കുറഞ്ഞ ചെലവിൽ യാത്രപ്ലാന്‍ ചെയ്യാൻ പറ്റിയയിടമാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ്ണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ അനാഥാലയമായ പിന്നാവാല ആരെയും ആകർഷിക്കും. 

കൊളംബോ വിമാനത്താവളത്തിൽനിന്ന് പ്രധാന ഹിൽസ്റ്റേഷനായ കാൻഡിയിലേക്ക് പോകുന്നവഴിയാണ് പിന്നാവാല എന്ന സ്ഥലം. അവിടെ 25 ഏക്കറോളം പരന്നുകിടക്കുന്ന ആനകളുടെ ഈ അനാഥാലയത്തിന് പുരാണവുമായും ബന്ധമുണ്ട്. അടുത്ത ആകർഷണം ശ്രീബുദ്ധന്റെ പല്ല്  ആരാധിക്കുന്ന  ക്ഷേത്രമായ ഡാലാഡ മാലിഗവ ക്ഷേത്രമാണ്.  ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. മീൻ പിടിത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല.  പ്രധാന ആകർഷണം റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങൾ,ഹെറിറ്റേജ് ടൂർ, വൈൽഡ് സഫാരി,ഡാലാഡ മാലിഗവ ക്ഷേത്രം,മഴക്കാടുകളും ബീച്ചുകളും. സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നാടായ ശ്രീലങ്കയില്‍ താമസച്ചിലവും, മറ്റ് ചിലവുകളും വളരെ കുറവാണ്.

ശ്രീലങ്കയിൽ ഇന്ത്യൻ പൗരന്മാർക്ക് ഓൺ അറൈവൽ വീസ സൗകര്യം ഇല്ല. യാത്രയ്ക്കു മുൻപു തന്നെ ഓൺലൈനായി അപേക്ഷിച്ച് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇറ്റിഎ) നേടുക. വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സമയത്ത് പാസ്പോർടിനോടൊപ്പം ഇറ്റിഎയുടെ പ്രിന്റ് ഔട്ട് നൽകണം.

∙https://www.eta.gov.lk എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി ഫീസ് അടയ്ക്കണം. ഇറ്റിഎ മുപ്പതു ദിവസം ശ്രീലങ്കയിൽ താമസിക്കാനുള്ള അനുവാദം നൽകുന്നു. 

∙കൊളംബോയില്‍ നിന്ന് റോഡ് മാർഗവും ട്രെയിനിലും ട്രിങ്കോമാലിയിലെത്താം. ഏതാനും ആഭ്യന്തര വിമാനസർവീസുകളും ഉണ്ട്. 

∙വടക്കു കിഴക്കൻ ശ്രീലങ്കയിലെ നഗരമായ ട്രിങ്കോമാലി ഇപ്പോൾ വികസിച്ചു കൊണ്ടിരിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. 

∙ഇവിടത്തെ സമുദ്രതീരങ്ങളായ ഉപ്പുവെളി, നിലാവെളി എന്നിവ മനോഹരങ്ങളാണ്. ഡോൾഫിൻ, തിമിംഗലം തുടങ്ങിയവയെ കാണാനും ഡൈവിങ് ഉൾപ്പെടെയുള്ള വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമുണ്ട്. 

∙കോണേശ്വരം ക്ഷേത്രവും സ്വാമി റോക്കും ഡച്ച് കോട്ടയും (ഫോർട് ഫ്രെഡറിക്ക്) കടൽതീരത്തോട് ചേർന്നുള്ള ചില കാഴ്ചകളാണ്. 

∙കന്നിയ ചൂടുനീരുറവകൾ ട്രിങ്കോമാലിയ്ക്കു സമീപമുള്ള മറ്റൊരു ആകർഷണമാണ്. 

∙ട്രിങ്കോമാലിയിൽ നിന്ന് കടലിൽ കുറച്ചു ദൂരം ബോട്ടിൽ സഞ്ചരിച്ചാൽ പീജിയൺ ഐലൻഡ് ദേശീയ പാർക്കിൽ ചെല്ലാം. 

∙ശ്രീലങ്കയിലെ പൈതൃക കേന്ദ്രങ്ങളായ സിഗിരിയയിലേക്കും പോളോനരുവയിലേക്കും ട്രിങ്കോമാലിയിൽ നിന്ന് പോകാവു ന്നതാണ്. 

∙200 മീ ഉയരത്തിലുള്ള ഒരു പാറക്കെട്ടിലെ കൊട്ടാര അവശിഷ്ടങ്ങളും ഗുഹാചിത്രങ്ങളുമാണ് സിഗിരിയയിൽ കാണാനുള്ളത്. 

∙യുനസ്കോ ലോകപൈതൃകസ്ഥാനമായ പോളോനരുവ യിൽ ഒട്ടേറെ ഹിന്ദു, ബുദ്ധ ക്ഷേത്രാവശിഷ്ടങ്ങൾ കാണാം.