നിങ്ങളെന്താ ഈ പറയുന്നത്, പട്ടായയിലേക്കോ? അയ്യോ വേണ്ട. പെൺകുട്ടികൾക്ക് പോകാൻ പറ്റിയ സ്ഥലമല്ല.‌ നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ ഇമ്മാതിരി സ്ഥലങ്ങളെ പറ്റി ചിന്തിക്കുക പോലും ഇല്ല..... ഇനി അഥവാ പോകുന്നെങ്കിൽ കുടുംബവുമൊക്കെയായി ഭർത്താവിനെ ഒക്കെ കൂട്ടി പോയാൽ മതി.

തായ്‌ലൻഡിലേക്കാണ് യാത്രയെന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ മുതൽ നാല് വശത്തുനിന്നും കേട്ടുതുടങ്ങിയ ചോദ്യമാണ് പട്ടായയിൽ പോകുന്നുണ്ടോ എന്നുള്ളത്.  പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ കിട്ടിയ 90% മറുപടികളും ഏതാണ്ടീവിധമാണ്. പട്ടായക്കെന്താ കൊമ്പുണ്ടോ???? എന്നാ പിന്നെ അതൊന്നറിഞ്ഞിട്ട് തന്നെയുള്ളൂ. തായ്‌ലൻഡ് വരെ പോകുന്ന സ്ഥിതിക്ക് ഇനി പട്ടായ കൂടി കണ്ടിട്ടേ ഉള്ളൂ ബാക്കി എന്തും. അങ്ങനെ ബാക്കിയുള്ള 10% ന്റെ സപ്പോർട്ടുമായി ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ നേരേ പട്ടായയിലേക്ക് യാത്ര തിരിച്ചു. പട്ടായ കാമ-രതി കേളികളുടെ ഇടമാണെന്നും വോക്കിങ് സ്ട്രീറ്റാണ് അവിടുത്തെ മുഖ്യാകർഷണമെന്നുള്ള  പൊതുധാരണയോടെ തന്നെ യാത്രയ്ക്ക് തയാറായി.

സൗത്ത് പട്ടായയിൽ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും നടന്നുപോകാവുന്ന ദൂരത്തിലായിരുന്നു പെണ്ണുങ്ങൾ തനിച്ചു പോകരുതെന്ന് ഭൂരിഭാഗംപേരും വിലക്കിയ ആ വോക്കിങ് സ്ട്രീറ്റ്. ചെന്നെത്തിയത് ഒരു വൈകുന്നേരം ആയതുകൊണ്ട് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തശേഷം രാത്രി ഭക്ഷണം അല്പം നേരത്തേതന്നെ കഴിച്ചിട്ട പട്ടായയെപ്പറ്റി പറഞ്ഞുകേട്ട  അറിവുകളുടെ ഭണ്ഡാരവുമായി ഞങ്ങൾ സ്ട്രീറ്റ് ലക്ഷ്യമാക്കി നടന്നു. (പുറമെ വല്യ ധൈര്യമൊക്കെ കാണിച്ചുകൊണ്ടെങ്കിലും അത്യാവശ്യം ആകുലതകളും ജിജ്ഞാസയുമൊക്കെ ഉണ്ടായിരുന്നു എന്നതാണ് സത്യം.)

ഏതാണ്ടൊരഞ്ഞൂറു മീറ്റർ നടന്നപ്പോഴേ തുരുതുരെയായ് മസ്സാജിങ് പാർലറുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അല്പം അകലെയായി ചുവന്ന സീരിയൽ ബൾബുകളുടെ പ്രകാശവും. വലിയൊരു എൽ ഇ ഡി ബോർഡിൽ വോക്കിങ് സ്ട്രീറ്റ് എന്ന് എൻട്രൻസിൽ തന്നെ എഴുതിവെച്ചിരിക്കുന്നു. ആദ്യകാഴ്ചയിൽ എറണാകുളത്തെ ജ്യൂതത്തെരുവിനെയും കോഴിക്കോടിലെ  മിഠായിത്തെരുവിനെയും ഒക്കെ അനുസ്മരിപ്പിക്കും വിധമുള്ള സന്ദർശകജനബാഹുല്യത്തോടെ ദാ ചുവന്ന തെരുവ് ഞങ്ങളെ സ്വാഗതം ചെയ്തു. നല്ല തിരക്കുണ്ടായിരുന്നു.

'പ്രതീക്ഷിച്ചതിനേക്കാൾ വലുതായിരുന്നു അളയിൽ' എന്ന് പറഞ്ഞത് പോലെയായിരുന്നു മുന്നോട്ടുള്ള കാഴ്ചകൾ. തെരുവിനകത്തേക്ക് നടക്കുംതോറും എണ്ണമറ്റ ബാറുകളും നൃത്തശാലകളും അല്പവസ്ത്രധാരികളായ തരുണീമണികളും സ്ത്രീശരീരത്തിന് വിലപേശിക്കൊണ്ടും വിവിധ സെക്സ് ഷോകളിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും നിൽക്കുന്ന ബ്രോക്കർമാരും സന്ദർശകരും ചേർന്ന് ആകെയൊരു മേളം തന്നെയായിരുന്നു. കാഴ്ചയിൽ പണമുള്ളവരെന്നും ഒറ്റയ്‌ക്കെന്നും കാണാൻ തരക്കേടില്ലെന്നും ഒക്കെ തോന്നിപ്പിക്കുന്ന ആൾകുട്ടികളുടെ കയ്യിൽ പിടിച്ചുവലിച്ചും തോളിൽ തൂങ്ങിയും വശീകരിക്കുന്ന സുന്ദരിപെൺകുട്ടികളും റഷ്യനോ ഫിലിപ്പീനിയോ ചൈനീസോ തായ് പെൺകൊടിയോ? ഏതുവേണം? ഏത് പ്രായം വേണം? നിരനിരയായി നിന്നിരുന്ന പെൺകുട്ടികൾ എല്ലാം തന്നെ അല്പവസ്ത്രധാരികൾ ആയിരുന്നു. 

ഒരു പെൺകുട്ടിയാകട്ടെ തന്റെ വശീകരണത്തെ അതിജീവിച്ച് മുന്നോട്ട് നടന്ന സുമുഖനായ ഒരു ചറുപ്പക്കാരന്റെ പിന്നാലെ വീണ്ടും ഓടിച്ചെന്ന് അവന്റെ കയ്യെടുത്ത് അവളുടെ ശരീരമാസകലം തടവിച്ചുകൊണ്ട് പിന്നെയും പ്രലോഭിപ്പിക്കുന്നു. ചില ഡാൻസിങ് ബാറുകളുടെ മുന്നിലാണെങ്കിൽ, റോഡിലൂടെ നടന്നുപോകുന്നവർക്ക് വ്യക്തമായി കാണാനാവുന്ന വിധം സജ്ജീകരിച്ച ചില്ലിട്ട മുറിയിൽ അർദ്ധനഗ്നരായ പെൺകുട്ടികളെക്കൊണ്ട് ലൈവ് നൃത്തം ചെയ്യിച്ച് കൂടുതൽ ആളുകളെ അകത്തേക്ക് കടത്താനുള്ള അടവുകളും പ്രലോഭനപ്രകടനങ്ങളും നടക്കുന്നു. ‌

ഇതിനിടയിൽ സ്ട്രീറ്റ് മജിഷ്യൻമാർ, എങ്ങും ചുവന്ന വെളിച്ചം, സംഗീത-നൃത്ത-പാർട്ടികളും അരങ്ങേറുന്നു. (ഇതിനിടയ്ക്ക് ഒരു മുരട് ചേട്ടൻ വന്ന് അതിഭീകരമായ ചില പടങ്ങൾ കാണിച്ചിട്ട് ഒരുളുപ്പും ഇല്ലാതെ ചോദിക്കുവാ would you like to watch 'boy-girl fucking show' ന്ന്..... എന്റെ വല്ലാർപാടത്തമ്മേ ഈ ലോകത്ത് ഇങ്ങനെയും ഒരു ഷോ ഉണ്ടോ.... ചോദ്യം കേട്ട് കുറച്ച് നേരം തലയിലെ ബൾബ് അടിച്ചുപോയിട്ടോ.) അമ്പമ്പ.... പറഞ്ഞാൽ തീരില്ല കണ്ടതും കേട്ടതും. പൊതുനിരത്തിൽ ഇങ്ങനെയെങ്കിൽ അകത്തെന്തായിരിക്കും കാഴ്ചകൾ.... ചുമ്മാതല്ല മുൻപവിടെ പോയവരും പോകാത്തവരും കപടസദാചാരികളും അടക്കം സകലരും ഉപദേശിച്ചത് -  അയ്യോ അവിടെ പോകല്ലേന്ന്.

 എന്റെ പെൺസുഹൃത്തുക്കൾ അറിയണം

എന്റെ പെൺകുട്ടികളെ, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വോക്കിങ് സ്ട്രീറ്റിലെ സൽക്കാരശാലകളിൽ മുകളിൽ പറഞ്ഞതും അതിനപ്പുറവും ഒക്കെ നടക്കുന്നുണ്ടാകുമെങ്കിലും സെക്സുമായി ബന്ധപ്പെടുത്തി മാത്രം കാണേണ്ട ഒരു സ്ഥലമല്ല പട്ടായ. വോക്കിങ് സ്ട്രീറ്റ് പട്ടായയുടെ ഒരു മുഖം മാത്രമാണ്, ഒരു ചുവന്നതെരുവിന്റെ ആഘോഷരാവനുഭവം മാത്രം.

അതിനുമപ്പുറം, പട്ടായയിൽ നമുക്കൊക്കെ ആസ്വദിക്കാൻ പറ്റിയ ചിരപരിചിതമല്ലാത്ത വേറിട്ട ഒരുപാട് കാഴ്ചകൾ കൂടിയുണ്ട്. പട്ടായയുടെ ചുറ്റുപാടുകളിലായി ഗോൾഡൻ ബുദ്ധയുണ്ട്, ശില്പകലാചാതുര്യം അതിന്റെ മൂർദ്ധന്യതയിൽ ആസ്വദിക്കാൻ പറ്റിയ നല്ലൊന്നാന്തരം ഒരു ആർക്കിടെക്ചറൽ ബിൽഡിംഗ്‌ Sanctuary of Truth ഉണ്ട്, ഫ്ലോട്ടിങ്ങ് മാർക്കറ്റും, ഡോൾഫിൻ പാർക്കും, മില്ലേനിയം സ്റ്റോൺ പാർക്കും അതിനകത്ത് ക്രോക്കഡൈൽ പാർക്കും, ഗോൾഡൻ ബുദ്ധയ്ക്ക് അടുത്തായി കടലിലേയ്ക്ക് കണ്ണുംനട്ടൊരു റിവോൾവിങ്ങ് റെസ്റ്റോറന്റും അതിനോട് ചേർന്നൊരു കേബിൾ കാർ റൈഡും, സിറ്റിയുടെ മറ്റൊരുഭാഗത്തായി സിപ് ലൈൻ ഉൾപ്പെടെ ട്രെക്കിങ്ങിനുള്ള സൗകര്യവും എന്ന് വേണ്ട ബീച്ച് അഡ്വഞ്ചർ ആക്ടിവിറ്റികളും അത്യാവശ്യം ഷോപ്പിംഗും ഒക്കെയായി മിനിമം ഒരു മൂന്നുദിവസം അടിച്ചുപൊളിച്ചുനടക്കാൻ പറ്റിയ ഒരു ഹോളിഡേ ഡെസ്റ്റിനേഷൻ തന്നെയാണ് പട്ടായ. പാക്കേജിൽ കോറൽ ഐലൻഡ് സന്ദർശനം കൂടി ഉൾപ്പെടുത്തി അവിടെയൊരു സ്കൂബാ ഡൈവിങ്ങ് കൂടി പ്ലാൻ ചെയ്താൽ സംഭവം പിന്നെയും ഉഷാർ.

ഇടയ്ക്കൊരു  ഫൂട് മസ്സാജോ ഫുൾ ബോഡി മസ്സാജോ എടുത്ത് പെൺകുട്ടികൾക്ക് തനിച്ചോ പെൺകുട്ടികൾ മാത്രമുള്ള ഒരു ഗ്രൂപ്പ്‌ ആയോ ഭർത്താവും കുട്ടികളും ഒക്കെയുള്ള ഫാമിലി ട്രിപ്പ്‌ ആയോ ഒക്കെ ഒന്ന് കറങ്ങിവരാൻ പറ്റിയ അടിപൊളി സ്ഥലം തന്നെയാണ് പട്ടായ.  'എലിയെ പേടിച്ച് ഇല്ലം ചുടണം' എന്ന് ഭയപ്പെടുത്തുന്നവരെ തൽക്കാലം അവഗണിച്ച് പട്ടായയെ കൂടി നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താം.

ഈ ലോകം പെൺകുട്ടികൾക്ക് കൂടി ആസ്വദിക്കാൻ ഉള്ളതാണ്. 'വിലക്കപ്പെട്ട കനികൾ' വേണ്ടെന്നു തീരുമാനിക്കാനുള്ള വകതിരിവും ആത്മധൈര്യവും പിന്നെ അല്പം തന്റേടവും ഉള്ള ആർക്കും ധൈര്യമായി സന്ദർശിക്കാൻ പറ്റുന്ന കാഴ്ച്ചകളുടെ പറുദീസയാണ് പട്ടായ. സുരക്ഷിതമായി  കുടംബവുമൊന്നിച്ചോ ഗ്രൂപ്പുകളായോ പട്ടായ സന്ദർശിക്കാം. മടിച്ചു നിൽക്കാതെഅടുത്ത ട്രിപ്പ്‌ പട്ടായയിലേക്ക് പ്ലാൻ ചെയ്‌തോളൂ.