ബാലി, ജക്കാർത്ത... ഇന്തൊനീഷ്യ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന പേരുകൾ. എന്നാൽ സുന്ദരമായ വേറെയും ദ്വീപുകളുണ്ടിവിടെ. കാടും കടലും ചേർന്ന് പ്രകൃതിയുടെ ഭംഗിക്കു പുതിയ ചിത്രം നൽകിയ നാടാണ് ഇന്തോനീഷ്യ. സാഹസിക സഞ്ചാരികളും സമാധാനം ഇഷ്ടപ്പെടുന്ന യാത്രികരും ഇന്തൊനീഷ്യയിൽ എത്തുന്നു. സൂര്യാസ്തമയത്തിന്റെ കമനീയ ഭംഗിയും കിഴക്കൻ ഇന്തോനീഷ്യയിലെ ദ്വീപുകളുടെ സൗന്ദര്യവുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

സുഗന്ധ ദ്വീപുകൾ

മാലുക്കു ഉതാര അഥവാ ഉത്തര മാലുക്കു ഇന്തൊനീഷ്യയുടെ സ്പൈസ് ദ്വീപുകൾ എ ന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രാമ്പൂ മരങ്ങൾ നിറഞ്ഞ ദ്വീപ് സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായിരുന്നു. ഡച്ച്, പോർച്ചുഗീസ്, സ്പാനിഷ് അധിനിവേശ ശക്തികളും ടെർനേറ്റിലെയും ടിഡോറിലെയും സുൽത്താൻമാരും ഈ ദ്വീപുകളുടെ അവകാശത്തിനായി പരസ്പരം പോരാടിയിരുന്നു. ഈ ദ്വീപുസമൂഹത്തിന്റെ അനൗദ്യോഗിക തലസ്ഥാനമായ ടെർനേറ്റ് ദ്വീപിലാണ് ഏറ്റവുമധികം ജനവാസമുള്ളത്. ഇവിടുത്തെ സുൽത്താന്റെ കൊട്ടാരത്തിലേക്കുള്ള രാജകീയ യാത്രയാണ് സഞ്ചാരികൾ അനുഭവിച്ചറിയേണ്ട കൗതുകം. ടെർനേറ്റ് ദ്വീപിനു സമീപത്ത് സമുദ്രത്തിനടിയിലെ അഗ്നിപർവതം സാഹസിക യാത്രികരെ അദ്ഭുതപ്പെടുത്തുന്നു. ദ്വീപുകൾ, കാട്, ഡൈവിങ് കേന്ദ്രങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ...  മാലുക്കു ഉതാര കാഴ്ചകളെ ഇങ്ങനെ വിശദീകരിക്കാം.

ബാലിയാണ് ഇന്തൊനീഷ്യയുടെ പ്രധാന ടൂറിസ്റ്റ് ഹബ്ബ്. ക്ഷേത്രങ്ങൾ, പരമ്പരാഗത നൃത്തങ്ങൾ, അഗുങ് മല നിരകൾ, മല കയറ്റം ബീച്ചുകൾ – സഞ്ചാരികൾക്കു വേണ്ടതെല്ലാം  ഒരുക്കി  ഈ നാട് ആളുകളെ തൃപ്തരാക്കുന്നു. വിശാലമായ നെൽപ്പാടങ്ങളും വരമ്പുകളും വലിയ മരങ്ങൾ നിരന്നു നിൽക്കുന്ന മേടുകളും കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് ജന്മനാടിന്റെ ഓർമകളുണർത്തും. ബാലി സന്ദർശി ക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ – അഗുങ് മല, സെമിന്യാക്, നുസ ദുവ, കാങു, ഗുനുങ് അഗുങ്. ഇതിൽ ഏറ്റവും ഒടുവിൽ പറഞ്ഞ ഗുനുങ് അഗുങ് ബാലിയിലെ വിശുദ്ധമായ മലയാണ്. പുര ബെസാകിയാണ് ബാലിയുടെ മാതൃക്ഷേത്രം. ക്ഷേത്ര ദർശനത്തിനു പോകുന്നവർ തബോലയിൽ താമസിക്കുന്നതാണ് നല്ലത്.

അറിയാം

തലസ്ഥാനം: ജക്കാർത്ത

കറൻസി: ഇന്തൊനീഷ്യൻ റുപിയ

സീസൺ : ഏപ്രിൽ–ഒക്ടോബർ

നവംബർ – മാർച്ച്

വീസ:  ടൂറിസത്തിന്റെ ഭാഗമായി ഇന്തൊനീഷ്യ സന്ദർശിക്കുന്നതിന് ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല.  30 ദിവസം വരെ വീസയില്ലാതെ ഇന്തൊനീഷ്യയിൽ താമസിക്കാം.