ചുരുങ്ങിയ ചെലവിൽ യാത്രപോകാൻ പറ്റിയ രാജ്യമാണ് തായ്‍‍ലൻഡ്. അതുകൊണ്ടുതന്നെ വിദേശയാത്രക്കൊരുങ്ങുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ കൂടിയാണ് ഇവിടം. ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയായ ഇവിടേക്ക് പോക്കറ്റ് കാലിയാക്കാതെ സുന്ദരകാഴ്ചകൾ ആസ്വദിച്ച് യാത്രചെയ്യാൻ ആരാണ് മോഹിക്കാത്തത്. വ്യത്യസ്ത  ഭക്ഷണങ്ങൾ വിളമ്പുന്ന കാര്യത്തിൽ എപ്പോഴും കൗതുകവാർത്തകളിൽ ഇടം പിടിക്കാറുണ്ട് ഈ രാജ്യം.

തായ്‍‍ലൻഡ് എന്നു കേൾക്കുമ്പോൾ പലരും നെറ്റിചുളിക്കുമെങ്കിലും സുന്ദരകാഴ്ചകളുടെ പറുദീസയാണിവിടം. ഒരു സഞ്ചാരി കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകളൊക്കെ ഇവിടെയുണ്ട്. മനോഹരമായ കടൽത്തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഇന്ത്യയിൽനിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യമാണിത്. ചെലവു കുറഞ്ഞ നഗരങ്ങൾ ധാരാളം. ഇന്ന് മിക്കവരും ടൂറിസ്റ്റ് പാക്കേജിലൂടെയാണ് തായ്‍‍ലൻഡിലേക്കു പോകുന്നത്. താമസവും ഭക്ഷണവും കാഴ്ചകളും തായ്‍ലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പടെയുള്ള ടൂർ പാക്കേജ് ചെലവു കുറയ്ക്കാൻ സഹായിക്കും. കുറച്ച് റിസ്‌ക് എടുക്കാന്‍ തയാറുള്ളവര്‍ക്ക് പാക്കേജുകളെ ആശ്രയിക്കാതെയും പോകാം.

തായ്‍‍ലൻഡിന്റെ പ്രകൃതി കേരളവുമായി ഏറെ സാമ്യമുള്ളതാണ്. സൗന്ദര്യമുണർത്തുന്ന കടൽത്തീരങ്ങളും ഷോപ്പിങ്ങും രുചിയുണർത്തുന്ന വിഭവങ്ങളുമൊക്ക ആരെയും ആകർഷിക്കും. ഉറങ്ങാത്ത തെരുവുകളും നിലക്കാത്ത സംഗീതവും നൃത്തച്ചുവടുകളും ഒരുമിക്കുന്ന ഇവിടം സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. കാഴ്ചകൾക്കപ്പുറം ബൈക്കിങ്, ഡൈവിങ്, കനോക്കിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങളും തായ്‍‍ലൻഡ് കാത്തുവച്ചിട്ടുണ്ട്. മലയാളികൾക്കു പരിചിതമായ പട്ടായയ്ക്കുപുറമെ, ഫുക്കറ്റ്, ബാങ്കോക്ക്‌, ഹുവ ഹിൻ തുടങ്ങിയ മികച്ച യാത്രാനുഭവം നൽകുന്നയിടങ്ങളും ഇവിടെയുണ്ട്.

ശ്രദ്ധിക്കാം

ഒാഫറുകൾ നോക്കി ഫ്ളൈറ്റ് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.

കഴിയുമെങ്കില്‍ കേരളത്തില്‍ വച്ചുതന്നെ ഓണ്‍ലൈനായി വീസ ഓണ്‍ അറൈവല്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പോവുകയാണെങ്കില്‍ തായ്‍‍ലന്‍ഡിൽ എത്തിയ ശേഷമുള്ള സമയം ലാഭിക്കാം. വിമാനത്തില്‍നിന്ന് ലഭിക്കുന്ന അറൈവല്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ കാര്‍ഡ് കൂടി തയാറാക്കി വച്ചാല്‍ വളരെ നല്ലത്

പണം കണ്‍വേര്‍ട്ട് ചെയ്ത് ബത്തിലേക്ക് മാറ്റാന്‍ മറക്കരുത്. കഴിയുന്നതും യാത്ര പുറപ്പെടുന്നതിന് മുമ്പ് കറൻസി മാറ്റുക. ഡോളറായാണ് കണ്‍വര്‍ട്ട് ചെയ്യുന്നതെങ്കില്‍ ബത്താക്കാന്‍ തായ്‍‍ലന്‍ഡിൽ എത്തണം.

യാത്ര പ്ലാൻ ചെയ്യുമ്പോൾത്തന്നെ താമസത്തിനായി ഹോട്ടലുകൾ ബുക്കു ചെയ്താൽ അധികം പണം ചെലവഴിക്കാതെ ശ്രദ്ധിക്കാം. അന്വേഷിച്ചാൽ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ തരപ്പെടുത്താം.

തായ്‍ലൻഡിൽ കുറഞ്ഞ നിരക്കിൽ യാത്രചെയ്യുവാനായി ‍പ്രൈവറ്റ് ടൂർ ഏജൻസിയെ ആശ്രയിക്കാതെ ട്രാവല്‍ സെൻ‍‍‍ട്രൽ ഒാഫിസ് മുഖേന യാത്ര ബുക്ക് ചെയ്യാം. 

വൈൻ/മദ്യം കഴിക്കുന്നവരെങ്കിൽ ക്ലബുകളെയും ട്രെൻഡി ബാറുകളെയും ആശ്രയിക്കാതെ വിലകുറഞ്ഞ നല്ല മദ്യം/വൈൻ കിട്ടുന്നയിടങ്ങൾ തിരക്കാം.

ഷോപ്പിങ്ങിനായി ‍ബജറ്റിലൊതുങ്ങുന്ന ഷോപ്പിങ് മാളുകളും ഇവിടെയുണ്ട്.