പർവതങ്ങളുടെയും താഴ്‌വരകളുടെയും ഡ്രാമാറ്റിക് പ്രകൃതിദൃശ്യങ്ങളാലും പച്ചപ്പാടങ്ങളും വനങ്ങളും പരുക്കൻ തീരപ്രദേശങ്ങളാലും സമ്പന്നമായ മനോഹരമായ രാജ്യമാണ് സ്കോട്ട്ലൻഡ്. എന്നാൽ സ്കോട്ട്ലൻഡ് ലോക പ്രസിദ്ധമായിരിക്കുന്നത് മറ്റൊന്നിന്റെ പേരിലാണ്. വിസ്കി. നല്ല തകർപ്പൻ വിസ്കി, അതും പല രുചി ഭേദങ്ങളിൽ ആസ്വദിക്കണമെങ്കിൽ സ്കോട്ട്ലാൻഡ് വരെയൊന്ന് പോകണം. 

വളരെ സൗഹാർദപരമായൊരു അന്തരീക്ഷമാണ് ഈ നാടിനെ വേറിട്ടതാക്കുന്നത്. വിസ്കി പോലെ മറ്റനേകം ഘടകങ്ങളുമുണ്ട് ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ.

വിസ്കി ടൂർ

സ്കോച്ച് വിസ്കിയെക്കുറിച്ച് തന്നെ ആദ്യം പറയാം. ലോക ടൂറിസം മാപ്പിൽ മുന്നിലെത്താൻ സ്കോട്ട്ലാൻഡിനെ ഒരു പരിധി വരെ തുണയ്ക്കുന്നത് സ്കോച്ച് വിസ്കിയാണ്. ഇവരുടെ തനതായ ഡിസ്റ്റിലെറി ടൂറുകളും ടേസ്റ്റിങ് സെഷൻസും ഒരുപാട് ആകർഷിക്കുന്നുണ്ട്. ഓരോ പ്രദേശത്തിനും തനത് രുചികൾ ഉണ്ട്.  സ്കോട്ട്ലാൻഡിലെ ഏറ്റവും പ്രധാനപ്പെട്ട ഡിസ്റ്റിലെറിയാണ് ടാലിസ്കാർ. വർഷങ്ങൾ പഴക്കമുള്ള വിസ്കികൾ വരെയുണ്ട് ഇവിടെ. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വിസ്കി നിർമാണവും അത് രുചിച്ച് നോക്കാനുള്ള അവസരവും ലഭിക്കും.

എഡിൻബർഗ് 

സ്കോട്ട്‌ലാന്റിന്റെ തലസ്ഥാനമാണ് എഡിൻബർഗ്. 

പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള എഡിൻ‌ബർഗ് കോട്ടയും ശിലാ ഗോപുരങ്ങളും ആണ് ഇവിടുത്തെ പ്രധാന കാഴ്ച്ചകൾ.  കറുത്ത ബസാൾട്ട് പാറയുടെ മുകളിൽ സ്ഥിതിചെയ്യുന്ന എഡിൻബർഗ് കോട്ട നഗരത്തിന്റെ മനോഹരമായ കാഴ്ചകളും സ്കോട്ട്ലൻഡിലെ പ്രക്ഷുബ്ധമായ ചരിത്രത്തിലൂടെയുള്ള യാത്രയും നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു.ലോകത്തെ ഏറ്റവും പഴയതും പ്രസിദ്ധവുമായ എഡിൻബർഗ് സർവ്വകലാശാലയും ഇവിടെ സ്ഥിതി ചെയുന്നു.

ഗ്ലാസ് ഗോയും ലോച്ച് ലോമോണ്ടും

സ്കോട്ട്ലാൻഡിലെ ഏറ്റവും വലിയ നഗരം എന്ന നിലയിൽ ഗ്ലാസ്ഗോ അതിന്റെ സംസ്കാരത്തിനും ഷോപ്പിംഗിനും പേരുകേട്ടതാണ്. ആകർഷകമായ മ്യൂസിയങ്ങളും ഗാലറികളും അതും സൗജന്യമായി കണ്ടാസ്വദിക്കുന്നതിനും ലണ്ടന് പുറത്ത്  മികച്ച ഷോപ്പിംഗ് ആസ്വദിക്കാനും എല്ലാം ഗ്ലാസ്ഗോ എന്ന സുന്ദര നഗരം ഉത്തമമാണ്.

ചെറിയ ലോക്കാനുകൾ മുതൽ ലോച്ച് നെസ്, ലോച്ച് ലോമോണ്ട് തുടങ്ങി 30,000 ത്തിലധികം ശുദ്ധജല ലോച്ചുകൾ അഥവാ തടാകങ്ങൾ  സ്കോട്ട്ലൻഡിലുണ്ടെങ്കിലും ലോ മോണ്ടാണ് ഏറ്റവും സുന്ദരവും വിനോദ സഞ്ചാരികളുടെ പ്രിയ ഇടവും. ഗ്ലാസ്‌ഗോയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ലോച്ച് ലോമോണ്ട് ബ്രിട്ടനിലെ ഏറ്റവും വലിയ തടാകമാണ്.  സ്കോട്ടിഷ് തടാകങ്ങളുടെ രാജ്ഞിയെന്നാണ് ലോ ച്ച് ലോമോണ്ടിനെ വിളിക്കുന്നത്. ഇവിടുത്തെ തെളിനീര് കൊണ്ടാണ് വിസ്കിയുടെ ചേരുവ ഉണ്ടാക്കുന്നതും.

ഐൽ ഓഫ് സ്കൈ

സ്കോട്‌ലൻഡിലെ ചെറുദ്വീപുകളിലൊന്നായ ‘ഐൽ ഓഫ് സ്കൈ’ ആരിലും കൗതുകമുണർത്തും.  കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിലുണ്ടായ ഒരു അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമാണ് ആ ദ്വീപെന്നാണു കരുതപ്പെടുന്നത്. ഏതൊരാളുടേയും  മനം നിറയ്ക്കുന്ന കാഴ്ച്ചകൾ നിറച്ചിരിക്കുന്ന ഭൂപ്രകൃതിയാണ് ഇവിടെ. 

സ്കോട്ടിഷ് ഹൈലാൻഡ്സ്

സ്കോട്ടിഷ് ഹൈലാൻഡ്സിന്റ പരുക്കനും എന്നാൽ അവർണനീയവുമായ പ്രകൃതിദൃശ്യങ്ങൾ ആരേയും റൊമാന്റിക് ആക്കും.  അപൂർവ്വമായി ജനവാസമുള്ള ഇവിടുത്തെ പർവതങ്ങ പ്രദേശങ്ങളും പാറക്കൂട്ടങ്ങളും ട്രെക്കിംഗ് പ്രേമികളും ബൈക്ക് യാത്രക്കാരും ഇഷ്ടപ്പെടുന്നു. ബ്രിട്ടണിലെ ഏറ്റവും വലിയ ദേശീയോദ്യാനവും കൂടിയായ ഇതിനടുത്തായുള്ള ചെറിയ ഗ്രാമങ്ങളും വന്യ സുന്ദര മേഖലകൾ തന്നെ.

നാഷണൽ വാർ മ്യൂസിയം, റിവർസൈഡ് മ്യൂസിയം

നാഷണൽ മ്യൂസിയം ഓഫ് സ്കോട്ട്ലൻഡ് സ്റ്റിർലിംഗ് കാസിൽ തുടങ്ങി എണ്ണമറ്റ മ്യൂസിയങ്ങളും കോട്ടകളും ഉള്ള ഗോൾഫിന്റെ ഉത്ഭവഭൂമി കൂടിയായ സ്കോട്ട്ലന്റിലേക്ക്  പറക്കാം. അനേകം അറിയാചരിത്രങ്ങൾക്കൂടി ഉറങ്ങിക്കിടക്കുന്ന മണ്ണിലേയ്ക്ക് പോകാൻ തയാറായിക്കോ.