതെയങ്ങു നിന്നാൽ മതി. ജനം മുന്നോട്ടു നയിച്ച് എട്ടാം അവന്യുവിലോ ഏഴാം അവന്യുവിലോ മറ്റേതെങ്കിലും നിരത്തിലോ കൊണ്ടെത്തിക്കും. രാവിലെയും െെവകിട്ടും തിരക്കിനൊപ്പം നീങ്ങാനേ പറ്റൂ. നിൽക്കാൻ പറ്റില്ല. ഈ തിരക്കാണ് ന്യൂയോർക്കിലെ തട്ടുകടകൾക്ക് പ്രസക്തിയുണ്ടാക്കുന്നത്. ജോലിക്കു പോകുമ്പോഴോ കഴിഞ്ഞു വരുമ്പോഴോ വഴിയിൽനിന്നു കിട്ടുന്നതെന്തെങ്കിലും വാങ്ങിക്കഴിക്കുക. നിൽക്കാൻ നേരമില്ല, പെട്ടെന്നു വാങ്ങി നടന്നു കൊണ്ടാണ് കഴിപ്പ്. ഈയൊരു സ്വഭാവ വിശേഷം കൊണ്ടാവണം ഫുഡ് ട്രക്കുകളും ചെറിയ തള്ളുവണ്ടികളും ന്യൂയോർക്കിൽ പെരുകിയത്. പളനി സ്വാമിയുടെ ‘എൻ െെവ ദോശാസ്’ എന്ന തള്ളുവണ്ടിയുടെ പ്രസക്തിയും ഇതു തന്നെ.

ദോശ, ഊത്തപ്പം, ബോണ്ട, ഇഡ്ഡലി എന്നിവയ്ക്കു പുറമെ സിംഗപ്പൂർ നൂഡിൽസ് എന്ന വിഭവവുമുണ്ട്. പുതുച്ചേരി, ജാഫ്ന സ്പെഷൽ എന്നറിയപ്പെടുന്ന മീലുകളാണ് ഏറ്റവുമധികം വിൽക്കുന്നത്. ഏതാണ്ട് എല്ലാ വിഭവങ്ങള്‍ക്കും വില 8 ഡോളർ (ഏകദേശം 480 രൂപ). ചില വിഭവങ്ങൾക്ക് 9 ഡോളർ. പൊതുവേ ന്യൂയോർക്ക് വില വച്ച് കൂടുതലല്ല. നല്ലൊരു ബർഗറിനൊപ്പം വില. റസ്റ്ററന്റിൽപ്പോയാൽ 35–40 ഡോളർ വരെ കൊടുക്കേണ്ടി വരും. തട്ടുദോശയ്ക്കൊപ്പം ഒാംലറ്റ് കഴിച്ചു ശീലിച്ചവർക്ക് നിരാശപ്പെടേണ്ടി വരും. മുട്ടയും പാലും ചേർന്നതൊന്നും ഇവിടില്ല. അങ്ങനെ വേഗനിസത്തെ പിന്തുണയ്ക്കുന്നു.

ശുദ്ധമായ, ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിലാണ് ആത്മസംതൃപ്തിയെന്ന് പളനി സ്വാമി. അമേരിക്കയിൽച്ചെന്ന് ബർഗറും സ്റ്റേക്കുമൊക്കെ തിന്നു മടുത്ത് ഒരു ദോശ കഴിക്കണമെന്ന് ആശയുണ്ടായാൽ സന്ദർശിക്കുക- എൻ െെവ ദോശാസ് കാർട്ട്, 50 വാഷിങ്ടൻ സ്ക്വയർ പാർക്ക്, 10012. 

പെൻ സ്റ്റേഷനിൽനിന്ന് 15 മിനിറ്റ് യാത്ര. ഇറങ്ങേണ്ട സ്റ്റേഷൻ ക്രിസ്റ്റഫർ സ്ട്രീറ്റ്.