സൂറിക്∙ ഗ്രൂപ്പ് ടൂർ എന്നൊക്കെ കേട്ടാൽ അങ്ങേയറ്റം ഒരു നൂറ്, 150 എന്നാണല്ലോ ഒരിത്. എന്നാൽ 4000 പേർ ഒരുമിച്ചു ചൈനയിൽ നിന്നും ഈ ദിവസങ്ങളിൽ സ്വിറ്റ്സർലൻഡ് കാണാൻ ഇറങ്ങിയിരിക്കുകയാണ്. ഈ 4000 പേർ തിരിച്ചു ചെന്നാൽ ചൈനയിൽ നിന്ന് അടുത്ത 4000 വരും. പിന്നെയും ഒരു 4000 കൂടി വരാനിരിക്കുന്നു. നാലായിരത്തിന്റെ മൂന്നു ഗ്രൂപ്പുകളിലായി എത്തുന്നത് 12000 ചൈനക്കാരാണ്.

95 ബസ്സുകളിലാണ് കറക്കം. 30 പേർക്ക് ഒരു ഗൈഡ്, 45 പേർക്ക് ഒരു ഡ്രൈവർ എന്ന കണക്കിൽ ഓരോയിടത്തും ഒറ്റയടിക്ക് വന്നിറങ്ങുന്നത് 4250 ഓളം പേരാണ്. ട്രാഫിക്ക്, പാർക്കിങ് മറ്റു സൗകര്യങ്ങൾ എല്ലാം ഒരുക്കി ഒരു പരാതിക്കും ഇടയാക്കാതെ കൊണ്ടു നടക്കുന്നത് സ്വിസ്സ് ടൂറിസത്തിന്റെ പ്രൊഫഷണലിസം. ആൽപ്‌സിലെ മൗണ്ട് ടിറ്റ്ലിസ്സ്, യൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ റൈൻ ഫാൾസ്, കൂടാതെ സൂറിക്, ലൂസേൺ, ബാസൽ സിറ്റികളുമാണ് ആറ് ദിവസ്സത്തെ പാക്കേജിലുള്ളത്.

ആന്റി ഏജിങ് പ്രൊഡക്ടുകളുടെ നിർമാതാക്കളായ ജെയുനെസ്സ് ഗ്ലോബലാണ് സകല ചിലവും എടുത്തു 12000 ചൈനക്കാരെ സ്വിറ്റ്സർലൻഡ് കാണിക്കുന്നത്. ടാർജറ്റ് പിടിച്ചാൽ സ്വിസ്സ് ടൂർ എന്ന ഓഫർ, കമ്പനി ചൈനയിലെ സെയിൽസ് ഏജന്റുകൾക്ക് മുന്നിൽ വെച്ചപ്പോൾ ഏറിയാൽ ഒരു 3000 പേർക്ക് സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. അതെല്ലാം തെറ്റിച്ചു 12000 പേരിൽ എത്തിയപ്പോൾ ടൂർ പ്രോഗ്രാം കമ്പനി അപ്പാടെ മാറ്റി മറിച്ചു. ടൂർ ചാർട്ടിന് അനുസരിച്ചു് വലിയ ഹാളുകൾ വാടകയ്ക്ക് എടുത്താണ് ഡിന്നറും, പാർട്ടികളും. സ്വിസ്സ് ഫുഡിനൊപ്പം, ഇവിടുത്തെ പാട്ടും, മേളവും.

അടുത്തകാലത്തായി ചൈനക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് സ്വിറ്റ്സർലൻഡ്. ഇവിടെ എത്തുന്ന വിദേശ ടൂറിസ്റ്റുകളിൽ ഏറ്റവും മുന്നിൽ ചൈനക്കാരാണ്. സാധാരണ 25 മുതൽ 80 വരെ പേർക്കായി ബിസിനസ്സ് കോൺഫറൻസ് മീറ്റിങ്ങുകൾ സംഘടിപ്പിക്കുമ്പോഴാണ് ഒറ്റയടിക്ക് 4000 പേർക്ക് വരെ ചൈനയും സ്വിറ്റ്സർലൻഡും വഴിയൊരുക്കുന്നത്. 2011 ൽ പല ഗ്രൂപ്പുകളിലായി 3500 പേർക്ക് ആംവേ ഇന്ത്യയും സ്വിസ്സ് ടൂറിന് അവസരം ഒരുക്കിയിരുന്നു.