സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന മെട്രോപ്പൊലിറ്റൻ സിറ്റികളിൽ ഒന്നാണ് ഫിലിപ്പീൻസ് തലസ്ഥാനമായ മനില, ഓൾഡ് മനില സിറ്റി, ഫോർട്ട് സാന്റിയാഗോ, സാൻ അഗസ്റ്റിൻ ചർച്ച്. ചുമരുകളാൽ ചുറ്റപ്പെട്ട ഇൻട്രാമറസ്, നാഷനൽ മ്യൂസിയം ഓഫ് ഫിലിപ്പീൻസ്, പ്രാസാൻജൻ ജലപാതം തുടങ്ങി കാഴ്ചകൾ അനവധിയാണ് മനിലയിൽ. ഏഴായിരം ദ്വീപുകൾ കൊണ്ട് സമ്പന്നമാണ് ഫിലിപ്പൈൻസ്. ചെലവു കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടുകൂടിയാണ് ഫിലിപ്പീൻസ് ഇന്ത്യയിലെ പല നഗരങ്ങളിലെയും മുന്തിയ ഭക്ഷണശാലകളിൽ ലഭിക്കുന്നതിനെക്കാ‍ൾ കുറഞ്ഞ വിലയ്ക്കു ഭക്ഷണവും താമസവും ഉറപ്പാക്കാം. പാനീയങ്ങളും സുലഭം. പെട്രോളിനും താരതമ്യേന വില കുറവാണ്.

യാത്രകൾ സമ്മാനിക്കുന്ന ഏറ്റവും വലിയ നേട്ടമെന്താണെന്നു ചോദിച്ചാൽ അതിൽ ആദ്യത്തേത് ആ നാട്ടിലെ ഭക്ഷണ രുചി അറിയാൻ കഴിയും  എന്നത് തന്നെയാകും. വിവിധ തരത്തിലുള്ള രുചികൾ കൊണ്ട് സമ്പന്നമാണ് പല രാജ്യങ്ങളും. അതിൽത്തന്നെ രുചി കൊണ്ട് മനസ് കീഴ്‌പ്പെടുത്തുന്ന ചില വിഭവങ്ങളുണ്ട് ചില നാടുകളിൽ.

ആ വിഭവങ്ങളായിരിക്കും  സഞ്ചാരികളെ പിന്നെയും ആ നാട്ടിലേക്കു ആകർഷിക്കുന്നത്. അത്തരത്തിൽ രുചികൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു രാജ്യമാണ് ഫിലിപ്പൈൻസ്. ചില വിഭവങ്ങൾ വലിയ റെസ്റ്റോറന്റുകളിൽ ലഭിക്കണമെന്നില്ല, നാടൻ തട്ടുകടകളെ ആശ്രയിക്കേണ്ടി വരും. എങ്കിലും തേടി നടന്നു സ്വാദറിയുന്നത് യാത്രയെ ഹരം പിടിപ്പിക്കുക തന്നെ ചെയ്യും.

അഡോബോ

ഫിലിപ്പൈൻസ് വിഭവങ്ങളിൽ പ്രമാണിയാണ് അഡോബോ. പോർക്ക്, ബീഫ്, മൽസ്യങ്ങൾ, ചിക്കൻ, പച്ചക്കറികൾ തുടങ്ങിവയിൽ  വിനാഗിരിയും വെളുത്തുള്ളിയും സോയയും പുരട്ടിവെച്ചതിനുശേഷം  എണ്ണ ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന വിഭവമാണിത്. സ്വാദിഷ്ടകരമായ ഈ വിഭവം ആസ്വദിക്കണമെങ്കിൽ പോകേണ്ടത്  ഫിലിപപ്പൈൻസിലെ തെരുവുകളിലേക്കാണ്. അവിടെയുള്ള നാടൻ ഭക്ഷണശാലകളിൽ തനതു രുചിയോടെ വിളമ്പുന്ന ഒരു വിഭവമാണിത്. ഫുഡ് കോർട്ടുകളിലും  മാർക്കറ്റിലെ സ്റ്റാളുകളിലും ഇവ ലഭ്യമാകും. ഒന്ന്  മുതൽ രണ്ട് അമേരിക്കൻ ഡോളർ മാത്രമാണ് ഇതിന്റെ വില, അതായത് 40-60 പെസോ. ചോറിനൊപ്പമാണ് ഈ വിഭവത്തിന്റെ സ്ഥാനം.

ബലുറ്റ്

ഈ വിഭവം രുചിക്കണമെങ്കിൽ ഹൃദയത്തിനല്പം കട്ടികൂടുതൽ വേണം. ഫിലിപ്പൈൻസിലെ ഒരു പരമ്പരാഗത വിഭവമാണിത്. ഒരു ചെറുകടിയായും മീൽസിനുമുമ്പു ഒരു തുടക്കകാരനായും കഴിക്കാം. താറാവിന്റെ മുട്ടയാണ് ഇതിലെ പ്രധാന വിഭവം. ഈ വിഭവവും തനതുരുചിയിൽ കഴിക്കണമെങ്കിൽ തെരുവുകളിലേക്കു ഇറങ്ങേണ്ടി വരും. കാഴ്ച്ചയിൽ പുഴുങ്ങിയ താറാവിന്റെ മുട്ടയാണ്. പക്ഷേ, 18 ദിവസം പ്രായമായ താറാവിന്റെ ഭ്രൂണമുള്ള മുട്ടയാണ് പുഴുങ്ങി നൽകുന്നത്. വളരെ ചെറിയ താറാവുകുഞ്ഞിനെ  മുട്ടയിൽ കാണാൻ കഴിയും. കഴിക്കുമ്പോൾ ചിക്കന്റെ സ്വാദുണർത്തും ഈ വിഭവമെന്നാണ് രുചിച്ചവർ സാക്ഷ്യപ്പെടുത്തുന്നത്.

ബാംഗസ്

ഫിലിപ്പൈൻസ് ശൈലിയിൽ ഗ്രിൽ ചെയ്ത പൂമീൻ വിളമ്പുന്നത് മീൽസിനൊപ്പമാണ്.  വെളുത്തുള്ളിയും സോയാസോസും വിനാഗിരിയും പുരട്ടിവെച്ചതിനുശേഷം സാധാരണരീതിയിൽ പൊരിച്ചെടുക്കുന്ന  മീനിന് അസാധ്യ രുചിയാണ്. എല്ലായിടത്തും ലഭ്യമായ ഈ വിഭവത്തിനു രണ്ട് അമേരിക്കൻ ഡോളറാണ് വില. അതായത് 60-80 പെസോ.

ഹാലോ ഹാലോ

ഹാലോ-ഹാലോ എന്നാൽ 'ഒരുമിച്ചു ചേർത്തത്' എന്നാണർത്ഥം. മധുരത്തെയാണ് ഇവിടെ ഒരുമിച്ചു ചേർത്തിരിക്കുന്നത്. ഐസ്ക്രീമും പഴങ്ങളും നിറഞ്ഞ ഈ വിഭവം കാഴ്ച്ചക്കുതന്നെ വളരെ ആകർഷകമാണ്. വിവിധ നിറങ്ങൾ നിറഞ്ഞ ഈ വിഭവം മധുരപ്രേമികളെ വളരെയധികം ആകർഷിക്കും.

പാൻസിറ്റ്

ഫിലിപ്പൈൻസിലെ  ലുംപിയ എന്ന സ്ഥലത്തു മാത്രം ലഭ്യമാകുന്ന, വായിൽ വെള്ളമൂറിക്കുന്ന ഒരു വിഭവമാണ് പാൻസിറ്റ്. ന്യൂഡിൽസിൽ ചിക്കെനും പോർക്കും പച്ചക്കറികളും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. പ്രഭാതഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും പാൻസിറ്റ് ലഭ്യമാകുന്നതാണ്. 25 പെസോയ്ക്കു ഇത് ലഭിക്കും, അതായത് ഏകദേശം 0.5 അമേരിക്കൻ ഡോളർ മാത്രമാണ് ഈ വിഭവത്തിന്റെ വില.

സിസിഗ്

ചൂടോടെ വിളമ്പി, അതേ ചൂടിൽ തന്നെ ഭക്ഷിക്കുന്നതാണ് ഈ വിഭവത്തിന്റെ രുചി വർധിപ്പിക്കുന്നത്. പോർക്ക് കൊണ്ട് തയ്യാറാക്കുന്ന ഒരു വിഭവമാണ് സിസിഗ്.പന്നിയുടെ തല പുഴുങ്ങിയതിനു ശേഷം ബാർബിക്യു ചെയ്തോ ഗ്രിൽ ചെയ്തോ എടുക്കുന്നു. അതിനു ശേഷം, ആ മാംസത്തെ വളരെ ചെറിയ കഷണങ്ങളാക്കി അരിഞ്ഞതിനുശേഷം ഉള്ളി, വെളുത്തുള്ളി, മസാലകൾ മുതലായവ ചേർത്ത് ഫ്രൈ ചെയ്‌തെടുക്കുന്നു. പന്നിക്കു പകരം  ചിക്കനും  കൂന്തലും ട്യൂണ മൽസ്യവുമൊക്കെ ഉപയോഗിച്ച് ഈ വിഭവം വിവിധ രുചികളിൽ റെസ്റ്റോറന്റുകാർ തയ്യാറാക്കി നൽകാറുണ്ട്. ആവശ്യക്കാരുടെ താല്പര്യമനുസരിച്ച്   മയോണൈസും മുട്ടയും ചേർത്തും  ഈ വിഭവം വിളമ്പാറുണ്ട്.