സംവിധായിക, നിര്‍മാതാവ്, ബിസിനസ് വുമണ്‍, മോഡല്‍ തുടങ്ങി ദീന കൈ വെയ്ക്കാത്ത മേഖലകള്‍ ഇല്ല. ഇംഗ്ലണ്ടില്‍ ജനിച്ച ദീന ഉപ്പല്‍ 2012 ലെ മിസ് ഇന്ത്യ യുകെ വിജയിയാണ്. ബിഗ് ബ്രദര്‍, ഫിയര്‍ ഫാക്ടര്‍, ഖത്രോംകി ഖിലാഡി തുടങ്ങിയ റിയാലിറ്റി ഷോകളിലും ദീന ഭാഗമായിട്ടുണ്ട്.സ്വന്തമായൊരു ബിസിനസ് സാമ്രാജ്യമുള്ള ദീന ഒരു സഞ്ചാരപ്രിയ കൂടിയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കും അല്ലാതെയും താന്‍ സന്ദര്‍ശിച്ച ഇടങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട് ഇവരുടെ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്ക...

ദീനയുടെ യാത്രകള്‍

ദീന യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. ബാലി, കാനഡയിലെ വിസ്‌ലര്‍, ഗ്രീസിലെ മൈക്കോനോസ് എന്ന സ്വപ്‌ന നഗരം തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നുള്ള ദീനയുടെ ഫോട്ടോകളും വിഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. അവരുടെ യാത്രകളും ആ സ്ഥലങ്ങളും ഒന്നുനോക്കാം.

ബാലി

ബാലിയിലായിരുന്നു ഈയടുത്ത് ദീന അവധിക്കാലം ചിലവിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നില്‍ 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ബാലി ലോകപ്രശസ്തമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.  പാരമ്പര്യ കലകളാലും, ശില്‍പ ചാതുര്യത്താലും സമ്പന്നമാണ് ബാലിയെന്ന ചെറുദ്വീപ് രാഷ്ട്രം.കേരളവുമായി പ്രകൃതിപരമായും ഭൂമിശാസ്ത്രപരമായും ഏറെ സാമ്യമുള്ള ബാലിയില്‍ നിരവധി കാഴ്ച്ചകളുണ്ട്.

ഇന്‍ഡോ- ചൈനീസ് സംസ്‌കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിലും, നിര്‍മിതികളിലും ഒക്കെ കാണാം.കുട്ട എന്ന കടല്‍ത്തീരവിനോദസഞ്ചാരകേന്ദ്രമാണ് ബാലിയിലെ ഒരു പ്രധാന ആകര്‍ഷണം. വിശാലമായ കടലോരമുള്ള മനോഹരമായ ബീച്ചാണിത്. 

പാണ്ഡവ ബീച്ച്. ബാലി ബേര്‍ഡ് പാര്‍ക്ക് എന്നിവ സഞ്ചാരികളുടെ സ്ഥിരം കാഴ്ചയിടങ്ങള്‍ തന്നെ.

കടല്‍ത്തീരത്ത് നിന്നും മാറിയൊരു അനുഭവമാണ് ബാലിയില്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ നേരെ തെഗനുംഗാന്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് പോകാം. ഉബുഡുവെന്ന മനോഹര ഗ്രാമത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് വിദൂരകാഴ്ച്ചയില്‍ നമ്മുടെ അതിരപ്പിള്ളിയോട് ഒരു സാമ്യമൊക്കെ തോന്നാം. 

തെഗനുംഗാന്‍ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുള്ള ചിത്രങ്ങള്‍ ദീന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ഇന്ത്യയടക്കം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വീസ ആവശ്യമില്ലാത്തതിനാല്‍ ഏറ്റവും സുഖകരമായി പോയിവരാന്‍ പറ്റിയൊരു നാടുകൂടിയാണ് ബാലി.

കാനഡയിലെ വിസ്‌ലര്‍

ദീന പോയ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കാനഡയിലെ വിസ്‌ലര്‍. മികച്ച സ്‌കീയിംഗ് ഡെസ്റ്റിനേഷനായി ലോകമെമ്പാടും അറിയപ്പെടുന്ന വിസ്‌ലറില്‍ വേറെയുമുണ്ട് അനവധി ആകര്‍ഷണങ്ങള്‍. സ്‌നോഷൂയിംഗ്, വിന്റര്‍ സിപ്ലൈനിംഗ്  ആഡംബര സ്‌കാന്‍ഡിനേവ് സ്പാകള്‍, മ്യൂസിയങ്ങള്‍ തുടങ്ങി  വിസ്‌ലര്‍ സമ്മാനിക്കുന്നത് ഒരു ലക്ഷ്വറി അനുഭവമായിരിക്കും.

1997-ല്‍ ലയിപ്പിക്കുന്നതുവരെ വിസ്ലര്‍, ബ്ലാക്ക് കോംബ് എന്നിങ്ങനെ രണ്ട് പര്‍വതങ്ങള്‍ ആയിരുന്നു. ഈ രണ്ട് പര്‍വതങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പീക് ടു പീക് ഗണ്ടോള റെക്കോര്‍ഡ് ഭേദിച്ചതും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതുമായ ലിഫ്റ്റ് സംവിധാനവുമാണ്. ലോകപ്രശസ്തമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഈ ലിഫ്റ്റ് സംവിധാനം.

ഗ്രീസ് പൗരാണികത കൊണ്ടും മനോഹാരിതകൊണ്ടും ആരേയും മയക്കുന്നൊരു ഇടമാണെന്നതില്‍ സംശയമൊന്നുമില്ല. വര്‍ഷാവര്‍ഷം ലക്ഷകണക്കിന് വിനോദസഞ്ചാരികള്‍ ഗ്രീസ് സന്ദര്‍ശിക്കുന്നുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന അനേകം ഇടങ്ങള്‍ ഉണ്ടെങ്കിലും ദീന തെരഞ്ഞെടുത്തത് ഈ ചെറു ദ്വീപായിരുന്നു.

ലണ്ടന്‍

ലണ്ടന്‍ നഗരത്തിലെ ചുറ്റിക്കറങ്ങലും മറ്റും ഉള്‍പ്പെടുത്തികൊണ്ട് ദീന ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥയും ഒരേ നിറത്തിലുള്ള കെട്ടിടങ്ങളും ലണ്ടനിലെ കാഴ്ചകൾ അതിസുന്ദരമാണ്. ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും സഞ്ചാരിക്കൾക്ക് വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിംഗ് വാഹനത്തിൽ കയറിയാൽ, പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ ആസ്വദിക്കാം. ലോകത്തിലെ ആദ്യ അണ്ടർഗ്രൗണ്ട് സ്റ്റേഷനും ലണ്ടനിലാണ്. 

ലണ്ടൻ ബ്രിഡ്ജിൽ നിന്നാൽ പ്രസിദ്ധമായ ലണ്ടൻ ടവർ കാണാം. വിക്ടോറിയ ആൻഡ് ആൽബർട് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ആൽബർ് രാജകുമാരെൻറ സ്മരണയ്ക്കായി നിർമിച്ച റോയൽ ആൽബർട് ഹാൾ എന്നിവയും കാണാം. സഞ്ചാരികളിൽ മനംമയക്കും കാഴ്ചകളാണ് ലണ്ടൻ ടവർ സമ്മാനിക്കുന്നത്. ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും, ഭീമാകാരമായ ഘടനയും ശ്രദ്ധ ആകർഷിക്കുന്നു. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഗരത്തിലെ മുഖ്യാകർഷണമായ ലണ്ടൻ ബ്രിഡ്ജും ഗോഥിക്ക് ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. 1894ൽ നിർമിച്ച പാലം ലണ്ടന്റെ പ്രതീകമാണ്. ഈ കൂറ്റൻ പാലത്തിനടിയിലൂടെയാണ് തെംസ് നദി ഒഴുകുന്നത്. ചരിത്രപരമായി നിരവധി കഥകളുണ്ട് ലണ്ടൻ ബ്രിഡ്ജിന്.

മൈക്കോനോസ് എന്ന ലിറ്റില്‍ വെനീസ്

വെള്ളപൂശിയ കെട്ടിടങ്ങളും ഇടനാഴികളും, എന്തിന് വഴികള്‍ പോലും വെള്ളമയം, മൈക്കോനോസിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെയാണ്. ദ്വീപസമൂഹമായ സൈക്ലാഡേസിലെ ഈ ചെറുദ്വീപ് ലിറ്റില്‍ വെനീസ് എന്നും അറിയപ്പെടുന്നു. കടലിലേയ്ക്ക് മുഖംതിരിച്ചിരിക്കുന്നതുപോലെയാണ് മൈക്കനോസിന്റെ കിടപ്പ്. ബിച്ചുകളും ഷോപ്പിങ് സ്ട്രീറ്റുകളും കൊണ്ട് സമ്പന്നമായ മൈക്കനോസിന്റെ വെള്ളപരവതാനി വിരിച്ച ഇടനാഴികളിലൂടെ വെറുതെ നടക്കുന്നതുപോലും രസകരമായിരിക്കും.

യാത്രകള്‍ ഏതൊരു മനുഷ്യന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്ന് പറയാം. സ്ത്രീകളാണത്രേ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരെന്നാണ് പുതിയ അറിവ്. ഇനി ഒരു യാത്രയൊക്കെ പ്ലാനിടുന്നുണ്ടെങ്കില്‍ ഈ പറഞ്ഞ ഇടങ്ങള്‍ക്കൂടി ഒന്ന് പരഗണിച്ചുനോക്കാം.