വിദേശയാത്ര പ്ലാൻ  ചെയ്യാൻ ധാരാളം സമയവും പരിശ്രമവും ക്ഷമയും വേണം. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതു മുതൽ ഹോട്ടൽ ബുക്ക് ചെയ്യുന്നതുവരെ  ബജറ്റ് അടക്കം എല്ലാം മുൻ‌കൂട്ടി ആസൂത്രണം ചെയണം. ഇതെല്ലാം ശരിയായാലും മറ്റൊരു തടസ്സമുണ്ട്, അതാണ് വീസ. വീസയില്ലാതെ  പ്രവേശനം അനുവദിക്കാത്ത ചില രാജ്യങ്ങളുണ്ട്. മിക്ക യാത്രകളും ഇത്തരത്തിൽ അവസാന നിമിഷം നഷ്ടമാകും. എന്നാൽ പരിമിതമായ സമയത്തേക്കു വീസ വാഗ്ദാനം ചെയ്യുന്ന ചില രാജ്യങ്ങളുണ്ട്. 

ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കാര്യത്തിൽ സീഷെൽസ് മികച്ചൊരു ചോയ്സാണ്. 115 ദ്വീപുകളുടെ സമൂഹമായ ഈ രാജ്യം പ്രകൃതി രമണീയതയാലും പവിഴപ്പുറ്റുകളാലും സുന്ദരമായ ബീച്ചുകളാലും സമ്പന്നമാണ്. തിരക്കേറിയ സ്ഥലങ്ങളിൽനിന്ന് മാറി ഏകാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സീഷെൽസ് മനോഹരമായ അനുഭവമാകും. നിങ്ങൾ അവിടെ എത്തി വീസ ഓൺ അറൈവൽ ആയി 30 ദിവസത്തേക്ക് വീസ എടുക്കാം.  

തായ്‌ലൻഡ്

അതിമനോഹരമായ വനങ്ങൾ, സുവർണ്ണക്ഷേത്രങ്ങൾ, മനോഹരമായ ബീച്ചുകൾ, രഹസ്യ ദ്വീപുകൾ, അൺലിമിറ്റഡ് നൈറ്റ് ലൈഫ് അങ്ങനെ നിരവധി അദ്ഭുതങ്ങൾ ഉള്ളയിടമാണ് തായ്‌ലൻഡ്. ഇന്ത്യൻ പൗരന്മാർക്ക് 15 ദിവസത്തേക്ക് തായ്‌ലൻഡ് വീസ അനുവദിക്കും. 

കംബോഡിയ

കംബോഡിയ ഒരു വികസിത രാജ്യമല്ല, എന്നാൽ, പുരാതന– ആധുനിക സംസ്കാരങ്ങളുടെ സംഗമഭൂമിയായ ഈ രാജ്യത്തിന്റെ പ്രകൃതിസൗന്ദര്യം അവർണനീയമാണ്. ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തേക്ക് കംബോഡിയ വീസ അനുവദിക്കുന്നുണ്ട്. 

ജോർദാൻ

പുരാതന സ്മാരകങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, കടൽത്തീര റിസോർട്ടുകൾ എന്നിവയ്ക്ക് പേരുകേട്ട അറബ് രാജ്യമാണ് ജോർദാൻ. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്നതും ജോർദാന്റ മണ്ണിലാണ്.  മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളും യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നു കൂടിയായ ജോർദാൻ  ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തേക്ക് വീസ അനുവദിക്കും. 

ഇന്തൊനീഷ്യ

ടൂറിസം രംഗത്ത് അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന ഇന്തൊനീഷ്യയും ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക്വീസ അനുവദിക്കുന്നുണ്ട്.  ദ്വീപ് രാജ്യമായ ഇന്തൊനീഷ്യയുടെ മനോഹരമായ നീല ബീച്ചുകളും മറ്റു സാംസ്കാരിക ആനന്ദങ്ങളും അദ്ഭുതപ്പെടുത്തും. ബീച്ചുകളിൽ ചുറ്റിക്കറങ്ങാനും സ്വാദേറിയ പ്രാദേശിക ഭക്ഷണം രുചിക്കാനും  ആഗ്രഹിക്കുന്നുവെങ്കിൽ നേരെ ഇന്തൊനീഷ്യയ്ക്കു പോകാം

മാലദ്വീപ്

എല്ലാ അർഥത്തിലും മാലദ്വീപ് ഭൂമിയിലെ പറുദീസയാണ്. വൃത്തിയുള്ള ബീച്ചുകൾ, നീലത്തടാകങ്ങൾ, വിശാലമായ ഭൂപ്രകൃതി എന്നിവയ്ക്ക് പേരുകേട്ട സ്ഥലം. 80 വ്യത്യസ്ത ദ്വീപുകളുടെ ഒത്തുചേരലായ മാലിയിലേക്കുള്ള യാത്ര അവീസ്മരണീയമായിരിക്കും. ഇവിടം സന്ദർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തേക്ക് സൗജന്യ വീസ ലഭിക്കും.

മൗറീഷ്യസ്

മഴക്കാടുകൾ, ബീച്ചുകൾ, തടാകങ്ങൾ, വന്യജീവികൾ എന്നിവയ്ക്ക് പേരുകേട്ട മനോഹരമായ ദ്വീപ്‌ രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരന്മാർക്ക് ഇവിടെ 30-60 ദിവസം താമസിക്കാൻ അനുവാദമുണ്ട്. മൗറീഷ്യസിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് വീസ ആവശ്യമില്ല. വിമാനത്താവളത്തിൽ ഇറങ്ങിയാൽ പാസ്‌പോർട്ട് സ്റ്റാംപ് ചെയ്യണമെന്ന് മാത്രം. 

ഹെയ്തി

പുരാതന കെട്ടിടസമുച്ചയങ്ങൾ, കോട്ടകൾ, സമ്പന്നമായ ചരിത്രം, സംസ്കാരം എന്നിവയ്ക്ക് പേരുകേട്ട കരീബിയൻ രാജ്യമാണ് ഹെയ്തി. നിരവധി ബീച്ചുകളുടെയും മനോഹരമായ പർവതങ്ങളുടെയും സുന്ദര ഭൂമിയായ ഇവിടേക്കു വരാൻ ഇന്ത്യൻ പൗരന്മാർക്ക് 90 ദിവസം വരെ സൗജന്യ വീസ അനുവദിക്കുന്നു .

മഡഗാസ്കർ

വൈവിധ്യമാർന്ന ഭൂപ്രകൃതി ഉള്ള ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ. സസ്യ–ജന്തുജാലങ്ങളാൽ സമ്പന്നമായ ഈ ആഫ്രിക്കൻ രാജ്യത്ത് സഞ്ചാരികളെ ആകർഷിക്കത്തക്ക വിധമുള്ള അനേകം കാഴ്ചകൾ പ്രകൃതി ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ സൗജന്യ വീസ മഡഗാസ്കർ നൽകുന്നു.

ഡൊമിനിക്ക

കരീബിയൻ ദ്വീപായ ഡൊമിനിക്ക പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ്, ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് സജീവമായ ഒരു അഗ്നിപർവതമാണ്. സ്ഫടികസമാനം തെളിഞ്ഞ തടാകങ്ങൾ, പ്രകൃതിദത്ത ചൂടുനീരുറവകൾ, ഉഷ്ണമേഖലാ മഴക്കാടുകൾ എന്നിവയും ഇവിടെയുണ്ട്, മൊത്തത്തിൽ ഒരു വ്യത്യസ്തമായ ഒരു ലോകത്തിലേക്ക് ഡൊമിനിക്ക നിങ്ങളെ കൊണ്ടുപോകും. ഇന്ത്യൻ പൗരന്മാർക്ക് 180 ദിവസം വരെ സൗജന്യ വീസ ലഭിക്കുമെന്നതാണ് എടുത്തു പറയേണ്ടത്.

യാത്രകളെ പ്രണയിക്കുന്നവരേ, ഇനി മടിക്കണ്ടാ, ബാഗ് റെഡിയാക്കി കാഴ്ചകൾ അവസാനിക്കാത്ത ലോകം ചുറ്റാൻ തയാറായിക്കോളൂ.