കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടോ. എങ്കിൽ ആ അദ്ഭുതം സത്യമാണ്. അമേരിക്കയിലേക്ക് യാത്ര തിരിക്കുമ്പോൾ ഈയൊരു സ്ഥലം മറക്കാതെ കാണാൻ ശ്രമിക്കാം.

മിക്ക വിദേശ രാജ്യങ്ങളിലും മനുഷ്യര്‍ക്ക് മാത്രമല്ല ജീവനില്ലാത്ത വിമാനങ്ങള്‍ക്കുമുണ്ട് ശവപറമ്പുകൾ. അതിൽ തന്നെ ഏറ്റവും വലുതും നിഗൂഡവുമായത് സ്ഥിതി ചെയ്യുന്നത്  അമേരിക്കയിലാണ്. അരിസോന’ എന്ന മരൂഭൂമിയെയാണ് വിമാനങ്ങളുടെ ശവപ്പറമ്പായി രൂപമാറ്റം നടത്തിയിരിക്കുന്നത്.

ഉപയോഗം കഴിഞ്ഞവിമാനങ്ങള്‍ സൂക്ഷിക്കുന്നതിനും നന്നാക്കുന്നതിനും ആവശ്യമുള്ള ഭാഗങ്ങള്‍ പുനരുപയോഗിക്കുന്നതിനും വേണ്ടി സൂക്ഷിക്കുന്ന വിമാനങ്ങളാണ് ഇവിടെയുള്ളത്. അമേരിക്കയിലെ ഈ സൂക്ഷിപ്പു കേന്ദ്രത്തിന്റെ പേര് ബോണ്‍യാഡ്‌ എന്നാണ്. 27000 ഏക്കര്‍ സ്ഥലത്ത്‌ അരിസോന മരുഭൂമിയില്‍ അതങ്ങനെ പരന്നു കിടക്കുകയാണ്‌. അമേരിക്കയിൽ  ഇത്തരത്തില്‍ വിമാനങ്ങളുടെ ശവപറമ്പുകള്‍ അനവധിയുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും വലിയതാണ് അരിസോനയിലെ ബോണ്‍യാഡ്.

ആയിരക്കണക്കിന് വിമാനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്‌സ് ബേസ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഒരുകാലത്ത് അമേരിക്കയ്ക്കു വേണ്ടി വിവിധ യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് കാലപ്പഴക്കത്തിനാൽ ഈ മരുഭൂമിയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നത്. ആണവായുധശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങള്‍ വരെ അരിസോനയിൽ ഉണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1946 മുതലാണ് ഇവിടേക്ക് പഴക്കം വന്ന വിമാനങ്ങള്‍ എത്തിച്ചു തുടങ്ങിയത്.

നിരവധി ഹോളിവുഡ് ചിത്രങ്ങൾക്കും സീരിയലുകൾക്കുമെല്ലാം ഇവിടം വേദിയായിട്ടുണ്ട്. ചില വിമാനങ്ങള്‍ ഇവിടെ നിന്ന് അറ്റകുറ്റപ്പണി നടത്തി തിരിച്ചു പോകാറുമുണ്ട്. വിനോദ സഞ്ചാരികൾക്കായി ഈ മരുഭൂമിയിലൂടെ ഒരു ബസ് ടൂർ നടത്തുന്നുണ്ട്. ഇതിലൂടെ കാഴ്ചകൾ കൂടുതൽ അടുത്തറിയാൻ സാധിക്കും. വർഷം തോറും നിരവധി ടൂറിസ്റ്റുകൾ ബോൺ യാഡ് സന്ദർശിക്കാനായി എത്തുന്നു.