പതിനഞ്ചാം നൂറ്റാണ്ടിൽ പെറുവിലെ ഇൻകാ വംശജർ മലചെത്തി നിരപ്പാക്കി ഉണ്ടാക്കിയ മാച്ചു പിച്ചു എന്ന ലോകാദ്ഭുതം, പ്രിയപത്നി മുംതാസിന്റെ ഓർമയ്ക്കായി യമുനയുടെ തീരത്ത് ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫ് എന്ന വിസ്മയം. വാസ്തുവിദ്യയുടെ

പതിനഞ്ചാം നൂറ്റാണ്ടിൽ പെറുവിലെ ഇൻകാ വംശജർ മലചെത്തി നിരപ്പാക്കി ഉണ്ടാക്കിയ മാച്ചു പിച്ചു എന്ന ലോകാദ്ഭുതം, പ്രിയപത്നി മുംതാസിന്റെ ഓർമയ്ക്കായി യമുനയുടെ തീരത്ത് ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫ് എന്ന വിസ്മയം. വാസ്തുവിദ്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനഞ്ചാം നൂറ്റാണ്ടിൽ പെറുവിലെ ഇൻകാ വംശജർ മലചെത്തി നിരപ്പാക്കി ഉണ്ടാക്കിയ മാച്ചു പിച്ചു എന്ന ലോകാദ്ഭുതം, പ്രിയപത്നി മുംതാസിന്റെ ഓർമയ്ക്കായി യമുനയുടെ തീരത്ത് ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫ് എന്ന വിസ്മയം. വാസ്തുവിദ്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനഞ്ചാം നൂറ്റാണ്ടിൽ പെറുവിലെ ഇൻകാ വംശജർ മലചെത്തി നിരപ്പാക്കി ഉണ്ടാക്കിയ മാച്ചു പിച്ചു എന്ന ലോകാദ്ഭുതം, പ്രിയപത്നി മുംതാസിന്റെ ഓർമയ്ക്കായി യമുനയുടെ തീരത്ത് ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫ് എന്ന വിസ്മയം. വാസ്തുവിദ്യയുടെ മായികക്കാഴ്ചകൾ കൊണ്ട് സമ്പന്നമായ ക്ഷേത്ര സമുച്ചയം അങ്കോർ വാട്ട്, ടാൻസാനിയയിലെ ജൈവ വിസ്മയം സെരെൻഗറ്റി തുടങ്ങി പ്രകൃതിദത്തവും മനുഷ്യ നിർമിതവുമായ മനംമയക്കുന്ന എത്രയെത്ര കാഴ്ചകൾ. ഇവയുടെയെല്ലാം ഭംഗി ആസ്വദിക്കാനും അടുത്തറിയാനും ഒരു മനുഷ്യായുസ്സ് തികയുമോ എന്നുതന്നെ സംശയമാണ്. മേൽപറഞ്ഞവ മാത്രമല്ല, ആരെയും അദ്ഭുതപരതന്ത്രരാക്കുന്ന ലോകകാഴ്ചകളെയെല്ലാം ഒറ്റ യാത്രയിൽ അടുത്തറിയാനുള്ളൊരു അവസരം നാഷനല്‍ ജിയോഗ്രഫി യാത്രാപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നു, അതും സ്വകാര്യ വിമാനത്തിന്റെ സുഖശീതളിമയിൽ. ഒരു മനുഷ്യായുസ്സിൽ കണ്ടിരിക്കേണ്ടതെന്ന് ഉറപ്പിച്ചു പറയാവുന്നയിടങ്ങളിലൂടെ സ്വകാര്യ വിമാനത്തിൽ ഇരുപത്തിനാലു ദിവസം നീളുന്ന ഒരു യാത്ര. 

ഓരോ രാജ്യത്തെയും, ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള വിസ്മയങ്ങൾ അടുത്തറിയാനുള്ള ടൂർപാക്കേജാണ് നാഷനൽ ജിയോഗ്രഫി സഞ്ചാരപ്രിയർക്കായി ഒരുക്കിയിരിക്കുന്നത്. ചുമ്മാ അങ്ങു യാത്ര ചെയ്യുകയല്ല, ഓരോ സ്ഥലത്തെക്കുറിച്ചും ആഴത്തില്‍ അറിയാവുന്ന വിദഗ്ധർ വിശദീകരണവുമായി കൂടെയുണ്ടാകും. ഏകദേശം 82 ലക്ഷം രൂപയാണ് ഈ യാത്രക്കായി ചെലവഴിക്കേണ്ട തുക.

Image Source:National geographic
ADVERTISEMENT

ലോകത്തിലെ പ്രശസ്ത സ്ഥലങ്ങൾ സന്ദർശിക്കാവുന്ന 7 പാക്കേജുകളാണ് ഈ യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ലോകകാഴ്ചകളെല്ലാം ഉൾകൊള്ളുന്ന മൂന്നു പാക്കേജുകളും ആഫ്രിക്ക, ഓസ്ട്രേലിയ, സെൻട്രൽ ആൻഡ് സൗത്ത് അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രകളുമുണ്ട്. ഇരുപതു മുതൽ ഇരുപത്തിനാലു ദിവസം വരെയാണ് ഓരോ യാത്രയും. വിവിധ പാക്കേജുകൾ അനുസരിച്ച് 72 ലക്ഷം രൂപ മുതല്‍ 97 ലക്ഷം രൂപ വരെയാണ് ചെലവ്.

ബോയിങ് 757 മോഡിഫൈഡ് !

അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങിന്റെ 757 വിമാനമാണ് പ്രൈവറ്റ് ജെറ്റായി മാറ്റിയിരിക്കുന്നത്. ഐസ്‌ലൻഡ് വിമാന കമ്പനിയായ ഐസ്‌ലാൻഡർ എയറാണ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നത്. 2000 ൽ നിർമിച്ച ഈ വിമാനത്തിൽ 233 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഐസ്‌ലാൻഡറിന്റെ പാസഞ്ചർ വിമാനമായി ഏറെ നാൾ പറന്നതിന് ശേഷമാണ് നാഷനല്‍ ജിയോഗ്രഫിയുടെ കുപ്പായം സ്വീകരിക്കുന്നത്.  ലോകം ചുറ്റുന്ന ഈ യാത്രയ്ക്കായി സീറ്റുകൾ 82 ആയി ചുരുക്കി. വിഐപി ശൈലിയിലുള്ള ലെതർ സീറ്റിങ്ങിൽ ജെറ്റിന്‍റെ ഇന്റീരിയർ മൊത്തത്തിൽ 82 ബിസിനസ് ക്ലാസ് സീറ്റുകളായി കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. 

Image Source:National geographic

ഫ്ലാറ്റ് ബെ‍ഡാക്കി മാറ്റാൻ പറ്റുന്ന സീറ്റുകൾ ഹാൻഡ് ക്രാഫ്റ്റഡ് ലെതറിലാണ് നിർമിച്ചത്. ലെഗ് റെസ്റ്റ്, ഫോൾഡബിൾ ഫുട്ട്റെസ്റ്റ്, നാലു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ് റെസ്റ്റ് എന്നിവയുമുണ്ട്. ലാപ്‌ടോപ്, ഡിജിറ്റൽ ക്യാമറ, മറ്റ് വ്യക്തിഗത ഉപകരണങ്ങൾ എന്നിവയ്‌ക്കുള്ള ഇൻ-സീറ്റ് പവർ ഔട്ട്‌ലെറ്റുകളും സംഭരണ സ്ഥലവും ഓരോ സീറ്റിനുമുണ്ട്. മൂന്ന് പൈലറ്റുമാർ, ഒരു എക്സ്പെഡീഷൻ ഷെഫ്, കാറ്ററിങ് ഓഫിസർ, എയർഹോസ്റ്റസുമാർ, ലഗേജ് കൈകാര്യം ചെയ്യാനായുള്ള ആള്‍ എന്നിവരാണ് സഞ്ചാരികളെ കൂടാതെ വിമാനത്തിലുണ്ടാകുക.

ADVERTISEMENT

ആരോഗ്യം പ്രധാനം

യാത്രക്കാർ ആരോഗ്യമുള്ളവരായിരിക്കണം എന്നതു തന്നെയാണ് ഈ ലോകയാത്രയിലെ ആദ്യ നിബന്ധന. ഹൈക്കിങ്, കയാക്കിങ്, സ്‌നോർക്കലിങ്, ബൈക്കിങ് എന്നിവ പോലുള്ള വിനോദങ്ങൾ ഈ യാത്രയുടെ ഭാഗമാണ്. മുൻപ് സന്ദര്‍ശിച്ച ഇടങ്ങളില്‍ വീണ്ടും പോകുന്നത് ഒഴിവാക്കാന്‍ സ്ഥലങ്ങള്‍ക്ക് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. കുസ്‌കോ, പെറു (11,200 അടി) പോലുള്ള ഉയർന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് ഡോക്ടര്‍ ഒപ്പിട്ട മെഡിക്കൽ ഫോം വേണം. പ്രത്യേക ശ്രദ്ധയോ ഭക്ഷണക്രമമോ ചികിത്സയോ ആവശ്യമുള്ള ഏതെങ്കിലും ശാരീരിക അവസ്ഥകൾ ഉള്ളവരാണെങ്കില്‍ ബുക്കിങ് സമയത്ത് ആ കാര്യങ്ങൾ വ്യക്തമാക്കണം.

Machu Picchu, David Ionut/Shutterstock

പാക്കേജിൽ എന്തൊക്കെ?

യാത്ര ആരംഭിക്കുന്ന സ്ഥലത്തേക്കുള്ള വിമാന ടിക്കറ്റും നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും വീസ ചെലവുകളും സ്വകാര്യ ചെലവുകളും പാക്കേജിൽ പരാമർശിക്കാത്ത പാനീയങ്ങളുടെ ചെലവുകളും യാത്രികർ തന്നെ വഹിക്കണം. എയർപോർട്ട് ട്രാൻസ്ഫർ, സ്വകാര്യ ജെറ്റ് വഴിയുള്ള ഗതാഗതം, സ്ഥലങ്ങൾ സന്ദർശിക്കാനുള്ള വാഹനങ്ങൾ, ട്രെയിൻ, അവയുടെ ചെലവുകൾ, പ്രവേശന നിരക്കുകൾ എന്നിവയെല്ലാം ടിക്കറ്റ് ചാർജിൽ ഉൾപ്പെടും. യാത്രയിൽ ഉടനീളം ഡീലക്സ് അല്ലെങ്കിൽ ലഭ്യമായതിൽ ഏറ്റവും മികച്ച താമസസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉല്ലാസയാത്രകൾ, ‌യാത്രയിൽ സൂചിപ്പിച്ചിരിക്കുന്ന പ്രത്യേക ഈവന്റുകൾ, വിദഗ്ധ ടീമിന്റെ പ്രഭാഷണങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ എന്നിവയുമുണ്ടാകും. യാത്രയുടെ ആദ്യ ദിനത്തിലെ അത്താഴം മുതൽ അവസാനിക്കുന്ന ദിനത്തിലെ പ്രഭാതഭക്ഷണം വരെ പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വകാര്യ ജെറ്റിലും പ്രത്യേക പരിപാടികളിലും കോക്ടെയ്ൽ പാർട്ടികളിലും മദ്യം ഉൾപ്പെടെ എല്ലാ പാനീയങ്ങളും ഉച്ചഭക്ഷണങ്ങളിലും അത്താഴങ്ങളിലും വൈനും ബീയറുമെല്ലാം ഉൾപ്പെട്ടിട്ടുണ്ട്.

Wildebeests. Travel Stock/shutterstock
ADVERTISEMENT

ഈ യാത്രയിലൂടെ നഗര രൂപകൽപന മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള മേഖലകളെപ്പറ്റി അതുല്യമായ കാഴ്ചപ്പാടുകൾ നേടാനാകുമെന്നാണ് നാഷനൽ ജിയോഗ്രഫി പറയുന്നത്. നാഷനല്‍ ജിയോഗ്രാഫിക് വിദഗ്ധരുടെയും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാരുടെയും എഡിറ്റർമാരുടെയും സംഘവുമായുള്ള ആശയവിനിമയം വിലപ്പെട്ട അറിവുകൾ യാത്രക്കാർക്കു നൽകും. 

Taj Mahal. Seb c'est bien/shutterstock

വാഷിങ്ടനിലെ നാഷനല്‍ ജിയോഗ്രഫി ആസ്ഥാനത്ത് വിദഗ്ധർ, ജീവനക്കാർ, സഹയാത്രികർ എന്നിവർക്കൊപ്പമുള്ള സ്വീകരണത്തോടെയാണ് യാത്രയ്ക്ക് തുടക്കമാകുന്നത്. തുടർന്ന് വൈറ്റ്ഹൗസിൽനിന്ന് ചുവടുകൾ മാത്രം അകലെയുള്ള ചരിത്രപ്രസിദ്ധമായ ഹോട്ടലിൽ അത്താഴം.

രണ്ടാം ദിവസം രാവിലെ ലാറ്റിൻ അമേരിക്കയിലെ പെറുവിലേക്കാണ് യാത്ര. രാജ്യത്തെ അതിപ്രശസ്തമായ പൈതൃക കാഴ്ചകളിലൂടെ രണ്ടു ദിവസം സഞ്ചരിക്കും. സ്വകാര്യ ജെറ്റിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ എത്തി അവിടുന്ന് കുസ്‌കോയിലേക്ക് (11,200 അടി) ഒരു പ്രാദേശിക ചാർട്ടർ ഫ്ലൈറ്റിൽ യാത്ര തിരിക്കും. ഇൻക സാമ്രാജ്യത്തിന്റെ മാച്ചു പിച്ചുവാണ് അവിടുത്തെ പ്രധാന ആകർഷണം. പതിനഞ്ചാം  നൂറ്റാണ്ടിൽ ഇൻക വംശജർ മലമുകളിൽ നിർമിച്ച നഗരം ലോകത്തിലെ പ്രധാന പൈതൃക കാഴ്ചകളിലൊന്നാണ്. ഇൻക കാർഷിക ലബോറട്ടറിയെന്നു വിശ്വസിക്കപ്പെടുന്ന മൊറേയുടെ കൗതുകകരമായ അവശിഷ്ടങ്ങളും മാറാസിലെ ടെറസ് ഉപ്പ് ഖനികളും കാണാം. താൽപര്യമുള്ളവർക്ക് ഇൻക ട്രയലിലുള്ള ട്രെക്കിങ്ങിനും സൗകര്യമുണ്ട്. പെറുവിലെ പരമ്പരാഗത നെയ്ത്ത് സമ്പ്രദായങ്ങൾ പുനരുജ്ജീവിപ്പിക്കാനായി നാഷനൽ ജിയോഗ്രാഫിക്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മാസ്റ്റർ ആൻഡിയൻ നെയ്ത്തുകാരി നിൽഡ കാലനൗപ അൽവാരസുമായി സംവദിക്കാനുള്ള അവസരം‌, പെറുവിലെ പുരാവസ്തു പര്യവേഷണങ്ങളെക്കുറിച്ചുള്ള സംഭാഷണം എന്നിവയും ഈ യാത്രയിലുണ്ട്. 

അടുത്ത ദിവസം മാച്ചു പിച്ചുവിലേക്കു പോകാം. സ്വകാര്യ ചാർട്ടേഡ് ട്രെയിനാണ് അതിനായി ഒരുക്കിയിരിക്കുന്നത്. അതിന് മുൻപ് താൽപര്യമുള്ളവർക്കായി മുൻ ഇൻക ശക്തികേന്ദ്രമായ ഒല്ലന്തയ്‌ടാംബോ സന്ദർശിക്കാം. സ്വകാര്യ ഗൈഡുകളുടെ സഹായത്തോടെ പൈതൃക നഗരത്തെ അടുത്തറിയുകയും ചെയ്യാം.  

Royal Bengal Tiger. Shivang Mehta/shutterstock

കുസ്‌കോയും മച്ചു പിച്ചുവും ഇതിനകം സന്ദർശിച്ചവരോ അല്ലെങ്കിൽ സമുദ്രനിരപ്പിൽ നിന്ന് അത്ര ഉയരത്തിലേക്ക് പോകാൻ കഴിയാത്തവരോ ആണെങ്കിൽ പെറുവിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന ഏറ്റവും വലിയ പൈതൃക നഗരങ്ങളിലൊന്നായ ട്രൂജില്ലോ സന്ദർശിക്കാനുള്ള അവസരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഡോബ് നഗരമായ ചാൻ ചാനിന്റെ വിസ്തൃതമായ അവശിഷ്ടങ്ങളും സൂര്യന്റെയും ചന്ദ്രന്റെയും ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള പുരാതന മോഷെ, ചിമു സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളും പ്രധാന കാഴ്ചകളാണ്.

യാത്രയിലെ 5, 6 ദിനങ്ങളില്‍ ചിലെ തീരത്തു നിന്ന് 2,300 മൈൽ അകലെയുള്ള ഈസ്റ്റർ ദ്വീപിലേക്കാണ് പോകുക. ബേർഡ്മാൻ ആരാധനയുടെ കേന്ദ്രമായ ഒറോംഗോയിലെ കല്ല് ഗ്രാമവും മറ്റു കാഴ്ചകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഏഴാം ദിവസം ഈസ്റ്റർ ദ്വീപിൽനിന്ന് പസഫിക്കിലൂടെ യാത്ര തുടരുന്നു. അടുത്ത ദിവസം വൈകുന്നേരം സമോവയിൽ എത്തുന്നു. എട്ടാം ദിവസം "പോളിനേഷ്യയുടെ ഹൃദയം" എന്നറിയപ്പെടുന്ന ഈ മനോഹരമായ ദ്വീപിലാണ് ചെലവഴിക്കുക. 

Angkor Wat. Shane WP Wongperk/shutterstock

അടുത്ത രണ്ടുദിനങ്ങളില്‍ സഞ്ചാരികള്‍ക്ക് പോർട്ട് ഡഗ്ലസിലെ ഗ്രേറ്റ് ബാരിയർ റീഫോ ഓസ്ട്രേലിയയിലെ ഡെയ്ൻട്രീ മഴക്കാടുകളോ സന്ദർശനത്തിനായി തിരഞ്ഞെടുക്കാം. തുടർന്നുള്ള രണ്ടു ദിനങ്ങളില്‍ കംബോഡിയയിലൂടെയാണ് യാത്ര. ഒരിക്കൽ ഖെമർ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന അങ്കോർ ക്ഷേത്ര സമുച്ചയമോ ഏറ്റവും വലിയ ഖെമർ ക്ഷേത്രങ്ങളിലൊന്നായ ബെംഗ് മീലിയയോ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. തുടര്‍ന്ന് യാത്രയിലെ 13, 15 ദിനങ്ങളില്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും 16, 17 ദിനങ്ങളില്‍ ആഗ്രയിലെ താജ്മഹലും സഞ്ചാരികളുടെ കണ്ണുകൾക്ക് വിസ്മയ കാഴ്ചകളൊരുക്കും.

ടാൻസാനിയയിലെ, ലോകത്തിലെ ഏറ്റവും വലിയ വന്യജീവി കേന്ദ്രങ്ങളിലൊന്നായ സെറെൻഗെറ്റി പ്ലെയിനോ 25,000 ത്തിലധികം മൃഗങ്ങൾക്ക് അഭയം നൽകുന്ന എൻഗോറോങ്കോ ക്രേറ്ററോ തുടർന്നുള്ള രണ്ടു ദിനങ്ങളില്‍ കാഴ്ചക്കായി തിരഞ്ഞെടുക്കാം. 

Bornean Gibbon.YUMIK/shutterstock

നബാറ്റിയൻസ് എന്നറിയപ്പെടുന്ന അറബ് ഗോത്രത്തിന്‍റെ തലസ്ഥാനമായ പെട്രയിലാണ് 20, 21 ദിനങ്ങള്‍. അറേബ്യ, ഈജിപ്ത്, ലെവന്റ് എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു സൈറ്റുകളിൽ ഒന്നാണ്. 22, 23 ദിനങ്ങളില്‍ മൊറോക്കോയിലെ ചരിത്രനഗരമായ മാരാക്കേച്ചോ വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന പർവതനിരയായ അറ്റ്ലസ് പർവതനിരയോ കാണാന്‍ പോകാം. 24 ാം ദിനം ലോകയാത്ര അവസാനിപ്പിച്ച് വാഷിങ്ടൻ ഡിസിയിലേക്ക് വിമാനം തിരിച്ചുപറക്കും. തിരിച്ചെത്തുന്ന യാത്രികര്‍ക്ക് ഹയാത്ത് റീജൻസി ഡാലസിൽ കോംപ്ലിമെന്ററി താമസസൗകര്യം. തുടർന്ന് കാഴ്ചകളുടെ വസന്തം സൃഷ്ടിച്ച ഓർമകളുമായി നാട്ടിലേക്ക് മടക്കം.

യാത്രയിലെ വിദഗ്ദർ

എഴുത്തുകാരനും അധ്യാപകനും ഭൂമിശാസ്ത്രജ്ഞനുമായ സ്റ്റീഫൻ കുഞ്ഞ, കലാ ചരിത്രകാരനായ ജാക്ക് ഡോൾട്ടൺ, എഴുത്തുകാരനും നരവംശശാസ്ത്രജ്ഞനുമായ ‌വേഡ് ഡേവിസ്, നരവംശശാസ്ത്രജ്ഞനായ കരോൾ ഡൺഹാം, ഫൊട്ടോഗ്രഫർമാരായ കെൻ ഗാരറ്റ്, ആനി ഗ്രിഫിത്ത്സ്, മൈക്കൽ മെൽഫോർഡ്, ജയ് ഡിക്ക്മാൻ, ആമി ടോൺസിങ്, നെവാഡ വിയർ, എഴുത്തുകാരനായ ടിം ജെപ്സൺ, ഭൂമിശാസ്ത്രജ്ഞനായ ജാൻ നിജ്മാൻ, അധ്യാപകനും പുരാവസ്തു ഗവേഷകനുമായ വില്യം സാറ്റർനോ എന്നിവരാണ് യാത്രയിലെ ഓരോ ദിനത്തിലും സഞ്ചാരികളോട് സംവദിക്കാനെത്തുന്നത്.

താമസിക്കുന്ന ഹോട്ടലുകളിൽ ചിലത്

ഈ യാത്രയിൽ ലോകത്തിലെ ഏറ്റവും മികച്ച താമസസൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച സർവീസ്, സൗകര്യങ്ങൾ, സന്ദർശിക്കാനുള്ള സ്ഥലങ്ങളിലേക്കുള്ള ദൂരം എന്നിവ പരിഗണിച്ചാണ് ഹോട്ടലുകൾ ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ പ്രാദേശിക സംസ്കാരങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പരമ്പരാഗത വിനോദങ്ങൾക്കൊപ്പം പ്രത്യേക ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വാഷിങ്ടൻ ഡിസിയിലെ താമസം നഗരത്തിലെ ഏറ്റവും പഴയ ഹോട്ടലുകളിലൊന്നായ ഹേ-ആഡംസിലാണ്. 1928-ൽ ആരംഭിച്ച ഈ ഹോട്ടൽ വൈറ്റ് ഹൗസ്, സെന്റ് ജോൺസ് ചർച്ച്, ലഫായെറ്റ് പാർക്ക് എന്നിവയുടെ മനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു.

sharptoyou/shutterstock

പെറുവിലെ കുസ്കോയിൽ താമസം ഹോട്ടലാക്കി മാറ്റിയ 17 ാം നൂറ്റാണ്ടിലെ കൊട്ടാരമായ ബെൽമണ്ട് പാലാസിയോ നസറേനാസിലാണ്. കൂടാതെ സീം റീപ്, കംബോഡിയയിലെ റാഫിൾസ് ഗ്രാൻഡ് ഹോട്ടൽ ഡി ആങ്കോർ, ഭൂട്ടാനിലെ പാരോയിൽ ഷിവ ലിംഗ് ഹോട്ടൽ, ആഗ്രയിൽ ഒബ്റോയ് അമർവിലാസ്, ഇന്ത്യ, ടാൻസാനിയയിൽ ആന്റ് ബിയോൺഡ് ക്രേറ്റർ ലോഡ്ജ്, ജോർദാനിലെ പെട്രയിൽ മോവൻപിക്ക് റിസോർട്ട് എന്നീ ഹോട്ടലുകളിലുമുണ്ട്.

നിരക്കുകൾ

ഡിസംബർ 29, 2022 നാണ് ഈ വർഷത്തെ യാത്ര. ഡബിൾ ഒക്യുപന്‍സിക്ക് 94955 ഡോളറും (ഏകദേശം 77.48 ലക്ഷം രൂപ), സിംഗിൾ ഒക്യുപന്‍സിക്ക് 104490 ഡോളറുമാണ് നിരക്ക്. (ഏകദേശം 85.29 ലക്ഷം രൂപ). 2023 ൽ 6 യാത്രകളും 2024 ല്‍ 2 യാത്രകളുമാണ് ഉണ്ടാവുക. 2023 ലെ ഡബിള്‍ ഒക്യുപന്‍സിക്ക് 79.16 ലക്ഷം രൂപയും സിംഗിൾ ഒക്യുപൻസിക്ക് 87.12 ലക്ഷം രൂപയുമാണ് ചെലവ്. 2024 ലെ ഡബിള്‍ ഒക്യുപന്‍സിക്ക് 81.65 ലക്ഷം രൂപയും സിംഗിൾ ഒക്യുപൻസിക്ക് 90 ലക്ഷം രൂപയുമാണ് ചെലവ്. യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സും ഇതില്‍ ഉള്‍പ്പെടുന്നു.

ലോക വന്യജീവി സമ്പത്തിലൂടെ 24 ദിവസം, ടിക്കറ്റ് നിരക്ക് 99995 ഡോളർ (ഏകദേശം 81.35 ലക്ഷം രൂപ)

ലോകത്തിലെ അപൂർവമായ വന്യജീവി സമ്പത്തിലൂടെ ഒരു യാത്രയാണ് ഈ പാക്കേജിൽ നാഷനൽ ജിയോഗ്രഫി ഒരുക്കിയിരിക്കുന്നത്.  മലേഷ്യൻ ബോർണിയോയിലെ വന്യജീവി സങ്കേതങ്ങളിലെ ഒറങ്ഒട്ടാനുകൾ, പിഗ്‍മി ആനകൾ, പ്രോബോസ്‌സിസ് കുരങ്ങുകൾ, റുവാണ്ടയിലെ പർവത ഗൊറില്ലകൾ, രൺതംബോർ ദേശീയ ഉദ്യാനത്തിലെ ബംഗാൾ കടുവകൾ, മഡഗാസ്‌കറിലെ ലെമറുകൾ, ചാമിലിയൻ, കാട്ട് ഓർക്കിഡുകൾ എന്നിവയെ കാണുവാനുള്ള അവസരം. കൂടാതെ ശ്രീലങ്കയിലെയും ദക്ഷിണാഫ്രിക്കയിലെ ഫിൻഡ പ്രൈവറ്റ് ഗെയിം റിസർവിലെയും വന്യജീവി സങ്കേതങ്ങളിൽ വിദഗ്ധരായ റേഞ്ചർമാർക്കും ട്രാക്കർമാർക്കുമൊപ്പം സഫാരി, മാലദ്വീപിലെ ഓവർവാട്ടർ ബംഗ്ലാവിൽ തിളങ്ങുന്ന സമുദ്രജീവികൾക്കിടയിലുള്ള സ്നോർക്കൽ എന്നിവയും ഈ യാത്രയിലെ ആകർഷണങ്ങളാണ്.

CHILE . Amy Nichole Harris/shutterstock

സിംഗപ്പൂരിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. വിദഗ്ധർക്കും സഹയാത്രികർക്കുമൊപ്പമുള്ള അത്താഴ വിരുന്നാണ് യാത്രയുടെ ആദ്യ ദിനത്തിൽ. അടുത്ത ദിവസം ഒറാങ്ഒട്ടാൻ ബ്രീഡിങ് പ്രോഗ്രാം ഉൾപ്പെടെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് രാജ്യാന്തര അംഗീകാരം ലഭിച്ച സിംഗപ്പൂർ മൃഗശാലയിലേക്കാണ് യാത്ര. 

തുടർന്ന് ബൊട്ടാണിക്കൽ സ്പീഷിസുകളുടെ അവിശ്വസനീയമായ വൈവിധ്യവും ഫ്യൂച്ചറിസ്റ്റിക് വാസ്തുവിദ്യയും പ്രദർശിപ്പിക്കുന്ന‌ ഗാർഡൻസ് ബൈ ബേ സന്ദർശിക്കാം. ലോകത്തിലെ ആദ്യത്തെ രാത്രികാല മൃഗശാലയിലൂടെ ഒരു നൈറ്റ് സഫാരിയും നടത്താം.

cheetah. Danielle Beder/shutterstock

മൂന്നാം ദിവസം മുതൽ അഞ്ചാം ദിവസം വരെ ബോർണിയോയിലാണ്. മലേഷ്യ, ഇന്തൊനീഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങളുടെ ഭാഗമായ ഈ ദ്വീപ് ജൈവ വൈവിധ്യങ്ങളുടെ കലവറ തന്നെയാണ്. ബോർണിയൻ സൺ ബെയർ, ഒറംഗുട്ടാനുകൾ, ഗിബ്ബൺ, പ്രോബോസ്സിസ് കുരങ്ങുകൾ, പിഗ്മി ആനകൾ, അപൂർവ പക്ഷികൾ എന്നിവയെ കാണാനുള്ള അവസരമുണ്ട്. ബോർണിയോയിലും ഇന്തൊനീഷ്യൻ ദ്വീപായ സുമാത്രയിലും മാത്രം കാണപ്പെടുന്ന, മനുഷ്യരുമായി 97% ഡിഎൻഎ സാദൃശ്യമുള്ള ഒറാങ്ഒട്ടാൻ കുരങ്ങുകളെ നിരീക്ഷിക്കാനുള്ള അസുലഭ അവസരമാണ് ഇത്.‌

ആറാം ദിവസത്തെ യാത്ര പിങ്ക് സിറ്റിയായ ജയ്പുരിലേക്കാണ്. അവിടെ രജപുത്ര ഭരണാധികാരികളുടെ ചരിത്രപ്രാധാന്യമുള്ള ആംബർ കോട്ട സന്ദർശിക്കാം. രജപുത്ര കാലത്തെ നിരവധി പൗരാണിക കെട്ടിടങ്ങളും കാണാം. ഏഴും എട്ടും ദിവസങ്ങൾ രന്തംബോർ നാഷനൽ പാർക്കിലേക്കാണ് യാത്ര. ബംഗാൾ കടുവകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ കരടികളെയും ഏഷ്യയിലെ ഏറ്റവും വലിയ മാനുകളായ സാംബാറുകളെയും കാണാൻ സാധിക്കും. 

യാത്രയുടെ ഒന്‍പതു മുതൽ പതിനൊന്ന് വരെ ദിവസങ്ങൾ ശ്രീലങ്കയിലെ യാല്ല നാഷനൽ പാർക്കിലാണ്. ആനകൾ, പുള്ളിപ്പുലികൾ, കരടികൾ, പുള്ളിമാൻ, മയിലുകൾ, ഏകദേശം 200 പക്ഷികൾ എന്നിവയെല്ലാം പാർക്കിലെ പ്രധാന കാഴ്ചകളാണ്. തുടർന്ന് ബുണ്ടാല ദേശീയ ഉദ്യാനത്തിലെ ദേശാടന പക്ഷികളെയും മുതലകളെയും കാണാനുള്ള യാത്രയാണ്. സന്ദർശകർ ആഗ്രഹിക്കുന്നുവെങ്കിൽ, ബുദ്ധ, ഹിന്ദു, ഇസ്‌ലാം, വേദ വിശ്വാസികൾക്ക് ഒരുപോലെ പവിത്രമായ കതരഗാമ ക്ഷേത്രത്തിലെ സായാഹ്ന പൂജയിൽ പങ്കെടുക്കാം.

പിന്നീടുള്ള രണ്ടു ദിവസം യാത്ര മാലദ്വീപിലാണ്. ഏകദേശം 1,200 പവിഴ ദ്വീപുകളുള്ള മാലദ്വീപിന്റെ ജൈവ വൈവിധ്യം ഈ യാത്രയിൽ മനസ്സിലാക്കാം. ഇവിടുത്തെ മനോഹരമായ പവിഴ ദ്വീപുകളിലൊന്നിൽ താമസിച്ച് അസാധാരണ സമുദ്ര ആവാസ വ്യവസ്ഥകൾ കാണാനും പ്രാദേശിക സംസ്കാരവുമായി പരിചയപ്പെടാനുമുള്ള അവസരവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.കൂടാതെ കടലിലൂടെ സ്നോർക്കലിങ്ങിനു പോകാനോ ക്രൂസിൽ ഡോൾഫിനുകളെയും മറ്റു സമുദ്രജീവികളെയും കാണാനോ അവസരം ലഭിച്ചേക്കാം. 

lemur Artush/shutterstock

അടുത്ത രണ്ടു ദിവസം മഡഗാസ്കറിന്റെ അദ്ഭുതങ്ങളാണ് സന്ദർശകരുടെ മനം നിറയ്ക്കുക. മഡഗാസ്കർ ദ്വീപിൽ, 80 ശതമാനം ജീവിവർഗങ്ങളും തദ്ദേശീയമാണെന്ന് കണക്കാക്കപ്പെടുന്നു. അവിടുത്തെ കറുത്ത ലെമറുകൾ, നോസി ബീ പാന്തർ ചാമിലിയനുകൾ, വ്യത്യസ്ത ഇനം പല്ലികൾ, ഓർക്കിഡുകൾ എന്നിവ കാണാം. കൂടാതെ മഡഗാസ്‌കറിലെ തദ്ദേശീയ ഇനങ്ങളിൽ പലതും ഉൾക്കൊള്ളുന്ന പ്രകൃതി സംരക്ഷണ കേന്ദ്രമായ ലെമൂരിയ ലാൻഡ് സന്ദർശിക്കാം. ദ്വീപിൽ കണ്ടുവരുന്ന യലാങ് പുഷ്പത്തിന്റെ എണ്ണ വേർതിരിച്ചെടുക്കുന്ന ഒരു ഡിസ്റ്റിലറിയും കാണാം. രാത്രി തദ്ദേശീയരായ സംഗീതജ്ഞരുടെ പ്രകടനത്തോടെയുള്ള അത്താഴ വിരുന്നുമുണ്ടാകും. 

യാത്രയിലെ പതിനേഴു മുതൽ പത്തൊൻപതു വരെയുള്ള ദിവസങ്ങൾ ദക്ഷിണാഫ്രിക്കയിലെ ഫിൻഡ പ്രൈവറ്റ് ഗെയിം റിസർവിലാണ്. അവിടെ ഏഴു വ്യത്യസ്ത ആവാസ വ്യവസ്ഥകൾ-പർവതങ്ങളും തണ്ണീർത്തടങ്ങളും മുതൽ അപൂർവ മണൽ വനങ്ങൾ വരെ- വന്യജീവികളുടെ അതിമനോഹരമായ ഒരു നിര എന്നിവ  ഉൾക്കൊള്ളുന്നു. പാർക്കിനുള്ളിലെ രണ്ട് ലോഡ്ജുകളിൽ ഒന്നിൽ താമസം, വിദഗ്ധരായ റേഞ്ചർമാർക്കും ട്രാക്കർമാർക്കുമൊപ്പമുള്ള സഫാരി എന്നിവയും സിംഹങ്ങൾ, പുള്ളിപ്പുലികൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, മുനമ്പ് എരുമകൾ തുടങ്ങിയവയെയും സംരക്ഷണ കേന്ദ്രത്തിലെ 450 ഓളം വരുന്ന ഇനം പക്ഷികളെയും കാണാനുള്ള അവസരവുമുണ്ട്. 

തുടർന്നുള്ള രണ്ട് ദിവസങ്ങൾ റുവാണ്ടയിലെ കിഗാലിയോ അഗ്നിപർവത ദേശീയ പാർക്കോ ആണ് സന്ദർശിക്കുന്നത്. പർവത ഗൊറില്ലകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. തുടർന്ന് റോമിലേക്കാണ് യാത്ര. ഇരുപത്തിമൂന്നാം ദിവസം സംഘത്തിനൊപ്പം റോമിൽ താമസിച്ച് ഇരുപത്തിനാലാം ദിനം മടങ്ങാം.

യാത്രയിലെ വിദഗ്ധർ

വന്യജീവി സംരക്ഷകനും ജീവശാസ്ത്രജ്ഞനുമായ സ്റ്റീവ് ബോയ്സ്, ചലച്ചിത്രകാരനും ഫൊട്ടോഗ്രഫറുമായ സന്ദേശ് കടൂർ, വൈൽഡ് ലൈഫ് ബയോളജിസ്റ്റ് എലിസബത്ത് ലോൺസ്ഡോർഫ്, വന്യജീവി സംരക്ഷകൻ മിറിയ മേയർ എന്നിവരാണ് സംഘത്തിലുള്ളത്. 

വിമാനത്തിനുണ്ട് വ്യത്യാസം

ഈ യാത്രയിലും മോഡിഫൈഡ്  ബോയിങ് 757 തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ചെറിയ മാറ്റമുണ്ട്. നവംബർ 29, 2022 നും നവംബർ 28 2023 നും ആരംഭിക്കുന്ന യാത്രയിൽ 47 സീറ്റുകളായിരിക്കും ഉണ്ടാകുക. ഏപ്രിൽ 19 , 2023 ന് ആരംഭിക്കുന്ന യാത്രയിൽ 57 സീറ്റുകളുണ്ടാകും. വിമാനത്തിലെ ബാക്കി സൗകര്യങ്ങളെല്ലാം ഒരുപോലെ തന്നെ.

താമസിക്കുന്ന ഹോട്ടലുകളിൽ ചിലത്

ദ് ഫുള്ളർട്ടൺ ബേ ഹോട്ടൽ - സിംഗപ്പൂർ, ‌സുകൗ റെയിൻഫോറസ്റ്റ് ലോഡ്ജ് - ബോർണിയോ, രാംബാഗ് കൊട്ടാരം - ഇന്ത്യ, അമൻ-ഇ-ഖാസ് - ഇന്ത്യ, വൈൽഡ് കോസ്റ്റ് ടെന്റഡ് ലോഡ്ജ് - ശ്രീലങ്ക. രവിന്ത്സര വെൽനസ് ഹോട്ടൽ - മഡഗാസ്കർ, ബിയോൺഡ് ഫിൻഡ പ്രൈവറ്റ് ഗെയിം റിസർവ് - ദക്ഷിണാഫ്രിക്ക, കിഗാലി മാരിയറ്റ് - റുവാണ്ട, ഒബ്റോയ് രാജ്‌വിലാസ് - ജയ്പുർ,  അനന്തര പലാസോ നയാഡി - റോം, സെന്റ് റെജിസ് റോം - റോം

നിരക്കുകൾ

നവംബർ 29, 2022 നാണ് ഈ വർഷത്തെ യാത്ര. ഡബിൾ ഒക്യുപന്‍സിക്ക് 104995 ഡോളറും (ഏകദേശം 85.68 ലക്ഷം രൂപ), സിംഗിൾ ഒക്യുപന്‍സിക്ക് 115,490 ഡോളറുമാണ് നിരക്ക്. (ഏകദേശം 94.25 ലക്ഷം രൂപ).  2023 ൽ 2 യാത്രകളാണ്  ഉണ്ടാവുക. അതിൽ ഏപ്രിലിൽ ആരംഭിക്കുന്ന യാത്രയുടെ ഡബിള്‍ ഒക്യുപന്‍സിക്ക് 81.54 ലക്ഷം രൂപയും സിംഗിൾ ഒക്യുപൻസിക്ക് 89.69 ലക്ഷം രൂപയുമാണ് ചെലവ്. നവംബറിൽ ആരംഭിക്കുന്ന യാത്രയുടെ ഡബിള്‍ ഒക്യുപന്‍സിക്ക് 88.07 ലക്ഷം രൂപയും സിംഗിൾ ഒക്യുപൻസിക്ക് 96.87 ലക്ഷം രൂപയുമാണ് ചെലവ്. യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സും ഇതില്‍ ഉള്‍പ്പെടുന്നു.

ഫ്യൂച്ചർ ഓഫ് എവരി തിങ്

ഈ രണ്ടു യാത്രകൾ കൂടാതെ സിയാറ്റിൽ മുതൽ സമർഖണ്ഡ് വരെയും ലോകമെമ്പാടുമുള്ള ക്രിയേറ്റീവും ഇന്നവേറ്റീവുമായ കേന്ദ്രങ്ങൾ  സന്ദർശിക്കാൻ ലോകം മുഴുവൻ പ്രൈവറ്റ് ജെറ്റിൽ കറങ്ങുന്ന മറ്റൊരു യാത്രയുമുണ്ട്. ഫ്യൂച്ചർ ഓഫ് എവരി തിങ് എന്ന ഈ യാത്രയുടെ നിരക്ക് 99,995 ‍ഡോളറാണ് (ഏകദേശം 81.38 ലക്ഷം രൂപ). ഈ ഇതിഹാസ യാത്രയിൽ നാഷനൽ ജിയോഗ്രാഫിക്കിൽ നിന്നും വാൾ സ്ട്രീറ്റ് ജേണലിൽ നിന്നുമുള്ള വിദഗ്ധ സംഘം സംഘം അനുഗമിക്കും.  സിയാറ്റിൽ നിന്നാണ് ഇരുപത്തിനാല് ദിവസം നീളുന്ന ആ യാത്ര ആരംഭിക്കുന്നത് . തുടർന്ന് കൊയോട്ടോ, സിംഗപ്പൂർ, സോൾ, മംഗോളിയ, ഉസ്ബെക്കിസ്ഥാൻ, എസ്റ്റോണിയ, ഫിൻലൻഡ്, ഐസ്‌ലൻഡ് എന്നീവിടങ്ങിളൂടെ യാത്ര നടത്തി വാഷിങ്ടൺ  ഡിസിയിൽ അവസാനിക്കും.

താമസിക്കുന്ന ഹോട്ടലുകളിൽ ചിലത്

ഫോർ സീസണുകൾ ഹോട്ടൽ സിയോൾ - സോൾ, ദക്ഷിണ കൊറിയ, ഹോട്ടൽ ടെലിഗ്രാഫ് - ടാലിൻ, എസ്റ്റോണിയ, ഹോട്ടൽ കാമ്പ് - ഹെൽസിങ്കി, ഫിൻലാൻഡ്, സ്റ്റാർ ആർട്ടിക് ഹോട്ടൽ - കൗനിസ്പാ മൗണ്ടൻ, ഫിൻലാൻഡ്.

നിരക്കുകൾ

ഫ്യൂച്ചർ‍ ഓഫ് എവരിതിങ് യാത്രയുടെ ആദ്യ പതിപ്പ് ആരംഭിക്കുന്നത് 2023 ഓഗസ്റ്റിലാണ് ബാക്കി തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. ഡബിൾ ഒക്യുപന്‍സിക്ക് 99,995 ഡോളറും (ഏകദേശം 81.57 ലക്ഷം രൂപ), സിംഗിൾ ഒക്യുപന്‍സിക്ക് 109,990 ഡോളറുമാണ് നിരക്ക് (ഏകദേശം 89.72 ലക്ഷം രൂപ).

English Summary: Around the World in National Geographic Private Jet