കരയും കടലും ആകാശവും ഒരുമിച്ച് സൗന്ദര്യം വാരിവിതറിയ കടലോരം. ഒരു ചിത്രകാരന്റെ ക്യാന്‍വാസില്‍ വിരിഞ്ഞ അതിമനോഹരമായൊരു ചിത്രം പോലെ പ്രകൃതി വരച്ചിട്ടിരിക്കുന്ന മാസ്മരികമായൊരിടം അതാണ് അമാല്‍ഫി കോസ്റ്റ്. 

കടലിലേയ്ക്ക് ഇറങ്ങിക്കിടക്കുന്ന കുന്നിൻചെരുകള്‍. അതില്‍ താഴേയ്ക്ക് ഊര്‍ന്നുവീഴുമെന്ന് തോന്നിപ്പിക്കുംവിധം പണിതിരിക്കുന്ന അനേകമനേകം വെള്ളകൊട്ടാരങ്ങള്‍, വൈന്‍ യാര്‍ഡുകള്‍, നാരങ്ങാതോട്ടങ്ങള്‍, ചെറുപട്ടണങ്ങള്‍ അങ്ങനെ അങ്ങനെ കേള്‍ക്കുന്നതിനേക്കാള്‍ അതിയശിപ്പിക്കും ഇറ്റലിയിലെ അമാല്‍ഫി കോസ്റ്റ് എന്ന കൊച്ചുനാട്. ഇറ്റലിയിലെ സെലെര്‍നോയില്‍ തുടങ്ങി സോറന്റേയോയില്‍ അവസാനിക്കുന്ന ഏകദേശം 45 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിച്ചെയ്യുന്ന ലോകപ്രശസ്തമായ ഈ തീരദേശം റോഡ് ട്രിപ്പിനും പേരുകേട്ട ഇടമാണ്.  

പഴയ റോമന്‍ ടൗണ്‍ഷിപ്പുകളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഇവിടുത്തെ ചെറുപട്ടണങ്ങള്‍ എല്ലാം തന്നെ. പോസിറ്റാനോ, അമാല്‍ഫി, മയോറോ, വയേട്രി എന്നിവ അതില്‍ ചിലത് മാത്രം. അമാല്‍ഫിയിലൂടെയുള്ള കാല്‍നടയാത്രയാണ് ഏറ്റവും ഗംഭീരം. ഓരോ ഇടവഴികളും നടപ്പാതകളും സഞ്ചാരികളെ കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ച്ചകളിലേയ്ക്കാണ് ആനയിക്കുന്നത്. 

ഓരോ തെരുവുകളും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരോ ചെറിയ ചത്വരത്തിലായിരിക്കും. അവിടെ നിന്നും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കല്ലുപാകിയ ഇടവഴികള്‍, വിവിധ രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍, നാരങ്ങകൊണ്ട് ഉണ്ടാക്കുന്ന വൈന്‍ ലഭിക്കുന്ന ഷോപ്പുകള്‍ അങ്ങനെ ഒരു സഞ്ചാരിയെ തൃപ്തിപ്പെടുത്താന്‍ വേണ്ട എല്ലാം അമാല്‍ഫി കരുതിവച്ചിരിക്കുന്നു. അമാല്‍ഫിയിലെ നാരങ്ങകള്‍ ലോകപ്രശ്‌സതമാണ്. 

അമാല്‍ഫി തീരത്തെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ പട്ടണമാണ് പോസിറ്റാനോ. പ്രധാനമായും കാല്‍നടയാത്രക്കാര്‍ക്ക് മാത്രമുള്ള നടപ്പാതകളും വിന്‍ഡിംഗ് സ്റ്റെയര്‍കേസുകളുമാണ് ഇവിടെയുള്ളത്. പോസിറ്റാനോയുടെ ഏറ്റവും വലിയ പ്രത്യേകത  ബീച്ച് തന്നെയാണ്. പഞ്ചസാര മണലുകളും കടലിലേ്ക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കൂട്ടങ്ങളും പോസിറ്റാനോയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. നീന്തലിനും ഏറെ അനുയോജ്യമായ ബീച്ചാണ് പോസിറ്റാനോയിലേത്. പോസിറ്റാനോയില്‍ നിന്നും അടുത്തുള്ള കാപ്രി ദ്വീപിലേക്ക്  ചെറുവള്ളങ്ങളില്‍ നടത്തുന്ന യാത്രകള്‍ മറക്കാനാവാത്ത അനുഭവമാകും സമ്മാനിക്കുക. 

അത്രാനിയാണ് മറ്റൊരു ആകര്‍ഷണം. പഴയകാല ഇറ്റാലിയന്‍ മാതൃകയിലെ പള്ളികളുടെ ഒരു സംഗമഭൂമിയെന്ന് വേണമെങ്കില്‍ ഈ കൊച്ചുഗ്രാമത്തെ വിളിയ്ക്കാം. ആകര്‍ഷകമായ പിയാസകള്‍, തിരക്കൊഴിഞ്ഞ ഇടനാഴികള്‍, ക്ലിഫ്‌സൈഡ് റസ്റ്ററന്റുകള്‍ എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്. മറ്റ് തീരദേശങ്ങളെ അപേക്ഷിച്ച് തിരക്കുകുറവായതിനാല്‍ സ്വസ്ഥവും ശാന്തവുമായൊരു അനുഭവമായിരിക്കും അവിടെയെത്തിയാല്‍ എന്നതില്‍ സംശയമില്ല. 

അമാല്‍ഫിയുടെ പ്രധാന സ്‌ക്വയറിന്റെ മധ്യഭാഗത്ത് സെന്റ് ആന്‍ഡ്രൂവിന്റെ മനോഹരമായ കത്തീഡ്രല്‍ ഉണ്ട്, അതിമനോഹരമായ ഗോവണികള്‍ ഉള്ള പള്ളികള്‍,  അറബ്-നോര്‍മന്‍ ശൈലിയിലുള്ള ബെല്‍ ടവര്‍, പറുദീസയിലേയ്ക്ക് തുറന്നിരിക്കുന്ന മനോഹരമായ ക്ലോയിസ്റ്റര്‍, കൈകൊണ്ട് നിര്‍മ്മിച്ച പേപ്പര്‍ മ്യൂസിയം, തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന അനേകം കാഴ്ച്ചകളാണ് അമാല്‍ഫി ഒരുക്കിവച്ചിരിക്കുന്നത്. 

മെഡിറ്ററേനിയന്‍ കടലിന്റെ തീരത്ത് നീലനിറത്തില്‍ ആറാടിക്കിടക്കുന്ന അമാല്‍ഫിയെന്ന പറുദീസയിലേയ്ക്ക് ഒരു സ്വപ്‌നത്തിലെന്നപോലെ അലിഞ്ഞില്ലാതാകാന്‍ പോയാലോ ഒരു യാത്ര.