മൊറോക്കോ, ഈ നാടിനെപ്പറ്റി ആദ്യം കേട്ടത് ഇബ്നു ബത്തൂത്ത എന്ന മുഹമ്മദ് ഇബ്ൻബത്തൂത്ത എന്ന മധ്യകാല അറേബ്യൻ സഞ്ചാരിയെപ്പറ്റി പഠിച്ചപ്പോഴാണ്. നീലക്കടലും മരുഭൂമിയും അതിരിടുന്ന നാടിന്റെ കഥ ചിത്രങ്ങളിലൂടെ. ഹിസ്റ്ററി ടീച്ചർ ഇബ്ന്‍ ബത്തൂത്തയെപ്പറ്റി പഠിപ്പിച്ച കാലം തൊട്ടേയുള്ള ആഗ്രഹമാണ് എന്നെങ്കിലും ബത്തൂത്തയുടെ നാട്ടിൽ പോകണം എന്നത്.  മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിൽ വിമാനമിറങ്ങിയപ്പോൾ മനസ്സിൽ ആദ്യം വന്ന പേരും  മുഹമ്മദ് ഇബ്ൻ ബത്തൂത്തയുടേതായിരുന്നു.

നേരെ പോയത് ഇബ്നു ബത്തൂത്തയുടെ സ്വന്തം നാടായ ടാൻജിയറിലേക്കായിരുന്നു. അദ്ദേഹം ജനിച്ചു മരിച്ച മണ്ണ്. കടലിനോടു ചേർന്നുകിടക്കുന്ന മലമുകളിൽ നിറയെ കച്ചവടസ്ഥാപനങ്ങളും വീടുകളും. ഖബറിടം സന്ദർശിച്ചശേഷം പുറത്തിറങ്ങി മലമുകളിൽനിന്നും കടലിലേക്ക് നോക്കി. ടാൻജിയർ സുന്ദരമാണ്. പക്ഷെ അ തിലേറെ സുന്ദരമായി കടൽ അവിടെ നിന്നും ന മ്മെ ക്ഷണിക്കുന്നു. ഒരുപക്ഷെ ബത്തൂത്തയെ ആകർഷിച്ചതും കൊതിപ്പിച്ചതും കടലിന്റെ ഈ ആകാശനീലിമയാവാം.

വൈവിധ്യങ്ങളുടെ നാട്

ആഫ്രിക്കയുടെ വടക്കു ഭാഗത്തു 450 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്നു മൊറോക്കോ.  ജനസംഖ്യ 33 ദശലക്ഷം. ഇവർ മൊറാക്കിയൻസ് എന്നറിയപ്പെടുമെങ്കിലും ഇവരിൽ അറേബിയൻ, ബെർബെറിയാൻ ഭാഷകളെ കൂടാതെ ഇംഗ്ലിഷും ഫ്രഞ്ചും വരെ സംസാരിക്കുന്നവരുണ്ട്. അറ്റ്ലാന്റിക് തീരത്തുള്ള മൊറോക്കോയുടെ ഒരു ഭാഗം മെഡിറ്റേറിയൻ കടലും കിഴക്കു അൾജീരിയയും വടക്കു സ്പെയിനും അതിരുകളായാണ്. 

സഹാറ മരുഭൂമി അതിർത്തിയിലുണ്ടെങ്കിലും മൊറോക്കോ, കാലാവസ്ഥ കൊണ്ടും പ്രകൃതിരമണീയത കൊണ്ടും ഏറെ അനുഗ്രഹിക്കപ്പെട്ട നാടാണ്. റബാത്, കാസാബ്ലാങ്ക, അഗാദിർ, മെറാക്കിഷ്, ടാൻജിയർ തുടങ്ങിയവയാണ് പ്രധാന നഗരങ്ങൾ. യാത്രകൾക്കേറെ സ്വാഗതമോതുന്ന സൗഹൃദ അന്തരീക്ഷമാണിവിടം. അതുകൊണ്ടു തന്നെ ഏതു സീസണിലും ഇവിടെ യാത്രികരെ കാണാം. വ്യത്യസ്ത പഴങ്ങളുടെ സ്വന്തം നാടുമാണ് മൊറോക്കോ. അതുപോലെ താജിന്, ശബ്ബകിയ തുടങ്ങി രുചികരമായ ഭക്ഷണങ്ങൾക്കും ഏറെ പ്രസിദ്ധമാണ് ഇവിടം. ആതിഥ്യമര്യാദയുടെ കാര്യത്തിലും മൊറോക്കോ നമ്മളെ ഹൃദയത്തോടു ചേർത്തു പിടിക്കും.

വ്യാപാരത്തിൽ പണ്ടു മുതലേ പ്രസിദ്ധമാണ് മൊറോക്കോ. വെള്ളി ആഭരണങ്ങൾ, കാർപെറ്റ്, ചെമ്പു–മൺപാത്രങ്ങൾ, തുകൽ, കൂടാതെ അപൂർവമായ അർഗാൻ എണ്ണ പോലുള്ള ഭക്ഷണ ഉത്പന്നങ്ങളിലും മൊറോക്കോ ഏറെ പ്രസിദ്ധമാണ്. കച്ചവടസ്ഥലങ്ങൾ മാളുകളിലേക്കു മാറിത്തുടങ്ങിയ ഇക്കാലത്ത് ഇവിടെ മിക്ക നഗരങ്ങളിലെയും പുരാതന മാർക്കറ്റുകൾ അതേപടി നിലനിർത്തിയിരുന്നു. ഇവിടെ മോട്ടോർവാഹനങ്ങൾക്കു പ്രവേശനമില്ല. കുതിരകളും കഴുതകളിലുമായി ചരക്കുകൾ വന്നുപോവുന്നു. ഇവ സന്ദർശിക്കാനായി മാത്രം ആയിരങ്ങൾ ലോകത്തിന്റെ പല ഭാഗത്തു നിന്ന് എത്തുന്നു.

തണുപ്പിനെ പ്രതിരോധിക്കുന്നതിന്നായി തലയിൽ തൊപ്പിയോടു കൂടിയ മുഴുനീള കുപ്പായമാണ് മൊറോക്കോയുടെ പാരമ്പരാഗതവേഷം. പുതുതലമുറ ഫാഷൻ വസ്ത്രധാരണ രീതിയും പരീക്ഷിക്കുന്നു. ബെർബെറിയാൻസ്ത്രീകൾ നമ്മുടെ സാരി തന്നെ മറ്റൊരു രീതിയിലുടുത്തു നടക്കുന്നത് ഏറെ കൗതുകമുണർത്തി. എടുത്തു പറയേണ്ടത് ആർക്കിടെക്ച്വറൽ കാഴ്ചകളാണ്. ഓരോ കെട്ടിടങ്ങൾക്കും അവരുടേതായ തനിമ നിലനിർത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും കച്ചവടസ്ഥാപനങ്ങളും അതേപടി നിലനിർത്തിയത് നമ്മൾ കണ്ടുപഠിക്കണം. ഒരു ചുമരിനോട് ചേർത്ത് മറ്റൊരു വീട് പണിയുന്ന രീതി നമുക്ക് അവിടെ കാണാം.  പൊതുവെ സമാധാനപ്രിയരാണ് മൊറോക്കോകാർ.

എങ്ങനെ എത്താം

നോർത്ത് ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട സിറ്റികളിൽ നിന്നും ഇന്ത്യയിൽ  (ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ) നിന്നും മൊറോക്കോയിലേക്ക് നേരിട്ട് വിമാന സർവീസ് ഉണ്ട്. Casablanca, Tangier, Agadir and Marrakech എന്നിവയാണ് മൊറോക്കോയിലെ രാജ്യാന്തര വിമാനത്താവളങ്ങൾ. ONCF (Office National des Chemins de Fer du Maroc) അധീനതയിലുള്ള ട്രെയിൻ സർവീസ് മൊറോക്കോയിലുടനീളം ഉണ്ട്. ഇന്ത്യൻ പൗരൻമാർക്ക് മൊറോക്കോ സന്ദർശിക്കാൻ വീസ ആവശ്യമാണ്. 90 ദിവസമാണ് ടൂറിസ്റ്റ് വിസയുടെ കാലാവധി. ഇതിൽ കൂടുതൽ ദിവസം മൊറോക്കോയിൽ തങ്ങാൻ റസിഡന്റ് പെർമിറ്റ് ആവശ്യമാണ്.<