യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം പേരും. കുറഞ്ഞ ചെലവിൽ എവിടേക്ക് യാത്ര പ്ലാൻ ചെയ്യാം എന്നതാണ് മിക്കവരുടെയും ആഗ്രഹം. ഇന്ത്യക്ക് പുറത്തേക്കുള്ള യാത്രയ്ക്കും താമസത്തിനുമായി ചെലവാക്കേണ്ട ഭീമമായ തുകയാണ് യാത്രക്കാരുടെ മുഖ്യപ്രശ്നം. കൃത്യമായ പ്ലാനിങ്ങോടുകൂടി തയാറെടുപ്പുകൾ നടത്തിയാൽ പോക്കറ്റ് ചോരുമെന്ന ഭയം വേണ്ട. കുറഞ്ഞ ചെലവിൽ വിദേശയാത്ര പോകുവാൻ പറ്റിയ സ്ഥലങ്ങളുണ്ട്. അങ്ങനെയൊരു ഇടമാണ് ഇറ്റലി.

കുറഞ്ഞ തുക മുടക്കി കണ്ടു വരാൻ കഴിയുന്ന രാജ്യമാണ് ഇറ്റലി. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും പ്രകൃതിഭംഗിയും ഈ രാജ്യത്തിനുണ്ട്. സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി. ചരിത്രാന്വേഷികളുടെ പറുദീസ. സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് ഇറ്റലിയിലെ വെനീസ്, കായലിനു നടുവിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ്. ഹോട്ടലുകളും സർക്കാർ ഓഫിസുകളും വൻകിട ബിസിനസ് സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നത് കായലിനരികിലാണ്. ഫ്ലോട്ടിങ് സിറ്റിയെന്നാണ് വെനീസ് അറിയപ്പെടുന്നത്. പോ, പൈവ എന്നിങ്ങനെ രണ്ടു നദികളുടെ നടുവിലാണ് ഈ തുറമുഖ നഗരം.

വെനീസിലെ പ്രധാനപ്പെട്ട സ്ഥലമാണു മാർക്ക് സ്ക്വയർ. അമ്പതിനായിരത്തിലേറെയാളുകളാണ് ഓരോ ആഴ്ചയും ഇവിടെ വന്നുപോകുന്നത്. പുരാതനമായ പള്ളിയുടെ അൾത്താരയിൽ മുട്ടുകുത്തിയ ശേഷം ഞങ്ങൾ നഗരം കാണാനിറങ്ങി. ക്രിസ്തുവിന്റെ ശിഷ്യനായ മാർക്കോസിന്റെ മൃതദേഹം വെനീസിൽ ഖബറടക്കിയെന്നും സ്മാരകമായി പള്ളി നിർമിച്ചെന്നുമാണു ചരിത്രം. വെനീസ് ചരിത്ര നഗരമാണ്. അതുകൊണ്ടു തന്നെ ചരിത്രം വിശദീകരിക്കാതെ ഈ രാജ്യത്തെക്കുറിച്ച് പറഞ്ഞു മുഴുമിപ്പിക്കാനാവില്ല. കലാസൃഷ്ടികളുടെ വലിയ ശേഖരം വെനീസിലുണ്ട്. ബൈസന്റിയൻ, ഇറ്റാലിയൻ, ബറോക്ക്, ഗോഥിക് സംസ്കാരങ്ങളോളം പഴക്കമുള്ള ഈ സൃഷ്ടികൾ വെനീസിലെ മ്യൂസിയങ്ങളിൽ സംരക്ഷിച്ചിട്ടുണ്ട്.

വിദേശയാത്ര പോകാൻ ഇറ്റലി മികച്ച ചോയിസാണ്. ശ്രദ്ധിച്ചാൽ കുറഞ്ഞ ചെലവിൽ  പോയിവരാം. ഭക്ഷണവും താമസവുമൊക്കെ നിസ്സാര തുകയ്ക്കു ലഭ്യമാകുമെന്നാണ് ഈ യൂറോപ്യൻ രാജ്യത്തിന്റെ സവിശേഷത. ചെറിയ തുക കൊണ്ട് ചുറ്റി നടന്നു കാണാൻ കഴിയുന്ന മനോഹരവും അതിസമ്പന്നവും വികസിതവുമായ ഒരു രാജ്യമാണ് ഇറ്റലി. അഞ്ചു ഡോളറിനു വൈനും ഒന്നര ഡോളറിനു കാപ്പിയും തുടങ്ങി എല്ലാ ഭക്ഷണവും വളരെ കുറഞ്ഞ തുകയ്ക്കു ലഭിക്കുമെന്ന പ്രത്യേകതയും ഈ രാജ്യത്തിനുണ്ട്.