ബാൾക്കൻ ഡയറി - അധ്യായം 17

ഞാനീ യാത്രാവിവരണം എഴുതിക്കൊണ്ടിരിക്കുന്ന ഓഗസ്റ്റ് രണ്ടാം തീയതിയും മെജുഗോറിയയിൽ കന്യാമറിയത്തിന്റെ സന്ദേശമെത്തിയതായി 'മെജുഗോറിയ ഡോട്ട് ഓർഗ്' എന്ന വെബ്‌സൈറ്റിൽ കാണുന്നു. 1981 ൽ കന്യാമറിയം ദർശനം നൽകിയ ആറ് കുട്ടികളിൽ ഒരുവളായ മിർജാനയ്ക്കാണ് ഇന്ന് സന്ദേശം ലഭിച്ചത്. അതിങ്ങനെ ആയിരുന്നത്രേ: ''പ്രിയപ്പെട്ട കുട്ടികളേ, എന്റെ മകന്റെ സ്‌നേഹം മഹത്തരമാണ്.

കന്യാമറിയം പ്രത്യക്ഷപ്പെട്ട മലമുകളിലേക്ക്,കടകളുടെ ഇടയിലൂടെ നീളുന്നപാത

അവന്റെ സ്‌നേഹത്തിന്റെ മാഹാത്മ്യം അനുഭവിച്ചറിയാൻ കഴിഞ്ഞാൽ നിങ്ങളവന്റെ ആരാധകരായി മാറും, അവനോട് നന്ദിയുള്ളവരായി മാറും. കുർബാന അപ്പത്തിലൂടെ അവൻ ജീവിക്കുന്നു. അത് അവന്റെ ഹൃദയം തന്നെയാണ്. അവൻ ഒരിക്കലും നിങ്ങളെ വിട്ടുപോയിട്ടില്ല. നിങ്ങൾ അവനു നൽകുന്ന സ്‌നേഹം കാണുമ്പോൾ അമ്മ എന്ന നിലയ്ക്ക് എന്റെ ഹൃദയം ആനന്ദത്താൽ നിറയുന്നു...' സന്ദേശത്തിന്റെ തുടക്കം ഇങ്ങനെയാണ്.

സത്യം പറഞ്ഞാൽ ഈ അനുഭവങ്ങളൊക്കെ കേട്ടും വായിച്ചും ഞാനൊരു മായാലോകത്തിലായിക്കഴിഞ്ഞിരുന്നു. 38 വർഷമായി തുടരുന്ന ദൈവത്തിന്റെ ഈ പ്രത്യക്ഷപ്പെടൽ ഏതു മനുഷ്യനെയാണ് വിസ്മയഭരിതനാക്കാത്തത്! 40,000 തവണയാണത്രേ, ഇതുവരെ കന്യാമറിയം പ്രത്യക്ഷമായത്. ഇതുവരെ നാലു കോടി പേർ മെജുഗോറിയെ സന്ദർശിച്ചു കഴിഞ്ഞു. ഇപ്പോൾ പ്രതിവർഷം 30 ലക്ഷം പേരാണ് ഇവിടെ എത്തി, പ്രാർത്ഥിച്ചു മടങ്ങുന്നത്.

കന്യാമറിയം പ്രത്യക്ഷപ്പെട്ട മലമുകളിലേക്ക്,കടകളുടെ ഇടയിലൂടെ നീളുന്നപാത

എന്നാൽ മെജുഗോറിയയുടെ ദിവ്യത്വം അംഗീകരിക്കാൻ എല്ലാ കാലത്തും വത്തിക്കാൻ മടിച്ചു നിൽക്കുകയായിരുന്നു. കാര്യങ്ങൾ പഠിച്ചുവരികയാണ് എന്നതാണ് പലപ്പോഴും വത്തിക്കാൻ നൽകിയിരുന്ന മറുപടി. എന്നാൽ ഈ വർഷം ആഗസ്റ്റ് 2 മുതൽ 6 വരെ നടന്ന ചർച്ച് യൂത്ത്‌ഫെസ്റ്റിവലിൽ പ്രതിനിധികളെ അയച്ച് മാർപ്പാപ്പ, മെജുഗോറിയയെ ഔദ്യോഗികമായി അംഗീകരിച്ച മട്ടാണ്. ഇത് മെജുഗോറിയയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വർദ്ധിപ്പിക്കും എന്ന് കരുതപ്പെടുന്നു.

കന്യാമറിയം പ്രത്യക്ഷപ്പെട്ട മലമുകളിലേക്ക്,കടകളുടെ ഇടയിലൂടെ നീളുന്നപാത

മെജുഗോറിയയുടെ കവാടമെത്തി. നല്ല വൃത്തിയുള്ള ഒരു വേളാങ്കണ്ണി എന്നാണ് എനിക്കു തോന്നിയത്. കാരണം എവിടെ നോക്കിയാലും ദൈവവുമായി ബന്ധപ്പെട്ട കാഴ്ചകൾ മാത്രം. പള്ളികൾ, കുരിശും കന്യാമറിയത്തിന്റെ ചിത്രങ്ങളും വിൽക്കുന്ന ഷോപ്പുകൾ, കന്യാമറിയത്തിന്റെ പേരുള്ള ഹോട്ടലുകൾ, കഫെകൾ- ഇങ്ങനെ സർവം ദൈവമയം.

മെജുഗോറിയ ടൌൺ 

ഞങ്ങൾക്കു പോകേണ്ടത് കുട്ടികൾക്ക് ദിവ്യദർശനം ലഭിച്ച മലമുകളിലേക്കാണ്. അവിടേക്ക് പോകാനുള്ള വഴി സനലിന് അറിയില്ല. പലരോടും ചോദിച്ച്, വഴിതെറ്റി, വീണ്ടും തെറ്റി അങ്ങനെ അലയവേ, റോഡരികിലൂടെ രണ്ടുപേർ നടക്കുന്നതു കണ്ടു. പച്ച മലയാളികൾ! ഭാര്യയും ഭർത്താവുമാണ്. പാലാ, കോട്ടയം ഭാഗത്തുള്ള ക്രിസ്ത്യാനികളാണ് എന്ന് ഒറ്റനോട്ടത്തിൽ അറിയാം. വളരെ ഇടുങ്ങിയ വഴിയായതു കൊണ്ട് കാർ നിർത്താനായില്ല. മെജുഗോറിയയിൽ എവിടെയെങ്കിലും വെച്ച് അവരെ വീണ്ടും കണ്ടുമുട്ടാമെന്നു കരുതി.

മലമുകളിലേക്കുള്ള പാതയുടെ തുടക്കത്തിൽ കാണുന്ന കടകൾ

ഒടുവിൽ കാർ ഒരു പാർക്കിങ്ങിലെത്തി. 'ഇവിടെ നിന്ന് ഏതാനും കടകളുടെ നടുവിലൂടെയുള്ള വഴി നടന്നാൽ ദിവ്യദർശനം ലഭിച്ച മലയുടെ ചുവട്ടിലെത്താം. അല്പദൂരം മല കയറി നടന്നാൽ എത്തുന്നത് കന്യാമറിയത്തിന്റെ പ്രതിമയുടെ മുന്നിലാണ്. ആറു കുട്ടികൾക്ക് തുടക്കത്തിലും പിന്നീട് പലപ്പോഴും കന്യാമറിയം ദർശനം നൽകിയ സ്ഥലത്താണ് ആ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് '- ഇത്രയും കാര്യങ്ങൾ പാർക്കിങ്ങ് ഏരിയയിലെ കാവൽക്കാരനിൽ നിന്ന് സനൽ ചോദിച്ചു മനസ്സിലാക്കി. എന്നിട്ട് എന്നോടു പറഞ്ഞു. 'പോയി വാ.. ഞാനിവിടെ കാണും..'' സനൽ വരുന്നില്ലേ എന്നു ഞാൻ ആരാഞ്ഞു. ഇല്ലെന്ന് മറുപടി. സനൽ മുസ്ലീമായതു കൊണ്ടാവാം എന്നു ഞാൻ ഊഹിച്ചു.

മലമുകളിലേക്കുള്ള പാതയുടെ തുടക്കത്തിൽ കാണുന്ന കടകൾ

ഞാൻ കടകൾക്കു നടുവിലൂടെ ചെറിയ പടവുകൾ കയറി. കടകൾ നിറയെ പള്ളിയും വിശ്വാസവുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽപനയ്ക്കു വെച്ചിരിക്കുകയാണ്. ഏറെയും കന്യാമറിയത്തിന്റെ ഫോട്ടോകൾ.കന്യാമറിയമാണ് ഈ നാടിന്റെ നാഥ എന്ന് ഓരോ കാഴ്ചകളും നമ്മെ ഓർമ്മിപ്പക്കുന്നു.

മലമുകളിലേക്കുള്ള പാതയുടെ തുടക്കത്തിൽ കാണുന്ന കടകൾ

കടകൾക്കു പിന്നിൽ ആ മല ആരംഭിക്കുന്നു. മല എന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലേതു പോലെ കരിങ്കല്ലോ മണ്ണോ അല്ല ഇവിടെയുള്ളത്. ചെങ്കല്ലിനു സമാനമായ ഇളം ചുവപ്പ് കല്ലുകൾ കീറിയെടുത്ത് ഒരു മല നിർമ്മിച്ചതു പോലെയുണ്ട്. മലകയറാൻ പടവുകളൊന്നുമില്ല. മനുഷ്യൻ നടന്നു നടന്ന് രൂപപ്പെട്ട ചെറിയൊരു ചാലുണ്ട്, അത്രമാത്രം.

കൂർത്ത കല്ലുകൾ നിറഞ്ഞ മല

മല കയറിത്തുടങ്ങിയപ്പോഴാണ് കൂർത്ത് നിൽക്കുന്ന കല്ലുകളുടെ ഭീകരാവസ്ഥ മനസ്സിലായത്. കോടിക്കണക്കിന് ബ്ലേഡുകൾ കുത്തി നിർത്തിയതു പോലെയാണ് തോന്നിയത്. കുത്തനെയുള്ള കയറ്റത്തിൽ, കൂർത്ത കല്ലുകൾ കൂടിയുണ്ടെങ്കിൽ എന്താവും അവസ്ഥ!

മലമുകളിലേക്കുള്ള പാതയിലെ ആദ്യ കുരിശ്

സ്വർഗ്ഗത്തിലേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ... അത് ഈ പാതയെ ഉദ്ദേശിച്ചാണെന്ന് തോന്നിപ്പോയി.

മലമുകളിലേക്കുള്ള പാതയിലെ തിരുവെഴുത്തുകൾ

ചിലർ മല ഇറങ്ങി വരുന്നതല്ലാതെ ആരും മലകയറാൻ എനിക്ക് കൂട്ടില്ല. കാറ്റാണെങ്കിൽ ചീറിയടിക്കുന്നുണ്ട്. നല്ല തണുപ്പുമുണ്ട്. ചുറ്റുപാടും മലനിരകൾ കാണാം. അവയ്ക്കു നടുവിൽ കൈക്കുമ്പിളിലെന്ന പോലെയാണ് മെജുഗോറിയ പട്ടണം.

മലമുകളിൽ കന്യാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ട സ്ഥലത്തെ പ്രതിമ

അല്പദുരം നടന്നപ്പോൾ ഒരു കുരിശ് സ്ഥാപിച്ചിരിക്കുന്നതു കണ്ടു. ഇവിടെ നിന്ന്, യേശുദേവന്റെ കുരിശാരോഹണ വഴിയിലേതുപോലെ കുറേ 'സ്റ്റേഷനുകൾ' ഉണ്ട്. കുരിശുചുമന്ന് നടക്കുന്നതിനിടെ താഴെ വീഴുകയും മർദ്ദിക്കപ്പെടുകയും ചെയ്ത സ്ഥലങ്ങൾ പുന:സൃഷ്ടിച്ചിരിക്കുകയാണിവിടെ.

മലമുകളിൽ കന്യാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ട സ്ഥലത്തെ പ്രതിമ

കന്യാമറിയം പ്രത്യക്ഷപ്പെട്ട സ്ഥലത്തേക്ക് എത്താൻ കൃത്യമായ സൂചനകൾ നൽകുന്ന ബോർഡുകളോന്നും സ്ഥാപിച്ചിട്ടില്ല. വിശാലമായ മലയിലൂടെ, ബ്ലേഡ് പോലെ കൂർത്തു നിൽക്കുന്ന കല്ലുകൾ താണ്ടി, മുൻപേ പോയ ലക്ഷക്കണക്കിനാളുകൾ നടന്ന് മിനുസപ്പെടുത്തിയ ചാലിലൂടെ നടക്കുകയേ നിർവാഹമുള്ളൂ. കഷ്ടിച്ച് കാൽ വെക്കാനുള്ള വീതിയേ ചാലിനുള്ളു.

അരമണിക്കൂറോളം മല കയറി നടന്ന് ,ക്ഷീണിച്ചു കൂർത്ത പാറയിൽ ചവിട്ടി കാൽ കുഴഞ്ഞു. തണുത്ത കാറ്റടിച്ച് വിറച്ച് നീങ്ങവേ, അതാ കാണുന്നു, കന്യാമറിയത്തിന്റെ പ്രതിമ. ഒരു കൈ നെഞ്ചോടു ചേർത്ത്, മറുകൈ ആകാശത്തിലേക്ക് തുറന്നുപിടിച്ച്, കണ്ണുകൾ താഴ്ത്തി നിൽക്കുന്ന കന്യാമറിയത്തിന്റെ ജീവസ്സുറ്റ പ്രതിമ. കണ്ണുകളിൽ ദുഃഖത്തിന്റെ തിര. വ്യാകുലമാതാവ് എന്ന പേര് ആ അമ്മയ്ക്ക് നന്നേ ചേരും.

പ്രതിമയ്ക്കു ചുറ്റും സ്റ്റീൽവേലി നിർമ്മിച്ചിട്ടുണ്ട്. താഴെ ഏതാനും പൂക്കൾ അർപ്പിക്കപ്പെട്ടിരിക്കുന്നു. മൂന്നോ നാലോ പേരേ സമീപത്തുള്ളു. ഞാൻ ചുറ്റും നോക്കി.മുന്നിൽ വലിയൊരു താഴ്‌വാരം. അതിനു പിന്നിൽ കോട്ട കെട്ടിയതു പോലെ മല. മേഘങ്ങൾ മൂടി നിൽക്കുന്ന ആകാശം. ആ മേഘങ്ങൾക്കിടയിൽ എവിടെയെങ്കിലും ഈ പാപിക്ക് ദർശനം തന്നു കൊണ്ട് ലോകത്തിന്റെ അമ്മയുടെ പുഞ്ചിരിക്കുന്ന മുഖമുണ്ടോ?

ഇല്ല. ഞാൻ പ്രതിമയിലേക്കു നോക്കി. പിന്നെ ആ കാൽച്ചുവട്ടിൽ ഇരുന്നു. ഹൃദയം പെരുമ്പറ കൊട്ടുന്നു. മഥുരയിൽ ശ്രീകൃഷ്ണന്റെ സവിധത്തിലും ജെറുസലേമിലെ അൽ അക്സയിൽ  നബി പ്രവാചകന്റെ അരികത്തും യേശുദേവന്റെ പാദം പതിഞ്ഞ ബെത്‌ലഹേമിലെ ദേവാലയത്തിലും വെച്ച് എന്നെ പൊതിഞ്ഞ അതേ അഭൗമമായ അനുഭവം. വലിയ ദൈവവിശ്വാസിയായ എനിക്ക്, ലോകം ആരാധിക്കുന്ന ഈ പുണ്യാത്മാക്കളുടെ പാദം പതിഞ്ഞെന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങളിൽ എത്തിച്ചേരാനായതിന് ഞാൻ ഈശ്വരനെന്ന വലിയ ശക്തിയോട് നന്ദി പറഞ്ഞു.

അമ്മയുടെ തൊട്ടു പിന്നിൽ മകന്റെ ക്രൂശിത രൂപവുമുണ്ട്. തടിയിൽ തീർത്ത ആ ശില്പത്തിലെ, വേദനയിൽ കുതിർന്ന യേശുദേവന്റെ രൂപം ഏത് അമ്മയുടെയും കരൾ പിളർക്കും.

ഞാൻ കുറെ നേരം തണുത്ത കാറ്റടിച്ച്, കന്യാമറിയത്തിന്റെ കാൽച്ചുവട്ടിൽ ഇരുന്നു. എത്രയോ ലക്ഷം ജനങ്ങൾ വന്നു പോയ വഴിയാണത്. എത്രയോ ആയിരങ്ങൾ ആറ് കുട്ടികളുടെ വാക്കുവിശ്വസിച്ച്, ലോകനാഥയെ കാണാൻ ഈ കൂർത്ത പാറക്കെട്ടുകളിൽ നിർന്നിമേഷരായി നിന്നിട്ടുണ്ട്! അങ്ങനെയുള്ള ഈ മലമുകളിൽ ഇപ്പോൾ ഞാനും കന്യാമറിയവും മറ്റ് മൂന്നുപേരും മാത്രം. ഒരു തവണ കൂടി ആകാശത്ത് ഒരു ഇന്ദ്രജാലം ഞാൻ പ്രതീക്ഷിച്ചു.

ഒന്നുമുണ്ടായില്ല. എങ്കിലും ആ മലമുകളിലെ ശാന്തതയും മലനിരകളെ തഴുകി വരുന്ന കാറ്റും ഒരു വല്ലാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് പറയാതെ വയ്യ. ദൈവസാന്നിദ്ധ്യം അനുഭവപ്പെട്ടു പോകും, കുന്നിൻമുകളിൽ നിൽക്കുമ്പോൾ. ഞാൻ മനസ്സില്ലാമനസ്സോടെ കന്യാമറിയത്തെ തിരിഞ്ഞു നോക്കി മലയിറങ്ങാൻ തുടങ്ങി. കയറ്റം കയറുന്നതിനെക്കാൾ കടുപ്പമാണ് ഇറക്കമെന്ന് വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു. കാലൊന്ന് തെറ്റിയാൽ കൂർത്ത കൽച്ചീളുകളിലേക്കാവും മുഖമടിച്ച് വീഴുക.

ഇത്രയും തീർത്ഥാടകർ എത്തുന്ന സ്ഥലമായിട്ടും ഒരു കോൺക്രീറ്റ് പാതപോലും മലമുകളിലേക്ക് നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തത് ഞാൻ നേരത്തെ സൂചിപ്പിച്ച കാര്യം കൊണ്ടാവും -സ്വർഗ്ഗത്തിലേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതായിരിക്കുമെന്ന ബൈബിൾവചനം. എന്തായാലും, ശബരിമലപോലെ, അല്പം കഷ്ടപ്പെട്ടു തന്നെ ദൈവ സവിധത്തിൽ എത്തുന്നതാണ് നല്ലത്. അത് കൂടുതൽ മധുരതരമായ അനുഭവം സമ്മാനിക്കും.

മലയിറങ്ങി ചെല്ലുമ്പോൾ സനൽ അക്ഷമനായി നിൽക്കുന്നു. മലമുകളിൽ എനിക്ക് വഴി തെറ്റിയോ എന്നു സംശയിച്ചു നിൽക്കുകയായിരുന്നു, സനൽ. ജീവിതത്തിൽ പല തവണ വഴി തെറ്റിയ കുഞ്ഞാടാണെങ്കിലും ദൈവസന്നിധിയിലേക്ക് എനിക്ക് വഴി തെറ്റാറില്ല എന്ന് ഞാൻ സനലിനെ അറിയിച്ചു.

താഴെ കണ്ട ഒരു ഷോപ്പിൽ നിന്ന് മെജുഗോറിയയെ എന്നും ഓർമ്മിക്കാനായി ഒരു സുവനീർ വാങ്ങിച്ചു. എന്നിട്ട് കാറിൽ കയറി നഗരത്തിലെത്തി. പള്ളികളെല്ലാം അടച്ചിരിക്കുന്നു. പ്രധാനപള്ളി സെന്റ്‌ജെയിംസ് പാരിഷ് ചർച്ചാണ്. 1969ൽ നിർമിച്ച ഈ പള്ളിയുടെ ഗേറ്റും അടഞ്ഞുകിടക്കുകയാണ്. 5000ത്തിലധികം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള വലിയ പള്ളിയാണിത്.

മെജുഗോറിയയുടെ മറ്റൊരു ഭാഗത്ത് ഒരു കുന്നിൻ മുകളിൽ ഒരു വലിയ കുരിശ് സ്ഥാപിച്ചിട്ടുണ്ട്. 1934ൽ സ്ഥാപിച്ച ഈ കുരിശിന് 8.56 മീറ്റർ ഉയരമുണ്ട്. സ്വർഗ്ഗാരോഹണം ചെയ്തതിന്റെ 1900 വർഷങ്ങളുടെ ഓർമയ്ക്കായാണ് ഈ കുരിശ് സ്ഥാപിക്കപ്പെട്ടത്.

ഈ കുരിശിനെപ്പറ്റി,1984 ആഗസ്റ്റ് 30ന് പ്രത്യക്ഷപ്പെട്ടപ്പോൾ കന്യാമറിയം ഇങ്ങനെ പറഞ്ഞത്രേ. 'ആ കുരിശ് സ്ഥാപിക്കപ്പെട്ടത് ദൈവകല്പന പ്രകാരമാണ്...''

(തുടരും)