വാഷിങ്ടൺ ഡയറി 2

അമേരിക്കയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളുടെയല്ലാം പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രതീകമാണ് മഹാത്മാ ഗാന്ധിയെപ്പോലതന്നെ മാർട്ടിൻ ലൂഥർ കിങ്ങും. വർണവിവേചനത്തിന്റെ പിന്നാപ്പുറത്ത് നരകിച്ചിരുന്ന കറുത്തവർഗക്കാരുടെ മോചനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിന് ഉചിതമായ സ്മാരകമാണ് സ്റ്റോൺ ഓഫ് ഹോപ് എന്നറിയപ്പെടുന്ന കാൽപനിക ഭംഗിയുള്ള സ്മാരകം.

പോട്ടോമാക് നദിയുടെ ടൈഡൽ ബേസിനു സമീപമാണ് ഭീമാകാരമായ ഗ്രാനൈറ്റിൽ കൊത്തിയെടുത്ത സ്മാരകം. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ‘ഐ ഹാവ് എ ഡ്രീം എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രഭാഷണത്തിൽനിന്ന് പ്രചോദനം  ഉൾക്കൊണ്ടാണ് സ്റ്റോൺ ഓഫ് ഹോപ് എന്ന പേരു നൽകിയത്. പ്രഭാഷണത്തിലെ ‘ഔട്ട് ഓഫ് ദ മൗണ്ടൻ ഓഫ് ഡസ്പെയർ, എ സ്റ്റോൺ ഓഫ് ഹോപ്’ എന്ന ഭാഗമാണ് പ്രത്യാശയുടെ ഉരകല്ലായി മാറിയത്. 30 അടി ഉയരമുള്ള പ്രതിമ രൂപകൽപന ചെയ്തത് ലീ യിക്സിനാണ്. ഗ്രാനൈറ്റിന്റെ ഒരു ഭാഗത്ത് കിങ്ങിന്റെ രൂപം അപൂർണമായ രീതിയിലാണ് കൊത്തിയെടുത്തിരിക്കുന്നത്. മറുഭാഗത്ത് സ്തൂപം പോലെ ഉയർന്നു നിൽക്കുന്ന കല്ലുമാത്രം. കൂടാതെ വേറെയും രണ്ടു കല്ലുകൾ സ്മാരകത്തിനു മിഴിവേകുന്നു.

യുഎസ് മുൻ പ്രസിഡന്റ് ഫ്രാങ്കിലിൻ റൂസ്‌വെൽറ്റിന്റെ സ്മാരകത്തിനു സമീപത്താണ് സ്റ്റോൺ ഓഫ് ഹോപ്. സ്റ്റോൺ ഹോപ് കണ്ടു തീരും മുമ്പ് മഴയെത്തി. അമേരിക്കയിലെ വേനൽക്കാലം അങ്ങനെയാണ് നിനച്ചിരിക്കാതെ മഴയെത്തി നമ്മെ നനയ്ക്കും. പെട്ടെന്നു പോകുകയും ചെയ്യും. മഴയുണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് അലക്സാണ്ടർ കുര്യൻ അച്ചൻ കുട എന്നെ എൽപിച്ചിരുന്നു. അത് ഉപകാരപ്പെട്ടു. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനായ അച്ചൻ ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിയാണ്. അച്ചനാണ് വാഷിങ്ടൺ ഡിസി ടൂർ ഏർപ്പാടു ചെയ്തും കാറിൽ എന്നെ ടൂർ കമ്പനിക്കാരുടെ വാഹനമെത്തുന്നിടുത്ത് കൊണ്ടുപോയതും.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഉന്നതശീർഷരായ മൂന്നു പ്രസിഡന്റുമാരിൽ ഉദ്ഘോഷിക്കപ്പെടുന്നവരിൽ ഒരാളാണ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്. ജോർജ് വാഷിങ്ടൺ, ഏബ്രഹാം ലിങ്കൺ എന്നിവരാണ് മറ്റു രണ്ടുപേർ. യുഎസിന്റെ  32–മത്തെ പ്രസിഡന്റായിരുന്ന ഇദ്ദേഹം  1933 മുതൽ മരിക്കുന്ന 1945 വരെ നാലുതവണ പ്രസിഡന്റായി. പ്രതിസന്ധിഘട്ടത്തിൽ അമേരിക്കയെ നയിച്ച റൂസ്‌വെൽറ്റ്. 20–ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകത്തിന്റെ ഭാഗധേയം നിർണയിച്ച നേതാക്കളിലൊരാൾകൂടിയായിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകമഹായുദ്ധവും അമേരിക്കയെ പിടിച്ചുലച്ചപ്പോൾ റൂസ്‌വെൽറ്റായിരുന്നു പ്രസിഡന്റ് സ്ഥാനത്ത്. റൂസ്‌വെൽറ്റ് സ്മാരകം ഏഴര ഏക്കറിൽ പരന്നുകിടക്കുന്ന നിർമിതിയാണ് വൻകെട്ടിടത്തിനു പകരം ഗ്രാനൈറ്റിൽ കൊത്തിയുണ്ടാക്കിയ ചെറിയ സ്മാരകശിലകളാണുള്ളത്. പ്രവേശന കവാടത്തിൽ റൂസ്‌വെൽറ്റിന്റെ പ്രതിമയുണ്ട്. തൊട്ടടുത്ത് അദ്ദേഹത്തിന്റെ നായ ഫാലയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

ഞങ്ങൾ പ്രവേശനകവാടത്തിലെത്തുമ്പോൾ ചെടികൾക്കിടയിൽ ഒരു മരപ്പട്ടി പ്രത്യക്ഷപ്പെട്ടു. സന്ദർശകരെ കണ്ടിട്ടും കൂസലില്ലാതെ എല്ലാവർക്കും ഫോട്ടോയെടുക്കാൻ പാകത്തിൽ നിന്നുതരികയും ചെയ്തു. റൂസ്‌വെൽറ്റിന്റെ സഹധർമിണി എലനോർ റൂസ്‌വെൽറ്റിന്റെ പ്രതിമയും സ്മാരകത്തിലുണ്ട്. അമേരിക്കയിലെ പ്രഥമ വനിതകളിൽ വ്യക്തിത്വംകൊണ്ട് വേറിട്ടുനിൽക്കുന്ന എലനോർ 1901 മുതൽ 1909 വരെ അമേരിക്കൻ  പ്രസിഡന്റായിരുന്ന തിയഡോർ റൂസ്‌വെൽറ്റിന്റെ അനന്തരവൾ കൂടിയാണ്. ഏറ്റവും കൂടുതൽ കാലം പ്രഥമ വനിത എന്ന സ്ഥാനം അലങ്കരിച്ചു എന്നതിലുപരി അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകകൂടിയായിരുന്നു എലനോർ. രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവർ യുഎൻ ജനറൽ അസംബ്ലിയിൽ യുഎസ് പ്രതിനിധിയായി പ്രവർത്തിച്ചു. യുഎസ് പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാൻ എലനോറിനെ വിശേഷിപ്പിച്ചത് ലോകത്തിന്റെ പ്രഥമ വനിതയെന്നാണ്.

ഏബ്രഹാം ലിങ്കന്റെ സ്മാരകത്തിന് ഏറെ അകലെയല്ലാതെയാണ് യുഎസിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന തോമസ് ജഫേഴ്സന്റെ സ്മാരകം. ലിങ്കൺ സ്മാകരത്തിന്റെയത്ര പ്രൗഢിയില്ലെങ്കിലും മനോഹരമായ മന്ദിരമാണിതും. ഉയർന്നുനിൽക്കുന്ന താഴികക്കുടത്തിനു താഴെ ഓടിൽ തീർത്ത ജഫേഴ്സന്റെ പ്രതിമ നീണ്ടു നിവർന്നു നിൽക്കുന്നു.

സ്മാരകങ്ങൾ തീർത്ത ഓർമപ്പൂക്കൾപോലെയൊന്നാണ് നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയം. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പോയ അപ്പോളോ 11, ബുധനിലേക്കുള്ള പര്യവേഷണത്തിനുപയോഗിച്ച മെർക്കുറി അറ്റ്ലസ് സ്പേസ്ഷിപ്പ് തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. റൈറ്റ് സഹോദരൻമാർ പറത്തിയ വിമാനം മുതൽ അത്യാധുനിക ജെറ്റ് വിമാനങ്ങളുടെ മാതൃക വരെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നാഷനൽ ആർക്കൈവ്സാണ് ചരിത്ര ഗവേഷകരുടെ മറ്റൊരു ആകർഷണ കേന്ദ്രം. 1297 ലെ മാഗ്നാകാർട്ടയുടെ ഒറിജിനൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ നാഴികക്കല്ലായ സ്വാതന്ത്യ്ര പ്രഖ്യാപനം, ഭരണഘടന, ബിൽ ഓഫ് റൈറ്റസ് എന്നിവ സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്.

വാഷിങ്ടൺ ഡിസി യാത്രയിൽ ഏറെ ത്രില്ലടിപ്പിക്കുന്നതാണ് പൊട്ടോമാക് റിവർ ക്രൂസ്. ഡിസിയിലെ പ്രധാന സ്ഥാപനങ്ങളും ചരിത്രസ്മാരകങ്ങളും സ്ഥിതിചെയ്യുന്നത് ഈ നദിയുടെ കരയിലോ സമീപസ്ഥാനങ്ങളിലോ ആണ്. റൊണാഡ് റീഗൻ രാജ്യാന്തര വിമാനത്താവളവും നദിയുടെ കരയിലാണ്. വിവിധ കമ്പനികൾ ക്രൂസ് നടത്തുന്നുണ്ട്. ഞാൻ സഞ്ചരിച്ച ക്രൂസ് ജോർജ് ടൗണിൽ നിന്നാരംഭിച്ച് ഒരുമണിക്കൂർ കൊണ്ട് തിരിച്ചെത്തുന്നതായിരുന്നു.