ആകാശയാത്ര ഭൂമിയെ തൊടാനൊരുങ്ങുമ്പോൾ സരവാക് നീലത്തളിക നീട്ടി നമ്മെ മാടി വിളിക്കുന്ന കന്യകയെപ്പോലെ തോന്നും. കടലിൽ കുളിച്ചു കയറാൻ മടിക്കുന്നൊരു കുട്ടിയെപ്പോലെയെന്നാകാം മറ്റൊരു തോന്നൽ. വശ്യതയും വാത്സല്യവും സമാസമം ചേർന്നൊരു ദൃശ്യദേശം. മലേഷ്യയിൽ ഇടയ്ക്കു പോകുന്നവർ പോലും കണ്ടിട്ടുണ്ടാകാനിടയില്ലാത്ത ദ്വീപഭൂമി. കാഴ്‌ചയുടെ, സ്വസ്ഥവാസത്തിന്റെ, നിറവുള്ള രുചിയുടെയൊക്കെ സ്വപ്‌നാടനത്തിനായി സരവാക് നമ്മെ മാടി മാടി വിളിക്കും..

ദ്വീപിൽ ഒരു സുന്ദരി

മലേഷ്യൻ തലസ്ഥാനമായ ക്വാലലംപൂരിൽ നിന്ന് ഒന്നര മണിക്കൂർ ആകാശദൂരത്തിലാണു സരവാക് സ്റ്റേറ്റിന്റെ തലസ്ഥാനമായ കുച്ചിങ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപായ ബോർണിയോ ദ്വീപസമൂഹത്തിന്റെ ഒരുഭാഗം. ഓസ്‌ട്രേലിയയും ഗ്രീൻലൻഡും കഴിഞ്ഞാൽ വലുപ്പത്തിൽ മൂന്നാം സ്ഥാനമാണു ബോർണിയോ ദ്വീപിന്. ബ്രൂണെ രാജ്യവും ഇന്തൊനീഷ്യയിലെ കാലിമന്താനും കഴിഞ്ഞാൽ ഈ ദ്വീപിന്റെ സിംഹഭാഗവും മലേഷ്യയുടെ സ്വന്തം. മലേഷ്യയുടെ ഭാഗമായ സരവാക്കിനു പുറമെ സബ എന്ന സ്റ്റേറ്റും ബോർണിയോദ്വീപിന്റെ പങ്കാളിയാണ്.

കുച്ചിങ് എയർപോർട്ടിൽ സ്വീകരിക്കാനെത്തിയ ഗൈഡ് നോർലിൻ ബിന്തി മുഹമ്മദ് സാലേഹ് ആദ്യമേ വിശദീകരിച്ചു:

‘ആകാശം മുട്ടുന്ന കെട്ടിടങ്ങളോ നാഗരികതയുടെ ലഹരിയോ നിങ്ങൾക്കിവിടെ ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, ഇവിടെ നിന്നു പോകുമ്പോൾ നിങ്ങൾ സരവാക്കിനെ ഇഷ്‌ടപ്പെട്ടു കഴിഞ്ഞിരിക്കും’.

മലിൻഡോ എയർലൈൻസ് വിമാനത്തിൽ ചെന്നിറങ്ങി, എയർപോർട്ടിന്റെ പ്രവേശന ക വാടത്തിലെത്തിയപ്പോഴേ സരവാക്കിന്റെ സംസ്കൃതി വെളിപ്പെട്ടു. വർഷം തോറും കുച്ചിങ്ങി ൽ നടക്കുന്ന റെയ്‌ൻ ഫോറസ്റ്റ് വേൾഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ സ്വാഗത കമാനത്തിനു മുന്നിൽ, ആദിമകാല വേഷമണിഞ്ഞ പുരുഷനും വനിതയും. മഴക്കാടിന്റെ സംഗീതം ആസ്വദിക്കാനെത്തുന്നവരെ, പാരമ്പര്യത്തിന്റെ പൂർണതയോടെ സ്വീകരിക്കാൻ നിൽക്കുകയാണ് ഇരുവരും. പഴമയെ തച്ചുടച്ചു പുതുമയെ കെട്ടിപ്പടുക്കുന്നില്ല സരവാക് എന്നു ബോധ്യപ്പെടാൻ ഈ സ്വാഗതം മാത്രം മതി.

ഇന്നലെകളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാൻ സരവാക്കുകാർ തയാറല്ലതാനും. മികച്ച ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മോളുകൾ, നാട്ടിൻപുറത്തുപോലും കൂറ്റൻ ഹൈപ്പർ മാർക്കറ്റുകൾ എന്നിവയ്‌ക്കൊന്നും കുറവില്ല. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ, ‘ഇടുക്കിയുടെ സൗന്ദര്യം, കൊച്ചിയുടെ പായ്‌ക്കിങ്’ എന്നൊരു ടൂറിസം ടാഗ്‌ലൈൻ സരവാക്കിനു നൽകാം!

ഒറാങ് ഊട്ടാൻ കുടുംബം ഈ വാനരത്തം, അമൂല്യം!

ഒരു പ്രഭാത നടത്തത്തിനിറങ്ങാൻ തോന്നുന്നത്ര സുന്ദരമാണു കുച്ചിങ്ങിലെ പാതകൾ. ഇല പൊഴിഞ്ഞു കിടക്കുന്ന ഇടവഴികൾക്കു പോലുമുണ്ട്, വല്ലാത്തൊരു വശ്യത. നഗരം വിട്ടകന്നു പോകുന്തോറും പച്ചപ്പിന്റെ വിരിപ്പിട്ടു സഞ്ചാരികളെ ഈ നാട് സ്വീകരിച്ചു കൊണ്ടേയിരിക്കും. അങ്ങനെയൊരു ഗ്രാമീണ യാത്ര നമ്മെ കൊണ്ടെത്തിക്കുന്നതു ലോകത്തെ ഏറ്റവും വലിയ ഒറാങ് ഉട്ടാൻ പരിപാലന കേന്ദ്രത്തിൽ ഒന്നിലേക്കാണ്–സെമെംഗോ വൈൽഡ്‌ ലൈഫ് സെന്റർ. സെമംഗോയുടെ കാടകത്തേക്കു കടക്കുമ്പോൾ ആകാശത്തക്കു നോക്കി ക്യാമറ നീട്ടിപ്പിടിച്ചു നിൽക്കുന്ന നൂറു കണക്കിന് ആളുകൾ. ഓരോ ക്യാമറയും മൊബൈലും കൊതിക്കുന്നത് ഒരു ബോർണിയോ ഒറാങ് ഉട്ടാനെയെങ്കിലും ക്ലിക്ക് ചെയ്യാനാണ്. കാടിന്റെ വഴികൾ പിളർത്തി മുന്നോട്ടു നീങ്ങുമ്പോൾ ഞങ്ങളുടെ സംഘത്തിന്റെ തലയ്‌ക്കു മുകളിൽ വള്ളിപ്പടർപ്പുകളിൽ ഊഞ്ഞാലാടിക്കൊണ്ടതാ മൂന്നംഗ കുടുംബം. അച്ഛനും അമ്മയും കുഞ്ഞുമടങ്ങിയ ഒറാങ് ഉട്ടാൻ ഫാമിലി! കുട്ടിക്കരണം മറിയുന്നവർക്കു വേണ്ടി ക്യാമറകൾ ശബ്‌ദമുണ്ടാക്കാതെ ആർത്തുവിളിച്ചു.

46 വയസ്സുകാരി സെഡുക്കു മുതൽ, ഇവിടത്തെ പതിമൂന്നു വയസ്സുകാരി സെലീനയുടെ ഒരു വയസ്സുള്ള മകൻ വരെയുണ്ട് ഈ ഒറാങ്ഉട്ടാൻ സങ്കേതത്തിൽ. ഇവിടത്തെ ജീവനക്കാർ മാത്രമല്ല, ഞങ്ങളുടെ ഗൈഡ് നോർലിനടക്കം ഓരോരുത്തരെയും പേരെടുത്തു വിളിക്കാൻ മാത്രം ‘അടുപ്പക്കാർ’! ഒരു മണിക്കൂറിനിടെ ഞങ്ങളുടെ മുൻപിലൂടെ ചാടി മറിഞ്ഞു ചാഞ്ചാടിയ ‘കുരങ്ങൻകൂട്ടം ‘ഏഴെണ്ണമായിരുന്നു! രണ്ടു ദിവസം കഴിഞ്ഞു കണ്ടപ്പോൾ നോർലിൻ പറഞ്ഞു: ‘നിങ്ങൾ എത്ര ഭാഗ്യവാനാണെന്ന് എനിക്കു പറഞ്ഞറിയിക്കാനറിയില്ല. നമ്മൾ പോയതിനു പിറ്റേന്നു മറ്റൊരു വലിയ സംഘവുമായി ഞാൻ സെമംഗോയിൽ പോയി കാത്തു നിന്നതു മൂന്നു മണിക്കൂറാണ്. ഒരൊറ്റ ഒറാങ് ഉട്ടാനെപ്പോലും കാണാൻ കഴിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാമോ...?’ ക ൺമുന്നിൽ, കയ്യകലത്തു കാണാൻ കഴിഞ്ഞത് എത്രയേറെ വിലപ്പെട്ട കാഴ്‌ച വിഭവമാണെന്നു ബോധ്യപ്പെട്ടതു നോർലിന്റെ ഈ വിലയിരുത്തലിലായിരുന്നു.

ഇവിടെ ജനിക്കുന്ന ഓരോ ഒറാങ് ഉട്ടാൻ കുഞ്ഞിനും ജനന സർട്ടിഫിക്കറ്റ് വരെയുണ്ട്. ഏഴു വർഷത്തോളം പരിപാലിച്ച്, പരിശീലനം നൽകി കാട്ടിലേക്കു പറഞ്ഞു വിടുകയാണു രീതി. സുമാത്രൻ ദ്വീപുകളിലും ഒറാങ് ഉട്ടാനുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും സവിശേഷ ഒറാങ് ഉട്ടാൻ വിഭാഗമായി കണക്കാക്കുന്നതു ബോർണിയോ ദ്വീപുകളിൽ കാണുന്നവയെയാണത്രെ.

കാട്, മഴ, സംഗീതം...

കാട്ടിൽ നിന്നിറങ്ങി സെന്തുബോംഗിലേക്കു പോ കാം. സരവാക്കിന്റെ മഴക്കാടുകളിലേക്കുള്ള യാത്രയാണെന്നു പ്രകൃതി പോലും അറിഞ്ഞിരിക്കുന്നു. നല്ല മഴ. ഒന്നു ചാറിപ്പോകുന്ന നമ്മുടെ നാട്ടിലെ പുതിയ കാലമഴയല്ല, തിമിർത്തു പെയ്യുന്ന രണ്ടോ മൂന്നോ മണിക്കൂർ നീളുന്ന മഴ. മഴ നനയാതെ നടന്നു കയറാമെന്നു സഞ്ചാരികൾ കൊതിക്കേണ്ട. അല്ല, ഈ മഴ നുകരാൻ തന്നെയാണു ലോക സഞ്ചാരികളിൽ വലിയൊരു വിഭാഗം സരവാക്കിലേക്കു വരുന്നതും. നവംബർ മുതൽ മാർച്ച് വരെയാണു സരവാക്കിലെ മഴക്കാലമെങ്കിലും, വർഷം മുഴുവൻ ഇടയ്‌ക്കിടെ മഴ പെയ്യുന്ന സ്വഭാവം സരവാക്കിനുണ്ട്. സരവാക്കിന്റെ ഈ കണ്ണീർ മഴ തന്നെ കാഴ്‌ചയുടെ സുഖകരമായൊരു പതിപ്പാണ്.  മഴക്കാടിന്റെ മടിത്തട്ടിൽ സംഗീതത്തിന്റെ തിരയടി കേൾക്കാം.

1998 മുതൽ ജൂലൈയിലോ ഓഗസ്റ്റിലോ സരവാക് ടൂറിസം ബോർഡ് അഭിമാനത്തോടെ നടത്തി വരുന്ന‘റെയ്‌ൻ ഫോറസ്റ്റ് വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ’. തനിമയുള്ള സംഗീതത്തിന്റെ പ്രതിനിധികളെ ലോകമെങ്ങും നിന്നു വിളിച്ചു വരുത്തി ആസ്വദിക്കുന്ന മൂന്നു ദിനങ്ങൾ. പാട്ടും അതിന്റെ ആനന്ദവും മാത്രമല്ല, സരവാക്കിന്റെ പാരമ്പര്യം മുഴുവൻ വിവരിക്കുന്ന അനുബന്ധ പരിപാടികളുമുണ്ട്. ഇബാൻ, ബിദായു വിഭാഗക്കാർ ഇപ്പോഴും ഗ്രാമങ്ങളിൽ വസിക്കുന്ന‘ലോങ്ഹൗസ്’ അതിലൊന്നാണ്. ഒറ്റ നോട്ടത്തിൽ ലൈൻ മുറി വീടുകൾ പോലെ തോന്നാം. പക്ഷേ, അകത്തേക്കു കയറിയാൽ കാണാം, ഈ വീടുകൾക്കിടയിൽ ചുമരുകളില്ല. നിർമാണം സിമന്റ്കൊണ്ടുമല്ല. തടിയടിച്ച നീണ്ട ചുമരുകൾ. അകത്ത് ഒാരോ മുറിയിൽ നിന്നും കയറിപ്പോകാവുന്ന വിധം മുറികളുടെ ശൃംഖല. ഓരോന്നും ഓരോ മുറിയല്ല, ഓരോ വീടുകൾ തന്നെയാണ്. ഓരോയിടത്തും ഓരോ കുടുംബങ്ങൾ വസിക്കും. മിക്കപ്പോഴും ബന്ധുക്കൾ തന്നെ.

കടൽ തന്നെയാണീ നദി...

മഴക്കാടിന്റെ കാൽ കഴുകിക്കൊണ്ടിരിക്കുന്ന കടൽ പോലൊരു നദിയുണ്ട് തൊട്ടരികെ. രജാംഗ് റിവർ എന്ന ഈ നദിയെ കടലെന്നോ പുഴയെന്നോ വിളിക്കേണ്ടതെന്നു പിടികിട്ടില്ല. ഇവിടത്തുകാർ ഈ പുഴയെ കടലെന്നു തന്നെ വാഴ്‌ത്തുന്നു. അത്രയേറെ വിസ്താരവും ആഴവുമുള്ള സമുദ്രസമാനമായ അനുഭവം.

നദിയുടെ കടൽപ്പരപ്പിലേക്കാണ് ഇനി യാത്ര. നല്ല ഉശിരൻ സ്‌പീഡ് ബോട്ടും ഡ്രൈവറും ഗൈഡും റെഡി. കടലു പോലെയാണു കിടപ്പെങ്കിലും തിരയടിയില്ല. ഒരുപാടു സഞ്ചാരികളില്ല. ഏകാന്തതയുടെ നദീഗർഭത്തിൽ നമ്മൾ കുറച്ചു സഞ്ചാരികളുടെ ശബ്‌ദം മാത്രം. ഒരു മണിക്കൂറോളം അകത്തേക്കു ചെന്നപ്പോൾ ബോട്ട്നിർത്തി. അവിടെ ഒരു കൊച്ചുപ്രദേശം ഡോൾഫിനുകളുടെ വിളയാട്ട കേന്ദ്രമാണ്. പക്ഷേ, സെന്തുബോംഗിലെ ഒറാങ് ഉട്ടാൻമാരെപ്പോലെ ഡോൾഫിനുകളെ ശരിക്കു കാണാൻ നല്ല ഭാഗ്യവും ശ്രദ്ധയും വേണം. നിമിഷാർധം കൊണ്ടു വെള്ളത്തിനു മുകളിൽ വന്നു മുങ്ങിക്കളയും, വിരുതൻമാർ. ‘കരയിൽ നിന്ന് എത്ര ദൂരം പിന്നിട്ടു കാണും’ എന്ന എന്റെ ചോദ്യം, ആ ഭാഗത്തെ ആഴമാണെന്നാണു ഗൈഡ്ഫ്രെഡ്ഡി തെറ്റിദ്ധരിച്ചത്. ‘എ ബൗട്ട്100 മീറ്റേഴ്‌സ്’ എന്നു മറുപടി. നൂറു മീറ്റർ താഴ്‌ചയുള്ള ഭാഗത്താണു ബോട്ട് നിർത്തിയിട്ടിരിക്കുന്നത്! കണ്ണടച്ച് അറിയാതെ ഈശ്വരനെ വിളിച്ചു പോയി...

വീണ്ടും യാത്ര തുടരുമ്പോൾ, ആലപ്പുഴയിലെ കനാലുകളുടെ ഇടത്തോടുകൾ പോലെ നദി വഴിപിരിയും. ‘അനാക്കോണ്ട’ സിനിമയിലെ രംഗങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുകയാണെന്നു തോന്നും. മുതലകളും അപൂർവമായ പ്രോബോസിസ് കുരങ്ങൻമാരും നീല ഞണ്ടുകളും വിവിധതരം പക്ഷിവിഭാഗങ്ങളുമൊക്കെയടങ്ങിയ വന്യജീവിവൈവിധ്യം നിറഞ്ഞതാണ് ഈ ഭൂവിഭാഗം.

കൈത്തോടുകൾ പിന്നിട്ടു വീണ്ടും നദിയുടെ പരപ്പിലൂടെ പോകുമ്പോൾ ദൂരെ കുറേ കെട്ടിടങ്ങൾ. അപ്പോഴേക്കു ബോട്ട് രണ്ടര മണിക്കൂർ യാത്ര പിന്നിട്ടിരുന്നു. ഇത്രയേറെ ഉള്ളിലായി മനുഷ്യ വാസപ്രദേശം! നൂറിലേറെ വീടുകളിൽ മുഴുവൻ മത്സ്യത്തൊളിലാളി കുടുംബങ്ങൾ മാത്രം. എല്ലാ വീടുകളുംനിലത്തല്ല, തടിയുടെ താങ്ങുകളിലാണു നിർമിച്ചിരിക്കുന്നത്. അടിഭാഗത്തേക്ക് എപ്പോൾ വേണമെങ്കിലും കടൽ പോലെ നദി തിരയടിച്ചെത്താം എന്നതു കൊണ്ടാണ്  ഈ രീതിയിലുള്ള നിർമാണം. ഇത്രയും കുടുംബങ്ങൾക്കു മാത്രമായി വെള്ളത്തിനടിയിലൂടെ വൈദ്യുതി കേബിളുകൾ എത്തിച്ചിട്ടുണ്ട്! പൊലീസ് സ്റ്റേഷനും കമ്യൂണിറ്റി ഹാളും കടകളും കൊച്ചു സ്കൂളുമടക്കം ഈ ജനവാസപ്രദേശത്തിന് അത്യാവശ്യം സൗകര്യങ്ങൾക്കൊന്നുംകുറവില്ല. കടലിലകപ്പെട്ടവരുടെ അങ്കലാപ്പൊന്നും അവിടത്തെ കൊച്ചു കുട്ടികളിൽപ്പോലും കാണാനാവില്ല. നമ്മുടെ ആശങ്കകളൊക്കെ അവർക്കു കളിചിരികൾ മാത്രം.

കുച്ചിങ്ങിലേക്കു മടങ്ങുമ്പോൾ, സരവാക്കിന്റെ സൗന്ദര്യത്തേക്കാളേറെ നമ്മെ ചിന്തിപ്പിക്കുക ഇവിടത്തെ വൈവിധ്യമാണ്. ആദിമ സമൂഹങ്ങളുടെ മുദ്രകൾ മുതൽ മായാതെ കിടക്കുന്ന ജീവശാഖകൾ, മനുഷ്യവാസത്തിന്റെ കണികപോലും ഇനിയും കണ്ടെത്താൻ ബാക്കിയുള്ള കാനനങ്ങൾ, സംഗീതത്തിന്റെ തനിമ പാടുന്ന പുഴകൾ, നീലവിരിപ്പിട്ട ലഗൂണുകൾ... ഒന്നല്ല, ഒരുപാടു സിനിമകൾ കണ്ടിറങ്ങിയതു പോലെ തോന്നും, ഈ നാടു വിടുമ്പോൾ.

പാരമ്പര്യത്തിന്റെ കുസൃതിയായി കുച്ചിങ്ങിനൊരു‘പൂച്ചത്തം’ കൂടിയുണ്ട്. കുച്ചിങ്ങിൽ എവിടെപ്പോയാലും കാണാം ഒരു പൂച്ചച്ചിത്രമോ പൂച്ചപ്രതിമയോ. ഈ നാട്ടിലാണെങ്കിൽ എവിടെയും ഒരു പൂച്ചയെപ്പോലും കാണാനുമില്ല. കുച്ചിങ്ങിന്റെ മുദ്ര പൂച്ചയാണെങ്കിലും, അതു പൂച്ചയുടെ പേരിലുള്ള പഴത്തിൽ നിന്നുണ്ടായതാണ്. ‘കാറ്റ്ഫ്രൂട്ട്’ കൊണ്ടു സമ്പന്നമായിരുന്നത്രെ ഒരു കാലത്ത് ഈ നഗരതീരങ്ങൾ. ഈ ‘പൂച്ചപ്പഴം’ ഉരുണ്ടുരുണ്ടു നദികളിലേക്കെത്തുന്നതിൽപ്പോലുമുണ്ടായിരുന്നു കാൽപനികതയെന്നു പറഞ്ഞപ്പോൾ നോർലിന്റെ കണ്ണുകൾ പൂച്ചക്കണ്ണു പോലെ തിളങ്ങി. നല്ല ഓർമകളൊന്നും മറക്കാതെ കുച്ചിങ്ങിൽ നിന്നു മടങ്ങുമ്പോൾ, എ ന്റെ ഉള്ളിലും കേട്ടതു പോലെ തോന്നി, ഒരു ‘മ്യാവൂ...’ ശബ്‌ദത്തിന്റെ ഇമ്പം.

ബ്രൂക്കിന്റെ സ്വന്തം സരവാക്

കാടും നദിയും കടലും കുന്നുമൊക്കെ അതിരിടുന്ന സരവാക് എന്ന വലിയ സ്റ്റേറ്റിൽ 30 ലക്ഷത്തിൽ താഴെ മാത്രമാണു ജനസംഖ്യ. ആദിമ സംസ്കാരത്തിന്റെ ഉപവിഭാഗങ്ങളായി ജനവാസകേന്ദ്രങ്ങൾ പലതുണ്ട്. ഇബാൻ, ചൈനീസ്, മലായ്, ബിദായു, മെലനവു, ഒറാങ് ഉലു എന്നിവയാണുപ്രധാന ഉപവിഭാഗങ്ങൾ. മലേഷ്യയിലെ തേയിലത്തോട്ടങ്ങളിൽ ജോലി തേടിപ്പോയ തമിഴ് വംശജരും കുറച്ചു മലയാളികളുമടക്കം ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ കൊച്ചു കൊച്ചു വിഭാഗങ്ങൾ വേറെയും. ഇബാൻ, ബിദായുവിഭാഗങ്ങളാണു പ്രബലം.

എട്ടു മുതൽ13 വരെ നൂറ്റാണ്ടുകളിൽ ചൈനീസ് സെറാമിക്കിന്റെ ഏറ്റവും വലിയ ഖനന കേന്ദ്രമായിരുന്നു സരവാക്. പതിനാറാം നൂറ്റാണ്ടിൽ ബ്രൂണെ രാജാധിപത്യത്തിനു കീഴിലായി, സരവാക്കിന്റെ തീരഭാഗങ്ങൾ. 1839 ൽ ബ്രിട്ടിഷ് ഗവേഷകൻ ജെയിംസ് ബ്രൂക്ക് എത്തിയതിനു ശേഷമാണു സരവാക്കിന്റെ ആധുനിക യുഗം തുടങ്ങുന്നത്. 1841 മുതൽ 1946 വരെ ജെയിംസ് ബ്രൂക്കും അദ്ദേഹത്തിന്റെ പിൻഗാമികളും ഭരിച്ച കാലമാണു സരവാക്കിന്റെ വികസന കാലഘട്ടം. ഈ‘വെളുത്ത രാജാക്കൻമാരെ’ ഇപ്പോഴും സരവാക്കുകാർ അഭിമാനപൂർവവും ആദരവോടെയും മാത്രമേ വിശേഷിപ്പിക്കൂ.

എങ്ങനെ എത്താം

മലേഷ്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് സരവാക്. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ സന്ദർശന നിയന്ത്രണമുണ്ട്. മലേഷ്യക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം. മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ വീസ നടപടിക്രമങ്ങളുടെ സമയത്തു തന്നെ പ്രത്യേക അനുമതിപത്രം വാങ്ങണം. കുചിങ് ആണ് തലസ്ഥാനം. ഇവിടെ വിമാനത്താവളമുണ്ട്. താമസിക്കാൻ കുചിങ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എല്ലാ സഞ്ചാരികൾക്കും അനുയോജ്യമായ സൗകര്യങ്ങൾ ഈ പട്ടണത്തിലുണ്ട്. വാഹനസൗകര്യത്തിനും എളുപ്പമാവും.

ഒറാങ് ഉട്ടാൻ കുരങ്ങുകളുടെ കാഴ്ചയൊരുക്കുന്ന ‘ഗുനുങ് മുലു’ ദേശീയോദ്യാനമാണ് പ്രധാന കാഴ്ചകളിലൊന്ന്. കുചിങ്ങിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ സരവാക് സാംസ്കാരിക ഗ്രാമത്തിലെത്താം. വ്യത്യസ്ത ഗോത്ര ജീവിതരീതികളിലേക്ക് വെളിച്ചം വീശുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. ഇബാൻ ഗോത്രത്തിലെ സ്ത്രീകൾ നിർമിക്കുന്ന പ്രത്യേക തരം തുന്നൽ വസ്ത്രങ്ങളാണ് ഇവിടുത്തെ ഷോപ്പിങ്ങിന്റെ ഹൈലൈറ്റ്.

മലായ്, ചൈനീസ്, ഇന്ത്യൻ ഭക്ഷണങ്ങൾ സുലഭമാണ്. മുളയും കൂണും കപ്പയിലയും കോഴിയിറച്ചിയിലേക്ക് ചേർത്ത് പാകം ചെയ്യുന്ന ‘മനോക് പൻഡോ’, മീൻ രുചിയായ ‘ഉമാ’, ‘മിദിൻ’ തുടങ്ങിയവയാണ് മറ്റു രുചികൾ.