ഏലിയൻസ് എന്ന ജെയിംസ് കാമറൂൺ ചിത്രം കണ്ടവരുണ്ടോ, അതുമല്ലെങ്കിൽ സ്റ്റീവൻ സ്പിൽസ്ബർഗിന്റെ ഇ ടി അന്യഗ്രഹത്തിൽ വരുന്ന ജീവികളുടെ അധിനിവേശങ്ങളുടെ കഥയാണ് ഇതൊക്കെയും. പലപ്പോഴും ഇത്തരം സിനിമകൾ കണ്ട് ഇത്തരം ജീവികൾ ഉണ്ടായിരിക്കുമോയെന്നും ഇവ ഭൂമിയിൽ മനുഷ്യരെ ആക്രമിക്കാൻ വന്നേക്കുമോ എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങൾ സാധാരണക്കാരുൾപ്പെടെ ചോദിക്കാറുണ്ട്. ഇതൊക്കെ സത്യമായിരിക്കുമോ? യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികൾ എന്നെങ്കിലും ഭൂമിയിൽ വരാൻ സാധ്യതയുണ്ടോ? അവർ നമ്മളിൽ അധിനിവേശം ഉറപ്പിക്കുമോ? മിക്കവരുടെയും ചോദ്യങ്ങളാണ്.

ഇന്ത്യയിൽ തന്നെ അങ്ങനെയൊരു സ്ഥലമുണ്ട്. ഇന്ത്യ-ചൈനീസ് അതിർത്തി പങ്കിടുന്ന കോങ്ക്ഗാ പാസ് എന്ന സ്ഥലത്ത് ഇത്തരത്തിലുള്ള അന്യഗ്രഹജീവികൾ പതിവായി വന്നെത്താറുണ്ടത്രെ! എന്നാൽ ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ ഇത് സത്യമാണെന്ന് തെളിയിക്കുന്ന കാരണങ്ങളോ ഇതുവരെ നിരത്താൻ ആരെക്കൊണ്ടും സാധിച്ചിട്ടില്ല. ഇവിടുത്തെ ഗ്രാമീണർ വിശ്വസിക്കുന്നത് ഈ സ്ഥലത്ത് അന്യഗ്രഹജീവികളുടെ വരവുണ്ടെന്നാണ്.

ഹിമാലയത്തിലാണ് കോങ്കോ പാസ്സ്. മഞ്ഞു കാലത്തിൽ വളരെ ശക്തിയിൽ മഞ്ഞു വീഴുന്ന ഒരിടമാണിത്. മഞ്ഞു കാലം തുടങ്ങിയാൽ മഞ്ഞു നിറഞ്ഞു വഴി അടഞ്ഞു പോവുകയും ചില വഴികളിലേക്കുള്ള യാത്രകൾ നിരോധിക്കുകയും ചെയ്യാറുണ്ട്. ഇക്കാലത്ത് ഇവിടേക്കുള്ള യാത്ര എളുപ്പമല്ല. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് കോങ്കോ പാസ്സിലേക്ക് വരാൻ ഏറ്റവും അനുയോജ്യം. തണുപ്പും മഞ്ഞും ഉണ്ടെങ്കിലും വലിയ ബുദ്ധിമുട്ട് ഇക്കാലത്ത് അനുഭവപ്പെടുന്നില്ല.

ലഡാക്കിലേക്കുള്ള ജമ്മു കാശ്മീരിൽ നിന്നുള്ള മലവഴിയാണ് കോങ്കോ പാസ്. ഇതുതന്നെയാണ് ഇന്ത്യയുടെ അതിർത്തിയും. ഇവിടം മുതൽ അങ്ങോട്ട് ചൈനയുടെ പ്രദേശങ്ങൾ തുടങ്ങും. 1962 ലെ ഇന്ത്യ- ചൈന യുദ്ധം ഇവിടെ വച്ചായിരുന്നതിനാൽ ചരിത്രത്തിൽ ഈ സ്ഥലത്തിന് വലിയ പ്രാധാന്യമുണ്ട്. അടുത്ത കാലത്ത് ഈ പ്രദേശം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഈ ചരിത്രപരമായ സവിശേഷതകൾ കൊണ്ടല്ല, മറിച്ച് ഇവിടെയുള്ള ഗ്രാമീണരും പല ഉദ്യോഗസ്ഥരും അന്യഗ്രഹജീവികൾ കണ്ടെന്ന വാർത്തകളിന്മേലാണ്. ഇപ്പോഴും ഈ സ്ഥലത്തെ പലയിടങ്ങളിലും ചെന്നെത്താൻ കഴിയാത്തതു പോലെ മഞ്ഞു മൂടിയും മലകളുടെ നിഗൂഢത കൊണ്ടും മറയ്ക്കപ്പെട്ടിരിക്കുന്നതു, അതുകൊണ്ടു തന്നെ ഇതൊക്കെ സത്യമാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. 

ഇവിടെ നിന്നും നിരവധി തവണ അന്യഗ്രഹജീവികളുടെ ചിത്രങ്ങൾ ലഭിച്ചെന്ന് പറയപ്പെടുന്നു. പാതിരാത്രിയിൽ അസാധാരണമായ വെളിച്ചം കണ്ടെന്നുള്ള അവകാശവാദങ്ങളുമുണ്ട്. അത് അന്യഗ്രഹജീവികൾ തന്നെ എന്നുറപ്പിച്ച് പറയാൻ തക്ക വിധത്തിലുള്ള ഒരു തെളിവും ഇതുവരെ ഗവേഷകർക്ക് ലഭിച്ചിട്ടില്ല. 

ഇത്രയും കേട്ടിട്ടും ഈ പ്രത്യേകതകൾ നിറഞ്ഞ മഞ്ഞു താഴ്‍‍വരയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വഴി പറഞ്ഞു തരാം.

ഇവിടെ നിന്നും 200 കിലോമീറ്റർ അകലെയുള്ള ലെ ആണ് അടുത്തുള്ള എയർപോർട്ട്. ഇവിടേക്കെത്താൻ കൃത്യമായ വഴികളോ ഒന്നും ഇല്ലാത്തതു കാരണം എയർപോർട്ടിൽ നിന്നും ഒരു ക്യാബ് എടുത്താൽ ഷിയോക്ക് വരെയെത്താം. അതിനു ശേഷം ട്രെക്കിങ്ങ് തന്നെ ശരണം. അവിടെ നിന്ന് 70  കിലോമീറ്റർ അപ്പുറമാണ് കോങ്കോ പാസ്. റോഡ് വഴി പോയാലും ഷിയോക്ക് വരെയുള്ള ബസിൽ കയറാം. ഇവിടെ ഇറങ്ങിയ ശേഷം കാൽനട യാത്ര തന്നെയാണ് കോങ്കോ പാസിൽ എത്താനുള്ള വഴി.