യൂറോപ്യൻ രാജ്യങ്ങളിലൂടെ യാത്ര നടത്താൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അവിടേയ്ക്ക്  യാത്ര നടത്തണമെങ്കിൽ ഷെൻഗൻ വിസ അനിവാര്യമാണ്. ഇൗ വിസ ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഇഷ്ടപ്പെട്ട യാത്രകൾ ഒരൽപ്പം വിഷമത്തോടെ മാറ്റിവെയ്ക്കും. എന്നാൽ ഇനി ആ വിഷമം മാറ്റിവച്ച് നേരെ സെർബിയയ്ക്ക് വിട്ടോ. എന്താണെന്നല്ലേ

ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യമാണ് സെര്‍ബിയ. ഹോട്ടല്‍ ബുക്കിംഗും ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രം മതി അങ്ങോട്ടുള്ള യാത്രയ്ക്ക്. ചെറിയ നിരക്കുകളില്‍ അങ്ങോട്ടും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.  

ചരിത്രംകൊണ്ടും സംസ്‌കാരംകൊണ്ടും വ്യത്യസ്തതകള്‍ ഏറെയുള്ള ഒരു രാജ്യമാണ് സെർബിയ. ബെൽഗ്രേഡ് എന്ന മനോഹര സ്ഥലമാണ് സെർബിയയുടെ തലസ്ഥാനം. സാവ, ഡാന്യൂബ് എന്നീ നദികളുടെ സംഗമസ്ഥാനം കൂടിയാണി തലസ്ഥാന നഗരി.  ബെൽഗ്രേഡിലെ രാത്രി ജീവിതം ഗംഭീരമാണെന്നാണ് പറയപ്പെടുന്നത്. ഡാന്യൂബ് നദിയിലൂടെ ഒരു ബോട്ട് സഫാരി നടത്തിയാൽ ഈ നഗരത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാം. 

ജനസാന്ദ്രത കൂടിയ ഈ നഗരത്തെ ഓൾഡ്, ന്യൂ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. അതിൽ ഓൾഡ് ടൗൺ ആയ മി ഹെലാവ തെരുവാണ് സഞ്ചാരികളുടെ ഇഷ്ടയിടം. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള തെരുവുകളിൽ ഒന്നായ ഇവിടം അതിസുന്ദരവുമാണ്. നിങ്ങൾക്ക് ഒന്നും നോക്കാതെ ധൈര്യമായി ഈ തെരുവിലൂടെ നടക്കാം. കാരണം ഒരു കിലോമീറ്റർ ദൂരമുള്ള സ്ട്രീറ്റിനുള്ളിൽ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇവിടുത്തെ കെട്ടിടങ്ങൾ എല്ലാം തന്നെ മിനിമം 200 വർഷമെങ്കിലും പഴക്കമുള്ളവയാണ്. ഷോപ്പിംഗിനു വേണ്ടി മാത്രമുള്ളതാണീ തെരുവ്. ബെൽഗ്രേഡിന്റെ മിക്ക ഭാഗങ്ങളും ഒന്നാം ലോക മഹായുദ്ധത്തിന്റെ ആഘാതമേറ്റവയാണെങ്കിലും മി ഹെലാവ തെരുവിന് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. 

കൊപൊണിക്, സ്ലാറ്റിബോർ, സ്റ്റാറ പ്ലാനീന തുടങ്ങി സെർബിയൻ കാഴ്ച്ചകൾ പരന്നു കിടക്കുകയാണ്.നാഷണൽ മ്യൂസിയം, താരാ, ഡെർ ടാപ് നാഷണൽ പാർക്കുകൾ, സ്റ്റുഡൻസിയ മോണാസ്ട്രി അങ്ങനെ ആകർഷണങ്ങൾ വേറെയുമുണ്ട് ഇവിടെ.

40 മീറ്റർ ഉയരമുള്ള അഗ്നിപർവ്വത സ്ലാബിൽ നദിക്കരയിൽ സ്ഥിതിചെയ്യുന്ന നോവി നാഡിലെ കോട്ടയാണ് മറ്റൊരു ആകർഷണം. ഇതിനെ യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ കോട്ടയായി കണക്കാക്കുന്നു.'ജിബ്രാൾട്ടർ ഓൺ ദ ഡാനൂബ്' എന്ന് വിളിപ്പേരും ഈ കോട്ടയ്ക്കുണ്ട്. 1692 നും 1780 നും ഇടയിൽ അടിമകളെ ഉപയോഗിച്ച് നിർമ്മിച്ചതാണി കോട്ട. ഇങ്ങനെ നിരവധി കാഴ്ച്ചകളുണ്ട് രണ്ട് പ്രവിശ്യകളായി കിടക്കുന്ന സെർബിയൻ മണ്ണിൽ. ബെൽഗ്രേഡിന്റെ ലോകോത്തര നൈറ്റ് ലൈഫിലും നോവി സാഡിന്റെ ഇതിഹാസമായ എക്സിറ്റ് ഫെസ്റ്റിവലിലും പങ്കുകൊളളാൻ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

യൂറോപ്പിലെയ്ക്കൊരു യാത്ര എന്ന സ്വപ്നം ഈ മാറ്റി വയ്ക്കണ്ട, കാഴ്ചകളുടെ പൂക്കൂട നിറച്ച് സെർബിയ എന്ന യൂറോപ്യൻ നാട് തലയുയർത്തി നിൽപ്പുണ്ട്.  നൂലാമാലകളെയും വിസ ബുദ്ധിമുട്ടുക്കളേയും പേടിക്കാതെ യാത്രയ്ക്ക് ഒരുങ്ങിക്കോ.