ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റിപ്പത്തിലധികം ദ്വീപുകൾ ചേർന്നതാണ് സെയ്ഷൽസ് എന്ന രാജ്യം. ഇതിൽ ബഹുഭൂരിപക്ഷം ദ്വീപുകളും ജനവാസമില്ലാത്തതാണ്.  ആഫ്രിക്കൻ വൻകരയിൽ നിന്നു അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകൾ സഞ്ചാരികൾ തേടിച്ചെല്ലുന്ന സ്വപ്നഭൂമികളിലൊന്നാണ്.

മധുവിധു ആഘോഷിക്കാനും ഇപ്പോൾ ബേബിമൂൺ യാത്രകൾക്കും നിരവധി ദമ്പതികളാണ് സെയ്‌ഷെൽസിലെ പല പല ദ്വീപുകളിൽ എത്തിച്ചേരുന്നത്. അതിൽ തന്നെ കാഴ്ചയിൽ അതിസുന്ദരമായ, ബേബിമൂൺ യാത്രകൾക്കു എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള സെയ്‌ഷെൽസിലെ ഒരു ദ്വീപാണ് നോർത്ത് ഐലൻഡ്. മണൽത്തരികളും പവിഴപ്പുറ്റുകളും തെങ്ങുകളും നീലജലത്തിന്റെ ശോഭയും തുടങ്ങി ഇവിടുത്തെ മനോഹരമായ പ്രകൃതി ആദ്യകാഴ്ചയിൽ തന്നെ സഞ്ചാരികളെ കോരിത്തരിപ്പിക്കും

അറിയാം

∙വീസ ഫ്രീ രാജ്യമാണ് സെയ്ഷൽസ്. ഓൺ അറൈവലിൽ പാസ്പോർട്ട് സ്റ്റാംപ് ചെയ്താൽ മതി. എന്നാൽ താഴെ പറയുന്നവ ശ്രദ്ധിക്കണം. 

∙സെയ്ഷൽസിലെ താമസകാലത്ത് പാസ്പോർട്ടിൽ കാലാവധി തീരാൻ പാടില്ല. റിട്ടേൺ ടിക്കറ്റ് ഇല്ലാത്തവർക്ക് എയർ പോര്‍ട്ടിൽ ഇറങ്ങാൻ അനുവാദം ലഭിക്കില്ല. പാസ്പോർട്ടിൽ സ്റ്റാംപ് ചെയ്യാനായി ഒരു പേജെങ്കിലും ബാക്കി ഉണ്ടായിരിക്കണം. യെല്ലോ ഫീവർ പോലെ മാരക പകർച്ചാവ്യാധികൾ ഉള്ള രാജ്യങ്ങളിൽ നിന്നു വരുന്നവർ അവയ്ക്ക് എതിരായ പ്രതിരോധകുത്തിവയ്പ് എടുത്തിരിക്കണം. 

∙ലോകത്ത് ഏറ്റവും മികച്ച ബീച്ച് വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഈ രാജ്യം. 

∙ഇവിടത്തെ ദ്വീപുകളിൽ താരതമ്യേന വലുതും ജനവാസമുള്ളവയുമായ വഹി, പ്രസ്‍ലിൻ, ലാ, ഡീഗ എന്നിവ ടൂറിസം സൗകര്യങ്ങളോടു കൂടിയവയാണ്. 

∙ഡൈവിങ്, സ്നോർക്കലിങ്, സർഫിങ്, സെയിലിങ് എന്നിവയ്ക്കൊക്കെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടത്തെ പ്രധാന ബീച്ചുകളിലുണ്ട്. 

∙പ്രസ്‍ലിൻ ദ്വീപിലെ അൻസി, ലസിയോ ഏറ്റവും മനോഹര മായ ബീച്ചുകളിലൊന്നാണ്. ലാ ഡീഗയിലെ ആൻസ് സോഴ്സ്ഡി' അർഗന്റും ഏറെ പ്രശസ്തമാണ്. 

∙പ്രസ്‍ലിൻ ദ്വീപിലെ സംരക്ഷിത വനഭൂമിയായ വാലിഡിമായി ഒഴിവാക്കാൻ പാടില്ലാത്ത ഒരു കാഴ്ചയാണ്. ലോകത്ത് ഏറ്റവും വലിയ ഫലമുള്ള സസ്യം കൊക്കോ ഡി മെർ വളരുന്ന സ്ഥലം കൂടിയാണ് ഇത്. 

∙സെയ്ഷൽസ് ബുൾബുൾ, ചിലതരം പ്രാവുകൾ, കറുത്ത തത്ത തുടങ്ങിയ ചില അപൂർവ പക്ഷികളും ഇവിടെ കാണപ്പെടുന്നു.

∙ഏപ്രിൽ, മെയ്, ഒക്ടോബർ, നവംബർ എന്നീ മാസങ്ങളാണ് സെയ്ഷൽസ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

∙തലസ്ഥാന നഗരമായ വിക്ടോറിയയ്ക്ക് സമീപമാണ് സെയ്ഷെൽസിലെ ഒരേയൊരു രാജ്യാന്തര വിമാനത്താവളം. മുംബൈ, ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വിമാനം ലഭ്യമാണ്. സെയ്ഷൽസിൽ ദ്വീപുകൾ തമ്മിൽ ബോട്ട്, വഞ്ചി മാർഗം സഞ്ചരിക്കാം.