Ponte St Angelo പാലം

റോമിലെ പ്രധാന റെയിൽവേ സ്റ്റേഷനായ റോമാ ടെർമിനിയുടെ മുന്നിൽനിന്നു ടാക്സിയിൽ കയറുമ്പോൾ രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു. ഇറ്റലിയിൽ ചൂടുകാലമായതിനാൽ വിയർപ്പു പൊടിയുന്ന മുഖവുമായാണ് ഞാൻ ടാക്സിയിൽ കയറിയത്. റോമാ നഗരത്തിന്റെ കേന്ദ്ര ബിന്ദുവിൽനിന്നു യാത്ര തിരിക്കുന്നത് ലോകപ്രശസ്തമായ വത്തിക്കാൻ സിറ്റിയിലേക്കായിരുന്നു. ദൂരം കേവലം 6 കിലോമീറ്റർ മാത്രം. 

tiber നദി

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം, ലോകത്തിൽ ഏറ്റവും നിർണായകമായ പല തീരുമാനങ്ങളും എടുക്കാൻ പ്രാപ്തമായ രാജ്യം, ലോക കത്തോലിക്കാ വിശ്വാസികളുടെ സിരാകേന്ദ്രം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളുള്ള ആ രാജ്യത്തെ ലക്ഷ്യം വെച്ച് എന്റെ വാഹനം നീങ്ങിത്തുടങ്ങി. വെളുത്ത് അലസമായി താടിയും മുടിയും വളർത്തിയ ഡ്രൈവർ എന്തെല്ലാമോ ഇറ്റാലിയൻ ഭാഷയിൽ പറയുകയോ ചോദിക്കുകയോ ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭാഷ എനിക്കും എനിക്കറിയാവുന്ന ഭാഷ അദ്ദേഹത്തിനും പരിചിതമല്ലാത്തതിനാൽ ഞങ്ങൾ പലതും അഭിനയിച്ചു കാണിച്ചു. ഞങ്ങളുടെ രണ്ടുപേരുടെയും സംഭാഷണത്തിലോ അഭിനയത്തിലോ ശ്രദ്ധ നൽകാതെ, കൃത്യനിർവഹണത്തിൽ അങ്ങേയറ്റം ശുഷ്കാന്തി കാണിച്ച്, യൂറോ കറൻസിയിൽ ഓടുന്ന യാത്രക്കൂലി മീറ്റർ പ്രവർത്തിച്ചുകൊണ്ടേയിരുന്നു. 20 മിനിറ്റിനു ശേഷം, നഗരത്തിന്റെ വിരിമാറിലൂടെ ഒഴുകുന്ന ഒരു പുഴയുടെ പാലത്തിനരികിൽ വാഹനം നിർത്തി. 

castle St Angelo കോട്ട

Ponte St Angelo എന്ന പാലത്തിൽ കാലെടുത്തു വയ്ക്കുമ്പോൾ മനസ്സിൽ അതിയായ സന്തോഷവും ഒപ്പം, കാണാൻ പോവുന്ന ആ വലിയ ചെറിയ രാജ്യത്തെക്കുറിച്ച് ആകാംക്ഷയുമായിരുന്നു. ഇനി നിമിഷങ്ങൾ മാത്രം. നടന്നു നീങ്ങിയാൽ എത്തുന്നത് 0.44 സ്ക്വയർ കിലോമീറ്റർ മാത്രം വ്യാപ്തിയുള്ള, വെറും 110 ഏക്കർ ഭൂപ്രദേശത്തിൽ കിടക്കുന്ന പുണ്യഭൂമിയാണ്. ലോകത്തിലെ കോടാനുകോടി വിശ്വാസികൾ ആദരവോടെ, അതിലേറെ പ്രാർഥനയോടെ കാണുന്ന ഭൂമി. വലുപ്പത്തിനും ഘടനയ്ക്കും സ്ഥാനത്തിനുമപ്പുറം എത്രയോ ഉന്നതിയിലാണ് ലോക ജനതയുടെ മുൻപിൽ ഈ രാജ്യത്തിന്റെ സ്ഥാനം.

castle St Angelo കവാടം

കടുത്ത ചൂടിലും കാര്യമായ ശക്തി ചോരാതെ ടൈബർ നദി പാലത്തിനടിയിലൂടെ ശാന്തമായി ഒഴുകുന്നു. 135 മീറ്റർ നീളമുള്ള ഈ പാലം ചെന്നെത്തുന്നത് സെന്റ് ആഞ്ചലോ കാസിൽ എന്ന മനോഹരമായ ഒരു കോട്ടയ്ക്കു മുന്‍പിലാണ്. ഈ കോട്ട വത്തിക്കാൻ സിറ്റിക്കു തൊട്ടു പുറത്താണ്. എഡി 123 ൽ നിർമാണം തുടങ്ങിയ ഈ കോട്ട പൂർണതയിലെത്തിയത് എഡി 139 യിലാണെന്ന് അവിടെ ആലേഖനം ചെയ്തിട്ടുണ്ട്. വാസ്തുകലയുടെയും അതിശയിപ്പിക്കുന്ന മനുഷ്യനിർമിതികളുടെയും ഈറ്റില്ലമായ റോമിൽ ഒരു കാലത്ത് ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു ഈ കോട്ട. നൂറ്റാണ്ടുകളുടെ ചൂടും തണുപ്പും മഴയും പ്രകൃതിക്ഷോഭങ്ങളും യുദ്ധങ്ങളുമെല്ലാം അതിജീവിച്ച് ഇന്നും ആ കോട്ട ഒരു രാജകീയ പ്രൗഢിയോടെ റോമൻ മണ്ണിൽ ഉജ്ജ്വലമായി നിലനിൽക്കുന്നു. 

സെന്റ് ആഞ്ചലോ കാസിലിനു മുൻപിൽനിന്നു നോക്കിയാൽ കാണാത്ത ദൂരത്തിലാണ് സെന്റ് പീറ്റേഴ്സ് ചത്വരം. ലോകമെമ്പാടുമുള്ള 120 കോടി കത്തോലിക്കാ വിശ്വാസികളുടെ പരമോന്നത ആരാധനാകേന്ദ്രവും ഏറ്റവും ബൃഹത്തായ പള്ളിയും ഇവിടെ നിലകൊള്ളുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തെ നോക്കി കുറച്ചകലെ നിൽക്കുമ്പോൾ മനസ്സിൽ കുളിരു കോരിയിട്ട പ്രതീതി ആയിരുന്നു. ലോകാരാധ്യനായ പോപ്പിന്റെ ആസ്ഥാനത്തേക്ക് ചുവടുകൾ വച്ചു നീങ്ങുമ്പോൾ വായിച്ചതും പഠി ച്ചതും കേട്ടതുമായ പല ചരിത്ര സംഭവങ്ങളും മനസ്സിലൂടെ കടന്നു പോയി. 

സെന്റ് പീറ്റേഴ്സ് ചത്വരത്തിന്റെ മധ്യഭാഗത്തായി ഈജിപ്ഷ്യൻ വാസ്തുകലയിൽ നിർമിതമായ 84 അടി ഉയരമുള്ള സ്മാരകസ്തംഭം നില കൊള്ളുന്നു. ഇതിന് ചുറ്റും വൃത്താകൃതിയിലാണ് കെട്ടിടങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. അമ്പരപ്പിക്കുന്ന ഈ മനുഷ്യ നിർമിതിക്ക് തിലകച്ചാർത്തായി സെന്റ് പീറ്റേഴ്സ് ബസിലിക്ക നില കൊള്ളുന്നു. 284 തൂണുകളും മുകളിലായി 140 വിശുദ്ധരുടെ പ്രതിമകളും അകത്ത് 45 അൾത്താരയും (Alters) പതിനൊന്ന് ചാപ്പലുകളും കൊണ്ട് വർണ്ണനാതീതമായ സൗന്ദര്യവും ആഢ്യത്തവുമുള്ള ഈ ദേവാലയത്തെ നോക്കുന്നതു പോലും അനിർവചനീയമായ പരമാനന്ദമാണ്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തുന്ന ജന കോടികൾ ഇവിടുത്തെ വശ്യമനോഹരങ്ങളായ മനുഷ്യനിർമിതികൾ കണ്ട് ബസിലിക്കയിൽ പ്രാർഥിച്ച് ജീവിതസാഫല്യമണയുന്നു.

കോടാനുകോടി ആളുകളുടെ പ്രാർഥനകളാൽ മുഖരിതമായ ഈ കൊച്ചു രാജ്യം കേവലം രണ്ട് മൈൽ ഇറ്റലിയുമായി അതിർത്തി പങ്കിട്ട് ഇറ്റലിക്കകത്ത് നിലകൊള്ളുന്നു. ആയിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇവിടെ സ്വന്തമായ തപാൽ സംവിധാനം, കൊച്ചു തീവണ്ടി സജ്ജീകരണം എന്നിവയ്ക്കു പുറമേ പാസ്പോർട്ട്, ലൈസൻസ് എന്നിവ നൽകാനും സജ്ജീകരണങ്ങളുണ്ട്. കഴിഞ്ഞ 500 വർഷത്തിലധികമായി ആരാധ്യനായ പോപ്പിന്റെ അംഗരക്ഷകരായി പ്രവ‍ർത്തിക്കുന്നത് സ്വിസ്ഗാർഡ്സ് ആണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. 

കെട്ടിട മുകളിലെ വിശുദ്ധരുടെ പ്രതിമകൾ

ലോകത്ത് ആശുപത്രികളില്ലാത്ത ഒരേയൊരു രാജ്യം വത്തിക്കാൻ സിറ്റിയാണ്. ആകയാൽ ഈ രാജ്യം നിലവിൽ വന്നിട്ട് 90 വർഷങ്ങളായിട്ടും ഒരു പ്രസവം പോലും നടന്നിട്ടില്ല. ഈ രാജ്യം അതിന്റെ പൗരന്മാരെ തീരുമാനിക്കുന്നത് ജനനത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വത്തിക്കാൻ സിറ്റിയിൽ എത്തുന്ന തൊഴിൽ അടിസ്ഥാനത്തിലാണ്. ലോകത്ത് ഏറ്റവും ചെറിയ രാജ്യം, ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം എന്നിവയിലുപരി, മറ്റു രാജ്യങ്ങളുടെ എംബസ്സികൾ ഇവിടെ പ്രവർത്തിക്കുന്നില്ല എന്നതും അതിശയമാണ്. 

രാജ്യം എന്ന പദവി ഉണ്ടായിട്ടും ഒരു സഞ്ചാരിക്കും വത്തിക്കാൻ സിറ്റിയിൽ സന്ദർശനം നടത്തിയതിന്റെ തെളിവായി പാസ്പോർട്ടിൽ പ്രവേശന, നിർഗ്ഗമന സ്റ്റാമ്പ് പതിപ്പിക്കാനാവില്ല. കാരണം ഇത്രയും ചെറിയ രാജ്യത്തിന് ഇത്തരം കാര്യങ്ങളുടെ ആവശ്യമില്ല.

വിശുദ്ധരുടെ പ്രതിമകളടങ്ങിയ ഭീമാകാരമായ തൂണുകളുള്ള കെട്ടിടം

തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ ഏകദേശം ഇരട്ടിയിലും വലുപ്പമാണ് (സ്വരാജ് റൗണ്ട് 65 ഏക്കർ, വത്തിക്കാൻ 110 ഏക്കർ) വത്തിക്കാൻ സിറ്റിക്ക് എന്നു പറയുമ്പോൾ ഈ രാജ്യ ത്തിന്റെ രൂപഘടന എളുപ്പത്തിൽ മലയാളികളായ നമുക്ക്  ബോധ്യമാവും. 

കത്തോലിക്കാ വിശ്വാസികളുടെ സിരാകേന്ദ്രം എന്നതിനോടൊപ്പം ഈ രാജ്യത്തിന്റെ വശ്യമനോഹര സൗന്ദര്യവും കണ്ണഞ്ചിപ്പിക്കുന്ന മനുഷ്യനിർമിതികളും നൂറ്റാണ്ടുകളുടെ പ്രൗഢമായ ചരിത്രവും മനോഹര മായ സംസ്കാരവും ആചാരങ്ങളും ഏതൊരു സഞ്ചാരിയിലും ജീവിതാന്ത്യം വരെ മങ്ങാത്ത ഓർമകളാവും.