കൈനിറയെ കാശുമായി യാത്രയ്ക്കിറങ്ങുന്നവർ വളരെ ചുരുക്കമാണ്. വലിയ ജീവിതച്ചെലവുകൾക്കിടയിൽനിന്നു മിച്ചം പിടിച്ച പണം കൊണ്ട് ആഗ്രഹിക്കുന്നയിടത്തേക്കു യാത്ര പോകുന്നവരാണ്  ഭൂരിപക്ഷവും. യാത്ര കഴിഞ്ഞു തിരികെയെത്തുമ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ തുക മിക്കവാറും ചെലവായിക്കാണും.

പണത്തിലൊതുങ്ങുന്ന ഒരു വിദേശയാത്ര പ്ലാൻ ചെയ്തു നോക്കിയാലോ? അതിന്റെ ഓർമകളും സമയങ്ങളും ജീവിതാവസാനം വരെ നമ്മുടെ മനസിലുണ്ടാകും. അത്തരത്തിൽ ചെറിയ ബഡ്ജറ്റിലൊതുങ്ങുന്ന ഒരു വിദേശയാത്ര സാധിക്കുമോ? സംശയം വേണ്ട സാധിക്കും 50000 രൂപയിലും അതിനടുത്തും വരുന്ന റൗണ്ട് ട്രിപ്പുകൾ ഇന്നുണ്ട്. യാത്രയ്ക്കും താമസത്തിനുമുള്ള ചെലവിനെപ്പറ്റിയും അറിഞ്ഞുവയ്ക്കുന്നത് ഒരു വിദേശയാത്ര പദ്ധതി തയാറാക്കാൻ ഉപകാരപ്പെടും. പണത്തിന്റെ ചില കരുതലുകളും യാത്ര മുന്നൊരുക്കങ്ങളും നടത്തിയാൽ വലിയ ചെലവില്ലാതെ ഇവിടേക്ക് പറക്കാം.

തായ്‌വാൻ

ജനസാന്ദ്രത ഏറെയുള്ള ഒരു ദ്വീപ് രാഷ്ട്രമാണിത്. പർവതങ്ങളും പച്ചപ്പുതപ്പണിഞ്ഞ വനങ്ങളും ഈ നാടിന്റെ പ്രത്യേകതയാണ്. സഞ്ചാരികൾക്കായി ധാരാളം വിനോദോപാധികളും കൗതുകകരമാർന്ന കാഴ്ചകളുമുണ്ട്.അംബരചുംബികൾ, ലക്ഷ്വറി റിസോർട്ടുകൾ, ഉയർന്ന മലകൾ, മനോഹരമായ ചൈനീസ് ക്ഷേത്രങ്ങൾ തുടങ്ങിയ കാഴ്ചകളുമായി തായ്‌വാൻ ഏതൊരു സഞ്ചാരിയെയും അതിശയിപ്പിക്കും.

"ഫോർമോസ" എന്നും തായ്‌വാൻ അറിയപ്പെടുന്നു. വടക്ക് തായ്പേയ്, ടൈനാൻ, കേഹുസ്യുഗ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും സന്ദർശകരെ ആകർഷിക്കുന്നതാണ്. തായ്‌വാനിലെത്തിയാൽ ദീർഘദൂര യാത്രക്ക് ഹൈ സ്പീഡ് റെയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവിടേക്കുള്ള യാത്രയ്ക്ക് എയർ ടിക്കറ്റ് 25,000 മുതൽ 27000 രൂപവരെയാണ്. കുറഞ്ഞ ചെലവിലുള്ള താമസസൗകര്യങ്ങളും ലഭ്യമാണ്. ഏകദേശം 900 രൂപയ്ക്ക് വരെ സുരക്ഷിതമായ താമസവും ഉറപ്പാക്കാം. കുറഞ്ഞ ചെലവിൽ ഭക്ഷണം കിട്ടുന്ന ഇടങ്ങളും ഇവിടെയുണ്ട്. എല്ലാ നഗരങ്ങളിലും രാത്രികാല ഭക്ഷണശാലകളുണ്ട്. തുച്ഛമായ ചെലവിൽ നല്ല ഭക്ഷമവും കഴിക്കാം.

റഷ്യ

ലോകത്തിലേറ്റവും വലുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന റഷ്യ, സഞ്ചാരികൾക്കായി ധാരാളം സുന്ദര കാഴ്ചകൾ ഒരുക്കിവെച്ചിരിക്കുന്നു. തിളങ്ങുന്ന കൊട്ടാരങ്ങളും വലിയ മതിലുകളുള്ള കോട്ടകളും പുരാതന ദേവാലയങ്ങളുമൊക്കെയാണ് റഷ്യയിലെ പ്രധാന കാഴ്ചകൾ. മോസ്കോ നഗരവും സെന്റ്. പീറ്റേഴ്‌സ് ബർഗും സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ആ നാടിന്റെ നിധി എന്നറിയപ്പെടുന്ന രണ്ടു പ്രധാന നഗരങ്ങളാണ്. ചരിത്രപ്രാധാന്യമുള്ള പ്സ്കോവ്, സുഡാൽ എന്നിവ ഈ നഗരങ്ങളിൽനിന്ന് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന രണ്ടു സുന്ദരഗ്രാമങ്ങൾ. ബൈക്കാൽ തടാകം, വാട്ടർ റാഫ്റ്റിങ്ങും  ട്രെക്കിങ്ങും നടത്താൻ കഴിയുന്ന അൽറ്റായി റിപ്പബ്ലിക്ക്, കൗക്കാസസിലെ മലകയറ്റം എന്നിവയൊക്കെ സഞ്ചാരികൾക്കു ആസ്വദിക്കാം. 26,000 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റിനുള്ള തുക. ഒരു ദിവസം ഏകദേശം 3000 മുതൽ 5000 രൂപ വരെ ചെലവു വരും.

സിംഗപ്പൂർ

അവിശ്വസനീയമായ നിരവധി കാഴ്ചകൾ, വ്യത്യസ്തമായ സംസ്കാരം, രുചികരമായ ഭക്ഷണം ഇത്രയുമാണ് സിംഗപ്പൂർ എന്ന രാജ്യത്തെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. ഉയരം കൂടിയ കെട്ടിടങ്ങൾ, ദ്വീപുകൾ, ചെറിയ തെരുവുകൾ തുടങ്ങിയവയൊക്കെ സിംഗപ്പൂരിലെ ആകർഷക കാഴ്ചകളാണ്. ചെറിയ ചെലവിൽ സന്ദർശിച്ചു മടങ്ങാൻ കഴിയുന്ന മനോഹരമായ ഒരു ഏഷ്യൻ രാജ്യം എന്നപേരുള്ളതു കൊണ്ടുതന്നെ സിംഗപ്പൂർ കാണാൻ വർഷം മുഴുവൻ ധാരാളം സഞ്ചാരികളെത്താറുണ്ട്. ലയൺ സിറ്റി എന്നൊരു പേരുകൂടി സിംഗപ്പൂരിനുണ്ട്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന ക്ഷേത്രങ്ങൾ ഇവിടുത്തെ നഗരങ്ങൾക്ക് മോടി കൂട്ടുന്നു.

കൊതിയൂറുന്ന വിഭവങ്ങൾ വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ, പലതരം വിഭവങ്ങൾ- ചിക്കൻ റൈസ്, ചില്ലി ക്രാബ്, ഫിഷ് ഹെഡ് കറി, ഓയിസ്റ്റർ ഓംലെറ്റ്, പോർക്ക് റിബ്‌സ്- തുടങ്ങിയവയെല്ലാം ഭക്ഷണപ്രിയരായ സഞ്ചാരികൾക്കിടയിൽ ഈ നാടിനെ പ്രിയപ്പെട്ടതാക്കുന്നു. കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്ന സ്ഥിരം ഭക്ഷ്യമേളകളും ഇവിടുത്തെ നഗരങ്ങളിൽ കാണാം. വൃത്തിയും വെടിപ്പും നല്ല ഭക്ഷണവും ഇത്തരം ഭക്ഷ്യമേളകൾ സഞ്ചാരികൾക്കു വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽനിന്നു സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിനു മാത്രമുള്ള ചെലവ്- 20,000 രൂപ മുതൽ 25,000 രൂപ വരെയാണ്. ഒരു ദിവസത്തേക്കുള്ള ചെലവ് ഏകദേശം 3,000 മുതൽ 3,500 രൂപ വരെയാകും.