അയൽ രാജ്യങ്ങളാൽ കോട്ട കെട്ടപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലാവോസ്. പ്രകൃതിയോടു ചേർന്നുള്ള യാത്രാനുഭവമാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ നദി  ലാവോസിലാണ്. ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ പറ്റിയയിടമാണിവിടം. കാടിന്റെ ഭംഗി നേരിട്ടു കാണാൻ ആഗ്രഹിക്കുന്നവർക്ക് ദ് ലൂപ് എന്ന പേരിലുള്ള റോഡിലൂടെ ബൈക്ക് സവാരിയും നടത്താം.

നം നോട്ട് നദിയിലൂടെ ബോട്ട് സവാരി, മീൻ പിടുത്തം, ക്യാംപ് ഫയർ, നദീ തീരത്ത് അന്തിയുറക്കം... ഇങ്ങനെ പ്രകൃതിയുമായി ചേർന്നുള്ള ഒഴിവുകാലമാണ് ലാവോസ് വാഗ്ദാനം ചെയ്യുന്നത്. യാത്രയ്ക്ക് ഏറ്റവും അനുയോജ്യം  ഒക്ടോബർ – ഏപ്രിൽ മാസങ്ങളാണ്. ലാവോസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല. വീസ ഓൺ അറൈവൽ പ്രകാരം 30 ദിവസം വരെ വീസയില്ലാതെ ലാവോസിൽ താമസിക്കാം. 

ഹോട്ടൽ കൺഫർമേഷൻ വൗച്ചർ, ഉറപ്പായ റിട്ടേൺ ടിക്കറ്റ്, ആറുമാസ കാലാവധിയുള്ള പാസ്പോർട്ട്, ഫോട്ടോ എന്നിവ ഹാജരാക്കി 30 യുഎസ് ഡോളർ ഫീസ് നൽകിയാൽ വീസ ലഭിക്കും.ആറുമാസം വാലിഡിറ്റിയുടെ ഇന്ത്യൻ പാസ്പോർ‌ട്ട് കരുതണം.

ലാവോസിലേക്കുള്ള യാത്രയിൽ

പ്രകൃതിയോടു ചേർന്നു നിൽക്കുന്ന യാത്രാനുഭവം ഇഷ്ടപ്പെടുന്നവർക്ക് ലാവോസിനെ സ്നേഹിക്കാതിരിക്കാനാകില്ല. വിയന്റിനെ ആണ് ലാവോസിന്റെ തലസ്ഥാനം. തലസ്ഥാന നഗരിയിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് അഡ്വഞ്ചർ ഡെസ്റ്റിനേഷനായ വാങ് വീങ്. ഹോട്ട് എയർ ബലൂൺ യാത്രയാണ് അവിടുത്തെ മുഖ്യ ആകർഷണം.

പാറയില്‍ ആനയുടെ രൂപം കൊത്തിയ എലഫന്റ് കേവ്, ജാങ് കേവ്, കെങ് നുയി ജലപാതം, നാം സോങ് നദിയിലൂടെ കയാക്കിങ്, നീല ജലാശ യമായ ബ്ലൂ ലഗൂൺ തടാകം, ഫുഖാം എന്നിവിടങ്ങളിലെ സന്ദർശനം കൗതുകകരമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ നദിയായ തോം കൗൻ സെ നദിയിലൂടെ ജലയാത്ര, മീൻ പിടിക്കൽ, നദീതീരത്തെ ഉറക്കം ഇവയെല്ലാം ലാവോസ് നൽകുന്ന മികച്ച അനുഭവങ്ങ ളാകും. കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ ദ് ലൂപ് എന്ന പേരുള്ള റോഡിലൂടെ ബൈക്ക് സവാരി ചെയ്യാം.

എങ്ങനെ എത്താം

സിംഗപ്പൂർ, എയർലൈൻസ്, എയർ ഏഷ്യ, മലിന്റോ, സ്കൂട്ട് വിമാനങ്ങൾ ക്വാലാലംപൂർ വഴി ലാവോസ് തലസ്ഥാനമായ വിയന്റിനയിലേക്ക് സർവീസ് നടത്തുന്നുണ്ട്. നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമല്ല. ലാവോ കിപ്പ് ആണ് ലോക്കൽ കറൻസി. സഞ്ചാരികളിൽ നിന്നു യുഎസ് ഡോളർ ആണ് സ്വീകരിക്കുക. മൂന്നു രാത്രി നാലു പകൽ യാത്രയ്ക്ക് ഒരാൾക്ക് 38,000 രൂപ ചെലവ് വരും.