നമ്മുടെ ഇന്ത്യ അടക്കമുളള മിക്ക ഏഷ്യൻ രാജ്യങ്ങളും മായ കാഴ്ചകളാൽ സമ്പന്നമാണെന്ന് പറയാതെ തന്നെ അറിയാമല്ലോ. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പോകാൻ ചെലവും സാമ്പത്തികവും ചിലപ്പോഴൊക്കെ വിസ പ്രശ്നങ്ങളും പലരേയും അലട്ടാറുണ്ട്.
എന്നാൽ കാഴ്ചകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ നിന്ന് എളുപ്പത്തിലും കുറഞ്ഞ ചെലവിലും കണ്ടു വരാൻ പറ്റുന്ന സ്ഥലങ്ങളുമുണ്ട് ഈ ഏഷ്യൻ ഭൂഖണ്ടത്തിൽ.യാത്രകളെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളാണ് ഇനി പറയുന്നത്.

താജ് മഹൽ

ഒരു ആമുഖത്തിന്റെ ആവശ്യമില്ല നമ്മുടെ താജ്മഹലിന്. സൗന്ദര്യ ധാമമായി ലോക വിനോദ സഞ്ചാരഭൂപടത്തിന്റെ നെറുകയിൽ തലയെടുപ്പോടെ നിൽക്കുന്ന താജ് മഹൽ കാണുക എന്നത് ഏത് യാത്രാപ്രേമിയുടേയും ഒരാഗ്രഹമായിരിക്കും.
പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍ എന്ന പ്രണയ സ്മാരകം. 

പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്. വർഷാവർഷം ഇവിടെയെത്തുന്ന സഞ്ചാരികളുടെ കണക്ക് മാത്രം മതി താജിന്റെ മഹിമ അറിയാൻ.

ഗാര്‍ഡന്‍സ് ബൈ ദ ബേ

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രമുഖമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്‌കാരങ്ങളുടെ സംഗമ ഭൂമി എന്നു വേണമെങ്കിൽ ഈ നാടിനെ വിളിക്കാം. പൂന്തോട്ടങ്ങളുടെ നഗരമെന്ന ഒരു ഓമനപ്പേരു കൂടിയുള്ള ഇവിടുത്തെ ഒരത്ഭുതമാണ് ഗാര്‍ഡന്‍സ് ബൈ ദ ബേ.  ഏകദേശം 250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പൂന്തോട്ടത്തിന്റെ സൗന്ദര്യം നേരിട്ട് കണ്ട് ആസ്വദിക്കേണ്ടത് തന്നെയാണ്.

പെട്രോനാസ് ടവര്‍

മലേഷ്യയാണ് ലിസ്റ്റിലെ അടുത്ത മഹാൻ. അംബരചുംബികളായ കെട്ടിടങ്ങളാലും,വര്‍ണ്ണ ദീപങ്ങളുടെയും,ആഡംബരങ്ങളുടെയും നഗരമെന്ന പേരിലും പ്രശസ്തമാണ് മലേഷ്യയിലെ ക്വാലാലംപൂര്‍. ഇവിടുത്തെ ഏറ്റവും മികച്ച ആകർഷണം പെട്രോനാസ് ട്വിന്‍ ടവേര്‍സാണ്. മലേഷ്യ എന്ന രാജ്യത്തെ ലോകത്തിന്റെ കാഴ്ചകളിലേയ്ക്ക് ഉയർത്തിയത് ലോകത്തിലെ ഏറ്റവും ഉയരമേറിയ ഈ ഇരട്ടഗോപുരങ്ങള്‍ ആണ്. ഈ ടവറിന്റെ ഓരോ നിലകളിലേക്കുമുള്ള യാത്ര ഓരോ അനുഭവമാണ് യാത്രികർക്ക് സമ്മാനിക്കുന്നത്.

മൗണ്ട് ഫുജി

ജപ്പാന്റെ സാംസ്‌കാരിക ചിഹ്നം കൂടിയാണ് മൗണ്ട് ഫുജി എന്ന അതി മനോഹര അഗ്നിപർവ്വതം. അഞ്ച് അരുവികളാല്‍ വളയപ്പെട്ട് മഞ്ഞുമൂടി നില്‍ക്കുന്ന ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതമായ ഫിജി അഗ്‌നിപര്‍വ്വതം കൂടിയാണെങ്കിലുംപേടിക്കണ്ട. 300 വർഷം മുമ്പാണ് അവസാനമായി ഫിജി പൊട്ടിത്തെറിച്ചത്. 

യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ വരെ  ഇടം പിടിച്ചിട്ടുള്ള ഈ കൊടുമുടി വിനോദസഞ്ചാരികളെയും തീര്‍ഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ്.

ടൈഗര്‍സ് നെസ്റ്റ് മൊണാസ്റ്ററി

ഹിമാലയസാനുക്കളുടെ മടിത്തട്ടില്‍ ശാന്തതയുടെ പ്രതീകമായി നിൽക്കുന്ന രാജ്യമാണ് ഭൂട്ടാന്‍. ആരാധനാ മന്ദിരങ്ങളുടെ ഘോഷയാത്ര തന്നെയുണ്ട് ഈ രാജ്യത്തിന്റെ  ചെറുപട്ടണങ്ങളില്‍ വരെ. ഇതിൽ ഏറെ പ്രശസ്തമായ ഒന്നാണ്‘പാരോ ടക്ത്‌സങ്ങ്’ അഥവാ ടൈഗര്‍ നെസ്റ്റ്. വളരെ പുരാതനവും പ്രസിദ്ധവുമായൊരു പാല്‍ഫുങ്ങ് മൊണാസ്ട്രിയാണ് ഇത്.

ബുദ്ധന്റെ രണ്ടാം പുനരവതാരമായി കരുതുന്ന ഗുരു റിംപോച്ചേ പാറക്കെട്ടിലുള്ള ഗുഹയില്‍ തപസ്സിനായി ഒരു പെണ്‍കടുവയുടെ പുറത്തിരുന്നു പറന്നു വന്നിറങ്ങിയെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പാറക്കെട്ടില്‍ പടുത്തുയര്‍ത്തിയ ബുദ്ധക്ഷേത്ര സമുച്ചയം ടിബറ്റന്‍ ജനതയുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്.


ഡോം ഓഫ് ദ റോക്ക്

മുസ്ലിം മത വിശ്വാസികൾ ‘അല്‍-അഖ്‌സ’ എന്നു വിളിക്കുന്ന ജറുസലേമിലെ വിഖ്യാതമായ മുസ്ലീം ദേവാലയമാണ് ഡോം ഓഫ് ദ റോക്ക്. സ്വർണ്ണത്തിൽ തീർത്ത താഴികക്കുടമാണ് ഈ ദേവാലയത്തിന്റെ പ്രത്യേകത. ദേവാലത്തിന് നടുവിലുള്ള ഗോപുരം വലിയ ഒരു പാറയെ വലയം ചെയ്യുന്നു. മുഹമ്മദ് നബി ഒരു രാത്രി സ്വര്‍ഗ്ഗ യാത്ര നടത്തിയത് ഇവിടെ നിന്നാണന്ന് മുസ്ലിംഗളും, അബ്രഹാം മകന്‍ ഇസഹാക്കിനെ ബലി കൊടുക്കുവാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയത് ഈ പാറയിലായിരുന്നുവെന്ന് ക്രൈസ്തവരും വിശ്വസിക്കുന്നു. ജറുസലേം സന്ദർശിക്കുന്ന ഒരാളും ഈ ദേവാലയവും കാണാതെ പോകരുത്.

ഫോര്‍ബിഡന്‍ സിറ്റി

ചൈനീസ് ചക്രവര്‍ത്തിമാരുടെ രാജകീയ കൊട്ടാര സമുച്ചയമാണ് ബീജിംഗിലെ ഫോര്‍ബിഡന്‍ സിറ്റി  അഥവാ വിലക്കപ്പെട്ട നഗരം. ബീജിങ് നഗരത്തിന്റെ കേന്ദ്ര ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏകദേശം അഞ്ച് നൂറ്റാണ്ടുകളോളം ചൈനീസ് ചക്രവർത്തിമാരുടേയും അവരുടെ പരിവാരങ്ങളുടേയും ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. ഏതാണ്ട് 980 ഓളം മന്ദിരങ്ങൾ ഈ കൊട്ടാര സമുചയത്തിൽ ഉണ്ടത്രേ.അപ്പോൾ ഇനി ഏഷ്യൻ ഭൂഖണ്ഡം ഒന്നു ചുറ്റിയടിച്ച് വരാം.